Tuesday, March 09, 2010

ആര്‍ട്ട് അറ്റാക്ക്

*

*“The only way to make sure people you agree with can speak is to support the rights of people you don't agree with.”* -Eleanor Holmes Norton

മഖ്ബൂല്‍ ഫിദ ഹുസൈന്‍ എന്ന എം.എഫ്. ഹുസ്സൈന്‍ എന്ന ചിത്രകാരന്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ച് ഖത്തര്‍ പൌരനായി മാറിയെന്ന വാര്‍ത്ത വന്നിട്ട് കുറച്ചു ദിവസങ്ങളായെങ്കിലും ഈ വിഷയം കാര്യമായി ചര്‍ച്ചചെയ്യപ്പെട്ടു കണ്ടില്ല. അഥവാ ചര്‍ച്ച ചെയ്യപ്പെട്ടെങ്കില്‍ തന്നെ ഈ പ്രശ്നത്തിന്റെ കാര്യകാരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകൾ മിക്കതും ‘അയാളുടെ കയ്യിലിരിപ്പിന്റെ ഗുണം‘ എന്ന മുന്‍വിധികളിലൊതുങ്ങി നില്‍ക്കുന്നു. ഹുസൈൻ ഇൻഡ്യവിടാൻ ഇടയാക്കിയ സാഹചര്യങ്ങൾ എന്തായിരുന്നു? അദ്ദേഹം ചെയ്ത മാപ്പര്‍ഹിക്കാത്ത കുറ്റങ്ങള്‍ എന്തൊക്കെയായിരുന്നു? അതോ ചിലരെങ്കിലും ചൂണ്ടിക്കാണിക്കുന്നതു പോലെ മാധ്യമശ്രദ്ധനേടാന്‍ സ്വയം വിവാദങ്ങള്‍ സൃഷ്ടിക്കുന്ന വെറും ഊതിപ്പെരുപ്പിച്ച ഒരു കലാകാരൻ മാത്രമാണോ ഹുസ്സൈൻ?

ആധുനിക ഇന്‍ഡ്യന്‍ ചിത്രകലയെ ലോക കലാഭൂപടത്തിലെത്തിച്ച ഒരു കലാകാരന്‍ ഇന്നറിയപ്പെടുന്നത് 'ഹിന്ദു ദേവതകളേയും ഭാരതമാതാവിനേയും നഗ്നമായി അവതരിപ്പിച്ച് ഹിന്ദുക്കളുടെ വിശ്വാസത്തെ അപമാനപ്പെടുത്തിയ ഒരാൾ' എന്ന നിലക്കുമാത്രമായിത്തീരുന്നു എന്നതാണ് സങ്കടകരമായ സത്യം. എത്രപേര്‍ ഹുസൈൻ എന്ന കലാകാരനെ ശരിക്കും മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും സംശയമുണ്ട്. കാരണം അദ്ദേഹത്തേയും അദ്ദേഹത്തിന്റെ കലയെയും കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തവർക്കേ എഴു പതിറ്റാണ്ടോളം നീളുന്ന കലാജീവിതത്തിൽ ഇൻഡ്യയേയും അതിന്റെ സമ്പന്നമായ സംസ്കാരത്തേയും വിഷയമാക്കി പതിനായിരക്കണക്കിനു ചിത്രങ്ങൾ വരച്ചു തീർത്ത ഒരാളെ രാജ്യത്തിന്റേയും ഹിന്ദുമതത്തിന്റേയും വിരോധിയായി മുദ്രകുത്തി നാടുകടത്തിപ്പിക്കാനാവൂ. രാമായണത്തെ ആധാരമാക്കി എട്ടുവർഷത്തോളമെടുത്ത് നൂറ്റമ്പതിലധികം ചിത്രങ്ങളും അത്ര തന്നെ മഹാഭാരതചിത്രങ്ങളും വരച്ച (പുറമേ നൂറുകണക്കിനു ചിത്രങ്ങൾ ഗണപതി,ശിവൻ,പാർവ്വതി,ഹനുമാൻ, ബനാറസ് തുടങ്ങിയ വിഷയങ്ങളിലെ ചിത്രങ്ങള്‍ വേറെയും) ഒരു മനുഷ്യന്റെ അഞ്ചോ ആറോ ചിത്രങ്ങൾ മാത്രം ചൂണ്ടിക്കാട്ടി ശിക്ഷവിധിക്കുന്നതിന്റെ പുറകിലെ കാപട്യം തുറന്നുകാട്ടേണ്ടതുണ്ട്.

ഇന്‍ഡ്യക്കു സ്വാതന്ത്യം കിട്ടുന്നതിനു മുമ്പു തന്നെ ആരംഭിച്ച ഒരു കലാജീവിതമായിരുന്നു ഹുസൈന്റേത്. അന്ന് ചിത്രകലയില്‍ ആധിപത്യം സ്ഥാപിച്ച് നിലന്നിരുന്ന ബെംഗാള്‍ സ്കൂള്‍ കലാകാരന്മാരുടെ പരമ്പരാഗത ജനപ്രിയ ശൈലികളെ വെല്ലുവിളിച്ച് ഇന്‍ഡ്യന്‍ ചിത്രകലയില്‍ ആധുനികതയ്ക് തുടക്കം കുറിച്ച ഒരു ചിത്രകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ സംഭാവനകളെ ചെറുതാക്കിക്കാണാന്‍ കഴിയില്ല. ഭാരത സര്‍ക്കാറിന്റെ പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ തുടങ്ങിയ ബഹുമതികൾ ലഭിച്ച, രാജ്യസഭയിലേക്ക് നാമനിദ്ദേശം ചെയ്യപ്പെട്ട ഒരു കലാകാരനാണു ഹുസൈന്‍. എന്തിന് ബനാറസ് ഹിന്ദു സര്‍വ്വകലാശാല വരെ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.ഇത്രമാത്രം ആദരണീയനായ ഒരാള്‍ പിന്നെ എങ്ങിനെ ഒരു സുപ്രഭാതത്തില്‍, കൃത്യമായിപ്പറഞ്ഞാല്‍ 1996 മുതല്‍ രാജ്യവിരോധിയായി മുദ്രചെയ്യപ്പെട്ടു? അതും എഴുപതുകളിലും എൺപതുകളിലും അദ്ദേഹം വരച്ച ചില ചിത്രങ്ങളുടെ പേരില്‍? രണ്ടുമില്യണ്‍ ഡോളര്‍ വരെയുള്ള വിലയ്ക് വിറ്റുപോകുന്ന ചിത്രങ്ങള്‍ വരയ്കുന്ന കലാകാരന്‍ പ്രശസ്തിക്കായി ചെയ്തുകൂട്ടിയതെന്ന് ഈ വിവാദങ്ങള്‍ എന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.

സരസ്വതി വിവാദം:
എഴുപതുകളിലാണ് ഒരു സ്വകാര്യവ്യക്തിക്കായി ഹുസൈൻ വരച്ച സരസ്വതി ചിത്രം റ്റാറ്റാ സ്റ്റീൽ കമ്പനി ഇറക്കിയ ഒരു ലിമിറ്റഡ് എഡിഷൻ പുസ്തകത്തിൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. എതാനും സ്ട്രോക്കുകള്‍ മാത്രമുള്ള ഒരു ലൈൻ ഡ്രോയിങ്ങായിരുന്നു ആ ചിത്രം. ഇരുപതോളം വർഷങ്ങൾക്കു ശേഷം(96ൽ) 'വിചാർ മീമാംസ' എന്നൊരു ഹിന്ദി മാസിക ഹുസൈൻ മന:പൂർവ്വം ഹിന്ദു മത വിശ്വാസം വ്രണപ്പെടുത്തി എന്നു പറഞ്ഞ് അവ പുന:പ്രസിദ്ധീകരിക്കുന്നു. അതു വരെ യാതൊരു മതസ്പര്‍ദ്ധയും ഉണ്ടാക്കാതിരുന്ന ആ ചിത്രങ്ങൾ വളരെ പെട്ടന്ന് പൊതുജനശ്രദ്ധ ആകര്‍ഷിക്കുകയും ഹുസൈനെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നു. സരസ്വതി ചിത്രത്തിലെ അശ്ളീലതയായിരുന്നു പ്രധാന ആരോപണം. നഗ്നത = അശ്ളീലം എന്ന സമവാക്യത്തിൽ കാര്യങ്ങളെ സമീപിക്കുന്നവരോട് കലയെക്കുറിച്ച് വിശദീകരിക്കുക ബുദ്ധിമുട്ടായതു കൊണ്ട് അതിനു തുനിയുന്നില്ല. പക്ഷേ, ഇതിൽ പ്രതിയാകുന്നത് ശ്രദ്ധിക്കപ്പെടാതെ കിടന്ന ഒരു ചിത്രം കുത്തിപ്പൊക്കി അതിൽ മതസ്പർദ്ധയുടെ വിഷം നിറച്ചവരല്ല, മറിച്ച് അത്തരം ചിന്തകളില്ലാതെ ചിത്രം വരച്ച ചിത്രകാരനാണു എന്നതാണു വിചിത്രം. രാമായണത്തെ അധികരിച്ച് ബംഗാളി എഴുത്തുകാരനും സാഹിത്യ അക്കാദമി പ്രസിഡന്റും ആയ സുനില്‍ ഗംഗോപത്യായ എഴുതിക്കൊണ്ടിരിക്കുന്ന ഒരു നോവലിനെക്കുറിച്ച് ഈയടുത്ത് വായിച്ചു. പതിനാലുവര്‍ഷം കാട്ടില്‍ ഒന്നിച്ചു താമസിച്ചിട്ടും കുട്ടികളുണ്ടാവാത്ത സീതാദേവിക്ക് ലങ്കാവാസത്തിനു ശേഷം ഇരട്ടകുട്ടികള്‍ ഉണ്ടായതെങ്ങിനെയെന്നൊക്കെയുള്ള ചോദ്യങ്ങള്‍ നോവലിലുണ്ടെന്ന് പറയപ്പെടുന്നു.രാമായണത്തിനും മഹാഭാരതത്തിനും ഒക്കെ ഒട്ടേറെ സ്വന്തന്ത്ര വായനകള്‍ ഉണ്ടായിട്ടുണ്ട്. പലരും രാവണനെ നായകനാക്കുകയും( ലങ്കാ ലക്ഷ്മി, മൈക്കേള്‍ മധുസൂധനന്‍ ദത്തിന്റെ മേഘനാദ് ബദ് കാവ്യ) കൃഷ്ണനെ വില്ലനാക്കുകയും( ബുദ്ദദേബ് ദാസിന്റെ മഹാബാരതേര്‍ കഥ) ഒക്കെ ചെയ്തിട്ടുണ്ട്. ഇവര്‍ക്കാര്‍ക്കും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത പ്രതിഷേധങ്ങള്‍ ഹുസൈന്റെ കാര്യത്തില്‍ മാത്രം സംഭവിക്കുന്നത് യാദൃശ്ചികമാകാന്‍ സാധ്യതയില്ല എന്നാണു മനസ്സിലാക്കേണ്ടത്. ഹിന്ദുമതത്തെക്കുറിച്ച് ഹുസൈനുള്ള അവഗാഹവും അടുപ്പവും അവഗണിച്ചുകൊണ്ടായിരിക്കരുത് അദ്ദേഹത്തെ വിമര്‍ശിക്കുന്നത്. ഹിന്ദുമതത്തോടുള്ള തന്റെ അടുപ്പത്തേയും സ്നേഹത്തേയും കുറിച്ച് അദ്ദേഹം തന്നെ പറയുന്നതു കേള്‍ക്കുക:

“എന്റെ കുട്ടി ക്കാലത്തു തന്നെ, അതായത് പന്ഥാര്‍പൂരിലും പിന്നീട് ഇന്‍ഡോറില്‍ വെച്ചും ഞാന്‍ രാം ലീലയില്‍ ആകൃഷ്ടനാക്കപ്പെടുകയും സുഹൃത്ത് മാനകേശ്വരനുമൊത്ത് അത് അഭിനയിക്കുകയും ചെയ്യുമായിരുന്നു. ഡോ. രാജഗോപാലാചാരി പറയുന്നത് പോലെ രാമായണത്തിന്റെ മിത്ത് യാഥാര്‍ത്ഥ്യമായിരിക്കുന്നു. രാമായണം അത്രയ്ക്കും ശക്തമായൊരു കഥയാണ്. പക്ഷെ ആത്മീയഗ്രന്ഥങ്ങള്‍ ഗൗരവത്തോടെ വായിച്ച് തുടങ്ങിയത് എന്റെ 19-ആമത്തെ വയസ്സിലാണ്. ജീവിതത്തിലെ പല കയ്പേറിയ അനുഭവങ്ങള്‍ കൊണ്ട്, പ്രത്യേകിച്ചും അമ്മയുടെ മരണം, അകല്‍ച്ച, 14-15 വയസ്സ് മുതല്‍ പേടിസ്വപ്നങ്ങള്‍ കാണുമായിരുന്നു. 19-ആമത്തെ വയസ്സില്‍ പക്ഷെ ഇതെല്ലാം നിന്നു. മുഹമ്മദ് ഇഷാക്ക് എന്നൊരു ഗുരു എനിക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കീഴിലാരുന്നു പുണ്യഗ്രന്ഥങ്ങള്‍ ഞാന്‍, ഏകദേശം രണ്ട് വര്‍ഷത്തോളം, അഭ്യസിച്ചത്. ഗീതയും, ഉപനിഷത്തുകളും, പുരാണങ്ങളുമൊക്കെ മാനകേശ്വരനുമൊത്ത് വായിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുമായിരുന്നു. ആ സമയത്ത് മാനകേശ്വരന്‍ സന്യാസം സ്വീകരിച്ചിരുന്നു. അദ്ദേഹം ഹിമാലയത്തില്‍ പോയിക്കഴിഞ്ഞ ശേഷം, ഞാനൊറ്റയ്ക്കായിരുന്നു ഇതെല്ലാം പഠിച്ചത്. ഇതെല്ലാം എനിക്ക് മാനസികമായി വളരെയേറെ ശാന്തി ലഭിക്കുവാന്‍ സഹായിച്ചു. പിന്നീടൊരിക്കലും ആ വിധത്തിലുള്ള ദുഃസ്വപ്നങ്ങള്‍ എനിക്കുണ്ടായിട്ടില്ല

1968-ല്‍ ഹൈദരാബാദില്‍ വെച്ചാണ് ഡോ. റാം മനോഹര്‍ ലോഹ്യ എന്നോട് രാമായണം ചിത്രീകരിക്കുവാന്‍ ആവശ്യപ്പെട്ടത്. വളരെ ബുദ്ധിമുട്ടിലായിരുന്നു അന്നെങ്കിലും, എട്ട് വര്‍ഷം കൊണ്ട് 150 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ എനിക്ക് കഴിഞ്ഞിരുന്നു. വാല്മീകി രാമായണവും തുളസീദാസ് രാമായണവും ഞാന്‍ വായിച്ചിട്ടുണ്ട് [ഇതില്‍ ആദ്യത്തേതാണ് വികാരതരളിതമായി എനിക്ക് തോന്നിയത്]. ബനാറസിലെയും മറ്റും പൂജാരിമാരുമായി ഇവയിലെ ഓരോ കാര്യങ്ങളും സംസാരിച്ച് സംശയനിവൃത്തി വരുത്തുമായിരുന്നു. ഈ സമയത്തൊക്കെ മൗലികവാദികളായ ചില മുസ്ലീങ്ങള്‍ എന്നോട് ആവശ്യപ്പെട്ടത്, എന്ത് കൊണ്ട് ഇസ്ലാമിനെ അടിസ്ഥാനപ്പെടുത്തി ചിത്രസൃഷ്ടി നടത്തുന്നില്ലാ എന്നാണ്. എനിക്കവരോടുള്ള ചോദ്യം, ഇസ്ലാമിന് ഇത്രയ്ക്കും സഹിഷ്ണുത ഉണ്ടോ എന്നായിരുന്നു. അക്ഷരലിപികളില്‍ തന്നെ എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചാല്‍, ആ തിരശ്ശീല വലിച്ചു കീറുമായിരുന്നു. എന്റെ ജീവിതത്തില്‍ നൂറ് കണക്കിന് ഗണപതി ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. അത്രയ്ക്കും ആനന്ദദായകമായി മറ്റൊന്നുമില്ല. വിഘ്നേശ്വരന്റെ ചിത്രം വരച്ചിട്ടേ വലിയ രചനകള്‍ ഞാന്‍ തുടങ്ങാറുള്ളൂ .

