
ഗണിതശാസ്ത്രജ്ഞനായിരുന്ന ആല്‍ഫ്രഡ് നോര്‍ത്ത് വൈറ്റ്ഹേര്‍ഡിനോട് ഒരിക്കല്‍ ആരോ ചോദിച്ചു 'ഒരു വസ്തുവാണോ അതോ ഒരു ആശയമാണോ പ്രധാനം?' 'വസ്തുവിനെക്കുറിച്ചുള്ള ആശയം' എന്നായിരുന്നു മറുപടി. അമേരിക്കന്‍ കണ്‍സപ്ഷ്വല്‍ ആര്‍ട്ടിന്റെ തലതൊട്ടപ്പനായ സോള്‍ ലെവിറ്റിനാകട്ടെ ഒബജക്റ്റിനേക്കാള്‍ പ്രധാനം കണ്‍സപ്റ്റ് ആണെന്നതില്‍ തീരെ സംശയമുണ്ടായിരുന്നില്ല. 1987ല്‍ അദ്ദേഹം തന്റെ ഒരു ആശയം( Concept) ലേലം ചെയ്തത് 26,400 ഡോളറിനാണ്. സംഗതി എന്താണെന്നു വെച്ചാല്‍ ഒരു സര്‍ട്ടിഫിക്കറ്റില്‍ എഴുതിക്കൊടുത്തു ' പത്ത് ഇഞ്ച് നീളമുള്ള പത്തായിരം വരകള്‍ തുല്യ അകലത്തില്‍ കറുത്ത പെന്‍സില്‍ വെച്ച് ചുമരു മൊത്തം വരക്കാം എന്ന്'. അതു വാങ്ങിച്ച മാന്‍ ഹാട്ടനിലെ ആര്‍ട്ട് ഡീലറിന് എത്ര തവണവേണമെങ്കിലും അതു പുന:സൃഷ്ടിക്കാനുള്ള അവകാശവും കൊടുത്തു. (സോള്‍ ലെവിറ്റ് വരച്ചുകൊടുക്കില്ലെന്നു മാത്രം.) വൈറ്റ്ഹേര്‍ഡ് തന്നെ പറഞ്ഞിട്ടുണ്ട് മിക്കവാറും ഏതു പുതിയ ആശയങ്ങളിലും അവ ആദ്യമായി അവതരിപ്പിക്കപ്പെടുമ്പോള്‍ പലരും അതില്‍ വിഡ്ഡിത്തത്തിന്റെ ഒരംശം കണ്ടെത്തുമെന്ന്.' അബദ്ധം പറ്റുമോ എന്ന ഈ ഭയം ആണ് പല സര്‍ഗ്ഗാത്മകരചകള്‍ക്കും തടസ്സവും. പലരും മുമ്പേ നടന്നവരുടെ വഴി പിന്തുടരുകയാണ് ചെയ്യുന്നത്. അതാണല്ലോ എളുപ്പവഴിയും.
ഡിജിറ്റല്‍ ക്യാമറകളുടെയും മൊബൈല്‍ ക്യാമറകളുടെയും വരവൊടെ ഫോട്ടോഗ്രാഫിയുടെ ജനകീയത വര്‍ദ്ധിക്കുകയും കൂടുതല്‍ പേര്‍ ഫോട്ടോഗ്രാഫിയിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്തു എന്നത് മഹത്തായ ഒരു കാര്യമാണ്. പക്ഷേ, അതോടെ വാളെടുത്തവനെല്ലാം വെളിച്ചപ്പാടായി. ഏറ്റവും എളുപ്പമുള്ള ഒരു കലയാണ് ഫോട്ടോഗ്രാഫിയെന്ന് പലരും തെറ്റിദ്ധരിച്ചു. ഫോട്ടോഗ്രാഫിയെന്നത് ഒരു അലസവിനോദമായി പലര്‍ക്കും. നല്ല ഫോട്ടോഗ്രാഫുകളെക്കുറിച്ചുള്ള പല ജനപ്രിയസങ്കല്പങ്ങളും അതോടൊപ്പം രൂപപെട്ടു വന്നു. ഈ പ്രളയത്തിനിടെ ഫോട്ടോഗ്രാഫിയിലെ ജനപ്രിയ ധാരണകളെയും നിയമങ്ങളെയും വെല്ലുവിളിക്കുകയോ പാടെ നിരാകരിക്കുകയോ ചെയ്ത്കൊണ്ടുള്ള ചിത്രങ്ങള്‍ സ്വാഭാവികമായും അവഗണിക്കപ്പെടുന്നതില്‍ അത്ഭുതപ്പെടാനില്ല. ഫോട്ടോഗ്രാഫിയെന്നത് ദൃശ്യസുന്ദരമായ ഒന്നായിരിക്കണം എന്ന മുന്‍വിധിയാണ് പലര്‍ക്കും. കണ്‍സപ്സ്വല്‍ ഫോട്ടോഗ്രാഫിയിലും മറ്റും ഉപയോഗിച്ചു കാണുന്ന കൃത്രിമമായ രംഗസജ്ജീകരണങ്ങലും മറ്റും പലരുടെയും നെറ്റി ചുളിപ്പിക്കുന്നു.( ‘ബൌദ്ധിക സ്വയംഭോഗം’ എന്നാണ് പാബ്ലോ ബാര്‍ത്തലോമ്യോയ ഇത്തരം പരീക്ഷണങ്ങളെ വിശേഷിപ്പിക്കുന്നത്.)
