Friday, February 12, 2010

എന്തരിത്? ആര്‍ട്ട് തന്നെ??

നമ്മുടെ രാജ്യത്തില്‍ തനതു(unique)കലകളൊന്നുമില്ലേ എന്ന് കഴിഞ്ഞ പോസ്റ്റില്‍ ആരോ സംശയമുന്നയിക്കുന്നതു കണ്ടു. ഇത്രയധികം ദൃശ്യവൈവിധ്യമുള്ള മറ്റൊരു നാടില്ലെന്നാണ് എനിക്കു തോന്നുന്നത്. വിഷ്വല്‍ ആര്‍ട്ട് പുസ്തകങ്ങളിലും ആര്‍ട്ട് ഗ്യാലറികളിലും ഒതുങ്ങുന്നതാണോ? പരമ്പരാഗത ഫോക് ആര്‍ട്ടുകളുടെ കാര്യം വിടൂ. അതല്ലാതെ തന്നെ സിനിമാ പോസ്റ്ററുകളും, തീപ്പെട്ടി ചിത്രങ്ങളും ,ട്രക്ക് ഗ്രാഫിക്സും ഒക്കെയുള്ള ദൃശ്യസമ്പന്നമായ ഒരു രാജ്യമാണ് നമ്മുടേത്.
ശരിയായി ഡോക്യുമെന്റ് ചെയ്യപ്പെടുകയോ പഠിക്കപ്പെടുകയോ ചെയ്തിട്ടുണ്ടോ എന്നറിയില്ലെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം ഇവയൊക്കെ ഒരു തരത്തില്‍ കലാരൂപങ്ങള്‍ തന്നെയാണ്. ഒരോ പ്രദേശത്തുമുള്ള ട്രക്ക്,ഓട്ടോ, സൈക്കിള്‍ റിക്ഷ തുടങ്ങിയ വാഹനങ്ങളിലെ ചിത്രപ്പണികള്‍ തന്നെ നോക്കൂ. എന്തെന്തു വൈവിധ്യങ്ങളാണ്! ഓരോ പ്രദേശത്തെ വാഹനങ്ങളിലെ ഗ്രാഫിക്സുകള്‍ക്കും സവിശേഷമായ ശൈലികളാണ്.(പഞ്ചാബിലെ ട്രക്കുകളുടെ പിറകുവശത്ത് 'BLOW HORN' എന്ന് എഴുതിയിരിക്കും. ദക്ഷിണേന്ത്യന്‍ ട്രക്കുകളില്‍ ഇതിനു പകരം 'SOUND HORN' എന്നാണ് കാണുകയെങ്കില്‍ മറ്റു ചിലയിടങ്ങളില്‍ 'HORN OK PLEASE' എന്നാവും. ഇതു തന്നെ ഓരോ ട്രക്കിലും എഴുതിയിരിക്കുന്നത് വ്യത്യസ്ഥമായ ശൈലികളിലായിരിക്കും.) രാജസ്ഥാനിലെ ട്രക്കുകളില്‍ കാണുന്ന ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായിരിക്കും കേരളത്തിലെ ലോറികളിലേത്. ഡ്രൈവര്‍ ക്യാബിന്റെ പിറകുവശത്ത് താജ്മഹല്‍, ഉണ്ണിയേശു, ആന, ഇണക്കുരുവികള്‍ തുടങ്ങിയ ചിത്രങ്ങള്‍ വരച്ചു കണ്ടിട്ടുള്ളത് കേരളത്തില്‍ മാത്രമാണെന്നു തോന്നുന്നു. (കേരളത്തിലെ ലോറികളെക്കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞതു രൂപത്തിലും ഭാവത്തിലും അവ‍ മുണ്ടുമടക്കിക്കുത്തിയ ആടുതോമായെപ്പോലിരിക്കുമെന്നാണ്.)



ഇതുപോലെ തന്നെ രസകരമാണ് ചാന്ദ്നി ചൗക്കിലെ സൈക്കിള്‍ റിക്ഷകളിലെ ചിത്രപ്പണികളും അഹമ്മദാബാദിലെ ഓട്ടോകളിലെ സിനിമാനടന്മാരുടെ ചിത്രങ്ങളും. ട്രക്ക് ഗ്രാഫിക്സ് പോലെ രസകരമായ മറ്റൊന്ന് സിനിമാപോസ്റ്ററുകളും കട്ടൗട്ടുകളുമാണ്. ബോളീവുഡിനും ടോളീവുഡിനും കോളീവുഡിനും ഒക്കെ അതിന്റേതായ രചനാശൈലികളുണ്ട്.