ശിവന്റെ ചിത്രീകരണമാണ് എനിക്ക് ഇഷ്ടപ്പെട്ട മറ്റൊന്ന്. നടരാജന്‍ - ലോകത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണ്ണമായൊരു രൂപം - ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടാണ് പരിണമിച്ചത്. ഐന്‍സ്റ്റീന്റെ സമവാക്യത്തെപ്പോലെ, കോസ്മോസിന്റെ സ്വഭാവത്തെയും, ഭൗതിക യാഥാര്‍ത്ഥ്യങ്ങളെയും കുറിച്ചുള്ള അത്യഗാധമായ ദാര്‍ശനിക ചിന്തകളുടെയും, ഗണിതശാസ്ത്ര വിശദീകരണങ്ങളുടെയും ഫലമായിട്ടാണ് അതുണ്ടായത്. സാമ്പ്രദായികമായ ചടങ്ങുകളില്‍ താല്പര്യമില്ലാതിരുന്ന എന്റെ മകളുടെ കല്ല്യാണത്തിന്, ഞാന്‍ ലോകത്തെമ്പാടുമുള്ള എന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം ഒരു കാര്‍ഡ് അയയ്ക്കുകയൂണ്ടായി. ശിവന്റെ തുടയില്‍ ആസനസ്ഥയായ പാര്‍വ്വതി, പാര്‍വ്വതിയുടെ മാറിടങ്ങളിലെ ശിവന്റെ ഹസ്തങ്ങള്‍ - കോസ്മോസിലെ ആദ്യ വിവാഹം - ഇതായിരുന്നു ആ കാര്‍ഡില്‍ ഞാന്‍ വരച്ചത്. ഹൈന്ദവ സംസ്കാരത്തില്‍ നഗ്നത എന്നത് പവിത്രമാണ്. എനിക്ക് അത്രത്തോളം അടുപ്പമുള്ള ഒന്നിനെ ഞാന്‍ അപമാനിക്കുമോ? ഞാന്‍ സുലൈമാനി സമൂഹത്തില്‍ നിന്നാണ് വരുന്നത്. ഷിയാകളുടെ ഒരു ഉപവിഭാഗമായ ഞങ്ങള്‍ക്ക് ഹിന്ദുക്കളുമായി പല സാമ്യതകളുമൂണ്ട്. പ്രത്യേകിച്ചും പുനഃര്‍ജന്മത്തിന്റെ കാര്യത്തില്‍. സംസ്കാരങ്ങളുടെ കാര്യത്തില്‍, താരതമ്യേനെ എനിക്ക് ക്രൈസ്തവ മതത്തോരും ജൂത മതത്തോടും മാത്രമാണ് അകല്‍ച്ച അല്പമെങ്കിലും ഉള്ളത്. പക്ഷെ, എന്നെ എതിര്‍ക്കുന്നവരോട് ഇതെല്ലാം പറയുവാനും, ബോധ്യപ്പെടുത്തുവാനും എനിക്ക് സാധിക്കില്ല. ഖജുറാവോയെപ്പറ്റി അവരോട് പറഞ്ഞ് നോക്കൂ, അപ്പോള്‍ അവര്‍ പറയും അത് ജനസംഖ്യാ വര്‍ദ്ധനവിന് വേണ്ടി കൊത്തി വെച്ചതാണെന്നും അതിന്റെ ഉപയോഗം ഇന്നില്ലെന്നും!!! [പൊട്ടിച്ചിരിക്കുന്നു] ഗ്രാമത്തില്‍ ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യര്‍ക്കാണ് ഹിന്ദു ദൈവങ്ങളുടെ വികാരപരമായ വശത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാകുക. ഒരു പാറയുടെ മുകളില്‍ കാവിച്ചായം അടിച്ച് വയ്ക്കുമ്പോള്‍ അവര്‍ക്കത് ഹനുമാന്‍ ആകും."

[തെഹല്‍ക്ക മാഗസിന്‍, ഫെബ്രുവരി 02, 2008]

രണ്ടാമത്തെ വിവാദം വരുന്നത് 2006ലാണ്. സാഫ്രണ്‍ആര്‍ട്ട് എന്ന ഓണ്‍ലൈന്‍ ഗ്യാലറിയില്‍ ലേലത്തിനായി വന്ന പേരിടാത്ത ഒരു ചിത്രം ഭാരതമാതാവിനെ അധിക്ഷേപിക്കുന്നു എന്നായിരുന്നു ആരോപണം. അതേ തുടര്‍ന്ന് ചിത്രം സൈറ്റില്‍ നിന്നും മാറ്റപ്പെടുകയും ചെയ്തു ഹുസ്സൈന്‍ മാപ്പു പറയുകയും. പ്രശ്നം അവിടെ അവസാനിക്കേണ്ടതായിരുന്ന. അതിനുപകരം ആസൂത്രിതമായ ഹേറ്റ് ക്യാമ്പൈനിങ്ങുകള്‍ സംഘടിപ്പിച്ച് ഈ ചിത്രങ്ങള്‍ മെയില്‍ ഫോര്‍വേഡുകളായും മറ്റും ഇന്റെര്‍നെറ്റില്‍ ആയിരക്കണക്കിനു ആള്‍ക്കാര്‍ക്ക് അയക്കുകയും വസ്തുതകള്‍ മറച്ചുവെച്ച് ഹുസൈനെതിരായി ജനവികാരം തിരിച്ചുവിടുകയും ചെയ്തു. സാഫ്രണ്‍ ആര്‍ട്ടിന്റെ സൈറ്റില്‍ ലഭിച്ചേക്കാവുന്ന ഹിറ്റുകളുടെ ആയിരം ഇരട്ടി പ്രചാരം ഇതുവഴി പ്രസ്തുത ചിത്രങ്ങള്‍ക്ക് ലഭിച്ചു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം!

ഈ സംഭവങ്ങളെത്തുടര്‍ന്ന് ഹുസൈനെതിരെ സംഘടിതമായ ഒരു സാമൂഹിക വിലക്ക് തന്നെ നിലവില്‍ വന്നു. കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് 2007ല്‍ ABN Amro ബാങ്ക് തങ്ങളുടെ പ്ലാറ്റിനം കാര്‍ഡില്‍ നിന്നും ഹുസൈന്‍ ചിത്രം പിന്‍വലിച്ചു. 2008ല്‍ ഹുസൈന്‍ ഭാരതരത്ന കൊടുക്കുന്നതിനെക്കുറിച്ച് ഒരു അഭിപ്രായ സര്‍വ്വേ നടത്തിയതിന്റെ പേരില്‍ NDTVയുടെ അഹമ്മദാബാദ് ഓഫീസ് അടിച്ചു തകര്‍ത്തു. ഹുസൈന്റെ ബോംബേയിലെ വീടിനു നേരെയും ആക്രമണം ഉണ്ടായി. ആയിരക്കണക്കിനു കേസുകള്‍ അദ്ദേഹത്തിനെതിരെ ചാര്‍ജ്ജ് ചെയ്യപ്പെട്ടു. രാജ്യത്ത് കണ്ടമ്പറി ആര്‍ട്ടിന്റെ പ്രദര്‍ശനത്തിനും വിപണനത്തിനും ആയി ‘ഇന്‍ഡ്യാ ആര്‍ട്ട് സമ്മിറ്റ്‘ എന്ന പേരില്‍ 2008 തൊട്ട് വര്‍ഷാവര്‍ഷം നടത്തിപ്പോരുന്ന ആര്‍ട്ട് ഫെയര്‍ സൌകര്യപൂര്‍വ്വം ഹുസൈനെ അവഗണിച്ചതും മറ്റൊരുദാഹരണമാണ്. കേരളസര്‍ക്കാറിന്റെ രാജാരവിവര്‍മ്മ പുരസ്കാരം ഹുസൈനു നല്‍കുന്നതിനെതിരെയുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആ തീരുമാനം പിന്‍വലിക്കപ്പെട്ടു. രാജ്യത്തിനുപുറത്തും സ്ഥിതി മറിച്ചായിരുന്നില്ല. 2006ല്‍ ലണ്ടനിലെ ഏഷ്യാഹൌസിലും അമേരിക്കയിലെ പീബോഡി എസ്സെക്സിലും മറ്റും നടന്ന മഹാഭാരത സീരീസ് പ്രദര്‍ശനങ്ങള്‍ മതഭ്രാന്തന്മാര്‍ തടയുകയുണ്ടായി. ഗോവയില്‍ നടന്ന മറ്റൊരു പ്രദര്‍ശനം ഹിന്ദുമതവിശ്വാസവുമായി യാതൊരു ബന്ധവുമില്ലായിരുന്നെങ്കില്‍ തന്നെയും അലങ്കോലപ്പെടുത്തി.
ഹിന്ദുദേവതകളെ നഗ്നമായി ചിത്രീകരിച്ച ഹുസ്സൈന്‍ എന്തുകൊണ്ട് മുഹമ്മദ് നബിയെയും മറ്റും ഇത്തരത്തില്‍ വരക്കുന്നില്ല എന്ന സതീഷ് ഗുജ്റാളിനെപ്പോലുള്ള ചില ചിത്രകാരന്മാരുടെ ബാലിശമായ ചോദ്യങ്ങളെ അദ്വാനിയെപ്പോലുള്ളവര്‍ ഏറ്റുപാടി. ഇതു പറയുമ്പോഴും ഖുറാനിലെ ചില വരികള്‍ തന്റെ സിനിമയിലെ ഒരു കവാലിഗാനത്തില്‍ ഉപയോഗിച്ചു എന്ന കുറ്റത്തിന് മുസ്ലീം സംഘടകളും ഹുസൈനെതിരെ പ്രതിഷേധങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന കാര്യം നമുക്ക് സൌകര്യപൂര്‍വ്വം മറക്കാം. ഇസ്ലാമിനു ഹറാമായ നഗ്നചിത്രങ്ങള്‍ വരച്ചതിന്റെ പേരില്‍ ജമായത്ത് ഉലൈമ-ഇ-ഹിന്ദിന്റെ വക്താവ് മൌലാനാ നൊമാനിയെപ്പോലുള്ള മുസ്ലീങ്ങളും ഹുസൈനെതിരെ തിരിഞ്ഞിട്ടുണ്ട്.
ഇതിനൊക്കെ പുറമേ ലക്നൌ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹിന്ദു പേര്‍സണല്‍ ലോ ബോര്‍ഡ് ഹുസൈന്റെ തലയ്ക് 51ലക്ഷം രൂപയും (പിടിച്ചുകൊടുക്കുന്നത് മുസ്ലീമാണെങ്കില്‍ 101 ലക്ഷം!!) കണ്ണുകള്‍ക്ക് 11ലക്ഷം രൂപയും, കൈകള്‍ക്ക് ഒരു കിലോ സ്വര്‍ണ്ണവും ഇനാമായി പ്രഖ്യാപിച്ചിട്ടുണ്ട് എന്നുകൂടി അറിയുമ്പോഴാണ് ഒരു ജനാധിപത്യ രാജ്യത്താണോ ഇതൊക്കെ നടക്കുന്നതെന്ന് നാം അത്ഭുതപ്പെട്ടുപോകുന്നത്. ഒരു കലാകാരന്റെ തലക്കു വിലപ്രഖ്യാപിച്ചവരെല്ല ഇവിടെ കുറ്റക്കാരാകുന്നത് മറിച്ച് ഇരതന്നെയാണ് കുറ്റവാളിയായി മുദ്രകുത്തപ്പെടുന്നതെന്നത് തികച്ചും വിചിത്രമാണ്. പത്തിരുപതിനായിരം ചിത്രങ്ങള്‍ വരച്ച ഒരു ചിത്രകാരന്റെ വിരലിലെണ്ണാവുന്ന ചിത്രങ്ങളൊഴിച്ച് ബാക്കിയൊക്കെ സൈബര്‍സ്പേസില്‍ നിന്നും തന്നെ നീക്കം ചെയ്യാന്‍ കഴിഞ്ഞു (ഹുസൈന്റെ സ്വന്തം സൈറ്റില്‍പ്പോലും അദ്ദേഹത്തിന്റെ രചനകള്‍ ആക്സസിബിള്‍ അല്ല) എന്നത് ഫനാറ്റിക്കുകളുടെ വിജയത്തേക്കാളേറെ കലാസ്നേഹികള്‍ക്കുണ്ടായ തീരാ നഷ്ടമായാണു വിലയിരുത്തേണ്ടത്.

