Friday, November 13, 2009

കണ്‍വഴികളും കാഴ്ചവട്ടങ്ങളും*

There are no rules for good photographs, there are only good photographs. ~Ansel Adams

ഇന്നും ഫോട്ടോഗ്രാഫിയെ ഒരു കലാരൂപമായി അംഗീകരിക്കാത്തവരുണ്ട്. മറ്റു കലാരൂപങ്ങളെ അപേക്ഷിച്ച് ഫോട്ടോഗ്രാഫി വ്യത്യസ്ഥമാകുവാന്‍ പ്രധാന കാരണം സാങ്കേതികതക്ക് ഫോട്ടോഗ്രാഫിയില്‍ നാം കല്പിക്കുന്ന അമിതപ്രാധാന്യം തന്നെ. ഇനി ഫോട്ടോഗ്രാഫിയെ ഒരു കലാരൂപമായി അംഗീകരിച്ചു എന്നുതന്നെ ഇരിക്കട്ടെ, എന്നാലും ഫോട്ടോഗ്രാഫിയെക്കുറിച്ചുള്ള നമ്മുടെ കാ‍ല്പനിക സങ്കല്പങ്ങള്‍ ഇന്നും മാറിയിട്ടില്ല എന്നു വേണം പറയാന്‍. ഒരു പക്ഷേ, ചിത്രകലയില്‍ നിലനിന്നിരുന്ന പോര്‍ട്രയറ്റ്/ലാന്‍ഡ്സ്കേപ് എന്ന റിയലിസ്റ്റിക് സങ്ക്ല്പത്തിനു ബദലായി വന്ന ഒരു സങ്കേതമായതു കൊണ്ടാവാം ഈ ഒരു സമീപനം. ഒരു ഫോട്ടോ എങ്ങിനെയൊയിരിക്കണം എന്നു ചില പൊതു ധാരണകളുണ്ട്. അങ്ങനെ പാലിക്കേണ്ടതായ ചിട്ടവട്ടങ്ങള്‍ക്കകത്ത് നിന്ന് (അഥവാ ചിട്ടവട്ടങ്ങള്‍ എന്ന് സ്വയം ധരിച്ചുവെച്ചിരിക്കുന്ന ചില രീതികള്‍) ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നു എന്നതാണ് പല ഫോട്ടോഗ്രാഫര്‍മാരുടെയും പ്രധാന പരിമിതി. ഒരു ആശയം, അല്ലെങ്കില്‍ ഒരു കാഴ്ച അതെങ്ങിനെ പകര്‍ത്തണമെന്നും താന്‍ ആഗ്രഹിച്ച രീതിയില്‍ അതിനെ എങ്ങിനെ അവതരിപ്പിക്കണം എന്നു മാത്രമേ ഫോട്ടോഗ്രാഫര്‍ ചിന്തിക്കേണ്ടതുള്ളൂ. നോവലിസ്റ്റിന്റെ പേനയുടെ ക്വാളിറ്റി നോക്കിയല്ലല്ലോ നോവലിന്റെ നിലവാരമളക്കേണ്ടത്. അത്രയും പ്രാധാന്യമേ ഫോട്ടോഗ്രാഫിയില്‍ ക്യാമറയ്കും ടെക്നോളജിക്കും ഉള്ളൂ. മറ്റൊന്ന് ഫോട്ടോഷോപ്പിന്റെ ഉപയോഗത്തെക്കുറിച്ച് പൊതുവേ പറഞ്ഞു കേള്‍ക്കാറുള്ള പരാതികള്‍ ആണ്. സോ വാട്ട്? ഒന്നുകില്‍ അതിനൂതനമായ സാങ്കേതികവിദ്യകള്‍ ഉള്ള ഒരു ക്യാമറ ഉപയോഗിച്ച് ചിത്രങ്ങളെ മാനിപ്പുലേറ്റ് ചെയ്യാം അല്ലെങ്കില്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ചെയ്യാം. അത്രയേ ഉള്ളൂ. ഫോട്ടോഗ്രാഫി എന്നതു തന്നെ കാഴ്ചയെ മാനിപ്പുലേറ്റ് ചെയ്യലാണല്ലോ. ഫോട്ടോയിലെ ഫോക്കസിങ്, വൈറ്റ് ബാലന്‍സ്, റൂള്‍ ഓഫ് തേര്‍ഡ് , ഇവയൊന്നും തന്നെ ആസ്വാദകനെന്ന നിലക്ക് എന്നെ അലോസരപ്പെടുത്തുന്ന പ്രശ്നങ്ങളല്ല. ചിത്രം എന്നിലെ കാഴ്ചക്കാരനുമായി സംവദിക്കുന്നുവോ എന്നതുമാത്രമാണ് പ്രധാനം. (ആസ്വാദനത്തിലെ ഏറ്റക്കുറച്ചിലുകള്‍ വേറെ വിഷയം. അതില്‍ ഇതിനകം തന്നെ ആവശ്യത്തിലധികം ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞിട്ടുണ്ട്).