പക്ഷേ എനിക്ക് തോന്നുന്നത് ഫോട്ടോഗ്രാഫിയെന്നത് അതെടുക്കുന്നയാളുടെ പെര്‍സ്പെക്റ്റീവാണ്. ആ സ്വാതന്ത്ര്യം ഒരു കലാകാരന്‍ എന്ന നിലയ്ക് അയാള്‍ അര്‍ഹിക്കുന്നുണ്ട്. ഗാന്ധിജി എന്ന് ഒരു ഫോട്ടോയ്ക് തലക്കെട്ട് ഇടണമെങ്കില്‍ അത് ഗാന്ധിജിയുടെ യഥാര്‍ത്ഥ ചിത്രം തന്നെ ആയിരിക്കണം എന്ന നിര്‍ബന്ധം ഫോട്ടോഗ്രാഫിയിലേ കാണൂ. സിനിമയില്‍ ഈ കൃത്രിമത്വം അംഗീകരിക്കാമെങ്കില്‍ എന്തുകൊണ്ട് ഫോട്ടോഗ്രാഫിയിലായിക്കൂടാ? ഹെന്‍റി കാര്‍ട്ടന്‍-ബ്രെസ്സണ്‍ പോലുള്ള പല പ്രശസ്തരായ ഫോട്ടോഗ്രാഫര്‍മാര്‍ വരെ 'സ്റ്റേജ്ഡ്' ആയിട്ടുള്ള ചിത്രങ്ങള്‍ എടുത്തിട്ടുള്ളവരാണ്. (രണ്ടാം ലോക മഹായുദ്ധകാലത്തെടുത്ത കൂട്ടിയിട്ട ശവശരീരങ്ങളുടെ ചിത്രം ഇത്തരത്തില്‍ കൃത്രിമമായുണ്ടാക്കിയതെന്നൊരു വാദമുണ്ട്. ഫോട്ടോ ജേര്‍ണലിസത്തില്‍ ഇത്തരം കൃത്രിമത്വം സ്വീകാര്യമായ ഒന്നല്ല എന്ന്‍ എനിക്കും അഭിപ്രായമുണ്ട്. ) as a photographer the minute you put your eyes behind the lense no matter what you do, its your point of view.
സാധാരണ ഗതിയില് ഒരു ഫോട്ടോഗ്രാഫര് ഒരു കാഴ്ച/വസ്തു/പ്രവര്‍ത്തി അങ്ങനെ എന്തെങ്കിലും കാണുന്നു. അതിനെ ക്യാമറയിലേക്ക് പകര്‍ത്തുന്നു. കണ്സപ്സ്വല് ഫോട്ടോഗ്രാഫിയില് എന്തു കാഴ്ച/വസ്തു/പ്രവര്‍ത്തി എന്തെന്നും അതെങ്ങിനെ ഷൂട്ട് ചെയ്യണമെന്നും ഫോട്ടോഗ്രാഫര് ആദ്യമേ തീരുമാനിക്കുന്നു. അത്രേ ഉള്ളൂ വ്യത്യാസം. അതായത് ഇമേജിനേക്കാള് മുന്നേ 'ആശയം'(കണ്‍സപ്റ്റ്) ഉണ്ടാവുന്നു എന്നര്‍ത്ഥം. (കൃഷ്ണന്‍ നായര്‍ കൊണ്‍സെപ്റ്റ് എന്നും പറയും.) ആശയം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് പ്രപഞ്ചരഹസ്യസിദ്ധാന്തങ്ങളൊന്നു
ഇത്രയൊക്കെ പറഞ്ഞെങ്കിലും ഫോട്ടോ ജേര്‍ണലിസം, സ്പോര്‍ട്ട്സ് ഫോട്ടോഗ്രാഫി തുടങ്ങിയ മറ്റേതു വിഭാഗത്തേയും പോലെ ഫോട്ടോഗ്രാഫിയുടെ ഒരു ശാഖ മാത്രമാണ് ഫൈന്‍ ആര്‍ട്ട്/ കണ്‍സപ്ഷ്വല്‍ ഫോട്ടോഗ്രാഫി. ഒന്ന് മറ്റൊന്നിനേക്കാള്‍ കേമമോ മോശമോ ആവുന്നില്ല. ചിലര്‍ക്ക് പാട്ടില്‍ ഈണം മാത്രം മതി. ചിലര്‍ക്ക് ഈണമുള്ള വരി മതി, മറ്റു ചിലര്‍ക്ക് വരികളില്‍ കവിത കൂടി വേണമെന്നപോലെ വ്യക്തിപരമായ ചില ഇഷ്ടാനിഷ്ടങ്ങളുടെ വ്യത്യാസമേ ഇക്കാര്യത്തിലുള്ളൂ. തുത്തുത്തൂ തുത്തുത്താരാന്ന് പാടിയാല്‍ പാട്ടാവില്ലേന്ന് ചോദിച്ചാല്‍ ആവും എന്നു തന്നെയാണുത്തരം. അതു കവിതയാവില്ലേന്ന് ചോദിക്കരുതെന്നു മാത്രം.
എനിക്കിഷ്ടപ്പെട്ട ചില സീരീസുകള്‍
(ശരിക്കും എന്താ ഈ 'കണ്‍സപ്സ്വല്‍ ഫോട്ടോഗ്രാഫി', ‘ഫൈന്‍ ആര്‍ട്ട് ഫോട്ടോഗ്രാഫി‘ എന്നൊക്കെ ചിലര്‍ തമാശയായും മറ്റു ചിലര്‍ പുച്ഛത്തോടെയും ഒക്കെ ചോദിച്ചിരുന്നു. എനിക്കറിയാവുന്ന ചില കാര്യങ്ങള്‍ പറഞ്ഞെന്നേ ഉള്ളൂ. ഫോട്ടോയൊക്കെ സൌകര്യമായി അതാതു സൈറ്റുകളില്‍ പോയി കാണുക)


28 comments:
ഫോട്ടോയ്ഗ്രഫി ഒരു കാഴ്‌ചമാത്രമല്ല ഉൾക്കാഴ്‌ചകൂടിയാൺ. വെറുതെ ഒരു ഫ്രെയ്മിൽ എന്തെങ്കിലും എടുത്താൽ അത് ഫോട്ടോഗ്രഫി ആവില്ല. ചുമ്മാ ആകാശവും, മണ്ണാങ്കട്ടയും ഫോട്ടോയെടുക്കുന്നതിൽ കാര്യമില്ലെന്നു സാരം. എല്ലാവരും കാണുന്നത്പോലെയാല്ലാതെ വേറൊരു പ്രസ്പെക്ടീവിൽ കാണാൻ കഴിയുക എന്നുള്ളതിലാൺ നേട്ടം.
