“I am unable to comment on who may or may not be Banksy, but anyone described as being 'good at drawing' doesn't sound like Banksy to me"അവതരിപ്പിക്കുന്ന കലയുടെ റിബല്‍ സ്വഭാവം കൊണ്ടും അവ അവതരിപ്പിക്കപ്പെടുന്ന ചുറ്റുപാടുകളുടെ സവിശേഷത കൊണ്ടും സ്ട്രീറ്റ് ആര്‍ട്ട്, ഗ്രാഫിറ്റി തുടങ്ങിയ കലാരൂപങ്ങള്‍ക്ക് സമൂഹത്തില്‍ അവ അര്‍ഹിക്കുന്ന സ്വീകാര്യത ലഭിക്കാറില്ല. പലപ്പോഴും ഭരണകൂടത്തെയും അധികാരത്തേയും ഒക്കെ വിമര്‍ശിക്കുകയും ചോദ്യംചെയ്യുകയും ചെയ്യുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതു കൊണ്ടു തന്നെ സ്ട്രീറ്റ് ആര്‍ട്ടിനെ വാന്‍ഡലിസമായി മുദ്രകുത്തി കലയുടെ പടിക്കു പുറത്തു നിര്‍ത്തുന്ന നിലപാടുകളാണ് മിക്ക രാജ്യങ്ങളും എടുക്കാറ്. വളരെ റിസ്കെടുത്ത്,നിയമപാലകരുടെ കണ്ണില്‍ പെടാതെ രചനകള്‍ നടത്തുന്ന ഗ്രാഫിറ്റി ആര്‍ട്ടിസ്റ്റുകളില്‍ പലരുടെയും ഐഡന്റിറ്റി പോലും സ്വന്തം സുരക്ഷ കാരണം ചില അന്‍ഡര്‍ഗ്രൌണ്ട് ഗ്രൂപ്പുകളില്‍ മാത്രം ഒതുങ്ങുന്നു. ഭരണാധികാരികളുടെ സ്തുതിപാഠകരല്ലാത്തതുകൊണ്ട് ഇവര്‍ക്കാര്‍ക്കും അവാര്‍ഡുകളോ പത്മശ്രീയോ ഒന്നും ലഭിക്കാറുമില്ല എന്നത് എടുത്തുപറയേണ്ട കാര്യമില്ല. ഭാഗ്യവശാല്‍ ഗ്രാഫിറ്റിയെ ഗൌരവമായ ഒരു കലാരൂപം എന്ന നിലക്ക് കാണുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നുണ്ട്. ആര്‍ട്ട് മ്യൂസിയങ്ങളില്‍ സ്ഥാനം പിടിക്കാന്‍ തുടങ്ങിയിരിക്കുന്നു. സ്ട്രീറ്റ് ആര്‍ട്ടിസ്റ്റുകള്‍ നേരിട്ട് വില്പന നടത്തുന്നില്ല എങ്കിലും അവരുടെ വര്‍ക്കുകള്‍ ലേലത്തില്‍ വാങ്ങാന്‍ ആളുകള്‍ മുന്നോട്ട് വന്നു തുടങ്ങിയിട്ടുണ്ട്. ഷെപ്പേര്‍ഡ് ഫെയറി എന്ന ഗ്രാഫിറ്റി ആര്‍ട്ടിസ്റ്റ് വരച്ച ചിത്രം ഒബാമ പോലും ഇലക്ഷന്‍ പ്രചരണത്തിലുടനീളം പോസ്റ്ററുകളായി ഉപയോഗിച്ചതും ഓര്‍ക്കുക. ഗ്രാഫിറ്റിയെക്കുറിച്ചും സ്ട്രീറ്റ് ആര്‍ട്ടിനെക്കുറിച്ചും ഇങ്ങനെയൊരാമുഖം എഴുതിയതിനു കാരണം, ഇക്കൊല്ലത്തെ ഓസ്കാറില്‍ ഡോക്യുമെന്ററി വിഭാഗത്തിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട Exit through the gift shop (2010) എന്ന സിനിമയാണ്. ഗ്രാഫിറ്റി ആര്‍ട്ടിസ്റ്റായ ബാന്‍സ്കി സംവിധാനം ചെയ്ത, ഡോക്യുമെന്ററി വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്ന ഈ സിനിമ ആര്‍ട്ടിസ്റ്റുകളുടെ ഐഡന്റിറ്റി, ഡോക്യുമെന്ററി എന്ന സങ്കല്പത്തിന്റെ അടിസ്ഥാനസ്വഭാവം എന്നിങ്ങനെ കൌതുകമുണര്‍ത്തുന്ന പല ചര്‍ച്ചകള്‍ക്കുമുള്ള സാധ്യതകള്‍ തുറന്നിടുന്നു.