പതിനഞ്ചു വര്‍ഷത്തോളമായി ഹുസൈനെതിരേയുള്ള ഈ ആക്രമണങ്ങള്‍ തുടങ്ങിയിട്ട്. എന്നിരുന്നാലും ഹുസ്സൈന്‍ പറയുന്നതുപോലെ ഇന്‍ഡ്യയിലേക്ക് തിരിച്ചു വരാനാവാത്ത തരത്തിലുള്ള ഒരു സാഹചര്യമൊന്നും ഇവിടെ നിലനില്‍ക്കുന്നില്ല എന്നു വിശ്വസിക്കാനാണു പലര്‍ക്കും താല്പര്യം. നാഗ്പൂരിലും ബോംബേയിലും ഹുസൈനുനേരിടേണ്ടിവന്ന ആക്രമണങ്ങളേള്‍ക്കും പീഡനങ്ങള്‍ക്കും സാക്ഷിയായ അനുഭവങ്ങള്‍ എന്‍.റാം എഴുതിയിരുന്നല്ലോ. മാപ്പുപറഞ്ഞാല്‍ ഇന്‍ഡ്യയിലേക്ക് മടങ്ങിവരാം എന്നാണ് ശിവസേന നല്‍കിയിരിക്കുന്ന ഔദാര്യം. വിശ്വഹിന്ദുപരിഷത്ത് ആകട്ടെ ഇപ്പോഴും മാപ്പുകൊടുക്കാന്‍ തയ്യാറല്ല. വേണമെന്നുണ്ടെങ്കില്‍ തിരിച്ചുവരാം എന്ന അഴകൊഴമ്പന്‍ പ്രസ്ഥാവന ചിദംബരവും ഇറക്കിയിട്ടുണ്ട്. ഈയൊരവസ്ഥയില്‍ അഭയം നല്‍കുന്ന ഒരു രാജ്യത്തിന്റെ പൌരത്വം സ്വീകരിക്കുകയല്ലാതെ 96 വയസ്സായ ഒരു വൃദ്ധന്‍ എന്താണു ചെയ്യേണ്ടത്? തസ്ലീമ നസ്രീനു അഭയം കൊടുക്കാനും അവര്‍ക്ക് വേണ്ടി സംസാരിക്കാനും തയ്യാറാണെങ്കിലും ഹുസൈന്റെ പാലായനത്തെ അംഗീകരിക്കാന്‍ തയ്യാറല്ല എന്ന ഇരട്ടത്താപ്പാണു ഹിന്ദുത്വവാദികള്‍ വച്ചുപുലര്‍ത്തുന്നത്. (തസ്ലീമയെ സംരക്ഷിക്കാന്‍ തയ്യാറാണെന്ന് 2007ല്‍ നരേന്ദ്രമോദി അഭിപ്രായപ്പെട്ടത് കലയോടും ആവിഷ്കാര സ്വാതന്ത്ര്യത്തോടുള്ള അഭിനിവേശം കൊണ്ടൊന്നുമാവില്ലല്ലോ?)

ഹുസൈനെതിരെ മാത്രമല്ല, ബോളീവുഡിലെ പ്രശസ്തരായ മറ്റുപലര്‍ക്കുമെതിരെ ഹിന്ദുത്വവാദികളുടെ കടന്നുകയറ്റങ്ങള്‍ തുടരെത്തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഈയടുത്ത് ഐപീഎല്‍ മത്സരങ്ങളില്‍ പാക്കിസ്ഥാനി കളിക്കാരെ ഒഴിവാക്കിയതിനെതിരെ ഷാരൂഖ് ഖാന്‍ നടത്തിയ അഭിപ്രായങ്ങളെ ( സോകോള്‍ഡ് ആന്റി നാഷണല്‍ റിമാര്‍ക്സ്) തുടര്‍ന്ന് ശിവസേനക്കാര്‍ ‘മൈ നെയിം ഈസ് ഖാന്‍‘ എന്ന സിനിമയുടെ പ്രദര്‍ശനം പലയിടത്തും വിലക്കി. സല്‍മാന്‍ ഖാന്റെ ‘വീര്‍’, അഷുതോഷ് ഗോവരിക്കറുടെ ‘ജോധ അക്ബര്‍’ അമീര്‍ഖാന്റെ ‘ഫന’, ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ‘പര്‍സാനിയ’ ദീപാ മേഹ്തയുടെ ‘ഫയര്‍’, ‘വാട്ടര്‍’ തുടങ്ങി ഒട്ടേറേ സിനിമകളെ വിലക്കുകയോ നിര്‍മ്മാതാക്കളോട് മാപ്പ് പറയാന്‍ ആവശ്യപ്പെടുകയോ ചെയ്തു. ഹിന്ദുവിശ്വാസങ്ങളെ അപമാനിച്ചു എന്ന പേരിലായിരുന്നു പ്രതിഷേധങ്ങളിലധികവും. ഗുജറാത്തികളുടെ താല്പര്യത്തിനെതിരാണെന്നതായിരുന്നു പര്‍സാനിയ, ഫന എന്നീ ചിത്രങ്ങളെ എതിര്‍ക്കാന്‍ കാരണമായത്. ഇതില്‍ ദീപാ മേഹ്തയുടെ ചിത്രങ്ങളൊഴിച്ച് മറ്റെല്ലാം തന്നെ മുസ്ലീങ്ങള്‍ അല്ലെങ്കില്‍ മുസ്ലീങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആയിരുന്നു എന്നത് യാദൃശ്ചികമല്ല. പ്രതീകസാധ്യതയുള്ള വ്യക്തികളെ മുന്‍‌നിര്‍ത്തി ഒരു വിഭാഗം ജനങ്ങളുടെ നേര്‍ക്ക് പരോക്ഷമായി നടത്തുന്ന വാന്‍ഡലിസമാണ് ഇവിടെ നടക്കുന്നത്. മറ്റാരേക്കാളും അതിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ച വ്യക്തിയാകട്ടെ ഹുസൈനും. ഹുസൈന്റെ ചിത്രങ്ങളെ ഇഷ്ടപ്പെടുവാനും ഇഷ്ടപ്പെടാതിരിക്കാനും ആര്‍ക്കും അവകാശമുണ്ട്. ഹുസൈനെപ്പോലെ തന്നെ ഹുസൈന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ നിഷേധിച്ചു സംസാരിക്കുന്നവര്‍ക്കും ഒരുപോലെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്യമുള്ള രാജ്യമാണ് നമ്മുടേത്. എന്നാല്‍ അഭിപ്രായങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയോ നിയമവ്യവസ്ഥയിലൂടെ രമ്യമായ പരിഹാരം കണ്ടെത്തലോ അല്ല നടക്കുന്നത്. മറിച്ച് ഇവര്‍ക്കെതിരെ സാമൂഹികമായ വിലക്കുകളേര്‍പ്പെടുത്തിയും കൈക്കരുത്തുകാണിച്ച് ഭീഷണിപ്പെടുത്തിയും വ്യക്തികളെ നിലം പരിശാക്കുകയാണ് ചെയ്യുന്നത്.

അനുദിനം സങ്കുചിതമതാത്മകതയിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഈ സാമൂഹ്യപരിതസ്ഥിതിയില്‍ ഒട്ടെങ്കിലും പ്രതീക്ഷ നല്‍കുന്നത് ഡല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും ഹുസൈന്‍ പ്രശ്നത്തില്‍ കൈക്കൊണ്ട നിലപാടുകള്‍ ആണ്. വ്യക്തമായും ഈ വിധിന്യായങ്ങള്‍ ഒരു സമകാലിക കലാരൂപത്തെ കലാപരമായ മൂല്യങ്ങളുടെയും കലാകാരന്റെ വീക്ഷണകോണിലും മനസിലാക്കേണ്ടതിന്റെ ആവശ്യകത പ്രസ്താവിക്കുന്നു.കലാകാരന്റെ ആവിഷ്കാര സ്വാതന്ത്യത്തെ അംഗീകരിച്ചുകൊണ്ടുള്ള ധീരമായ വിധിന്യായത്തില്‍ ജസ്റ്റീസ് സഞ്ജയ് കിഷന്‍ കോള്‍ ഇങ്ങനെ പറഞ്ഞു: “the complainants are not the types who would go to art galleries or have an interest in contemporary art…” and quoting Picasso — “…Yes, art is dangerous. Where it is chaste, it is not art”

ആനന്ദ് പട് വര്‍ദ്ധന്‍ എഴുതിയതു പോലെ ഹുസൈനെ അനുകൂലിച്ചുള്ള വാദങ്ങള്‍ ഹുസൈനുവേണ്ടിയുള്ള വാദങ്ങളായല്ല കാണേണ്ടത്, മറിച്ച് നമുക്കുവേണ്ടി തന്നെയാണ് നാം വാദിക്കേണ്ടത്. അസഹിഷ്ണുത എന്നത് ഹിറ്റ്ലറുടെ വ്യക്തിവിശേഷമാണെന്നു വിശ്വസിക്കുന്ന ഓരോരുത്തര്‍ക്കും വേണ്ടി. ഹുസൈന്റേയോ തസ്ലീമ നസ്രീന്റേയോ ഡാനിഷ് കാര്‍ട്ടൂണിസ്റ്റിന്റേയോ ആവിഷ്കാര സ്വാതന്ത്യത്തിന്റെ പ്രശ്നം എന്നതിലുപരി അടിസ്ഥാനപരമായി ഇത് സഹിഷ്ണുതയുടെ പ്രശ്നമാണ്. അതുറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയും. മതഭ്രാന്തന്മാരുടെ ഈ അസഹിഷ്ണതയ്ക്കു വളംവെക്കുന്ന നിലപാടുകള്‍ കൈക്കൊള്ളുന്ന നിലപാടുകള്‍ സ്വീകരിക്കുക ഒരു ശീലമായിപ്പോയത് ഭരണകൂടങ്ങളുടെ മാത്രം പരാജയമല്ല, അതു മൊത്തം ജനാധിപത്യ സമൂഹത്തിന്റെ പരാജയം കൂടിയാണ്.

* ഖത്തര്‍ പൌരത്വം ലഭിച്ച ശേഷം ദ ഹിന്ദുവിലേക്ക് ഹുസൈന്‍ അയച്ച ചിത്രം
. കടപ്പാട്: ദ ഹിന്ദു.

കൂടുതല്‍ വായനക്ക്:64 comments:

ജനശക്തി said...

ഡോ. കെ..എന്‍. പണിക്കരുടെ അഭിപ്രായം തികച്ചും പ്രസക്തമായതിനാല്‍ ഇടുന്നു.

ഹുസൈനെ വേട്ടയാടിയവര്‍ക്ക് സമൂഹം മാപ്പുനല്‍കില്ല: കെ എന്‍ പണിക്കര്‍

എം എഫ് ഹുസൈനെപ്പോലെ വിശ്രുതനായ ഒരു കലാകാരനെ വേട്ടയാടി മറ്റൊരു രാജ്യത്തെ പൌരത്വം സ്വീകരിക്കാനിടയാക്കിയവര്‍ക്ക് സമൂഹം മാപ്പുനല്‍കില്ലെന്ന് പ്രശസ്ത ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റിറ്റ്യൂട്ടിന്റെ ദേശീയ സെമിനാറില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ഹുസൈന്റെ ഖത്തര്‍ പൌരത്വം സംബന്ധിച്ച് 'ദേശാഭിമാനി'യോട് പ്രതികരിക്കുകയായിരുന്നു. എം എഫ് ഹുസൈന് ഖത്തര്‍ പൌരത്വം സ്വീകരിക്കേണ്ടി വന്ന സാഹചര്യത്തെ വിമര്‍ശിക്കാന്‍ മതിയായ വാക്കുകള്‍ ഉണ്ടെന്നു തോന്നുന്നില്ല. ഇന്ത്യയുടെ ആധുനികകാല കലാകാരന്മാരില്‍ അഗ്രഗണ്യനെന്നു വിശേഷിപ്പിക്കാവുന്ന ഹുസൈന് സ്വന്തം നാട്ടിലേക്കു മടങ്ങിവരാന്‍ സാധിക്കാത്ത സ്ഥിതി ഉണ്ടാക്കിയവരെ ഭാരതീയരെന്നു വിളിക്കാന്‍ ലജ്ജതോന്നുന്നു. വര്‍ഗീയവാദികള്‍ ഒരു രാജ്യത്തിന്റെ സ്വാഭിമാനത്തെ എങ്ങനെ കളങ്കപ്പെടുത്തുന്നു എന്നതിന്റെ മകുടോദാഹരണമാണ് ഇത്. ഒരു സമൂഹത്തില്‍ വികല മനോഭാവമുള്ളവര്‍ ഉണ്ടായിക്കൂടെന്നില്ല. ഹുസൈനെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത സംഘപരിവാര്‍ നേതാക്കളും കാലാള്‍പ്പടയും ഈ ഗണത്തില്‍പ്പെടുന്നു. പക്ഷേ, അദ്ദേഹത്തിന്റെ പൌരാവകാശങ്ങളെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടി എടുക്കാന്‍ കഴിയാത്ത ഭരണകൂടത്തിന്റെ അനാസ്ഥ അക്ഷന്തവ്യമാണെന്ന് കെ എന്‍ പണിക്കര്‍ പറഞ്ഞു.
(http://jagrathablog.blogspot.com/2010/02/blog-post_26.html)

AK / എ.കെ said...

thanks for these information

AK / എ.കെ said...

tracking

suraj::സൂരജ് said...

നമ്മുടെ പിറകോട്ടു നടത്തങ്ങളെയോര്‍ത്ത് ലജ്ജിച്ച് തലതാഴ്ത്തുന്നു...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇതിലൊരു പ്രതിലോമകരമായ രാഷ്ട്രീയം അടങ്ങിയിട്ടുണ്ട്.രാജ്യത്തെ വര്‍ഗീയതയെ അടിസ്ഥാനമാക്കി വിഭജിച്ചു നിര്‍ത്താനാഗ്രഹിക്കുന്ന ദുഷ്ടശക്തികളുടെ രാഷ്ട്രീയം തിരിച്ചറിയുക എന്നതാണു ഇതില്‍ അതിപ്രധാനമായിട്ടുള്ളത്.അതിനവര്‍ എന്തു കാരണവും കണ്ടെത്തും.അത്തരം ചില ലൊടുക്കു ന്യായങ്ങളുടെ പുറത്താണു ഹുസൈനെപ്പോലെ ഒരാള്‍ക്ക് ജന്മദേശം വിട്ടോടേണ്ടി വന്നിരിക്കുന്നത്.അധിനിവേശം എന്നത് ഒരു രാഷ്ട്രം മറ്റൊന്നിനെ കയ്യേറുന്നത് മാത്രമല്ല.മനുഷ്യമനസ്സുകളില്‍ ഫാസിസം തേര്‍വാ‍ഴ്ച നടത്തുന്നതും കൂടിയാണ്.സ്വന്തം നാടുപേക്ഷിച്ച് പോകുന്നത് പീഠനമാണ്.വീടു നഷ്ടപ്പെടുന്നവനേ അതിന്റെ ദു:ഖം അറിയൂ‍.പാലക്കാടന്‍ ചുരം കഴിയുമ്പോള്‍ കേരളത്തിന്റെ കാറ്റ് നമുക്കു തരുന്ന ഒരു സുരക്ഷിതത്വം ഉണ്ട്..അത്തരം ഒരു സുരക്ഷിതത്വം ഹുസൈനെപ്പോലെ മഹാനായ ഒരു കലാകാരനു ജന്മനാട്ടില്‍ നിഷേധിക്കപ്പെട്ടിരിക്കുന്നു.ഈ അധിനിവേശത്തിനെതിരെ വിശ്വമാനവികതയില്‍ വിശ്വസിക്കുന്ന ഓരോരുത്തരും പ്രതിഷേധിക്കേണ്ടിയിരിക്കുന്നു..ഇരുട്ടിന്റെ ശക്തികളുടെ രാഷ്ട്രീയത്തെ തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഈ മനോഹരമായ പോസ്റ്റിനു നന്ദി ഉന്‍..ആശംസകള്‍!