പ്രോഡക്റ്റ് ഫോട്ടോഗ്രഫി, ഇൻഡസ്റ്റ്രിയൽ ഫോട്ടോഗ്രഫി ഇതൊക്കെ വകുപ്പ് വേറെ. കുൽവന്ത് റോയിപോലുള്ള പഴയകാല ഫോട്ടോഗ്രഫേസിനെ പറ്റി ആരെങ്കിലും ഓർക്കുന്നുണ്ടോ എന്നുതന്നെ സംശയമാൺ.
പോസ്റ്റിലെ പല കാര്യങ്ങളും പുതിയ അറിവുകളാൺ. നന്ദി.
പഠിക്കുന്നകാലത്ത് യാഷിക്കയുടെ ഒരു എസ്.എല്‍.ആര്‍ ഉണ്ടായിരുന്നു. അന്ന് ഡിജിറ്റല്‍ കേമറയൊന്നും മാര്‍ക്കെറ്റിലില്ലല്ലോ. ഒരു റോള്‍ ഫിലിമിട്ടാല്‍ പുറത്തേക്കൊന്നും പോയില്ലെങ്കില്‍ അത് കാലങ്ങളോളം എടുക്കും കഴിയാന്‍. ഒരു ഫോട്ടോ ക്ലിക്കാക്കാന്‍ പത്ത് തവണ ആലോചിക്കും, ചിലവ് തന്നെ കാരണം, മാത്രമല്ല അറേഞ്ച്മെന്റ്സ്!!മാറ്റ് ഫിനിഷില്‍ എടുത്ത പ്രിന്റുകള്‍ നഷ്ടപ്പെട്ടതല്ലാതെ കേടൊന്നും ഈ കഴിഞ്ഞ കാലം വരെ വന്നിട്ടില്ലായിരുന്നു.
ഡിജിറ്റല്‍ കേമറവന്നതാവും ഒരു പക്ഷെ ഫോട്ടോഗ്രാഫിയെ ഇതുപോലെ ജനകീയവത്കരിച്ചതെന്ന് തോന്നുന്നു. തുടക്കത്തിലെ പണമുടക്കല്ലെയുള്ളൂ. ഡിജിറ്റല്‍ ഫോട്ടോഗ്രാഫി പലരേയും ടെക്നിക്കലി നിലവാരമുള്ള ഫോട്ടോ എടുപ്പിക്കാന്‍ പ്രാപ്തനാക്കിയിട്ടുണ്ടെന്നത് നേര് എന്നാല്‍ അതിനെ ഇവര്‍ ഫോട്ടോഗ്രാഫിയിലെ കഴിവായി തെറ്റ് ധരിച്ചിട്ടുണ്ടെന്നാണെന്റെ പക്ഷം.
ബൂലോകത്തുള്ള ഫോട്ടോകള്‍ നോക്കുക, മിക്കതും നല്ല സാങ്കേതിക മികവുള്ളവ മാത്രമാണ്, അത് പക്ഷെ എടുക്കുന്നവന്റെ കഴിവായി ധരിക്കപ്പെടുന്നു; ഫോട്ടോയിലെ സാങ്കേതിക മികവ് ഫോട്ടോഗ്രാഫറുടെ കഴിവായി വാഴ്ത്തപ്പെടുന്നത് ശെരിയല്ല എന്നാണെന്റെ അഭിപ്രായം.
>>കണ്ടതോതുവാന്‍ കവിവേണ്ട എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.<<
ഫോട്ടൊഗ്രാഫിയുടെ കാര്യത്തില്‍ കണ്ടത് അതുപോലെ ഓതുകയാണ് കവിയുടെ കടമ എന്നാല്‍ എങ്ങിനെ കാണിക്കുന്നു എന്നതിലെ മിടുക്കാണ് അയാളിലെ കവിത്വത്തെ കാണിക്കുന്നതെന്നാണെന്റെ പക്ഷം :)
നല്ല പോസ്റ്റ്.
Nice post. തറവാടി also said the right thing. Once I started a photoblog, and thats not active now, because of this said reasons..:-)
തറവാടി,
ടെക്നികല്‍ ബ്രില്യന്‍സ് ഫോട്ടോഗ്രാഫിയുടെ പ്രധാനഘടകം തന്നെയാണ്. സാങ്കേതികമായ അറിവിനേയും അതു ഫലപ്രദമായി ഉപയോഗിക്കാനുള്ള കഴിവിനേയും അത്ര നിസ്സാരമായിക്കാണരുത്. അതിനുമാത്രം അമിതപ്രാധാന്യം നല്‍കിയാല്‍ 2012 സിനിമ പോലിരിക്കും.
un,
ടെക്നിക്കല്‍ ബ്രില്യന്‍സ് ഫോട്ടോഗ്രാഫിയുടെ പ്രധാന ഘടകം തന്നെയാണ് സംശയമില്ല എന്നാല്‍ അത് മാത്രം അടിസ്ഥാനപ്പെടുത്തി ഫോട്ടോഗ്രാഫറെ വിലയിരുത്തുന്നതിനോടാണെനിക്ക് വിയോജിപ്പുള്ളത്.
ഉദാഹരണത്തിന്, ഫോട്ടോഗ്രാഫിയിലെ ബാലപാഠമറിയാത്ത എന്റെ മകന്റെയടുത്ത് ഒരു അഡവാന്‍സിഡ് ഡിജിറ്റല്‍ എസ്.എല്‍.ആര്‍ കൊടുത്താല്‍ അവനെക്കൊണ്ട് സാങ്കേതിക മേന്മയുള്ള ഒരു ഫോട്ടോ എടുപ്പിക്കാനാവും, ഒരു തവണ കിട്ടിയില്ലെങ്കില്‍ അമ്പതു തവണ ക്ലിക്കിയീട്ട് എന്നിട്ട് ലഭ്യമായ നല്ലൊരു ഫോട്ടോ കാണിച്ച് അവന്‍ നല്ലൊരു ഫോട്ടോഗ്രാഫര്‍ ആണെന്ന് പറയുന്നതിനോടെനിക്ക് യോജിപ്പില്ല.