(ഇന്‍ഡ്യന്‍ സ്ട്രീറ്റ് ഗ്രാഫിക്സില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ആര്‍തി സന്ധു എന്ന നിഫ്റ്റ് ഗ്രാജുവേറ്റിന്റെ ഹിന്ദി അക്ഷരമാല സീരീസ്)

എന്നിരുന്നാലും, സ്പ്രേ പെയിന്റും സ്റ്റെന്‍സിലും ഒക്കെ ഉപയോഗിച്ചുള്ള സ്ട്രീറ്റ് ഗ്രാഫിറ്റി നമ്മുടെ രാജ്യത്ത് കുറവാണെന്നു തന്നെ പറയാം. C215 എന്ന പേരില്‍ ഗ്രാഫിറ്റി രചനകള്‍ നടത്തുന്ന Christian Guémy എന്ന ഫ്രഞ്ച് ആര്‍ട്ടിസ്റ്റ് ഒന്നു രണ്ടു വര്‍ഷം മുമ്പ് ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ കുറേ തെരുവുചിത്രങ്ങള്‍ വരച്ചിരുന്നു. (കഴിഞ്ഞയാഴ്ച കരോള്‍ ബാഗില്‍ ഒന്നൊന്നര മണിക്കൂര്‍ തപ്പി നടന്നെങ്കിലും എനിക്കീ സ്ഥലം കണ്ടുപിടിക്കാനായില്ല. ) C215 അടക്കമുള്ള ആയിരത്തിലധികം സ്ട്രീറ്റ് ഗ്രാഫിറ്റി ആര്‍ട്ടിസ്റ്റുകള്‍ ഒത്തു ചേരുന്ന ഒരു ക്യാമ്പ് അടുത്തമാസം പോണ്ടിച്ചേരിയില്‍ നടക്കുന്നുണ്ട്.

സ്വന്തം രാജ്യത്ത് സൃഷ്ടികള്‍ കുറവാണെങ്കിലും ആകാശ് നിഹ് ലാനി എന്ന ഇന്‍ഡ്യന്‍ ആര്‍ട്ടിസ്റ്റിന്റേത് പൊതുവേ കാണാറുള്ള സ്ട്രീറ്റ് ഗ്രാഫിറ്റിയില്‍ നിന്നും വ്യതസ്ഥമായ രചനകളാണ്. ന്യൂയോര്‍ക്ക് നഗരത്തിന്റെ പല ഭാഗങ്ങളിലായി ചെയ്തിട്ടുള്ള ഇദ്ദേഹത്തിന്റെ സൃഷ്ടികള്‍ നവീനമായ ശൈലിയും മീഡിയവും ഉപയോഗിച്ചുള്ള ജ്യാമിതീയ രൂപങ്ങള്‍ ആണ്. പെയിന്റിനു പകരം ഉപയോഗിച്ചിരിക്കുന്നത് വിവിധ വര്‍ണ്ണങ്ങളിലുള്ള ടേപ്പുകളും.

...തുടരണോ?

22 comments:

ദേവദാസ് വി.എം. said...

http://www.facebook.com/home.php?ref=home#!/photo.php?pid=3618710&id=778074812

അപ്പു said...

എന്തുകമന്റണം എന്നറിയില്ലെങ്കിലും ശ്രദ്ധീച്ച് രസമായി വായിച്ചു. പറഞ്ഞീരിക്കുന്നതൊക്കെ ശരി.

chithrakaran:ചിത്രകാരന്‍ said...

ജനകീയമായ ഈ കലയുടെ പ്രാദേശിക വൈവിദ്ധ്യം
പഠിക്കപ്പെടേണ്ടതും രേഖപ്പെടുത്തേണ്ടതും തന്നെ !!!
നന്ദി സുഹൃത്തേ.

സാല്‍ജോҐsaljo said...