Radheyan said...

നന്നായി.

76 ലെ ചിത്രങ്ങള്‍ 96ന് ശേഷം പ്രശനമാകുന്നത് ചിത്രങ്ങളുറ്റെ കുഴപ്പമല്ല,നമ്മുടെ കാലഘട്ടത്തിന്റെ കുഴപ്പമാണ്. ഹുസൈനെതിരേ പറയുന്നതില്‍ എന്തോ കാര്യമുണ്ടെന്ന് പുരോഗമനവാദികളെ കൊണ്ടു പോലും ചിന്തിപ്പിക്കുന്ന തരത്തില്‍ കണ്‍ഫ്യൂസ്ഡ് ആയ കാലം.ഫാസിസം വളരാന്‍ ഇത്ര നല്ല മണ്ണില്ല.

Dinkan-ഡിങ്കന്‍ said...

ഹുസൈനെതിരേ ഉള്ള ആരോപണം ഹിന്ദു ഫനറ്റിക് സൈക്കിയുടെ പ്രതിഫലനം മാത്രമായേ കാണാനാകൂ. 70-80കളില്‍ പ്രശ്നമുണ്ടാകാതിരുന്ന ചിത്രങ്ങളൊക്കെ എടുത്ത് മുന്‍‌കാലപ്രാബല്യത്തൊടെ ആക്രമിക്കുന്ന സംഘ(അ)നീതി വിളിച്ചറിയിക്കുന്ന പോസ്റ്റിന് സലാം..

സിമി said...
This comment has been removed by the author.
പയ്യന്നൂര്‍ പരമന്‍ said...

ക്രിസ്ത്യാനികളുടെ അടുത്തുപോയി യേശുവിനേയോ മുസ്ലീങ്ങളുടെ അടുത്തു ചെന്ന് അല്ലാഹുവിനേയോ വിമർശിക്കാൻ പാടില്ലെന്നതു പോലെ ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ളിടത്ത് ഹിന്ദുദേവതകളെയും പാടില്ലെന്ന് ഹുസ്സൈന് അറിയരുതോ? സദസ്സറിഞ്ഞ് വരയ്ക്കാന്‍ ആദ്യം പഠിക്കട്ടെ അയാള്‍; ശേഷം തീരുമാനിക്കാം പൗരത്വം കൊടുക്കണോയെന്ന്. കൊടുത്താലും പയ്യന്നൂരില്‍ പോകാതെ ശ്രദ്ധിച്ചാല്‍ നന്ന്.

പാറശാല പപ്പന്‍, said...

ഖുത്ബുദ്ദീന്‍ അന്‍സാരിയ്ക്ക് ബംഗാള്‍ അഭയമാകുമെങ്കില്‍, എം എഫ് ഹുസൈന് ഖത്തറിനെക്കാള്‍ നല്ല മണ്ണ്, കണ്ണൂരും പയ്യന്നൂരുമാണ് പരമുവണ്ണോ... യേത്...

റോബി said...

ഇന്ത്യ ജനാധിപത്യരാജ്യമല്ല എന്നുതന്നെയാണ് ഹുസൈൻ സംഭവം നമ്മോടു പറയുന്നത്.

സമാനമായ രണ്ടു സംഭവങ്ങൾ-യേശുക്രിസ്തുവിന്റെ ലൈംഗികബന്ധവും കന്യാമറിയത്തിന്റെ നഗ്നതയും അവതരിപ്പിച്ച കലാകാരന്മാർക്ക് വെസ്റ്റേൺ സമൂഹത്തിൽ ഒരുതരത്തിലുമുള്ള വിലക്കുകളുണ്ടായില്ലെന്നു മാത്രമല്ല, അവർ ഇന്നും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നു. സമൂഹങ്ങളുടെ ജനാധിപത്യസ്വഭാവം ഇങ്ങനെയൊക്കെയല്ലേ താരതമ്യം ചെയ്യാനാവുക.

ആധുനികലോകത്തെ മികച്ച ചിത്രകാരനെ നാടുകടത്തിയതിൽ കാട്ടാളമാർക്ക് ആഘോഷിക്കാം. അതു തന്നെയല്ലേ മറ്റൊരു ബ്ലോഗ് പോസ്റ്റിൽ കണ്ടതും?
ജനാധിപത്യവിശ്വസികൾക്ക് ലജ്ജിച്ച് തല താഴ്ത്താം...

റോബി said...
This comment has been removed by the author.
പയ്യന്നൂര്‍ ഹംസ said...

അന്‍സാരി വന്നതോടെ തശ്ലീമ അവിടെ നിന്ന് പുറത്തായത് ഭൗതികശാസ്ത്രത്തിലെ Archimedes തത്വം അനുസരിച്ചായിരിക്കും, അല്ലേ പപ്പൂസ്?

Anonymous said...

റോബി വിവരക്കേട് എഴുന്നുള്ളിക്കല്ലേ! ന്യൂയോർക്കിൽ ക്രിസ്ത്യൻ ദേവത മറിയത്തിന്റെ നഗ്നചിത്രപ്രദർശനം തടഞ്ഞിട്ട് അധിക കാലം ആയില്ല.

Anonymous said...

പാലക്കാടന്‍ ചുരം കടന്ന് പയ്യന്നൂർക്കുള്ള ബസ്സ് പിടിക്കാതിരുന്നാൽ സുരക്ഷിത്വത്വം അനുഭവിക്കാം സുനിൽ.

ജനാധിപത്യ ബോധമുള്ളവർ ഇവിടെ സ്റ്റേജിന്റെ പുറകിൽ ഉണ്ടായിരുന്നല്ലേ? ഇപ്പോഴെങ്കിലും കണ്ടത് നന്നായി. കുറച്ച് നാൾ എല്ലാവരും ഒളിവിന്റെ മറവിൽ ആയിരുന്നല്ലോ.

യാരിദ്‌|~|Yarid said...

track..

cALviN::കാല്‍‌വിന്‍ said...

ഒന്നുറപ്പാണ്, ഹുസൈനെതിരെ വാളെടുത്തവർക്ക് കലയെക്കുറിച്ചും ബോധമില്ല, ഭാരതപൈതൃകത്തെക്കുറിച്ചും ബോധമില്ല. ജനാധിപത്യത്തിന്റെ മരണം :(

സിമി said...

കലയ്ക്ക് എവിടെയാണ് നിയന്ത്രണം വെക്കേണ്ടത് എന്ന് ഇപ്പൊഴും ഉത്തരം കിട്ടുന്നില്ല. എം.എഫ്. ഹുസൈന്റെ ചിത്രങ്ങള്‍ ഒരു വിഭാഗം ആളുകളെ വൃണപ്പെടുത്തി എന്നത് വാസ്തവമാണ്. എല്ലാ മതവിശ്വാസികളും ഒരളവുവരെ കലയുടെ നേര്‍ക്ക് അസഹിഷ്ണുത കാണിക്കാറുണ്ട്.

Last Tempation, Jesus Christ Superstar, തുടങ്ങി ധാരാളം ഉദാഹരണങ്ങളുണ്ട്. ക്രിസ്തുമതം, ഇസ്ലാം, സിഖ് മതം തുടങ്ങിയവയില്‍ ആവിഷ്കാര സ്വാതന്ത്ര്യവും മതവിശ്വാസങ്ങളും തമ്മില്‍ കൂട്ടിമുട്ടുമ്പോള്‍ ഉണ്ടായ വിവാദങ്ങളില്‍ ചിലത് ഇവിടെ കാണാം.

ഹുസൈന്റെ കാര്യത്തില്‍ പലതും കുഴമറിഞ്ഞുകിടക്കുകയാണ്. ഹുസൈന്‍ ഒരു മുസ്ലീമാണ് എന്നത് ഒരു ഘടകമാണ്. എന്നാല്‍ ഒരു ഹിന്ദു കലാകാരന്‍ ക്രിസ്തുവിനെയോ മറിയത്തെയോ നഗ്നനായി വരച്ചെങ്കിലും വിവാദങ്ങളുണ്ടായേനെ. ഹിന്ദു കലാകാരന്‍ ഹിന്ദു ദൈവങ്ങളെ നഗ്നരായി വരയ്ക്കുന്നതില്‍ തെറ്റുണ്ടോ എന്ന് അറിയില്ല.

ഓരോ കലാകാരനും ചില അദൃശ്യമായ ലക്ഷ്മണരേഖകളുണ്ട്. ഹുസൈന്‍ പറഞ്ഞതുപോലെ - ഇത്തരം കാര്യങ്ങളില്‍ ഇസ്ലാം വളരെ അസഹിഷ്ണുതകാണിക്കുന്നു. അതുകൊണ്ടുതന്നെ ഹുസൈന്‍ എന്നല്ല, ആരും തന്നെ നബിയുടെ ചിത്രങ്ങള്‍ വരയ്ക്കാന്‍ ധൈര്യപ്പെടുന്നില്ല; നൂറ്റാണ്ടുകളായി. ഇത് വിശ്വാസത്തിന്റെ പവിത്രതയുടെ പേരില്‍ പണ്ടേ നിലനില്‍ക്കുന്ന ഒരു ലക്ഷ്മണരേഖയാണ്. നബിയുടെ ചിത്രം വരയ്ക്കുന്നത് വളരെയേറെപ്പേരെ വൃണപ്പെടുത്തും എന്ന് മിക്കവര്‍ക്കും അറിയാം.

ഇതിന് എന്താണു പ്രസക്തി - ഹുസൈനോട് ഇതും വരയ്ക്കു എന്നു പറയാന്‍ ആര് ആരാണ് എന്നല്ല, അദൃശ്യമായ ലക്ഷ്മണരേഖകള്‍ മിക്ക കലാകാരന്മാര്‍ക്കും ഉണ്ട്. മതത്തിന്റെ പേരില്‍, സമൂഹം എന്തു വിചാരിക്കും എന്നതിന്റെ പേരില്‍, അങ്ങനെ പലവിധത്തിലും. ഇവിടെ പറ്റിയത് ലക്ഷ്മണരേഖകള്‍ ചുരുങ്ങിച്ചുരുങ്ങി വരുന്നതാണ്. ഹുസൈന്‍ നിരുപദ്രവകരം എന്നു വിചാരിച്ചത് ഇന്നത്തെ തീവ്രനിലപാടുകളില്‍ വലിയ ആക്രോശങ്ങളിലേക്കു നയിച്ചു.

കലയ്ക്ക് എവിടെയാണ് നിയന്ത്രണം വെക്കേണ്ടത് എന്ന് ഇപ്പൊഴും ഉത്തരം കിട്ടുന്നില്ല. ഒരു നിയന്ത്രണവും വേണ്ടെന്നാണോ? ആരാണ് നിയന്ത്രണം വെക്കേണ്ടത്?

സിമി said...

ഓ.ടോ: കഴിഞ്ഞ ശനിയാഴ്ച്ച ദുബൈയില്‍ എന്റെ വീട്ടിനടുത്തുള്ള കറാച്ചി ദര്‍ബാര്‍ റെസ്റ്റാറന്റില്‍ എം.എഫ്. ഹുസൈന്‍ ഇരുന്ന് ചിക്കനും മറ്റും കഴിക്കുന്നത് ഓഫീസിലെ സഹപ്രവര്‍ത്തക കണ്ടു.

വിജി പിണറായി said...

'70-80കളില്‍ പ്രശ്നമുണ്ടാകാതിരുന്ന ചിത്രങ്ങളൊക്കെ എടുത്ത് മുന്‍‌കാലപ്രാബല്യത്തൊടെ ആക്രമിക്കുന്ന സംഘ(അ)നീതി'യുടെ ‘മുന്‍കാല പ്രാബല്യ’ത്തിനും പരിധിയുണ്ടാശാനേ! അല്ലായിരുന്നെങ്കില്‍ ക്ഷേത്ര ശില്പങ്ങള്‍ പലതും (ശില്പികളും) എന്നേ നാടുവിടേണ്ടിവന്നേനെ!

പിന്നെ, ഇവിടെ ആരൊക്കെയോ പയ്യന്നൂരെന്നോ മറ്റോ ഒക്കെ പറയുന്നത് കേട്ടു. അവിടെ വല്ല കലാപ്രദര്‍ശനവും നടന്നായിരുന്നോ ആവോ.. ഹുസൈന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം പോലെ? നാട്ടുകാരില്‍ ചിലരെയെങ്കിലും ‘തന്തയില്ലാത്തവര്‍’ എന്ന് ആക്ഷേപിക്കുന്നത് അറുപത്തിനാലു കലകളില്‍ ഏതു ‘കലാവിഭാഗ’ത്തില്‍ പെടും ‘പരമു’ ‘ഹംസ’രേ?

റോബി said...

<>ന്യൂയോർക്കിൽ ക്രിസ്ത്യൻ ദേവത മറിയത്തിന്റെ നഗ്നചിത്രപ്രദർശനം തടഞ്ഞിട്ട് അധിക കാലം ആയില്ല.

അനോണി, എന്നിട്ട് ചിത്രകാരന്റെ തലയ്ക്കും കൈകൾക്കും വിലയിട്ടോ? അയാളെ നാടു കടത്തിയോ? അയാലുടെ നഗ്നതയില്ലാത്ത ചിത്രങ്ങളുടെ പ്രദർശനവും നിരോധിച്ചോ?

കലാസൃഷ്ടിയെ അനുകൂലിക്കുന്നതും എതിർക്കുന്നതും അഭിപ്രായസ്വാതന്ത്ര്യം. അതിനു സ്വാതന്ത്ര്യമുണ്ടാകണം. വിരോധം കലാകാരന്റെ നേർക്കാകുന്നതല്ലേ ഇവിടെ വിഷയം?

റോബി said...

ഹുസൈന്‍ ഒരു മുസ്ലീമാണ് എന്നത് ഒരു ഘടകമാണ്.

സിമീ, അത് വെറും ഒരു ഘടകമല്ല. അത് തന്നെയാണ് സകല പ്രശ്നങ്ങൾക്കും കാരണം.

ശരിക്കും ഹുസൈന്റെ പേരു മാത്രമല്ലേ മുസ്ലിം? ജീവിതം കൊണ്ടും ജനനം കൊണ്ടും അയാൾ ഹിന്ദു തന്നെയല്ലേ? ഭാരതത്തിന്റെ ചിത്രകലാ പാരമ്പര്യത്തിൽ ഹുസൈനും അവകാശമില്ലേ? ആ പാരമ്പര്യത്തിന്റെ മുഖ്യഘടകങ്ങളിൽ ഒന്നല്ലേ ന്യൂഡ്/ഇറോട്ടിക് ചിത്രീകരണം?

ഞാന്‍ said...

tracking

സൂസന്ന said...

സിമി പറയുന്നു: എം.എഫ്. ഹുസൈന്റെ ചിത്രങ്ങള്‍ ഒരു വിഭാഗം ആളുകളെ വൃണപ്പെടുത്തി എന്നത് വാസ്തവമാണ്.