ഒരു മനുഷ്യന്‍ ചെയ്യേണ്ട പല കാര്യങ്ങളും സ്വയം ചെയ്യുന്ന പ്രോഗാമ്മിഡ് / പ്രോസസ്സര്‍ ഉള്ള കേമറകള്‍ ഉണ്ടെന്ന് മനസ്സിലാക്കുമ്പോളാണ് അത് വ്യക്തമാവുക.
tracking
തറവാടി ഉദ്ദേശിക്കുന്ന സാങ്കേതിക മേന്മ എന്താണ് എന്നൊന്നു പറയാമോ?
വളരെ നല്ല നിലവാരമുള്ള കമന്റ്, തറവാടീ. ഏതു കീബോർഡാണു് ഉപയോഗിച്ചതു്? എന്റെ മൂന്നു വയസ്സുകാരൻ മകനു് ഒരെണ്ണം വാങ്ങിക്കൊടുക്കാനാ. 50 തവണ ശ്രമിച്ചാൽ അവൻ തറവാടിയെപ്പോലെ എഴുതുമല്ലോ...
നല്ല പോസ്റ്റ്,
ഫോട്ടോകള്‍ എടുക്കാറില്ലെങ്കിലും, ഒരു മോവീല്‍ കാമെറ പോലും സ്വന്തമായില്ലെങ്കിലും, ഫോട്ടോഗ്രാഫിയോട് താല്പര്യമുള്ള, എന്നെങ്കിലും ഒരു ഡി എസ് എല്‍ ആര്‍ ഓടിക്കണമെന്നു ആഗ്രഹമുള്ള ഒരാളെന്ന നിലയില്‍ പറയട്ടെ,
ഫോട്ടോയുടെ സാങ്കെതിക മേന്മയെക്കാള്‍, ആ ചിത്രം കണ്‍വേ ചെയ്യുന്ന ഫീല്‍ ആണ് ചിത്രത്തെ മഹത്തരമാകുന്നതെന്ന് കരുതുന്നു. റൂള്‍ ഓഫ് തേര്‍ഡ്സും, മറ്റും അനുസരിക്കുന്നില്ലെങ്കിലും, ഒരു വികാരം വിനിമയം ചെയ്‌താല്‍ മതി.
മ്മടെ കൈപ്സേട്ടന്‍ പറഞ്ഞത് പോലെ പ്രൊഫഷണല്സിനു മാത്രമായിട്ടുള്ള ചര്‍ച്ചയൊന്നുമല്ലല്ലോ ഇത്? ആണെങ്കില്‍ ദേ, ഞാന്‍ ഓടി.
ഇഞ്ചിപ്പെണ്ണ്,
ഫോട്ടോയുടെ ടെക്നിക്കല്‍ പെര്‍ഫെക്ഷന്‍ എന്നതുകൊണ്ട് മുഖ്യമായും , ഫൈന്‍ ടൂണ്‍ഡ് , ഫോകസ്സ്‌ഡ് ക്ലാരിറ്റിയാണുദ്ദേശിച്ചത്.
ഉമേഷ്,
ഞമ്മക്കിപ്പോഴും അക്ഷരതെറ്റില്ലാണ്ടെ എഴുതാന്‍ അറിയില്ലേ,
അറിയുന്ന എത്രയോ മഹാന്‍ മാര്‍ ബ്ലോഗില്‍ തന്നെ ഉണ്ടല്ലോ.
തറവാടിക്കെന്റെ ഫലിതം മനസ്സിലായില്ലെന്നു തോന്നുന്നല്ലോ. തറവാടിയുടെ എഴുത്തു മോശമാണെന്നല്ല ഉദ്ദേശിച്ചതു്. എഴുത്തു നന്നാവുന്നതു് കീബോർഡിന്റെ ഗുണമാണെന്നു പറയുന്നതു് ഏതാണ്ടൊക്കെ ഫോട്ടോയുടെ ക്വാളിറ്റി ക്യാമറയുടേതു മാത്രമാണെന്നു പറയുന്നതു പോലെയല്ലേ എന്നു വർണ്യത്തിലാശങ്കയായിരുന്നു...
un,
നല്ല ലേഖനം, പറഞ്ഞിരിക്കുന്ന മിക്ക കാര്യങ്ങളോടും യോജിക്കുന്നു. ചില കാര്യങ്ങളിലെ വിയോജിപ്പ് ആസ്വാദനശേഷിയിലുള്ള വ്യത്യാസം കൊണ്ട് തന്നെ. Fine Arts/Conceptual Photography - ഇതിലുള്ള താത്പര്യവും Nature Photography ( (സൂര്യാസ്തമയം പോലുള്ള - പോസ്റ്റിൽ പറഞ്ഞിരിക്കുന്ന ഉദാഹരണം) – ഇതിലുള്ള താത്പര്യക്കുറവും മനസ്സിലാക്കാം. പക്ഷേ ആ താത്പര്യക്കുറവിനെ സമർത്ഥിക്കുവാൻ ‘കണ്ടതോതുവാൻ കവി വേണ്ട’ എന്ന ആശയത്തോട് യോജിക്കാൻ വയ്യ. എന്റെ വളരെ പരിമിതമായ അറിവിൽ Fine Arts/Conceptual Photography യും കണ്ടതോതുന്നത് തന്നെയാണ് – പക്ഷേ അവിടെ ഫോട്ടോഗ്രാഫർക്ക് തന്റെ കലാപരമായ ഇടപെടലുകൾ നടത്താൻ കുറച്ചുകൂടി അവസരം / സ്വാതന്ത്ര്യം ലഭിക്കുന്നു – അത് തന്നെയാണ് ആ വിഭാഗത്തിന്റെ മുഖമുദ്രയും.