യഥാര്‍ത്ഥമായ കാഴ്ചകളുടെ ചിത്രീകരണത്തില്‍ മാത്രം ഒതുക്കി നിര്‍ത്താവുന്നതല്ല ഫോട്ടോഗ്രാഫിയുടെ സാധ്യതകള്‍. ഒരു ചിന്ത, ഒരു ആശയം, അത് മൂര്‍ത്തമോ അമൂത്തമോ ആവട്ടെ, അവ രൂപപ്പെടുത്തുകയും അതിനെ കൈവശമുള്ള ഉപകരണങ്ങളുടെ സഹായത്തോടെ പുനര്‍നിര്‍മ്മിക്കുകയും ചെയ്യുക എന്നതാണ് ഒരു ഫോട്ടോഗ്രാഫറുടെ ജോലി. സ്വാഭാവികമായും ഈ പ്രക്രിയയിലെ ആദ്യഘട്ടത്തിലെ നിരീക്ഷണത്തേയും ആശയരൂപീകരണത്തേക്കാളും താരതമ്യേന എളുപ്പമാണ് രണ്ടാം ഘട്ടത്തിലെ നിര്‍മ്മാണപ്രക്രിയ. നിര്‍ഭാഗ്യവശാല്‍ പലരും നിര്‍മ്മാണപ്രക്രിയയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്.

പലപ്പോഴും ഉദാത്തമായ കലാസൃഷ്ടികള്‍ രൂപം കൊള്ളുന്നത് പരമ്പരാഗത രീതികളില്‍ നിന്നും വഴിമാറി ചിന്തിക്കുമ്പോഴാണ്. അങ്ങിനെ വേറിട്ട കാഴ്ചകള്‍ എന്ന് എനിക്കു തോന്നിയ ചില ചിത്രങ്ങളേയും ഛായാഗ്രാഹകരേയും പരിചയപ്പെടുത്തുക എന്നതാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം. ( തെരെഞ്ഞെടുപ്പുകള്‍ തികച്ചും വൈയ്യക്തികം)

1.
പാരീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രാഫര്‍ ഡെനിസ് ദര്‍സാക്ക് അടുത്തകാലത്ത് ചെയ്ത ‘ഹൈപ്പര്‍’ എന്ന സീരീസ്. ‘സമൂഹത്തില്‍ വ്യക്തിയുടെ സ്ഥാനം’ എന്നതാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പൊതുവിഷയം. അതിയഥാര്‍ത്ഥമായി ചിത്രീകരിച്ചിരിക്കുന്ന ഈ ഫോട്ടോകള്‍ ഒറ്റനോട്ടത്തില്‍ ഫോട്ടോഷോപ്പില്‍ ചെയ്തതെന്ന് തോന്നുമെങ്കിലും ഇവ യാതൊരു വിധ ഡിജിറ്റല്‍ മാനിപ്പുലേഷനും ഈ ചിത്രങ്ങളില്ല. പകരം, ഒഴിഞ്ഞ സൂപ്പര്‍മാര്‍ക്കറ്റുകളെ പശ്ചാത്തലം ആക്കി യുവ നര്‍ത്തകരെയും കായികതാരങ്ങളെയും പോസ് ചെയ്യിപ്പിച്ചെടുത്ത ചിത്രങ്ങളാണിവ.
2.