അതുറപ്പിച്ച് പറയാൻ വൃണപ്പെട്ട ആരെയെങ്കിലും സിമിയ്ക്ക് നേരിട്ടറിയാമോ? അവക്ക് എപ്പോഴാണ് വൃണപ്പെട്ടത്. ചിത്രം വരക്കപ്പെട്ട എഴുപതുകളിലോ അതോ 96-ലോ, അതോ അതിനു ശേഷമോ? പെട്ടെന്നൊരു നാൾ വൃണപ്പെടാനൊരു കാരണം?

ശ്രീവല്ലഭന്‍. said...

tracking

Anoni Malayali said...

Comment posted at a similar post by chithrakaaran

(http://chithrakarans.blogspot.com/)

നാം മതവും മതവും തമ്മിലുള്ള സ്പര്‍ദ്ധകളും കൊലപാതകങ്ങളും ധാരാളം കണ്ടാവരാണ്‌. ഇന്ത്യാവിഭജനം ഉള്‍പ്പെടെയുള്ള കാലുഷ്യങ്ങളും കലാപങ്ങളും അവയേല്‍പിച്ച മുറുവുകളും ഇനിയും ഉണങ്ങാത്തവയുമാണ്‌. സ്വതന്ത്രമായിപ്പോയ, മുറിച്ചുമാറ്റപ്പെട്ട അയല്‍രാജ്യം ഒരു മുസ്ലിം രാഷ്ട്രവുമാണ്‌. അവിടെ മറ്റു മതസ്ഥര്‍ക്ക്‌ പൂര്‍ണ്ണമായി ഇഴുകിച്ചേരാനാവാത്ത അവസ്ഥയുമാണ്‌. എന്നാല്‍ ഇന്ത്യയില്‍ സ്ഥിതി വ്യത്യസ്ഥമാണ്‌. ഇവിടെ മതത്തിന്റെ അടിസ്ഥാനത്തില്‍ അല്ല ഒരു പൗരന്റെ രാഷ്ട്രസ്നേഹം അളക്കപ്പെടുന്നത്‌. എന്നാലും നമുക്കുചുറ്റും ഉണ്ടാവുന്ന ലഹളകളിലും മറ്റും മതവും ഒരു ആയുധമാണെന്ന കാര്യ നാം മറന്നുകൂടാ. ഇവിടെ നിലനില്‍ക്കുന്ന സമുദായസ്നേഹസഹകരണസാമീപ്യങ്ങള്‍ എന്തു വിലകൊടുത്തും നിലനിര്‍ത്തേണ്ടത്‌ നമ്മുടെയെല്ലാം കടമയാണ്‌. ഇവിടെ ഇതൊന്നും അറിയാത്ത ആളല്ല എം.എഫ്‌.ഹുസ്സൈന്‍.

അതിലോലമായ ഒരു സന്തുലതാവസ്ഥയാണ്‌ ഇവിടെ നിലനില്‍ക്കുന്നത്‌. മതം ഇന്നും ഇവിടെ പ്രബലമായ ഒരു വിഷയമാണ്‌. ആ ലോലതന്ത്രികളെ മുറിപ്പെടുത്തുന്ന ഒരു നിലപാട്‌ അദ്ദേഹം എടുക്കരുതായിരുന്നു. വിശാലമനസ്കരായ ചിത്രകാരനെപ്പോലുള്ളവര്‍ക്ക്‌ അതെല്ലാം നിസ്സാരമായിക്കരുതി തള്ളാം. പക്ഷേ, അത്രയ്ക്കൊന്നും വിവരമില്ലാത്ത സാധാരണക്കാര്‍, വീടിന്റെ അകത്തളത്തില്‍ ചെറുപ്പം മുതല്‍ കണ്ട ദൈവരൂപത്തെ, ഒരു ദിവസം നഗനമായി വരയ്ക്കപ്പെട്ടുകാണുമ്പോള്‍ തീര്‍ച്ചയായും വിഷമം തോന്നും. ഇത്തരത്തിലൊന്നു കണ്ടാലുടന്‍ വികാരങ്ങളെ ഇളക്കിവിടുന്നവര്‍ ചുറ്റുമുണ്ടെങ്കിലോ, പറയുകയും വേണ്ട.

മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ വരച്ചവരെപ്പറ്റിയും ഇതു തന്നെയാണ്‌ പറയാനുള്ളത്‌. പരസ്പരബഹുമാനം, മറ്റുള്ളവന്റെ വികാരങ്ങളെ മാനിക്കല്‍ ഇതെല്ലാം ഒരു പരിഷ്കൃതസമൂഹത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്‌. ഹുസൈന്‍ എന്തുകൊണ്ട്‌ ഒരു നഗ്ന പുരുഷരൂപം വരച്ച്‌ അതിന്‌ മുഹമ്മദ്‌ എന്ന് പേരുകൊടുത്തില്ല? ആട്ടേ, ഇനി മറ്റൊരു മതസ്ഥന്‍ അങ്ങനെ ചെയ്താല്‍ ഈ പറയുന്ന ചിത്രകാരന്‍ അത്‌ സവര്‍ണ്ണ വര്‍ഗീയ മേധാവിത്തം ന്യൂനപക്ഷത്തെ കരിതേക്കാന്‍ ചെയ്യുന്നതായി പറയില്ലായിരുന്നോ.

സമയം കിട്ടുമ്പോള്‍, താങ്കളും ഒരു ചിത്രകാരനാണല്ലോ, ഒരു നഗ്നപുരുഷരൂപം വരച്ച്‌ അതിനു മുഹമ്മദ്‌ നബി എന്ന പേരും കൊടുത്ത്‌ താങ്കളുടെ ബ്ലോഗില്‍ ഇടുക, കാണാമല്ലോ നമുക്ക്‌ വിശാലമനസ്കരായ ആളുകള്‍ എങ്ങനെയാവും പ്രതികരിക്കുകയെന്ന്?

nalan::നളന്‍ said...

മതവികാരം വൃണപ്പെടുന്നത് എന്തോ നിസ്സാര കാര്യമാണെന്ന മട്ടിലാണല്ലോ. അത്രയ്ക്കു അസഹിഷ്ണുക്കള്‍ക്കു പറ്റിതല്ല ജനാധിപത്യം, ഇത്ര വേഗം മതവികാരം വൃണപ്പെടുന്നവര്‍ ജനാധിപത്യവ്യവസ്ഥിതി വിട്ടു വല്ല അന്റാര്‍ട്ടിക്കയിലോ മറ്റോ പോയി അവിടിരുന്നു അസഹിഷ്ണുത പ്രകടിപ്പിക്കുന്നതായിരിക്കും എല്ലാവര്‍ക്കും നല്ലത്...
ജനാധിപത്യത്തിന്റെ എല്ലാ സൗകര്യങ്ങളും അനുഭവിക്കുകയും വേണം എന്നാല്‍ മറ്റുള്ളവര്‍ക്കതാവാനും പാടില്ല, തോന്നുന്ന പടി ജനാധിപത്യം.
ഇത്തരം അസഹിഷ്ണുക്കളെ ഒന്നുകില്‍ നാടു കടത്തുകയോ അല്ലെങ്കില്‍ വല്ല റീഹാബിറ്റേഷന്‍ സെന്ററുകളിലോ ഇടുകയാണു ജനാധിപത്യ ഭരണകൂടങ്ങള്‍ ചെയ്യേണ്ടത്. ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ നിന്നും ഇനിയും പുറത്തുകടന്നിട്ടില്ലാത്ത നമുക്ക് ജനാധിപത്യം അനുഭവിക്കാനുള്ള പാകമായോ എന്നു കൂടെക്കൂടെ ഓര്‍മ്മിപ്പിക്കുന്നതാണു ഇങ്ങനെ വൃണപ്പെടാന്‍ മുട്ടിനില്‍ക്കുന്ന മതവികാരങ്ങളും , അത്തരം അസഹിഷ്ണുതയെ തുടച്ചു നീക്കുന്നതിനു പകരം അതിനു കീഴ്പ്പെടുന്ന ഭരണകൂടങ്ങളും.

Siju | സിജു said...

good one.
Thanks

മധുസൂദനൻ പേരടി said...

ഹുസൈൻ പ്രശ്നവും മുംബൈയിലെ പ്രാദേശികവാദവുമെല്ലാം ഇന്ത്യൻ ജനാധിപത്യത്തിന്റെ പരാജയങ്ങളിലേയ്ക്ക് തന്നെയാൺ വിരൽ ചൂണ്ടുന്നത്. ഭരണകൂടത്തിന്റെയോ നിയമവ്യവസ്ഥയുടേതോ എന്നതിലുപരി ജനാധിപത്യസമൂഹത്തിന്റെ പരാജയമാൺ അത്. ഭരണഘടന അനുശാസിയ്ക്കുന്ന നിലപാടുകളോടുള്ള തുറന്ന വെല്ലുവിളികൾ, ഞങ്ങൾക്ക് വേറെ നിയമങ്ങളാൺ എന്ന വിഘടനവാദം.അച്ചടക്കമില്ലായ്മ.

ചോദ്യം ഇതാൺ: what, according to the concept of Indian democracy, is an 'unacceptable' publication? ഇതിനൊരു ശാസ്ത്രീയകാഴ്ചപ്പാട് സാദ്ധ്യമാൺ എന്നതിലാൺ സിമി ഉയറ്ത്തുന്ന പ്രായോഗികസന്ദേഹങ്ങൾക്കുള്ള ഉത്തരം. ഒരാൾ ഒരു പ്രസ്താവനയോ ചിത്രമോ ചലചിത്രമോ മറ്റെന്തെങ്കിലുമോ പ്രസിദ്ധീകരിയ്ക്കുന്നു.(എപ്പോളാൺ പ്രസിദ്ധീകരണമാകുന്നത് എന്നത് അമൂറ്ത്തസുന്ദരമായ ഒരു വിഷയമാൺ). ഇത് ഇൻസൾട് ആൺ/ അല്ല ആവിഷ്കാരസ്വാതന്ത്ര്യമാൺ എന്ന് വ്യക്തിപരമായി അഭിപ്രായപ്പെടാനുള്ള/‘സംശയിക്കാ‘നുള്ള സ്വാതന്ത്ര്യം പൌരനുണ്ട്. അതുകഴിഞ്ഞാൽ തന്റെ കാഴ്ചപ്പാടാൺ ഭരണഘടനയോ നിയമമോ അടിസ്ഥാനപ്പെടുത്തിയുള്ള നിലപാട് എന്ന് ലീഗൽ മെകാനിസം ഉപയോഗിച്ച് തെളിയിയ്ക്കാൻ അയാൾക്ക് ശ്രമിയ്ക്കാം, അതായത് കേസ് കൊടുക്കാം. എന്നാൽ നിയമവ്യവസ്ഥയുടെ വിധികൽ‌പ്പനയ്ക്ക് വിരുദ്ധമായോ പുറത്തായോ സ്വന്തം നിലയ്ക്ക് എതിറ്പ്പുകൾ സംഘടിപ്പിയ്ക്കാനുള്ള അവകാശം പൌരനില്ല(ഈയിടെ കോടതിയ്ക്കെതിരെവരെ പ്രതിഷേധപ്രകടനങ്ങൾ നടക്കാറുണ്ട്, വാട്ടേ സമൂഹം!റെക്ലെസ്സ്, ക്ലൂലെസ്സ് എന്നൊന്നും പോര വിശേഷണം). അതായത് ശരിതെറ്റുകൾ വിധിയ്ക്കാനും അനുബന്ധനടപടികൾ പ്രയോഗിയ്ക്കാനുമുള്ള പരമാധികാരം കോടതിയ്ക്കുമാത്രമേയുള്ളു.

ഇനി നിയമവ്യവസ്ഥയിൽത്തന്നെ കറക്ഷനാവശ്യമുണ്ട്, അപ്പോൾ എന്റെ നിലപാട് ശരിവെയ്ക്കപ്പെടും എന്നാണെങ്കിൽ അതിനുള്ള ജനാധിപത്യപ്രക്രിയയിൽ ഏറ്പ്പെടാം. ഏതായാലും ഏതെങ്കിലും സംഘടന(ലോജിക്കലി ആൾക്കൂട്ടം, സിസ്റ്റം ഇവരോട് സംഘടിയ്ക്കാനൊന്നും ആവശ്യപ്പെട്ടിട്ടില്ല) സ്വന്തം നിലയ്ക്ക് ശരിതെറ്റുകൾ വിധിയ്ക്കാനും ശിക്ഷ നടപ്പില്വരുത്താനും ശ്രമിയ്ക്കുന്നതും തീവ്രവാദികൾ ചെയ്യുന്നതും തമ്മിൽ മെതേഡിൽ മാത്രമേ വ്യത്യാസമുള്ളൂ, നിലപാടിലും ചിന്താരീതിയിലും ഒന്നുമില്ല.രണ്ടുപേരും നിയമവ്യവസ്ഥയെ നിഷേധിയ്ക്കുന്നു, അവിശ്വസിയ്ക്കുന്നു, എതിരേ പ്രവറ്ത്തിയ്ക്കുന്നു.

ചുരുക്കത്തിൽ ‘വിഭാഗത്തിൻ വ്രണപ്പെട്ടു‘ എന്നതൊക്കെ അയുക്തമായ, യുക്തികരണമോ നടപടിയോ സാദ്ധ്യമല്ലാത്ത വാദങ്ങളാൺ ജനാധിപത്യകാഴ്ചപ്പാടിൽ(ഇതൊന്നും സ്റ്റാറ്റിസ്റ്റികൽ സറ്വേ നടത്തിയിട്ടല്ലല്ലോ പറയുന്നത്, ആരുടെയൊക്കെയോ വെളിപാടുകൾ!). ഭരണഘടനയോ നിയമവ്യവസ്ഥയോ ഒരു പ്രസിദ്ധീകരണത്തെ അബ്സല്യൂട്ട് ആയി ഇൻസൾട്ട് എന്നുവിളിയ്ക്കുമോ എന്നതുമാത്രമാൺ ‘ആക്ഷനബിൾ ഇന്റലിജൻസ്‘.ഇല്ലെങ്കിൽ ആ പ്രശ്നത്തിൽ വ്യക്തികൾ/ആൾക്കൂട്ടങ്ങൾ എന്തെങ്കിലും കൂടുതൽ ചെയ്യുന്നത് ജസ്റ്റ് പ്ലെയിൻ നിയമവിരുദ്ധമാൺ, കുറ്റകൃത്യമാൺ.

മധുസൂദനൻ പേരടി said...