അതുപോലെ “സാധാരണ ഗതിയില് ഒരു ഫോട്ടോഗ്രാഫര് ഒരു കാഴ്ച/വസ്തു/പ്രവര്‍ത്തി അങ്ങനെ എന്തെങ്കിലും കാണുന്നു. അതിനെ ക്യാമറയിലേക്ക് പകര്‍ത്തുന്നു. കണ്സപ്സ്വല് ഫോട്ടോഗ്രാഫിയില് എന്തു കാഴ്ച/വസ്തു/പ്രവര്‍ത്തി എന്തെന്നും അതെങ്ങിനെ ഷൂട്ട് ചെയ്യണമെന്നും ഫോട്ടോഗ്രാഫര് ആദ്യമേ തീരുമാനിക്കുന്നു. അത്രേ ഉള്ളൂ വ്യത്യാസം. അതായത് ഇമേജിനേക്കാള് മുന്നേ 'ആശയം'(കണ്‍സപ്റ്റ്) ഉണ്ടാവുന്നു എന്നര്‍ത്ഥം.“ ശരിക്കും ഉന്മേഷ് ഉദ്ദേശിച്ച അർത്ഥത്തിൽ എനിക്ക് മനസ്സിലായോ എന്ന് സംശയം. ഉദാഹരണത്തിൽ പറഞ്ഞിരിക്കുന്ന ചന്ത്രക്കാരന്റെ ദളിതം എന്ന ചിത്രം തന്നെയെടുത്താൽ - ആ ‘ദളിതം‘ എന്ന ആശയം മനസ്സിൽ കൊണ്ടുവന്നിട്ട് അങ്ങനെ ഒരു സീൻ കണ്ടപ്പോൾ അത് ക്യാമറയിൽ പകർത്തി എന്നാണോ? അതുപോലെ തുളസിയും ‘ചാവ്’ എന്ന ആശയം മനസ്സിൽ കൊണ്ടു നടന്നിട്ട് അതിനു വേണ്ടി വസ്തുക്കൾ ഒരുക്കി (stage) ചെയ്തു - I mean he implemented the concept എന്നാണോ?
സപ്തവര്‍ണ്ണങ്ങള്‍,
പ്രതികരണത്തിനു നന്ദി. കണ്‍സപ്സ്വല്‍/ഫൈന്‍ ആര്‍ട്ട് ഫോട്ടോഗ്രാഫിയെക്കുറിച്ച് 'എന്റെ' ചില കാഴ്ചപ്പാടുകള്‍ എഴുതി എന്നല്ലാതെ ഞാനൊന്നും സമര്‍ത്ഥിക്കാന്‍ ശ്രമിച്ചിട്ടില്ല. റിയലിസ്റ്റിക് ആയ ചിത്രങ്ങളെ സൂചിപ്പിക്കാന്‍ ആ കവിപ്രയോഗം ഉപയോഗിച്ചെന്നേയുള്ളൂ. Nature photography doesn't seem to go beyond realism in many cases.
you don't have to stage the picture every time to implement your ideas. തുളസിയുടെ കാര്യം നേരിട്ടറിയില്ല.പക്ഷേ കണ്‍സപ്റ്റ് ആദ്യം മനസ്സില്‍ ഇല്ലായിരുന്നെങ്കില്‍ ആ രണ്ടു ചിത്രങ്ങള്‍ ഇപ്രകാരം കണക്റ്റ് ചെയ്യാന്‍ കഴിയില്ലായിരുന്നു എന്നാണെന്റെ തോന്നല്‍. പക്ഷേ, ചന്ത്രക്കാരന്‍ ആ ചിത്രമെടുത്ത നേരത്ത് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നതുകൊണ്ട് ഉറപ്പിച്ചുപറയാന്‍ കഴിയും he had the thought and implemented the concept.
ബാംഗ്ലൂരിലെ പീകോസ് എന്ന് പബ്ബിനുവേണ്ടി പണ്ടോരാൾ ചെയ്ത രസകരമായ വിസിറ്റിങ് കാറ്ഡുണ്ട്, കാര്യമായ ആറ്ട്ടൊക്കെച്ചെയ്യുന്നതിനുപകരം ലോഗോയും മറ്റുകാര്യങ്ങളുമൊക്കെ ലളിതമായി വെച്ചിട്ടുള്ള കാറ്ഡ് പക്ഷേ മൊത്തത്തിൽ ബ്ലറ് ചെയ്തിരിയ്ക്കുന്നു. ‘നാലെണ്ണം വിട്ടാൽ’ കാണുന്നമാതിരിയായി കാറ്ഡ്. ഫോട്ടോഷോപ്പിലെ ബ്ലറ് എന്ന ഫിൽട്ടറ് നാമെല്ലാം എത്ര കണ്ടിരിയ്ക്കുന്നു, ഉപയോഗിച്ചിരിയ്ക്കുന്നു. മദ്യപാനവുമായി ബന്ധപ്പെടുത്തി അതിനെ ഉപയോഗിയ്ക്കാൻ തോന്നിയോ?(ഞാനാകെ ചിന്തിച്ചത് രണ്ടെണ്ണം വിട്ടാൽ ഈ കാറ്ഡ് എങ്ങിനെ കാണുമെന്നാൺ)
എല്ലാ മാധ്യമങ്ങളിലും കലാപരമായ ക്രിയേറ്റിവിറ്റിയും സാങ്കേതികമായ ക്രിയേറ്റിവിറ്റിയും സാദ്ധ്യമാൺ. ഫോട്ടൊഗ്രഫി പോലുള്ള മീഡീയത്തിൽ സാങ്കേതികസാദ്ധ്യതകൾ ശ്രദ്ധതെറ്റിയ്ക്കാൻ പോരുന്ന അളവിൽ ലഭ്യമാൺ. അതുകൊണ്ടാൺ കൺസെപ്ച്വൽ അല്ലാത്ത ധാര വളരെ ശക്തമായത്.