പ്രെസ്പെക്ടീവ്സോ അനാട്ടമിയോ നോക്കാതെ വരക്കുന്ന ഈ ചിത്രകളകളെപറ്റി തീർച്ചയായും പഠനം ആവശ്യമാണ്. പഴയകാല യൂറോപ്യൻ, ഗ്രീക്ക്, ഈജിപ്ഷ്യൻ ആർട്ടിലും ഇത്തരത്തിൽ ഘടനയുടെ ഭംഗിനോക്കാതെയാണ് വരച്ചിരുന്നത്. അവയൊക്കെ പ്രശസ്തിയാർജ്ജിച്ചിട്ടും, നമ്മുടെ നാട്ടിലെ ചിത്രകലകൾ മാത്രം ശ്രദ്ധിക്കപ്പെടാതെ പോയി. ഭാരതത്തിന്റെ റിച്ച്നസിന്റെ പ്രധാനഭാഗം ഇതുതന്നെയല്ലേ!


തുടരൂ. ഒരു വെബ്ലോഗ് തുടങ്ങൂ.

Inji Pennu said...

ഇപ്പറഞ്ഞതെല്ലാം ഇന്ത്യൻ ആർട്ട് ഡെക്കോയിൽ പെടുത്താമെന്ന് തോന്നുന്നു അല്ലേ? അങ്ങിനെയൊരുൻ ഡിസൈൻ മൂവ്മെന്റിനു മുൻപും ഈ തരം വിഷ്വൽ ആർട്ട് നമ്മുടേത് മാത്രമാണ്. മുംബൈ അല്ലേ ആർട്ട് ഡെക്കോയിൽ രണ്ടാം സ്ഥാനത്ത്? ഇവ തീർച്ചയായും വെരി മച്ച് ഇന്ത്യനാണ്. അവ പല അന്താരാഷ്ട്ര നിലവാരമുള്ള ഡിസൈനേർസിനെ ഇൻഫ്ലുൻസ് ചെയ്തിട്ടുള്ളതായി വായിച്ചിട്ടുണ്ട്.

>>ശരിയായി ഡോക്യുമെന്റ് ചെയ്യപ്പെടുകയോ >>പഠിക്കപ്പെടുകയോ

സത്യം പറഞ്ഞാൽ ഇതാണ് ഗതി. നമ്മൾക്ക് പ്രോമോഷൻ കുറവാണ്. എന്നാൽ ഇന്ത്യൻ സിനിമ പോസ്റ്ററുകൾ പാരിസിൽ ശേഖരിച്ച് വരുന്നതായി ഞാൻ ഈയടുത്ത് എവിടെയോ വായിച്ചതേയുള്ളൂ. ഡിസ്നിലാൻഡിൽ ഇതുപോലെ അലങ്കരിച്ച ലോറികൾ അവർ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത് പ്രദർശിപ്പിച്ചിട്ടുണ്ട്.

(ഗ്രാഫിക്ക് നോവലുകൾ ഇന്ത്യൻ ആർട്ടുമായി ആദ്യമേ ബന്ധിപ്പിച്ചതുകൊണ്ടാണ് യൂണിക്കനെസ്സിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചത്, നമ്മുടേതേന്ന് അവയെ എത്രമാത്രം പറയാൻ പറ്റും എന്നുള്ളതുകൊണ്ട്,
അല്ലാതെ നമ്മുടെ നാട്ടിൽ യൂണിക്ക് കല ഇല്ലേ എന്നൊന്നുമല്ലാരുന്നു സംശയം)


തുടരൂ....

മൂര്‍ത്തി said...

തുടരൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ

വെള്ളെഴുത്ത് said...