ഇനി ഇതിന്റെ ‘പ്രതിലോമകരമായ’ നാടൻ മറ്റേ കാഴ്ചപ്പാട് പറയാം.(കാഴ്ചാപ്പാട് നിരത്തലാൺ എന്റെ ഹോബി, ഏതെങ്കിലും ഒന്നുപറയാൻ പറഞ്ഞാൽ ഞാൻ കഷ്ടപ്പെടും, റാഷമോൺ കണ്ടശേഷം വന്ന മാനസികരോഗമാൺ):

നിരക്ഷരരുടെ എണ്ണത്തിൽ ഒന്നാമത്, ജനങ്ങളുടെ എണ്ണത്തിൽ രണ്ടാമത്, അഴിമതിയിൽ ആദ്യപത്തിൽ വരുന്ന, അഭ്യസ്തവിദ്യറ്പോലും ആദിവാസിപാറ്റേണിൽ ചിന്തിച്ച് അദ്ഭുതപ്പെടുത്തുന്ന ഒരു മൂന്നാം ലോകസമൂഹത്തിൽ ഇതൊക്കെ ഇങ്ങിനെയാൺ.നോക്കിയും കണ്ടും നിന്നാൽ എല്ലാവറ്ക്കും കൊള്ളാം.പുരാണകഥയൊക്കെ എഴുതുമ്പോൾ വരയ്ക്കുമ്പോൾ ദൈവമല്ല എന്ന് ഉറപ്പുള്ളവരെ മാത്രം എഴുതിയാൽ വരച്ചാൽ നമ്മുടെ തടിയ്ക്ക് കേടില്ലെന്ന് ഉറപ്പുവരുത്താം.

ഹുസൈൻ ഖത്തറിലെങ്കിലും പോകാം, വേണമെങ്കിൽ ലിബറൽ യൂറോപ്പിലും അമേരികയിലും പോയി ജീവിയ്ക്കാം. നമ്മളൊക്കെ ഇബടെക്കെടന്നെന്നെ നരകിയ്ക്കും.:)

മധുസൂദനൻ പേരടി said...
This comment has been removed by the author.
സിമി said...

സൂസന്ന, നളന്‍: വികാരം വൃണപ്പെട്ട കുറച്ചുപേരെ നേരിട്ടറിയാം. എന്റെ ഓഫീസില്‍ തന്നെയുണ്ട്, ഇന്ത്യയെ നഗ്നയായി ചിത്രീകരിച്ചതിനു പുള്ളിക്ക് ഇതൊക്കെ കിട്ടണം എന്നു വിശ്വസിക്കുന്നവര്‍.

ചിത്രത്തിന്റെ പേരില്‍ മതവികാരം വൃണപ്പെടുന്നവര്‍ക്ക് ജനാധിപത്യ രാജ്യത്ത് സ്ഥാനമില്ല എന്നൊക്കെ പറയുന്നത് അല്പം കടന്നകയ്യല്ലേ? ഒരു സമൂഹമാവുമ്പോള്‍ എല്ലാത്തരം ആളുകള്‍ക്കും സഹവര്‍ത്തിക്കാന്‍ പറ്റണം.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വികാരം വൃണപ്പെട്ട കുറച്ചുപേരെ നേരിട്ടറിയാം. എന്റെ ഓഫീസില്‍ തന്നെയുണ്ട്, ഇന്ത്യയെ നഗ്നയായി ചിത്രീകരിച്ചതിനു പുള്ളിക്ക് ഇതൊക്കെ കിട്ടണം എന്നു വിശ്വസിക്കുന്നവര്‍.

ചിത്രത്തിന്റെ പേരില്‍ മതവികാരം വൃണപ്പെടുന്നവര്‍ക്ക് ജനാധിപത്യ രാജ്യത്ത് സ്ഥാനമില്ല എന്നൊക്കെ പറയുന്നത് അല്പം കടന്നകയ്യല്ലേ? ഒരു സമൂഹമാവുമ്പോള്‍ എല്ലാത്തരം ആളുകള്‍ക്കും സഹവര്‍ത്തിക്കാന്‍ പറ്റണം

നന്നായി സിമി,..ചോദ്യവും ഉത്തരവും സിമി തന്നെ പറഞ്ഞിരിക്കുന്നു....”ഒരു സമൂഹമാകുമ്പോള്‍ എല്ലാത്തരം ആളുകള്‍ക്കും സഹവര്‍ത്തിക്കാന്‍ പറ്റണം”..അതല്ലേ സൂസന്നയും നളനും പറഞ്ഞതും...അപ്പോള്‍ പിന്നെ ഹുസൈനു എങ്ങനെ ഓടിപ്പോകേണ്ടി വന്നു? ആരാണതിനു കാരണക്കാര്‍ എന്നല്ലേ നമ്മള്‍ അന്വേഷിക്കേണ്ടത്?

പിന്നെ വികാരം വൃണപ്പെട്ടവര്‍: കൊണാര്‍ക്കിലെ സൂര്യക്ഷേത്രത്തിലോ, ഖജരാവുവിലോ ഇവരാരും പോകാത്തത് നന്നായി..അവിടുത്തെ ശിലപങ്ങള്‍ ഒക്കെ കണ്ടാല്‍ അപ്പോള്‍ തന്നെ വികാര വൃണം പൊട്ടി ഒലിച്ചേനേ....നേരത്തെ ഒരു കമന്റില്‍ വിജി പിണറായി പറഞ്ഞപോലെ വല്ല ടൈം മെഷീനിലും കയറി പുരാതന കാലത്തേക്ക് പോയി അക്കാലത്തെ “ഹിന്ദു രാജാക്കന്മാരേയും ശില്പികളേയും” എല്ലാം ഇക്കൂട്ടര്‍ നാടുകടത്തിയേനേ...!

[ nardnahc hsemus ] said...

ഹുസൈന്റെ കാര്യത്തില്‍ സംഭവൈച്ചതൊക്കെ തീര്‍ത്തും ദൌര്‍ഭാഗ്യകരം.

രാഷ്ട്രീയ ഗുണ്ടായിസത്തിന്റെ ബലിയാടുകള്‍ സെലിബ്രിറ്റികളാകുമ്പോള്‍ വാര്‍ത്തകള്‍ക്ക് പ്രാധാന്യമേറുന്നു. സച്ചിനേയും ഷാരൂഖിനേയും എതിര്‍ത്തുപറഞ്ഞ പ്രാദേശിക രാഷ്ട്രിയപാര്‍ട്ടിയ്ക്ക് പിന്നീടത് അല്പമെങ്കിലും അയച്ചു പറയേണ്ടിവന്നത് ആ സെലിബ്രിറ്റികള്‍ക്കുള്ള ജനപിന്തുണ മൂലമായിരുന്നു.. ചിത്രകലയെക്കാള്‍ അടക്കിവാഴുന്നതെന്നും സിനിമയും സ്പോര്‍ട്സുമാണെന്നിരിയ്ക്കെ ഹുസൈന്റെ കാര്യത്തില്‍ അതുണ്ടാവാന്‍ തരമില്ലല്ലോ.... തിരിച്ചുപറയാന്‍ നാവുപൊക്കുന്നവരെ പോലും അടിച്ചമര്‍ത്തിയ അനുഭവങ്ങള്‍ മുന്നും ഉണ്ടായിട്ടുള്ളതിനാല്‍ ഇത്തവണ മിഷന്‍ 100% സക്സസ്സ്ഫുള്‍...

എന്നാല്‍ സെലിബ്രിറ്റികള്‍ മാത്രമല്ല, കഴിഞ്ഞ ചില വര്‍ഷങ്ങള്‍ മുതല്‍ മുംബൈയിലെ അഷ്ടിയ്ക്കു വക തേടിവരുന്ന ടാക്സി ഡ്രൈവര്‍മാരും കെട്ടിടനിര്‍മ്മാണ തൊഴിലാളികളുമടക്കമുള്ള പ്രവാസികളായ ഇതരസംസ്ഥാനക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഇതൊക്കെ തന്നെയാണ്. ഇതില്‍ പലരും 30-40 വര്‍ഷങ്ങളായി മുംബൈയില്‍ താമസിയ്ക്കുന്നവരാണ്.. ഒന്നു പറഞ്ഞ് രണ്ടാം വാക്കിനു മുഷ്ടിചുരുട്ടിയുള്ള ഇടിയാണ് ഇപ്പോള്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ടുകളില്‍ പോലും പലരും നേരിടുന്നത്.. സാധാരനക്കാര്‍ മാത്രമല്ല വമ്പന്‍ മുതലാളന്മാരും ഇവരുടെ ബലിയാടുകള്‍ തന്നെ.. കഴിഞ്ഞ മാസമാണ് മുകേഷ് അംബാനിയുടെ ഷോപ്പിംഗ് മാലുകള്‍ അടിച്ച് തകര്‍ക്കപ്പെട്ടത്... ഇന്നത്തെ പത്രങ്ങള്‍ ഇറങ്ങിയിരിയ്ക്കുന്നത് എയര്‍ടെല്ലിന്റെയും എസ്കോ ടെല്ലിന്റെയും ഓഫീസുകള്‍ അടിച്ചു തകര്‍ത്തെന്ന വാര്‍ത്തയുമായാണ്.. കാരണം ഇവരൊന്നും തന്നെ മറാത്തി ഉപയോഗിയ്ക്കുന്നില്ലത്രെ... പറഞ്ഞുവന്നത് മുഷ്ക് കാണിച്ച് ആളുകളെ വിരട്ടി അടിയറവ് പറയിപ്പിയ്ക്കുന്ന ഗുണ്ടായിസത്തിനു അങ്ങനെ നിയമപരമായ പ്രത്യേകം കാരണങ്ങളൊന്നും ആവശ്യമില്ല... അതൊക്കെ അവര്‍ തപ്പിയെടുക്കും... അതിനാരുടെയും ജനസമ്മതി ആവശ്യമില്ല... പണ്ട് പിങ്ക് ചഡ്ഡി കാമ്പയിന്‍ നടത്തിയ വ്യക്തികളെ ആ വാര്‍ത്തകള്‍ കെട്ടടങ്ങിഅയ്തിനു ശേഷം തിരഞ്ഞുപിടിച്ചാക്രമിച്ചെന്ന് കേട്ടു.. ഇനിയും പ്രതികരിയ്ക്കാനിരിയ്ക്കുന്നവരുടെ നാവടയ്ക്കാന്‍ അതും ഒരടവ് തന്നെ.. ഇക്കഴിഞ്ഞ മാസം മുതലിക്കിന്റെ മുഖത്ത് ഒരു പറ്റം യുവാക്കള്‍ കരിവാരി തേച്ച് പ്രതിഷേധം രേഖപ്പെടുത്തി എന്ന് കേട്ടിരുന്നു.. പിന്നീടവര്‍ക്ക് എന്ത് പറ്റിയോ ആവോ? അതിവേഗം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗമായേ ഇതിനെ കാണാന്‍ കഴിയൂ...

[ nardnahc hsemus ] said...
This comment has been removed by the author.
വര്‍ക്കേഴ്സ് ഫോറം said...

ഹുസൈന്‍ തിരിച്ചുവരാതാകുമ്പോള്‍

രാജ് said...

സിമി വികാരം വ്രണപ്പെട്ട ഓഫീസ് പ്രവര്‍ത്തകര്‍ വി.എച്ച്.പി മുതല്‍ രാഹുല്‍ ഈശ്വര്‍ വരെയുള്ള ചെറുതും വലുതുമായ തീവ്രഹിന്ദുത്വവാദികള്‍ നിര്‍മ്മിച്ചെടുത്ത സോഷ്യല്‍ സൈക്കിയുടെ ഇരകളാണ്‌‌. ഇവരാരും ഒരു പക്ഷെ ജീവിതത്തില്‍ ഒരു ആര്‍ട്ട് ഗാലറി പോലും സന്ദര്‍ശിച്ചുകാണില്ല. വികാരം വ്രണപ്പെട്ടതിനു ആസ്പദമായ ചിത്രങ്ങള്‍ പോലും ഹിന്ദുത്വവാദികള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് എഴുതിവച്ച അടിക്കുറിപ്പുകളിലൂടെ മാത്രം കണ്ടറിഞ്ഞവരായിരിക്കും ഏറിയ പങ്കും. അമ്മയെ അപമാനിക്കുന്നതു കണ്ടുനില്‍ക്കുമോ എന്നെല്ലാം വികാരനിര്‍ഭരരായി ഹുസൈന്റെ ഭാരതാംബ ചിത്രീകരണത്തെ കുറിച്ചു ചോദിക്കുന്നവര്‍ അവരുടെ രണ്ടോ മൂന്നോ തലമുറകള്‍ക്കു മുമ്പുമാത്രമാണ്‌ അവരിന്നു ചിന്തിക്കുന്നത്രയും വിശാലമായ ദേശീയത ഉണ്ടായതു തന്നെ എന്നോര്‍ക്കുന്നില്ല. സാരി ഉടുക്കുവാന്‍ പാകത്തില്‍ ഒരു ഇന്ത്യന്‍ ഭൂപടവും അതിനു മുമ്പൊന്നും ഉണ്ടായിരുന്നില്ല. ചതുരക്കഷ്ണത്തിലുള്ള ഒരു രൂപമായിരുന്നു ഇന്ത്യയെങ്കില്‍ ഭാരതാംബ എന്ന കണ്‍സപ്റ്റ് പോലും അന്യമായേക്കാവുന്നത്ര ശുഷ്കമായ ദേശീയബോധമേയുള്ളൂ ഹുസൈനെ വിമര്‍ശിക്കുന്നവരുടെ മനോനിലയില്‍. ദുബായില്‍ താമസിക്കുന്ന ഒരു സുഹൃത്ത് പ്ലാസ്റ്റിക് ബാഗുകള്‍ക്കു പകരം പേപ്പര്‍ ബാഗുകള്‍ ചോദിച്ചു വാങ്ങുന്നതു കണ്ടിട്ടുണ്ട്. അത്രപോലും ഹുസൈന്‍ ഭാരതാംബയെ നഗ്നനയാക്കി എന്നു വിലപിക്കുന്നവര്‍ ചെയ്തുകാണാറില്ല, അവരപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഭാരതാംബയെ റേപ്പ് ചെയ്യുകയാവണം.

സിമിയെ പോലെ ഒരാള്‍ക്കു പോലും ഹിന്ദു വികാരം വ്രണപ്പെട്ടു എന്നു തോന്നിത്തുടങ്ങുന്നതാണ്‌ ഫനറ്റിക്കുകളുടെ വിജയത്തിന്റെ തുടക്കം.

un said...

ഹുസൈന്റെ കേസില്‍ വന്ന വിധിന്യായത്തില്‍ കോടതി വ്യക്തമാക്കിയതുപോലെ കലയിലെ സെക്സ്, നഗ്നത എന്നിവയെ അശ്ലീലമായിക്കാണാന്‍ കഴിയില്ല. കലയിലേയും പൊതുജീവിതത്തിലെ അശ്ലീലതയെക്കുറിച്ച് ഒന്നിലേറെ കോടതിവിധികള്‍ നിലവിലുണ്ട്. ‘ലേഡി ചാര്‍റ്റര്‍ലി‘ പുസ്തക കേസില്‍ രഞ്ജിത്.ഡി.ഉദേശി vs മഹാരാഷ്ട്രാ സര്‍ക്കാര്‍(1965), സമരേഷ് vs അമല്‍ മിത്ര (1985) അജയ് ഗോസ്വാമി vs യൂണിയന്‍ ഓഫ് ഇന്‍ഡ്യ,(2005) ഇതൊക്കെ ഉദാഹരണങ്ങള്‍. "..the court has ruled that sex and nudity in art, per se, cannot be deemed obscene. Nor does the merely vulgar equal the obscene. Only if there is an intention to deprave and corrupt, or arouse the lascivious and prurient instincts of the viewer can something be deemed obscene. Further, the Court has ruled that it will not use the“standard of a hypersensitive person” in defining what is obscene. Intention counts for much..."