പീറ്റര്‍ ഫഞ്ച്

ഡാനിഷ് ഛായാഗ്രാഹകനായ പീറ്റര്‍ ഫഞ്ച് തന്റെ ’ബാബേല്‍ കഥകള്‍’ എന്ന ശ്രേണിയില്‍ വലിയ നഗരത്തിന്റെ സാധാരണതകളെ പകര്‍ത്തുന്നു. അദ്ദേഹം ന്യൂയോര്‍ക്കിലെ തെരുവുകളില്‍ തന്റെ കാമറ സ്ഥാപിക്കുകയും ആളുകള്‍ നടന്നുനീങ്ങുന്നതിനിടയില്‍ അവരുടെ ചിത്രങ്ങള്‍ എടുക്കുകയും ചെയ്യുന്നു. ഒരേ സവിശേഷതകളുള്ള - ചുവന്ന ഉടുപ്പിട്ടവര്‍, മുകളിലേക്കു നോക്കുന്നവര്‍, മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നവര്‍, എന്നിങ്ങനെ ഒരേ സ്വഭാവമുള്ള ജനങ്ങളുടെ കാഴ്ച്ചകള്‍ വിദഗ്ധമായി പകര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഒരു പടികൂടി മുന്നോട്ടുപോയി തന്റെ ഫോട്ടോഗ്രാഫുകളെ എഡിറ്റ് ചെയ്ത് സംയോജിപ്പിച്ച് മൊണ്ടാഷുകള്‍ ഉണ്ടാക്കി, അവയില്‍ ഈ ആളുകളെല്ലാം ഒരു ചിത്രത്തിലാണ്. ഇതിന്റെ ഫലം നമ്മുടെ വ്യത്യാസങ്ങള്‍ക്കിടയിലും നാമെല്ലാം വളരെയധികം സാമ്യമുള്ളവരാണ് എന്നു കാണിക്കുന്ന അതിയഥാര്‍ത്ഥമായ സൃഷ്ടികളുടെ ഒരു സീരീസ് ആയിരുന്നു. ഈ രണ്ടു സീരീസുകളുടെയും ഏറ്റവും രസകരമായ സാമ്യത (അതോ വ്യത്യാസമോ?) മുമ്പ് സൂചിപ്പച്ച ഫോട്ടോഷോപ്പ് ഉപയോഗത്തെക്കുറിച്ചുള്ള ഇരുവരുടെയും സമീപനമാണ്. ഡിജിറ്റല്‍ മാനിപ്പുലേഷന്‍ ഇല്ല എന്നതാണ് ഡെനീസ് ദര്‍സാക്കിന്റെ ചിത്രങ്ങളെ മഹത്തരമാക്കുന്നതെങ്കില്‍ ഡിജിറ്റല്‍ മാനിപ്പുലേഷന്റെ സാധ്യതകളാണ് പീറ്റര്‍ ഫഞ്ചിന്റെ ചിത്രങ്ങളുടെ സവിഷേഷത.

3.
പാസഞ്ചേര്‍സ്

ലൂയി മല്ലൊ

ക്യൂബന്‍ ഛായാഗ്രാഹകനായ ലൂയി മല്ലോയുടെ ശൈലി നൈരന്തര്യത്തെ ആഘോഷിക്കുക എന്നതാണ്. 15 വര്‍ഷം നീണ്ട തന്റെ കരിയറില്‍ അദ്ദേഹം ദൈനംദിന വസ്തുക്കളെ ഫോട്ടോഗ്രാഫ് ചെയ്യുകയും അവയെ ഒരു പുതിയ വെളിച്ചത്തില്‍ കാണിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പല സൃഷ്ടികളും ഒരു സീരീസ് ആയി ചെയ്തവയാണ്.

4.