ശരിയാണ് ഈ ആനകൾക്ക് ഇങ്ങനെ നെറ്റിപ്പട്ടം വരയ്ക്കണമെന്ന് തോന്നുന്നത് എന്തുകൊണ്ടാണോ എന്തോ? മര്യാദയ്ക്ക് ഒരു ബ്ലാക് ആൻഡ് വൈറ്റ് ലോറിയായാൽ എന്താകുഴപ്പം.. ഓട്ടോറിക്ഷകളിൽ ഈ പാടില്ല. പുറകുവശത്ത് ‘പുഞ്ചിരിയിൽ വഞ്ചന അരുത്, ചൂടിയ പൂ വാടിയാലും വാടിയ പൂ ചൂടരുത് ’ മട്ടിൽ ചില സാരോപദേശങ്ങളാണ്..
അപ്പോൾ നിറവൈവിധ്യം ഇന്ത്യൻ ആർട്ടിന്റെ പൊതുപ്രശ്നമാണല്ലോ.. തീപ്പെട്ടികളിൽ ക്ലാസിക ചിത്രങ്ങളായിരുന്നു. വീ ടു വിലെ പ്രത്യേക മൈനകൾ, രാവണൻ ജടായുവിന്റെ ചിറകരിയുന്ന രവിവർമ്മച്ചിത്രം, മണിചിത്രത്താഴ്.. ഇങ്ങനെ.. അതറിയാമായിരുന്ന ആരോ ആണ് തീപ്പട്ടിപ്പടങ്ങൾ ശേഖരിക്കാൻ പറഞ്ഞത്.
കോലം വരപ്പ് എന്നൊരു പരിപാടിയില്ലേ? ഉത്തരേന്ത്യക്കാരുടെ രംഗോലി.. അവയുടെ സ്വാധീനം കാണില്ലേ ഈ പടം വരപ്പുകളിൽ.. കവിതാബാലകൃഷ്ണൻ പ്രിന്റിലെ വരപ്പിന്റെ ചരിത്രം അന്വേഷിച്ചതുപോലെ ഇതും അന്വേഷിക്കാൻ കൊള്ളാവുന്ന വിഷയമാണ്.

മധുസൂദനൻ പേരടി said...

ഐ.ഐ.ടി. യിൽ ഗ്രാഫിക് ഡിസൈനിൽ റിസറ്ച്ചുണ്ട് (ഡിസൈനിൽ റിസറ്ച്ച് കോഴ്സുകൾ ഇന്ത്യയിൽ വേറെ ഉള്ളതായി അറിവില്ല). ഇതിൽ ചില പ്രോജക്റ്റുകൾ സ്വാഭാവികമായും ഡിസൈൻ ഇൻ ഇന്ത്യ എന്ന വിഷയത്തിലാവാറുണ്ട്. ഇത്തരം ചില ഫൈന്ഡിങ്ങുകൾ കേട്ടത് ബഹുരസമാൺ, നാം കാലുകുത്തിനിൽക്കുന്ന ഒരു സംസ്കാരത്തെക്കുറിച്ച് നമുക്കു വളരെക്കുറിച്ചേ അറിയൂ എന്നതാൺ നമുക്ക് ആദ്യം മനസ്സിലാവുക, ഇവയിലൂടെ കടന്നു പോകുമ്പോൾ.

ഇന്ത്യയിലെ തനത് വാതിൽ‌പ്പുറപരസ്യകലയെക്കുറിച്ച് ലളിതവും എന്നാൽ അച്ചടക്കമുള്ളതുമായ ഒരു ഡോക്യുമെന്ററി ട്രാവൽ ആൻഡ് ലിവിങ്ങ് കാണിച്ചിരുന്നു. ഒന്നോ രണ്ടോ ആറ്ടികിളുകൾ പത്രങ്ങളിലും വായിച്ചതോറ്ക്കുന്നു.

ബാംഗ്ട പോലുള്ള ഫോക് സംഗീതങ്ങൾ ഉയറ്ന്ന (വളരെ ഉയറ്ന്ന) ശബ്ദഘോഷത്തെ അരോചകമാവാതെ ഉപയോഗിയ്ക്കുന്നതിൽ നേടുന്ന തരം ഒരു വിജയമാൺ നിറങ്ങളുടെ കാര്യത്തിൽ ഇന്ത്യൻ സ്റ്റ്രീറ്റ് ഡിസൈനുമുള്ളത് എന്നൊരു ഒബ്സറ്വേഷൻ എനിയ്ക്കുണ്ട്. എലീറ്റുകൾ അനുവദിയ്ക്കുന്ന പരിധി വിടുന്ന നിറങ്ങളുടെ എണ്ണവും തീവ്രതയും അതിന്റ്റെ ‘തെരുവത്തം’ ഉറപ്പിയ്ക്കുകമാത്രമാൺ ചെയ്യുന്നത്, സംവേദനത്തിൽ അതൊരു പരാജയമാകാറില്ല.ഒരു പക്ഷേ നാം കണ്ടുവളറ്ന്നതുകൊണ്ടുമാകാം, നിറങ്ങളുടെ വൈവിധ്യം പാശ്ചാത്യൻ ഇത്തിരി സർകാസത്തോടെത്തന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.