ഒരു ജനാധിപത്യ രാജ്യത്തില്‍ വ്യക്തമായ കോടതിവിധികളും നിയമങ്ങളും നിലനില്‍ക്കേ ഒരു കലാകാരന്‍ ചില സംഘടനകളുടെ അജണ്ടകള്‍ക്കും താല്പര്യങ്ങള്‍ക്കുമനുസരിച്ച് കലാരചന നടത്തണമെന്ന ഫത്വകള്‍ നടപ്പിലാക്കപ്പെടുന്നത് ഫാസിസമല്ലാതെ മറ്റെന്താണ്? മധുസൂധനന്‍ പറഞ്ഞതുപോലെ എണ്ണത്തില്‍ ഒന്നാമതായ നിരക്ഷരര്‍ക്ക് രാജ്യത്തെ നിയമവ്യവസ്ഥയെക്കുറിച്ച് അറിവില്ല എന്ന ന്യായം അസംബന്ധമല്ലേ? ഒരു ന്യായത്തിനുവേണ്ടി ആ ലോജിക് അംഗീകരിച്ചാല്‍ തന്നെയും ഭരണകൂടത്തിന് നിയമവ്യവസ്ഥകളെക്കുറിച്ച് യാതൊരുബോധവുമില്ലേ? പൌരന്മാരുടെ മൌലികാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ബാധ്യതയില്‍ നിന്ന് സ്റ്റേറ്റിന് ഒഴിഞ്ഞുമാറാനാവില്ല. പ്രത്യേകിച്ചും നിയമപരമായി ശരി പൌരന്റെ ഭാഗത്താവുമ്പോള്‍.

പയ്യന്നൂർ പരമൻ said...

'പിണറായി വിജി'യോ, ആ മുന്‍‌കാലപ്രാബല്യ നിയമം അനുസരിച്ചാണെങ്കില്‍ ഒളിവിലെ ഓര്‍മ്മകള്‍ എഴുതിയ തോപ്പില്‍ ഭാസിയ്ക്ക് ഇന്ത്യയല്ലെങ്കിലും കേരളമെങ്കിലും വിടേണ്ടിവരുമായിരുന്നു, ഇല്ലേ? പയ്യന്നൂരില്‍ കലാ-പ-പ്രദര്‍ശനമൊന്നും നടന്നില്ല. അവിടെ ചിലര്‍ക്ക് 'തന്തയില്ലാത്തവര്‍' എന്ന് തോന്നിയെങ്കില്‍ ഹുസൈന്റെ കാര്യത്തില്‍ മാതൃസങ്കല്പ്പങ്ങളായ ഭാരതാംബയേയും,സീതയേയും, സരസ്വതിയേയും ഒക്കെ തുണിയില്ലാതെവരച്ചതിനാല്‍ 'തള്ളയുടെതുണിയഴിക്കുന്നവന്‍' എന്ന് തോന്നിപ്പോയാല്‍ കുറ്റം പറയാനാകുമോ? വഴിയൊക്കേ ഏകദേശം തുല്യദൂരം തന്നെ.

manomohana said...

അല്ല പരമേട്ടാ.നിങ്ങള്‍ക്കും തോന്നുന്നുണ്ടോ തുണിയഴിക്കുന്നവന്‍ എന്ന്? പറഞ്ഞോളൂ..ആരോടും പറയില്ല. സത്യം! ഇങ്ങനെ വളഞ്ഞ് മൂക്ക് പിടിക്കുന്നത് കണ്ട് ചോദിച്ചുപോയതാണ്. വ്യത്യാസം തിരിച്ചറിയാഞ്ഞിട്ടൊന്നുമല്ലല്ലോ.

chithrakaran:ചിത്രകാരന്‍ said...
This comment has been removed by the author.
chithrakaran:ചിത്രകാരന്‍ said...

ആര്‍ട്ട് അറ്റാക്ക് ... ഈ വിഷയത്തില്‍ എഴുതപ്പെട്ട മികച്ചൊരു ലേഖനമായിരിക്കുന്നല്ലോ. നല്ല കെട്ടും മട്ടും ആഴവും പരപ്പുമുള്ള അവതരണം. കേവലം ബ്ലോഗര്‍മാര്‍ക്കുമാത്രമായി പരിമിതപ്പെടുത്താതെ,കലാകൌമുധിയിലോ,മലയാളത്തിലോ,മാധ്യമത്തിലോ,മാതൃഭൂമിയിലോ(ബ്ബ്ലോഗനയില്‍ വേണ്ട:)കവര്‍സ്റ്റോറിയായി പ്രസിദ്ധീകരിക്കാവുന്ന കരുത്തുള്ള ലേഖനം.

പൊതുവെ പറയുംബോള്‍ ഹിന്ദു സംഘപരിവാര്‍ സംഘടനകളില്‍ മാത്രമാണ് വര്‍ഗ്ഗീയതയും അസഹിഷ്ണുതയും ഫാസിസവും നിലവിലുള്ളതെന്ന നമ്മുടെ വിശ്വാസം തന്നെയാണ് നമ്മുടെ ശത്രുക്കള്‍.
തൊഴിലാളിത്വ പാര്‍ട്ടികളില്‍ പോലും അധീശ്വത്വം പുലര്‍ത്തുന്ന ബ്രാഹ്മണ്യത്തേയും സവര്‍ണ്ണതയേയും വിമര്‍ശന വിധേയമാക്കാതെ ... ഇന്നത്തെ നില തുടര്‍ന്നാല്‍ എറെ താമസിയാതെ, ഇന്ത്യ ഒരു ഹൈന്ദവ താലീബാന്‍ രാജ്യമായിത്തീരും.

1996 മുതല്‍ ഹുസൈനെതിരെ സംഘടിതവും ആസൂത്രിതവുമായ സവര്‍ണ്ണ ഹൈന്ദവ ഗൂഢാലോചനയും പ്രചരണവുമുണ്ടായിട്ടും അതിനെതിരെ
കലാകാരന്മാരോ സാഹിത്യകാരന്മാരോ പത്രപ്രവര്‍ത്തകരോ പ്രതിരോധത്തിലേര്‍പ്പെട്ടില്ലെന്നത്
ആ വിഭാഗത്തിന്റെ ഗുരുതരമായ മൂല്യഛ്യുതിയും പ്രഫഷണല്‍ താല്‍പ്പര്യങ്ങളും അസൂയമൂത്തുണ്ടായ വന്ധ്യതയും നിമിത്തമായിരിക്കണം.

നമ്മുടെ ഫൈന്‍ ആര്‍ട്സ് കോളെജ് വിദ്യാര്‍ത്ഥികള്‍ക്കും,അധ്യാപകര്‍ക്കും,കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും,.... ഇതിനെതിരെ പ്രതിഷെധിക്കാന്‍ തോന്നാത്തത് അവരുടെ രാഷ്ട്രീയപരമായ നിലവാരത്തിന്റെ താഴ്ച്ചയെ ചൂണ്ടിക്കാട്ടുന്നു.

സാംസ്ക്കാരികമായി നാം ഇത്രയും അസ്വതന്ത്രരാണെങ്കില്‍ രാഷ്ട്രീയമായി നമ്മുടെ പാരതന്ത്ര്യം എന്തായിരിക്കും ഭഗവാനെ !!!
ഈ വിഷയത്തിലുള്ള ചിത്രകാരന്റെ കുറിപ്പ്:നാം ഹുസൈനെ നാടുകടത്തിയവര്‍ !

ത്രിശ്ശൂക്കാരന്‍ said...

ഇന്ത്യയെ ഒരു മതേതരരാഷ്ട്രമായി നിലനിര്‍ത്തുന്നതിന് ഹൈന്ദവേതര മതങ്ങള്‍ വഹിയ്ക്കുന്ന പങ്ക് ആണ് ഈ വിഷയത്തിന്റെ കാതല്‍.

ലോകോത്തര കലാകാരനായ ഹുസൈന് ഇത്തരം അവസ്ഥകള്‍ വന്നത് സഹതാപകരം തന്നെ. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ നിന്ന് മനസ്സിലായത്, താന്‍ ചാഞ്ഞുകിടന്ന മരത്തില്‍ ഓടിക്കയറാന്‍ ശ്രമിച്ചു എന്നതാണ്.
ഈയിടെക്കിട്ടിയ ഒരു മെയിലില്‍ ഹിറ്റ്ലറെ നഗ്നനായി വരച്ചത് അയാളോടുള്ള വെറുപ്പ് കൊണ്ടാണെന്ന് പണ്ടൊരു ഇന്റര്‍വ്യൂവില്‍ പറഞ്ഞെന്ന് ആരോപിച്ചിരിയ്ക്കുന്നു; സത്യമാണോ എന്നറിയില്ല. അതിന്റെ ഒരു കൂട്ടിവായനയാണ് ഇപ്പോള്‍ നടക്കുന്നത്.

ത്രിശ്ശൂക്കാരന്‍ said...

.

namath said...

“…Yes, art is dangerous. Where it is chaste, it is not art”
കോടതി വിധി തന്നെയാണ് പ്രശ്നത്തിന്‍റെ കാതല്‍. സുചിന്തിതമായ ലേഖനം. -)

un said...

ഇതാണു ആ ഹിറ്റ്ലര്‍ ചിത്രം. ഇതില്‍ ഹിറ്റ്ലറിന്റെ നഗ്നത മാത്രമല്ല, മൊത്തത്തില്‍ അയാളെ വരച്ചിരിക്കുന്ന രീതിയില്‍ തന്നെ ഹുസൈന്റെ സമീപനം വ്യക്തമാണ്. മറിച്ച് ‘ഇന്ത്യന്‍ സംസ്കാര’ത്തില്‍ നഗ്നത പരിശുദ്ധിയുടെ പ്രതീകമാണ് എന്നല്ലേ നഗ്നദേവതകളെ പരാമര്‍‌ശിച്ച് ഹുസൈന്‍ പറഞ്ഞത്? അല്ലാതെ ‘നഗ്നത’യെന്നതിനെ കേവലമായൊരു സംഗതിയായെടുത്ത് അതിന് ഒരൊറ്റ വ്യാഖ്യാനം മാത്രം കൊടുക്കുന്ന പണിയല്ല അദ്ദേഹം ചെയ്തത്. ഓരോ വര്‍‌ക്കിലും ഓരോ തരത്തിലാകാം നിറവും വരയുമൊക്കെ ഉപയോഗിക്കപ്പെടുന്നത്. കലയുടെ പരിധിയില്‍ മാത്രം വരുന്ന ഇമ്മാതിരി കാര്യങ്ങള്‍ വഴിയേപൊകുന്നവരൊക്കെ എടുത്ത് അവനവന്മാരുടെ തോന്ന്യവാസത്തിനനുസരിച്ചുപയോഗിച്ചാല്‍ അതെങ്ങനെ കലാകാരന്റെ കുറ്റമാവും?

ത്രിശ്ശൂക്കാരന്‍ said...

ഭാരത മാതാവിന്റെ ചിത്രം വരച്ചതിന് ഹുസ്സൈന്‍ മാപ്പുപറഞ്ഞതെന്തിനായിരുന്നു?

വിഗ്രഹാരാധനയെ കഠിനമായി വിമര്‍ശിച്ച ഒരു രാജാവിന്റെ പിതാവിന്റെ ചിത്രം നിലത്തിട്ട് ചവിട്ടാന്‍ അനുമതി ചോദിച്ചപ്പോള്‍ മുഖം വിവര്‍ണ്ണമായെന്ന് വിവേകാനന്ദ കഥകളിലെവിടെയോ കേട്ടിട്ടുണ്ട്. വിഗ്രഹാരാധന പ്രചുരപ്രചാരത്തിലിരിയ്ക്കുന്ന, കപടലൈംഗിക സദാചാരങ്ങള്‍ മൂടിയ ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് വേറെയെന്താണ് ഒരാള്‍ പ്രതീക്ഷിയ്ക്കുക. നഗ്നത ലൈഗികതയല്ലാതിരുന്ന ഒരു കാലത്തില്‍നിന്ന് ഒരു തുടക്കീറ് കണ്ടാല്‍ സ്ഖലിയ്ക്കുന്ന ഒരു സമൂഹമായി ഇന്ത്യ മാറിയിരിയ്ക്കുന്നു. 95 വര്‍ഷം ജീവിച്ച ഹുസൈനു മനസ്സിലാവാത്തതാണോ ഇക്കാര്യം? അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ സങ്കല്‍പ്പങ്ങളെ ഞാന്‍ മാനിയ്ക്കുന്നു, അദ്ദേഹത്തിന്റെ കഴിവുകള്‍ക്കുമുന്‍പില്‍ ശിരസ്സ് കുനിയ്ക്കുന്നു, എന്നാല്‍ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ വലിയൊരു വിഭാഗം ജനങ്ങളെ മുറിപ്പെടുത്തുന്നു എന്ന് തിരിച്ചറിഞ്ഞാല്‍ എന്താണ് ഒരു സാധാരണക്കാരന്‍ ചെയ്യ്യേണ്ടത്?
ഹൈന്ദവത, അല്ലെങ്കില്‍ ഹൈന്ദവര്‍ ഒരു ചാഞ്ഞ മരമായിരുന്നു, വ്യക്തമായ ചട്ടക്കൂട്ടുകളില്ലാത്ത, മതമേലാധികാരികളില്ലാത്ത ചോദിയ്ക്കാനും പറയാനും ആരുമില്ലാത്ത കൂട്ടം. അതുകൊണ്ടുതന്നെ കാലാകാലങ്ങളോളം പലരും ഈ ചാഞ്ഞമരത്തില്‍ ഓടിക്കയറിയിട്ടൂണ്ട്. നേരെ നില്‍ക്കുന്ന ഇസ്ലാമിലോ, അദ്ദേഹത്തിന് താല്പര്യമില്ലാത്ത ജൂതായിസത്തിലോ അദ്ദേഹം കയറിനോക്കിയില്ല എന്നുള്ളത് ഒരു സത്യമായി അവശേഷിയ്ക്കുന്നു.
അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി വോട്ട് വാങ്ങുന്നത് ആരാണെന്ന് മാത്രം നോക്കിയാല്‍ മതി. മാത്രമല്ല, പശുവിനെത്തിന്നുന്ന ദക്ഷിണേന്ത്യന്‍ ഹിന്ദുവല്ല ഉത്തരേന്ത്യയില്‍ എന്നത് മതത്തെയും സിംബലുകളെയും അവര്‍ എങ്ങിനെ കാണുന്നു എന്നത് കൂടി നാം കാണേണ്ടിയിരിയ്ക്കുന്നു.

un said...

He has never apologized for his art. what he said was that he stands by it totally and has painted his canvases — including those of gods and goddesses— with deep love and conviction, and in celebration. If in doing that, he has hurt anyone’s feelings, he is sorry. That is all. he also said that he does not love art less, he loves humanity more.