എക്സ്പോഷറ്, ഫോകസ്, ഡെപ്ത് എന്നിങ്ങനെയുള്ള സാങ്കേതികസാദ്ധ്യതകളെ പ്രീസെറ്റ് ചെയ്യുകയാൺ ആധുനിക ക്യാമറകൾ ചെയ്യുന്നത്. വിഷയം മുന്വിധിയ്ക്കപ്പെട്ടതാവുന്ന ഒരു ചെറിയപരിധിയ്ക്കപ്പുറത്ത് ഇത് ഒരു അനാവശ്യ്യവും ബുദ്ധിമുട്ടും മാത്രമാൺ.മോഡുകൾ ഉപയോഗിച്ച് മികച്ച ചിത്രങ്ങൾ എടുക്കുക അസാദ്ധ്യമാൺ എന്നാൺ എന്റെ അനുഭവം. ലൈറ്റ് മെഷറ്മെന്റാൺ പുതിയക്യാമറകളെക്കുറിച്ചുള്ള ആവേശകരമായ മുന്നേറ്റം. പ്രൊഗ്രാം മോഡൊന്നും ഒരു പുരോഗതിയല്ല.
അഡ്വാൻസ്ഡ് ആയ ക്യാമറ കയ്യിലുള്ളവറ് യന്ത്രത്തെ മനസ്സിലാക്കാൻ ധാരാളം സമയം ചെലവിടണം. ഓരോ സാങ്കേതികസങ്കൽപ്പത്തിനും ഒരായിരം സാദ്ധ്യതയുണ്ട്, അത് വിഷയം മുന്നില്വന്നുപെടുന്നനിമിഷത്തിൽ തലയിൽ കത്താൻ മെയ്യ് കണ്ണാകണം. ആ വിരൽത്തുമ്പ് മാത്രം, അതുമാത്രമാൺ ഫോകസിൽ എന്നു ചിന്തിയ്ക്കാൻ ആദ്യം ‘കാഴ്ചയുടെ ആഴ‘ത്തെ നിയന്ത്രിയ്ക്കുന്നതെങ്ങിനെ എന്നത് വിരൽത്തുമ്പിലുണ്ടായിരിയ്ക്കണം.
Nature photography doesn't seem to go beyond realism in many cases. ഇതിനോട് യോജിക്കുന്നു, ഫൈൻ ആർട്ട് ലെവലിലുള്ള നേച്ചർ ഫോട്ടോഗ്രാഫറുകളും ഉണ്ട്. Nature photography വെറും ആകാശവും മണ്ണാങ്കട്ടയും മാത്രമാണെന്ന വാദത്തോട്/ കമന്റിനോട് തീരെ യോജിക്കുന്നില്ല. ജേർണലിസ്റ്റിക് ചിത്രങ്ങളുടെ വിഭാഗം കൂടുതൽ പ്രചാരം നേടിയതു കൊണ്ടാണ് ജനം കൂടുതലും റിയലിസ്റ്റിക് ചിത്രങ്ങളാണ് ഫോട്ടോഗ്രാഫുകൾ എന്ന് വിചാരിക്കുന്നത്. പിന്നെ കൺസപ്ച്വൽ ഫോട്ടോഗ്രഫിക്ക് ബൌദ്ധികമായ outlook ആവശ്യമാണെല്ലോ!
മധു,
ബ്ലര്‍ ഇമേജുകളെക്കുറിച്ച് പറഞ്ഞപ്പോള്‍ ഓര്‍മ്മവന്നത് ഷൊഗ്രാബ് ഹുറയുടെ ഒയാസിസ് സീരീസാണ്.
ക്യാമറകറില്‍ എക്സ്പോഷറും ഫോകസും ഫ്ലാഷും ഒക്കെ പ്രീസെറ്റ് ആയതുകൊണ്ടാവും ലോമോഗ്രാഫിയില്‍ സാധ്യതകള്‍ കൂടുതലാണെന്ന് എനിക്കുതോന്നുന്നു. (ഒരു സുഹൃത്തിന്റെ കയ്യില്‍ ലോമോഗ്രാഫി സെറ്റ് ഇരിപ്പുണ്ട്. ശ്രമിച്ചു നോക്കിയിട്ടില്ല)
റോഷ്,
ഫോട്ടോഗ്രാഫി എന്റെ പ്രൊഫഷനല്ല, ഞാന്‍ പ്രൊഫഷണലുമല്ല. ഇവിടെ ആര്‍ക്കും ഒരു വിലക്കുമില്ല. താങ്കള്‍ക്കു തോന്നുന്ന അഭിപ്രായം എന്തായാലും ധൈര്യമായി പറയാം.
ഫോട്ടോഗ്രാഫിയുടെ നിയതമായ സാങ്കേതിക അളവുകോലുകളുടേയും സൌന്ദര്യ സങ്കല്‍പ്പങ്ങളുടേയും പടിക്കുപുറത്തു നില്‍ക്കുന്ന ഒരു ചിത്രം കാഴ്ചക്കാരന്റെ മനസ്സില്‍ തൊടുന്നുണ്ടെങ്കില്‍ അതൊരു നല്ല ഫോട്ടോഗ്രാഫ് ആണെന്ന് രഘു റായ്.
പണ്ട് പക്ഷെ പടമെടുത്താല്‍ മാത്രം പോരായിരുന്നു.. ഏടുത്ത പടത്തോടൊപ്പം കൃത്രിമത്തമൊന്നും പിന്നീട് ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്താന്‍ നെഗറ്റീവുകള്‍ കൂടി ആവശ്യപ്പെട്ടിരുന്ന കാലഘട്ടമാണ് കഴിഞ്ഞു പോയത്.. ഇന്ന് ഫോട്ടോഷോപ്പില്‍ കയറാതെ പുറം ലോകം കാണുന്ന ചിത്രങ്ങള്‍ തന്നെ വിരളമല്ലേ... എങ്കിലും as a photographer the minute you put your eyes behind the lense no matter what you do, its your point of view. Doesn't matter whether they're using any software help or not... the released picture is the final product of his creativity...