ഇന്ത്യം ഡിസൈനിൻ ക്ലാസികലായ വേരുകളൂമുണ്ട്, വെള്ളെഴുത്ത് പറയുന്ന നെറ്റിപ്പട്ടവും സാരി/തുണിത്തരങ്ങളിലെ വരയും തൊട്ട് നൃത്തരൂപങ്ങളുടെ ചമയങ്ങളിലെ കല വരെ വിവിധമാണത്. തെയ്യത്തിന്റെ മുഖാലങ്കാരത്തിലെ ചുവപ്പിന്റെ വിദഗ്ദമായ ഉപയോഗം(ചുവപ്പ് എക്സസ്സീവ് ആയി ഉപയോഗിയ്ക്കാൻ ഡിസൈനറ്മാറ് പൊതുവേ മടിയ്ക്കും) പ്രത്യേകശ്രദ്ധ അറ്ഹിയ്ക്കുന്നതാൺ. തെയ്യം മൊത്തത്തിൽത്തന്നെ ഇന്ത്യൻ ക്ലാസികൽ ആറ്ട്ടിലെ ഏറ്റവും മികച്ച ഡിസൈനുകളിലൊന്നാൺ.

തുടരൂ!

suraj::സൂരജ് said...

ഒരു അലസചര്‍ച്ച കൊളുത്തിയ തിരി പോയ പോക്കേ.... എവിടുന്നൊക്കെയാണ് മനുഷ്യര്‍ ഇന്‍സ്പയേഡ് ആവുന്നത് ! ഹാ !

ഉന്മു ഭായ്.... തുടരൂ...

Rare Rose said...

തനതു കലകളെന്നു പറയുമ്പോള്‍ അവയ്ക്കിങ്ങനെയൊരു വശമുണ്ടെന്നു ശ്രദ്ധിക്കാറേയില്ലായിരുന്നു.ഈ ലോറിപ്പടങ്ങളെയും,തീപ്പെട്ടി പടങ്ങളെയും തീരെ ഗൌനിക്കാതെ നിസാരന്മാരാക്കി കണു നടന്നിട്ടു,ഇങ്ങനെ ചൂഴ്ന്നു നോക്കി കാണുമ്പോഴാണു അതിന്റെ പിറകിലെ കൊച്ചു കൌതുകങ്ങളും കര വിരുതും മനസിലായത്..

ഈ വരകളിലൂടെ പഞ്ചാബും,രാജസ്ഥാനും ഒക്കെ കൂട്ടി വായിക്കുമ്പോള്‍ തോന്നുന്നു നാനാത്വത്തില്‍ ഏകത്വം അതു തന്നെ നമ്മുടെ ഇന്ത്യ എന്നു.:)

അനിൽ@ബ്ലൊഗ് said...

താത്പര്യം ജനിപ്പിക്കുന്ന പോസ്റ്റ്.
ആശംസകള്‍.

sreeni sreedharan said...

തുടര്‍.

Rajeeve Chelanat said...

കലയുടെ ഇത്തരത്തിലുള്ള വൈവിദ്ധ്യങ്ങളെ തിരിച്ചറിയുകയും ഡോക്യുമെന്റു ചെയ്യേണ്ടതും ആവശ്യം തന്നെയാണ്. ട്രെയ്‌ലറുകളെയും ഓട്ടോറിക്ഷകളെയുമൊക്കെ വര്‍ണ്ണശബളമായ വിധത്തില്‍ അലങ്കരിച്ചൊരുക്കുന്ന വടക്കേന്ത്യക്കാരന്റെയും, പാക്കിസ്ഥാനിയുടെയും, അഫ്ഘാനിയുടെയുമൊക്കെ കലാബോധം എത്ര നിഷ്ക്കളങ്കവും സൌന്ദര്യാത്മകവുമാണ്.

പാഞ്ചാലി :: Panchali said...

നല്ല വിവരങ്ങള്‍! നന്ദി സുഹൃത്തേ!