ശരദ് ഹസ്കര്‍

തന്റെ ആക്ടിവിസ്റ്റ് പരസ്യപ്പലകകള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ പ്രശസ്തനാണ് ശരദ് ഹസ്കര്‍ . 2005-ല്‍ ഹസ്കര്‍ ചെന്നൈയിലെ ഏറ്റവും തിരക്കുപിടിച്ച തെരുവുകളില്‍ സ്വന്തം ‘സര്‍ഗ്ഗാത്മകതയുടെ പ്രകടനമായ സൃഷ്ടി’ വലിയ ഒരു പരസ്യപ്പലകയില്‍ സ്ഥാപിച്ചു.
5.
Remanence

തദ്സിയോ

പാരീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റൊരു ഫോട്ടോഗ്രാഫര്‍. നഗരജീവിതത്തിന്റെ സുരക്ഷിതത്വവും അതിന്റെ ഒറ്റപ്പെടലുകളില്‍ മാഞ്ഞുപോകുന്ന വ്യക്തിത്വങ്ങളും തമ്മിലുള്ള വൈരുദ്ധ്യം Remanence എന്ന സീരീസില്‍ കാണാം.

6.
ഫ്രെഡ് ലെബൈന്‍

മടുപ്പിക്കുന്നതും ഭാവനാശൂന്യവുമായ ക്ലീഷേ കാഴ്ചകളിലാണ് ഫ്രെഡ് ലെബൈന്‍ എന്ന ഫോട്ടോഗ്രാഫര്‍ക്കു താല്പര്യം. പക്ഷേ അവയെ അവതരിപ്പിക്കുന്ന രീതിയാണ് അദ്ദേഹത്തിന്റെ സൃഷ്ടികളുടെ സവിശേഷത. ന്യുയോര്‍ക്ക് സിറ്റിയുടെ പലഭാഗങ്ങളില്‍ സഞ്ചരിച്ച് ഫോട്ടോ എടുക്കുകയും പിന്നീട് ആ ഫോട്ടോകളുടെ വലിയ പ്രിന്റ് ഔട്ടുകള്‍ എടുത്ത് രണ്ടാം സന്ദര്‍ശനത്തില്‍, തന്റെ ആദ്യ സന്ദര്‍ശനത്തെ ഡോക്യുമെന്റ് ചെയ്യാനെന്നവണ്ണം അവയെ അതേ സ്ഥലത്ത് സൂപ്പര്‍ ഇമ്പോസ് ചെയ്യുകയും ചെയ്യുക എന്നതാണ് ഈ സീരീസില്‍ ഉപയോഗിച്ചിരിക്കുന്ന രീതി.

കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ


7.
മാറ്റ് സ്റ്റുവാര്‍ട്ട്

സ്ട്രീറ്റ് ഫോട്ടോഗ്രാഫിയാണ് ലണ്ടന്‍കാരനായ മാറ്റ് സ്റ്റുവാര്‍ട്ടിന്റെ താല്പര്യ മേഖല. ചിത്രങ്ങളില്‍ പ്രത്യേകിച്ചും ബ്ലാക്ക് & വൈറ്റ് സീരീസില്‍ തിരഞ്ഞെടുത്തിരിക്കുന്ന വിഷയങ്ങളിലെ പൊതുസ്വഭാവവും അവ അവതരിപ്പിച്ചിരിക്കുന്ന രീതിയും ശ്രദ്ധേയമാണ്. സ്ട്രീറ്റ് ഫോട്ടോഗ്രാഫിയിലെ മികച്ച കുറേ ചിത്രങ്ങള്‍ ഇവിടെ കാണാം.

8.

ഹോര്‍ഹെ റൂസേ

തന്റെ ഫോട്ടോകളില്‍ ചിത്രകല പരീക്ഷിക്കുന്നയാള്‍ എന്ന നിലയില്‍ ഹോര്‍ഹെ റൂസേയെ ഒരു ഫോട്ടോഗ്രാഫര്‍ എന്നോ ചിത്രകാരന്‍ എന്നോ വിളിക്കാം. കെട്ടിടങ്ങള്‍ക്കിടയില്‍ ദ്വിമാന സ്വഭാവമുള്ളതെന്നു തോന്നിപ്പിക്കുന്ന പെയിന്റിങ്ങുകള്‍ വരച്ചു ചേര്‍ത്ത് ക്യാമയുടെ സിംഗിള്‍ പോയിന്റ് പെര്‍സ്പെക്റ്റീവില്‍ നിന്നും ഫോട്ടോയെടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ രീതി. ത്രീ ഡയമന്‍ഷണല്‍ പെയിന്റിങ്ങുകള്‍ തന്ത്രപൂര്‍വ്വം ചിത്രത്തില്‍ സംയോജിപ്പിച്ചാണ് ഇത്തരം ഒരു ഇല്യൂഷന്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹം സാധിച്ചെടുക്കുന്നത്.