സാധാരണെ ജീവിതത്തില്‍ അനുദിനം കാണുന്ന തുളസിയുടേയും ചന്ത്രക്കാരന്റെയും ചിത്രങ്ങള്‍ പേരിട്ടു വിളിയ്ക്കുമ്പോള്‍ മാത്രമാണ് വേറിട്ടു നില്‍ക്കുന്നതും.. തുളസിയുടെ ചിത്രങ്ങളെ കൊട്ടകള്‍ പരസ്പരം മാറിയതിനാല്‍ ഉറക്കം വരാതിരുന്ന മീങ്കാരിയുടേയും പൂക്കാരിയുടേയും കഥയെ ഓര്‍മ്മിപ്പിയ്ക്കുന്ന ഒന്നായും കാണാം... അതുകൊണ്ട് തന്നെ താന്‍ കാണാന്‍ ശ്രമിച്ചത് പറയാന്‍ ഒരു പക്ഷെ വരികളുടെ സഹായം കൂടി വരുന്നുണ്ട് ... ഗുപ്തന്‍ പറഞ്ഞതും അതു തന്നെയാണെന്ന് തോന്നുന്നു... ചിലരുടെ ചിത്രങ്ങള്‍ വരികള്‍ക്കൊപ്പം കാണാനാണ് ഭം മറ്റു ചിലരുടെ അല്ലാതെയും.. ചാവ് എന്ന് വിളിച്ചതിലൂടെ മാത്രം ആ ചിത്രങ്ങള്‍ക്ക് മൂല്യമേറുന്നു.. ഈയൊരു ചിത്രത്തിന്റെ അടിക്കുറിപ്പ് ഇടയ്ക്കിടെ മനസ്സില്‍ കേറി വരാറൂണ്ട് .. എന്നിട്ടേ ചിത്രം മനസ്സില്‍ വരാറൂള്ളൂ.. ഒക്കെ ഓരോരോ രീതികള്‍...
ലേഖനത്തോട് പൂര്‍ണ്ണമായും യോജിയ്ക്കുന്നു..
>>എക്സ്പോഷറ്, ഫോകസ്, ഡെപ്ത് എന്നിങ്ങനെയുള്ള സാങ്കേതികസാദ്ധ്യതകളെ പ്രീസെറ്റ് ചെയ്യുകയാൺ ആധുനിക ക്യാമറകൾ ചെയ്യുന്നത്. വിഷയം മുന്വിധിയ്ക്കപ്പെട്ടതാവുന്ന ഒരു ചെറിയപരിധിയ്ക്കപ്പുറത്ത് ഇത് ഒരു അനാവശ്യ്യവും ബുദ്ധിമുട്ടും മാത്രമാൺ.<<
നിലവിലുള്ള സാങ്കേതികത്വത്തെ വിലയിരുത്തിയുള്ള ഒരു ധാരണയാണിത്.
ഇന്നലെയുള്ള സാങ്കേതികമല്ല ഇന്നുള്ളത് നാളെ വരാന്‍ പോകുന്നത്. പ്രീ സെറ്റായി ചില മോഡുകള്‍ മാത്രമാണ് സാങ്കേതികത എന്ന് മനസ്സിലാക്കുമ്പോള്‍ തോന്നുന്നതാണിത്. സത്യത്തില്‍ പല തര/ തലത്തിലുള്ള സെന്‍സിങ്ങ് പരാമീറ്റേഴ്സ് ഇവാലുവേറ്റ് ചെയ്തുള്ളതൊക്കെയുണ്ട്/ ഉണ്ടാകാന്‍ പോകുന്നു എന്നറിയുമ്പോള്‍ മുകളിലെ അഭിപ്രായത്തോട് വിയോജിക്കാനാവും.
>> ലൈറ്റ് മെഷറ്മെന്റാൺ പുതിയക്യാമറകളെക്കുറിച്ചുള്ള ആവേശകരമായ മുന്നേറ്റം.<<<
ലൈറ്റ് മെഷര്‍മെന്റിന്റെ യൂട്ടിലൈസേഷന്‍ / സാധ്യതകള്‍ വളരെവലുതായതിനാലതിനുള്ള കാരണം
>>പ്രൊഗ്രാം മോഡൊന്നും ഒരു പുരോഗതിയല്ല.<<
വിയോജിപ്പ്, മുകളിലെ വിശദീകരണം കാണുക.
സാന്ദര്‍ഭികമായി പറയട്ടെ, കണ്‍സെപ്ച്വല്‍ ഫോട്ടോഗ്രാഫിയെ
ഫോട്ടോ-ഫൈന്‍ അര്‍ട്ട്സുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല.
അതായത് ഫോട്ടോ റോമെറ്റീരിയലായെടുത്ത് ഫൈന്‍ ആര്‍ട്ട് ചെയ്തുള്ള പ്രോഡക്ടിനെ ഫോട്ടോ ആയോ ചിത്രമായോ വിലയിരുത്തരുത് രണ്ടും അല്ലാത്ത എന്തോ ഒന്നാണത്.
ഫോട്ടോ റോമെറ്റീരിയലായെടുത്ത് ഫൈന്‍ ആര്‍ട്ട് ചെയ്തുള്ള പ്രോഡക്ടിനെക്കുറിച്ച് ആരെങ്കിലും ഇവിടെപറഞ്ഞോ? തറവാടി ഫോട്ടോ ഫൈന്‍ ആര്‍ട്ട്സ് എന്നതുകൊണ്ടുദ്ദേശിക്കുന്നതെന്താണ്?
“Fine art photography refers to photographs that are created in accordance with the creative vision of the photographer as artist.” എന്ന് വിക്കിപ്പീഡിയ. ഇതൊക്കെത്തന്നെയല്ലേ ഇവിടെ എല്ലാവരും പറഞ്ഞത്?
nardnahc hsemus സൂചിപ്പിച്ച ഫോട്ടോഷോപ്പിന്റെ ഉപയോഗത്തെക്കുറിച്ച് വേറൊരു പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു.