ചില പാകിസ്താനി ട്രക്ക് പെയിന്റിങ്ങുകള്‍ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.

മുംബൈ ഐ ഐ റ്റി യില്‍ ഡിസൈനില്‍ പി എച് ഡി കോഴ്സ് ഉള്ളതായി അറിയാമെങ്കിലും ഡിസൈന്‍ ബേസ്ഡ് കോഴ്സുകളുള്ളവയില്‍ എനിക്ക് ഏറ്റവും ഇഷ്ടമായ കാമ്പസ് NID അമ്മദബാദും ആര്‍ട്ടില്‍ ബറോഡയിലെ MS University യുമാണ്. (ഇങ്ങനെ കുറച്ച് സ്ഥലങ്ങളിലേ പോയിട്ടുള്ളൂ-കുറെ നല്ല ഓര്‍മ്മകള്‍ സമ്മനിച്ച സന്ദര്‍ശനങ്ങള്‍! )-ഉന്മേഷിന് ഈ സ്ഥാപനങ്ങളെപ്പറ്റി കൂടുതല്‍ അറിയാമായിരിക്കും-

ഇവിടെ വാഷിങ്ടന്‍ ഡി സി യിലെ സ്മിത്‌സോണിയന്‍ മ്യൂസിയത്തില്‍ പാകിസ്താനി ട്രക്ക് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

പാഞ്ചാലി :: Panchali said...

സോറി, ലിങ്ക് തെറ്റിയെന്നു തോന്നുന്നു.
ട്രക്ക് ആര്‍ട്ടും ഡി സി യിലെ ട്രക്കും ഇവിടെ കാണാം.

Kalavallabhan said...

തുടരണം, തനതായതൊക്കെ തിരിച്ചറിയപ്പെടട്ടെ

un said...

ഇഞ്ചിപ്പെണ്ണ്,
ഡല്‍ഹിയിലെ ജന്‍പഥ് തെരുവിന്റെ വൈവിധ്യങ്ങള്‍ ഒരു ഫര്‍ണിഷിങ് ഡിസൈന്‍പ്രൊജക്റ്റിനുപയോഗിച്ച് ജന്‍പഥ് എന്നപേരില്‍ തന്നെ അവയെ മാര്‍ക്കെറ്റ് ചെയ്ത ഒരു സുഹൃത്തുണ്ട്.
വെള്ളെഴുത്ത്,
നിറമില്ലെങ്കില്‍ തന്നെയും ഉത്തരേന്‍ഡ്യക്കാരുടെ രംഗോളിയേക്കാളും എന്തുകൊണ്ടും വൈവിധ്യം തമിഴന്റേ കോലം വരയാണെന്ന് തോന്നിയിട്ടുണ്ട്.
മധു,
എല്ലാ വിദേശികളും അങ്ങിനെയാണോന്ന് അറിയില്ല. ഒരു പ്രിന്റ് ഡിസൈന്‍ പ്രൊജക്റ്റില്‍ രാജസ്ഥാനി ട്രക്ക് ഗ്രാഫിക്സ് ഉപയോഗിക്കാനായി ജയ്പ്പൂരില്‍ വന്ന ഒരു ഓസ്ട്രേലിയന്‍ ഡിസൈനറെ എനിക്കറിയാം. ഇന്‍ഡ്യയില്‍ത്തന്നെ അവയിലെ നിറവൈവിധ്യം മനോഹരമായി ഉപയോഗപ്പെടുത്തിയത് മനീഷ് അറോറ ആണ്. റീബോക്കിനായി ഫിഷ് ഫ്രൈ എന്ന പേരില്‍ അദ്ദേഹം ചെയ്ത കളക്ഷന്‍ നോക്കിയാലറിയാം.
ഇന്‍ഡ്യയിലെ ക്രാഫ്റ്റ്സ്, ഫോക് ആര്‍ട്ടുകളുടെ വിസ്തൃതി ഓര്‍ത്ത് അതിലേക്ക് മനപൂര്‍വ്വം കടക്കാതിരുന്നതാണ്.

un said...