അരുണ്‍ / Arun said...

ഹഹഹ
പശുവിനെതിന്നുന്ന ദക്ഷിണേന്ത്യന്‍ ഹിന്ദുവല്ല ഉത്തരേന്ത്യയില്‍ !!!
അതു കലക്കി

പാവങ്ങള്‍ക്ക് ഇറച്ചിയുടെ സ്വാദറിഞ്ഞൂടാ
ബീഫ് എന്നു പറഞ്ഞാല്‍ അതില് സൂപ്പറ് പയ്യെറച്ചി തന്നെ. എന്താ ടേസ്റ്റ് !

നമ്മുടെ ഹുസ്സന്‍ കോയ വല്ല ഗോമാതാവിനെയും വരച്ചിട്ടുണ്ടോ ആവോ ? ഉണ്ടെങ്കില്‍ അതും തുണിയില്ലാതെ ആവാനാണല്ലോ സാധ്യത. എങ്കില്‍ അതിന്റെ പേരിലും കാണും ഒരു കാക്കത്തോള്ളായിരം കേസ്.

ഹുസ്സൈനെ ആട്ടിയോടിച്ചവരേ , ചെല്ല് , ചെന്ന് കേരളത്തിലെ അമ്പലങ്ങളിലുള്ള ചുവര്‍ ചിത്രങ്ങളിലൊക്കെയുള്ള തുണിയില്ലാത്ത ജനങ്ങള്‍ക്ക് കോണകം വരച്ചുകൊടുക്ക്.

ഏറ്റുമാനൂര് നിന്ന് തന്നെ തുടങ്ങിക്കോ
അവിടെയാണ് അരയിലൊരു ചരടു പോലുമില്ലാതെ കുളിക്കുന്ന പെണ്ണുങ്ങളുടെ ഉഗ്രന്‍ ചിത്രമുള്ളത്.

ഗോപസ്ത്രീകള്‍ തന്‍ തുകിലുംവാരിക്കൊ
ണ്ടരയാലിന്‍ കൊമ്പത്തിരുന്നോരോ

ഈ മൂസിക്കും കെടക്കെട്ടെ ബാക്ക്ഗ്രൌണ്ടില്‍.

nalan::നളന്‍ said...

ചിത്രത്തിന്റെ പേരില്‍ മതവികാരം വൃണപ്പെടുന്നവര്‍ക്ക് ജനാധിപത്യ രാജ്യത്ത് സ്ഥാനമില്ല എന്നൊക്കെ പറയുന്നത് അല്പം കടന്നകയ്യല്ലേ?

അസഹിഷ്ണുത പ്രോത്സാഹിപ്പിക്കേണ്ട ബാധ്യത ജനാധിപത്യ രാജ്യത്തിനുണ്ടെന്നാണോ ?

വിജി പിണറായി said...

പരമനണ്ണോ...

‘ഒളിവിലെ ഓര്‍മക’ളോ മറ്റെന്തെങ്കിലും ഓര്‍മകളോ എഴുതിയതിന്റെ പേരില്‍ ആര്‍ക്കെങ്കിലും ഇവിടെ നാടു വിടേണ്ടി വന്നതായി അറിയില്ല. അണ്ണന് അങ്ങനെ വല്ലവരെയും പരിചയമുണ്ടോ ആവോ?

‘പയ്യന്നൂരില്‍ കലാ-പ-പ്രദര്‍ശനമൊന്നും നടന്നില്ല.’

അതു തന്നെയാണ് ഹുസൈനും സക്കറിയയും തമ്മിലുള്ള വ്യത്യാസം എന്ന് അണ്ണന് മനസ്സിലാകാത്തതോ അതോ വേറെ വല്ല പ്രശ്നവും?

പിന്നെ, ‘തുണിയഴിക്കുന്ന’തിന്റെ കാര്യം. ഈ ‘തുണിയഴിപ്പു തോന്നലു’കാര്‍ക്ക് നേരത്തെ പറഞ്ഞ ക്ഷേത്ര ശില്പങ്ങളോ ചിത്രങ്ങളോ ഒക്കെ കാണുമ്പോള്‍ ആ തോന്നല് എവിടെ പോകുന്നോ ആവോ? ഗോപസ്ത്രീകളുടെ തുണി കവര്‍ന്ന കൃഷ്ണനെപ്പറ്റിയോ അതു വര്‍ണിച്ച കവിയെപ്പറ്റിയോ എന്തെന്കിലുമൊക്കെ തോന്നുമോ ആവോ?

യാത്രാമൊഴി said...

നഗ്നത ലൈഗികതയല്ലാതിരുന്ന ഒരു കാലത്തില്‍നിന്ന് ഒരു തുടക്കീറ് കണ്ടാല്‍ സ്ഖലിയ്ക്കുന്ന ഒരു സമൂഹമായി ഇന്ത്യ മാറിയിരിയ്ക്കുന്നു.

അപ്പൊ അതാണ്‌ കാര്യം,
ഹുസൈന്‍ വരച്ച സരസ്വതീടേം,ദുര്‍ഗ്ഗേടേം, സീതേടേം, ഹനുമാന്റെം ഒക്കെ തുടക്കീറെല്ലാം കണ്ടു സ്ഖലിച്ചിട്ടാണ്
പരിവാരക്കുണ്ടകള് ഇക്കണ്ട വാന്റലിസം എല്ലാം ചെയ്തതും, ഹുസൈനെ നാട് കടത്തിയതും.
ഈ കുണ്ടകളുടെ ഹിന്ദുക്കാമം ഇനി എന്നാണാവോ സ്ഖലിച്ചു തീരുക.?

പരിവാരക്കുണ്ടകളുടെ കൂട്ടത്തിലേക്ക് ഇന്ത്യന്‍ സമൂഹത്തെ മൊത്തം വലിച്ചിട്ടത് അതിനേക്കാള്‍ നന്നായി.
എല്ലാവരിലും ഈ ഹിന്ദുക്കാമം ഉണ്ടാക്കലാണല്ലോ ഇപ്പോഴത്തെ ഫേഷന്‍!

സാല്‍ജോҐsaljo said...

ഹിന്ദുസ്ഥാന്‍ ലാറ്റെക്സിന്റെ മുന്‍പിലെ പ്രതിമ സ്ഥാപിച്ചപ്പോള്‍ കുറെപ്പേര്‍ എതിര്‍ത്തതായി ആര്‍ട്ടിസ്റ്റ് നമ്പൂതിരി ലേഖനത്തില്‍ എഴുതിയിരിക്കുന്നു. ഏതിലും ഒരശ്ലീലം കണ്ടെത്തുന്നവരുണ്ട്. അത് മുലകൊടുക്കുന്ന അമ്മയുടെ പടമായാലും, ഭര്‍ത്താവിന്റെ ക്രൂരസാഡിസത്തിന് വിധേയയായി ആത്മഹത്യചെയ്ത സ്ത്രീയുടെ നഗ്നമൃതദേഹത്തിലായാലും. 'തൂറുന്ന ദൈവങ്ങള്‍' ഉള്ള കാലത്ത് സദാചാരത്തിന്റെ അളവ് കൂടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഒരു മറയില്‍ എല്ലാം ആകാം പരസ്യമായി പാടില്ല എന്നതാണ് സദാചാരത്തിന്റെ ഡെഫനിഷന്‍ എന്നു തോന്നുന്നു.

രാഷ്ട്രീയക്കൃഷിക്ക് ഒരു ഹുസൈന്‍‌കൂടി വളമായി. നാളെ ആരുമാകാം, ചിലപ്പോ നമ്മളും.

samyogee said...

ചില വാഴക്കുലകൾ അലങ്കരിക്കാനുള്ളതാണ്‌. ചിലത്‌ ശാപ്പിടാനുള്ളതും. ചില വാക്കുകളും അങ്ങിനെയാണ്‌ വെറും അലങ്കാരത്തിനു വേണ്ടി മാത്രം. ഹുസൈന്റെ അവസ്ഥയിൽ മാത്രം ഉള്ളുരുകുന്നതെന്തിനാണു സുഹൃത്തേ. മറ്റുപലരേയും കണ്ടില്ലെന്നു നടിക്കുന്നതും ജനാധിപത്യത്തിന്റെ പരാജയമാണ്‌.

samyogee said...
This comment has been removed by the author.
വെള്ളെഴുത്ത് said...
This comment has been removed by the author.
വെള്ളായണി പരമു said...

അതേ.ആർട്ടിക്കിളുകളെ തടയാൻ പറ്റില്ല.മതപരമായ ധ്രുവീകരണത്തെയും. അപ്പോൾ പിന്നെ ചിത്രം വരച്ചവനെ തന്നെ തട്ടുന്നതാണല്ലോ എളുപ്പം!!

un said...

ഹുസൈന്റെ അവസ്ഥയിൽ മാത്രം ഉള്ളുരുകുന്നതെന്തിനാണു സുഹൃത്തേ. മറ്റുപലരേയും കണ്ടില്ലെന്നു നടിക്കുന്നതും ജനാധിപത്യത്തിന്റെ പരാജയമാണ്‌.

എന്താണുദ്ദേശിച്ചതെന്ന് തെളിച്ചുപറഞ്ഞാൽ മറുപടി പറയാം.

സത said...

ജനാധിപത്യത്തില്‍ സ്വന്തം വിശ്വാസത്തില്‍ വിശ്വസിക്കാനും അഭിമാനിക്കാനും അതിനെ വൃണപ്പെടുത്തുന്നവരെ എതിര്‍ക്കാനും സ്വാതന്ത്രം ഉണ്ട്. അതൊക്കെ മറന്നു ഒരാള്‍ക്ക്‌ കുറെ വൈകൃതങ്ങള്‍ കാണിക്കണം എന്ന സ്വാതന്ത്രമാണ് ഈ രാജ്യത്തില്‍ വേണ്ടത് എന്ന് വാദിക്കുന്നത് കാണുമ്പോള്‍ ചിരി വരുന്നു.. രാജ്യത്തിലെ എതിര്‍ക്കുന്ന എല്ലാ ജനതകളെയും നാട് കടത്തുന്നതാണോ അതോ ഇത്തരം ചില പ്രാന്തന്മാരെ നിയന്ത്രിക്കുന്നതാണോ രാജ്യം ചെയ്യേണ്ടത് എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

ജനാധിപത്യം രാജ്യത്തിലെ ജനങ്ങളുടെ വികാരമാണ് പ്രതിഭലിപ്പിക്കേണ്ടത് , അല്ലാതെ സ്വാതന്ത്ര്യം എന്ന് പറഞ്ഞു അരാജകത്വം വളര്‍ത്തുകയല്ല!!

കൂടുതല്‍ വിശദീകരണം വേണ്ട എന്ന് കരുതുന്നു..

nalan::നളന്‍ said...

അസഹിഷ്ണുക്കളായ ഭ്രാന്തന്മാരെ നാടുകടത്തണോ വേണ്ടയോ എന്നതാണു വിഷയം. ഏതായാലും ഇത്തരം ഭ്രാന്തന്മാര്‍ ഒരു ന്യൂനപക്ഷം ആകാനേ തരമുള്ളൂ, അപ്പൊ പിന്നെ ഈ ഭ്രാന്തന്മാരെ ചികിത്സിക്കുന്നതായിരിക്കും ഉചിതം. അതാണു ഉത്തരവാദപ്പെട്ട ജനാധിപത്യ ഭരണകൂടങ്ങള്‍ ചെയ്യേണ്ടത്.
നാട്ടില്‍ മുഴുവന്‍ കള്ളന്മാരാണേന്നു പറഞ്ഞു കള്ളന്മാരില്‍ നിന്നും നാട്ടുകാരെ രക്ഷിക്കാന്‍ വേണ്ടി നാട്ടുകാരെ മുഴുവന്‍ പിടിച്ചു ജയിലില്‍ ഇടാന്‍ പറ്റുമോ. രോഗമുള്ളവനെ ചികിത്സിക്കുന്നതാണു നിലവിലുള്ള രീതി, ഇല്ലാത്തവനെയല്ല.

manomohana said...

സ്വയം സേവകസംഘാംഗങ്ങള്‍ക്ക് എന്ത് വൈകൃതവും കാണിക്കാനാരെങ്കിലും അധികാരം നല്‍കിയിട്ടുണ്ടോ? ഊദാഹരണം വേണമെങ്കില്‍, ബാബറി പള്ളി പൊളിച്ച വൈകൃതത്തിനെതിരെ/വംശഹത്യയെന്ന വൈകൃതത്തിനെതിരെ എങ്ങിനെ പ്രതികരിക്കണം?

അരുണ്‍ / Arun said...

ജനാധിപത്യരാജ്യത്തില്‍ എത്രപേര്‍ ഹുസ്സൈന്‍ വരച്ച ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. അതില്‍ ഹുസ്സൈനെ എതിര്‍ക്കുന്നവരാണൊ അനുകൂലിക്കുന്നവരാണോ അധികം ?

കാളപെറ്റെന്ന് കേട്ടാല്‍ കെട്ടിയിടേണ്ടത് കാളയെയൊ അതിനെ കെട്ടാ‍ന്‍ കയറേടുക്കുന്നവനെയോ ?

sreekanav said...

ദൈവങ്ങള്‍ ഭൂരിഭാഗവും വല്ലാത്ത വിഷമത്തിലായിരുന്നു.(തുണിയുടുപ്പിക്കാന്‍ മനുഷ്യര്‍ വന്നലോ എന്നു ഭയന്നിട്ടല്ലാ!)
ഇതു ശരിയാവില്ല.. ഹുസ്സൈന്‍ ഇങ്ങിനെയും ചെയ്യാന്‍ പാടില്ലായിരുന്നു. ചിത്രങ്ങള്‍ ചിലരുടെ മാത്രം.

അവര്‍ ഒരു സര്‍വ്വദൈവ സമ്മേളനം വിളിച്ചു കൂട്ടി .നടുവില്‍ ഒരു കണ്ണാടി സ്ഥാപിച്ചു.
അവര്‍ സ്വയം നോക്കി. കണ്ണാ‍ടിയില്‍ നോക്കി
മനുഷ്യര്‍ വരച്ച ചിത്രങ്ങളെ നോക്കി..
പിന്നെ അവര്‍ സൃഷ്ടിച്ച മനുഷ്യരെ നോക്കി.
ഗൂഡമായി പുഞ്ചിരിച്ചു
എന്നിട്ട് കല്‍പ്പിച്ചു.
ശിക്ഷ വിധിച്ചു...

സര്‍വ്വ ജാതിമത ദൈവങ്ങളെയും ഹുസ്സൈന്‍ ഈ കണ്ണാടിയില്‍ കാണും പോലെ മനോഹരമായ് വരയ്ക്കട്ടെ !

ഇംമ്പോസ്സിഷന്‍ 100 വട്ടം.

Anonymous said...

ഹുസൈന്‍ വിവാദത്തിനു പിന്നില്‍ ഇടതു - ഇസ്ളാമിസ്റ്റ് അച്ചുതണ്ഡ്