തറവാടി, പറഞ്ഞതിൽ പതിരുണ്ടായതാൺ. പ്രോഗ്രാം സെറ്റ് ചെയ്ത് മികച്ച ചിത്രങ്ങളെടുക്കാം എന്നതാൺ ഇക്കാലത്ത് ഡി എസ്സ് എൽ ആറ് സാമാന്യജനത്തിലേയ്ക്കെത്തിയ്ക്കാൽ ക്യാമറബ്രാൻഡുകൾ മുന്നോട്ട് വെയ്ക്കുന്ന ഒരു അവകാശവാദം. ബ്ലോ അപ് ചെയ്യുന്ന അത്രയൊന്നും ഉപകാരപ്രദമായ ഒരു ഫീചറ് അഡിഷനല്ല അവയെന്നും പഴയ മാന്വൽ ക്യാമറകൾ കൊണ്ട് എടുക്കാവുന്നതൊക്കെത്തന്നെയും ഇതുകൊണ്ടും കഴിയൂ എന്നുമാൺ ഞാൻ പറയുന്നത്. (മോഡിലിട്ട് എടുക്കുന്നതുകൊണ്ട് സാമാന്യമായ ഫോടൊഗ്രഫിയിൽ സമയലാഭമുണ്ട് പക്ഷേ).
ഉന്മേഷ്, സാങ്കേതികമായ ലിമിറ്റുകളിൽ നിന്നുകൊണ്ട് മികച്ച ഫോട്ടോസ് എടുക്കുക എന്നതാണോ ലോമൊഗ്രാഫി? സ്നാപ്ഷോട് ഫോട്ടൊഗ്രഫി തന്നെയാണോ ഇത്? കുറഞ്ഞ സാങ്കേതികസാദ്ധ്യതകളിൽ മികവ് കണ്ടെത്തുക എന്നത് പരീക്ഷണകലയുടെ ഒരു വിഭാഗമാൺ. ഈയടുത്ത് പാരനോറ്മൽ ആക്റ്റിവിറ്റി എന്ന പടം വന്നില്ലേ? അതീ ലൈനാൺ...
ശരിക്കുപറഞ്ഞാല്‍ ലോമോഗ്രാഫിക്കാര്‍ പറയുന്നത് 'Don't Think,Just Shoot' എന്നാണ്. എന്നുവെച്ച് അതൊരു കറക്കിക്കുത്ത് പരിപാടിയാണെന്ന്‍ പറയാന്‍ പറ്റില്ല. ടെക്നിക്കല്‍ കാര്യങ്ങളെക്കുറിച്ചു തലപുകക്കാതെ ഫോട്ടോ എടുക്കാന്‍ പറ്റുമെന്നായിരിക്കും ഉദ്ദേശിക്കുന്നത്.
നോവലിസ്റ്റിന്റെ പേനയുടെ ക്വാളിറ്റി നോക്കിയല്ലല്ലോ നോവലിന്റെ നിലവാരമളക്കേണ്ടത്. അത്രയും പ്രാധാന്യമേ ഫോട്ടോഗ്രാഫിയില്‍ ക്യാമറയ്കും ടെക്നോളജിക്കും ഉള്ളൂ.
ഇതെനിക്കു മേലെ തന്ന ലിങ്കിലെ പോസ്റ്റില്‍ നിന്നു കിട്ടിയതാ... ഇവിടെ നടക്കുന്ന ചര്‍ച്ചയ്ക്കും ഒരു ഒപക്ഷെ ഇത് ബാധകമാണേന്ന് തോന്നുന്നു... ബൂലോഗത്ത് വിലകൂടിയ എസ് എല്‍ ആര്‍ കാമറ സ്വന്തമായി ഉള്ള ചില ചുള്ളന്മാരുണ്ടെങ്കിലും പടം അത്രയ്ക്കങ്ങ്ട് വരുന്നില്ലെന്ന് അവരു തന്നെ സമ്മതിയ്ക്കും...
:)
>>എന്റെ വളരെ പരിമിതമായ അറിവിൽ Fine Arts/Conceptual Photography യും കണ്ടതോതുന്നത് തന്നെയാണ്<<
മുകളിലെ ഒരു കമന്റിലെ ഈ വാക്കുകളായിരുന്നു എന്റെ കമന്റിനാധാരം, മാത്രമല്ല 'സാന്ദര്‍ഭികമായി പറയട്ടെ' എന്നും മുഖവുരയിട്ടിരുന്നു.
സാങ്കേതികമായി ഫൈന്‍ ആര്‍ട്ടിനുള്ള ഡെഫനിഷന്‍ അല്ല ഫോട്ടോഗ്രാഫിക് ഫൈന്‍ ആര്‍ട്ടിന് പൊതുവില്‍ കൊടുക്കുന്നത്, വിക്കിയില്‍ തപ്പണ്ട;
ഞാന്‍ ഉദ്ദേശിച്ചത് കൂടുതല്‍ വ്യക്തമാക്കാനാണ്, 'ഫോട്ടോ റോമറ്റീരിയലായെടുത്ത' ആര്‍ട്ട് പ്രോഡക്ട് എന്ന് സൂചിപ്പിച്ചത്.
ഈ ഫോട്ടോഗ്രാഫിക്-ഫൈനാര്‍ട്ട്, കണ്‍സെപെച്വല്‍ ഫോട്ടോഗ്രാഫിയിലേതുപോലുള്ള കണ്ടതോതലുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല എന്നാണ് ഞാന്‍ അഭിപ്രായപ്പെട്ടത്.
ഓഫ്: ഇനി എന്റെ വക ഡിഫൈന്‍ എന്ന് പറഞ്ഞ് വീണ്ടും വിക്കിയില്‍ തപ്പി ലിങ്ക് ഇടണ്ട( എനിക്ക് വേണ്ടി), എനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞെന്നു തോന്നുന്നതിനാല്‍ സ്കൂട്ടുന്നു.
Fine arts photography doesn't always mean shoot-> process heavely-> un realistic output. Same with conceptual photography.
I understand conceptual photography - normally as a series based on a theme or concept. A theme can be anything and there will be a series to display that theme.
One could see fine art level photographs in Punyalans - Out of focus blog. Be careful, it includes nude.
Post a Comment