സൂരജേ,
I am an Indian, I love my country, there is nothing better than Ambasador, Vicco Vajradanthi, Kirloskar, and Butterfly ദോശ മാവു് grinder എന്ന് അലസമായി ട്വീറ്റ് ചെയ്യുന്ന കൈപ്പള്ളിയെപ്പോലുള്ളവരോട് തര്‍ക്കിച്ചിട്ട് കാര്യമില്ലെന്നറിയാം. ന്നാലും..
പാഞ്ചാലി,
NID ക്യാമ്പസിലും ഹോസ്റ്റലിലുമൊക്കെ ഒത്തിരി തവണ ക്യാമ്പടിച്ചിട്ടുണ്ട്. :)ഇതുപോലെ ആര്‍ക്കിടെചറില്‍ മികച്ച ക്യാമ്പസായി തോന്നിയിട്ടുള്ളത് SPA ഡല്‍ഹി, CEPT, അഹമ്മദാബാദ് എന്നിവയാണ്. ആര്‍ക്കിടെക്ചറില്‍ എയ്സ്തെറ്റിക്സിനെക്കുറിച്ച് പഠിപ്പിക്കുന്നത് ഇവിടെമാത്രമാണെന്നും തോന്നിയിട്ടുണ്ട്.

പോസ്റ്റില്‍ സൂചിപ്പിക്കാന്‍ മറന്നുപോയ കാര്യങ്ങളിലൊന്ന് ബോംബെയിലെ ടാക്സികളെക്കുറിച്ചാണ്. The art of personalization of the Mumbai taxi is a good example of how a vehicle carries the identity that broadcasts the religion, cultural background, and other personal concerns of the driver. The religious intermingling of Islam, Hinduism, Sikhism, Christianity, and other newer faiths such as the Shirdi Sai Baba creates a diverse panaroma of religious expression and they become moving canvases that represent the cultural consciousness of the people of Mumbai.

മറ്റൊന്ന് സൌരാഷ്ട്രാ ഭാഗത്ത് കാണുന്ന ‘ചക്ഡ’ എന്നു വിളിക്കുന്ന വിചിത്രമായ ഒരു വാഹനമാണ്. പഞ്ചാബ്, മീററ്റ് തുടങ്ങിയ പ്രദേശങ്ങളിലും ഇതിന്റെ ചില വകഭേധങ്ങള്‍ കാണാം. The Chhakda an indigenous vehicle form of public transport.
In the local dialect, the term stands for a six-seater, but this is now a generic term used to describe many hybrid vehicles that are in-between the size of a tempo and auto-rickshaw. Most chakkdas are so decked that they look like small traveling circuses.

എല്ലാവര്‍ക്കും നന്ദി. തുടരാം.. :)

നന്ദന said...

നല്ല പോസ്റ്റ് ഇന്ത്യൻ ചിത്രകലയേകുറിച്ചും കളർ കോമ്പിനേഷനേ കുറിച്ചും കൂടുതലായി എഴുതണം തുടരുക താങ്കളുടെ ഉദ്യമം.

ബിനോയ്//HariNav said...

ഒരു സല്യൂട്ട് സ്വീകരിച്ചിട്ട് തുടരൂ.. :)

absolute_void(); said...

നവി മുംബയിലെ ലോക്കല്‍ റെയില്‍വേ സ്റ്റേഷനുകളുടെ ആര്‍ക്കിടെക്ചറല്‍ ഡിസൈന്‍ വൈവിദ്ധ്യം ശ്രദ്ധിക്കേണ്ടതാണു്.

അതുല്യ said...

പണ്ടൊക്കെ ഞങ്ങളുടെ റോഡില്‍, കൊച്ചിയീല്‍, ഒരാള്‍, റോഡില്‍ ചോക്ക് ഉപയോഗിച്ച്, വളരെ വളരെ ഭംഗിയുള്ള മുരുകന്‍, ശിവന്‍, ക്രിസ്തു എന്നിവരെ ഭയങ്കര വലുപ്പത്തില്‍ വരച്ചിരുന്നു. എന്നിട്ട് ആളുകള്‍ അതില്‍ കാശ് ഇട്ടിരുന്നു. ഇപ്പോ ആ ആളുകളോക്കെ എവിടെ പോയാവാ? ആ വരയ്ക്ക് ഒക്കെ വല പ്രത്യേക പേരുണ്ടോ ആവോ? അല്ല സിമ്പള്‍ വയറ്റ് പിഴപ്പോ?