****** This part of the note may contain spoilers *******
വീഡിയോഗ്രാഫിയില്‍ അമിതമായ താല്പര്യമുള്ള തിയറി ഗെറ്റോ എന്ന കിറുക്കനെന്ന് തോന്നുന്ന ഒരു ഫ്രഞ്ചുകാരന്‍ അപ്രതീക്ഷിതമായി തന്റെ ബന്ധുവായ സ്പേസ് ഇന്‍വേഡര്‍ എന്ന ഗ്രാഫിറ്റി ആര്‍ട്ടിസ്റ്റിന്റെ രചനകള്‍ കാണാനിടയാവുകയും അങ്ങനെ സ്ട്രീറ്റ് ആര്‍ട്ടിലും ആര്‍ട്ടിസ്റ്റുകളിലും താല്പര്യം തോന്നി അവരുടെ ജോലി ഡോക്യുമെന്റു ചെയ്യുന്നതിനെയും കുറിച്ചാണ് സിനിമ. മിക്ക ആര്‍ട്ടിസ്റ്റുകളെയും ഗെറ്റോ ക്യാമറയില്‍ ആക്കിയെങ്കിലും ബാന്‍സ്കിയെ മാത്രം കിട്ടുന്നില്ല. ഒടുവില്‍ ബാന്‍സ്കിയെ കണ്ടെത്തുക തന്നെ ചെയ്യുന്നു. തന്റെ എണ്ണിയാലൊടുങ്ങാത്ത വീഡിയോടേപ്പുകളില്‍ നിന്ന് ഉണ്ടാക്കിയെടുത്ത ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍‘ എന്ന ഡോക്യുമെന്ററി ബാന്‍സ്കിക്ക് ഇഷ്ടപ്പെടുന്നില്ല. തുടര്‍ന്ന് ബാന്‍സ്കി ആ ടേപ്പുകള്‍ ഉപയോഗിച്ച് മറ്റൊരു സിനിമയുണ്ടാക്കുന്നു. അങ്ങനെ ബാന്‍സ്കിയെക്കുറിച്ചുള്ള ഗെറ്റോയുടെ സിനിമ ഗെറ്റോയെക്കുറിച്ചുള്ള ബാന്‍സ്കിയുടെ സിനിമയായി മാറുന്നു. ബാന്‍സ്കിയുടെ ഉപദേശപ്രകാരം വീഡിയോഗ്രാഫി ഉപേക്ഷിച്ച് ഗെറ്റോ സ്വയം മിസ്റ്റര്‍ ബ്രെയിന്‍ വാഷ് എന്ന പേരില്‍ ഒരു ഗ്രാഫിറ്റി ആര്‍ട്ടിസ്റ്റായി മാറുന്നു. തന്റെ എല്ലാ സമ്പാദ്യങ്ങളും ഉപയോഗിച്ച് ഒരു ആര്‍ട്ട് ഷോ നടത്തുകയും വലിയ ഒരു കലാകാരനായി മാറുകയും ചെയ്യുന്നു. ഗെറ്റോയുടെ അപ്രതീക്ഷിത വിജയത്തില്‍ അസ്വസ്തരാവുന്ന ബാന്‍സ്കി ഇനി ആരെയും ചിത്രരചന നടത്താന്‍ പ്രേരിപ്പിക്കില്ല എന്ന തീരുമാനത്തിലുമെത്തിച്ചേരുകയാണ്.
****** spoilers end here******
ഗൊറില്ല ആര്‍ട്ടിസ്റ്റെന്ന് വിശേഷിപ്പിക്കുന്ന ബാന്‍സ്കിയുടെ ഐഡന്റിറ്റിയെക്കുറിച്ച് ഇപ്പോഴും വ്യക്തമായ അറിവുകള്‍ നമുക്കു മുന്നിലില്ല എന്നിരിക്കേ, സിനിമ ഇറങ്ങുന്നതിനു മുമ്പ് ആര്‍ട്ട് ലോകത്തില്‍ അധികമാരും കേട്ടിട്ടില്ലാത്ത ഗെറ്റോ എന്ന ആര്‍ട്ടിസ്റ്റിനെക്കുറിച്ചും അയാളുടെ കലാസൃഷ്ടികളെക്കുറിച്ചും ഡോക്യുമെന്ററി (അതോ മോക്യുമെന്ററിയോ? ) എന്ന പേരില്‍ ഇറങ്ങിയ സിനിമ ഒരു ഹോക്സ് ആണെന്ന് പലരും ആരോപിച്ചതില്‍ അത്ഭുതമില്ല. ഗ്രാഫിറ്റി ആര്‍ട്ടിസ്റ്റുകളെയും അവരുടെ രചനകളേയും കുറിച്ചുള്ള ഒരു സിനിമയെന്നതിനേക്കാളേറെ അനോണിമിറ്റി എന്ന സങ്കല്പത്തെക്കുറിച്ചുള്ള ബാന്‍സ്കിയുടെ മറ്റൊരു രസകരമായ നിരീക്ഷണണമായിട്ടാണ് ഈ സിനിമ എനിക്ക് അനുഭവപ്പെട്ടത്. കലക്കു മാത്രമേ പ്രസക്തിയുള്ളൂ, കലാകാരനെക്കുറിച്ച് ആവലാതിപ്പെടേണ്ടതില്ല എന്ന സത്യം. ബാന്‍സ്കിയ്ടെ രചനകളിലെ സ്വതസിദ്ധമായ ഡാര്‍ക് ഹ്യൂമര്‍ സിനിമയിലുടനീളം കാണാം. ലോക പ്രശസ്തനായ ബാന്‍സ്കി എന്ന ആര്‍ട്ടിസ്റ്റിനെ സിനിമയിലും അനോണിമസായി കാണിക്കുമ്പോള്‍ തന്നെ ആരും കേട്ടിട്ടുപോലുമില്ലാത്ത ഗെറ്റോയുടെ ഐഡന്റിറ്റി ഒളിപ്പിക്കാന്‍ യാതൊരു ശ്രമങ്ങളും നടത്തുന്നില്ല. എന്നു മാത്രമല്ല, ഗെറ്റോയുടെ ഭാര്യയെയും കുട്ടികളേയും ഒക്കെ സിനിമയില്‍ കാണിക്കുന്നുമുണ്ട്. ഇനി ഗെറ്റെ തന്നെയാണ് ബാന്‍സ്കിയെന്നും നമുക്ക് ഉറപ്പിച്ചു പറയാന്‍ കഴിയാത്തതരത്തില്‍, തന്നെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതയുടെ മറകള്‍ നീക്കാതെ തന്നെ യാഥാര്‍ത്ഥ്യമോ കെട്ടുകകഥയോ എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത വിധം ബാന്‍സ്കി ഇത് അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് രസം. *Barely Legal എന്നായിരുന്നു ബാന്‍സ്കിയുടെ ഒരു എക്സിബിഷന്റെ പേര്. Exit through the gift shop ആകട്ടെ, Barely a Documentary. But definitely a true piece of art.


0 comments:
Post a Comment