9.

ഡേവിഡ് ബാച്ചിലര്‍.


നാലു വര്‍ഷത്തിനിടെ, ലണ്ടനിലെ തന്റെ പ്രഭാതസവാരിക്കും സൈക്കിള്‍ യാത്രയ്കും ഇടയ്ക് ശ്രദ്ധയില്‍ പെട്ട നൂറോളം വെളുത്ത ചതുരങ്ങളുടെ ചിത്രങ്ങള്‍ വരുന്ന ശേഖരമാണ് Monochromes Of London എന്ന സീരീസിലുള്ളത്. നഗരജീവിതത്തിന്റെ യാദൃശ്ചികമായ ഉപോല്‍പ്പന്നങ്ങളാണ് ഇത്തരം കാഴ്ചകള്‍. ഏതൊരു നഗരത്തിലും ദൃശ്യവൈവിധ്യങ്ങളുടെ ഇടയില്‍ ഒഴിഞ്ഞു നില്‍കുന്ന നിറപ്പൊലിപ്പില്ലാത്ത സമാനകാഴ്ചകള്‍ ഉണ്ടാവണം. വിയറ്റ്നാമിലെ Neubaugasse എന്ന തെരുവിലെ പരസ്യങ്ങളും, ലോഗോയും, ഒക്കെ മഞ്ഞത്തുണികൊണ്ട് മറച്ചുണ്ടാക്കിയ ‘‘ഡെലീറ്റ്‘ എന്ന ഇന്‍സ്റ്റലേഷനെക്കുറിച്ചും കൂട്ടത്തില്‍ സൂചിപ്പിക്കട്ടെ.

10.

മൊഹമ്മദ്രേസ മിര്‍സായ്


ഈ ഇറാനിയന്‍ ഫോട്ടോഗ്രാഫറുടെ ‘മനുഷ്യര്‍‘ എന്ന ലോങ് ഷോട്ടുകളുടെ മനോഹരമായ സീരീസ്. വിശാലമായ വെളുത്ത ആകാശത്തിന്റെ പശ്ചാത്തലത്തില്‍ കാണുന്ന പലതരത്തിലുള്ള മനുഷ്യരുടെ തീരെച്ചെറിയ നിഴല്‍രൂപങ്ങളുടെ വിവിധ ഭാവങ്ങളുടെ ചിത്രങ്ങള്‍ അവതരണത്തിലെ ലാളിത്യം കൊണ്ടു തന്നെ ശ്രദ്ധേയമാകുന്നു. ചുരുക്കം ചില ചിത്രങ്ങളിലൂടെ മനുഷ്യബന്ധങ്ങള്‍, ഏകാന്തത തുടങ്ങി ജീവിതത്തെക്കുറിച്ചൊരു പുസ്തകം തന്നെ തീര്‍ത്തിരിക്കുകയാണ് മൊഹമ്മദ്രേസ.



ഒരു പൊതു ശൈലി അനുവര്‍ത്തിക്കുന്ന ചില ചിത്രങ്ങളാണ് ഈ കുറിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലൂയി മല്ലൊയുടെ ‘പാസഞ്ചേര്‍സ് ‘ പോലെ വളരെ സാധാരണമായ കാഴ്ചകള്‍ പോലും പുതുമയോടെ അവതരിപ്പിച്ചിരിക്കുന്ന രീതി അസൂയാവഹമാണ്. ‘ഒരിടത്തൊരു രാജാവുണ്ടായിരുന്നു’, ദെന്‍ ദെ ലിവ്ഡ് ഹാപ്പിലി എവര്‍ ആഫ്റ്റര്‍‘ തുടങ്ങി പതിവുശൈലിയിലുള്ള ആഖ്യാനരീതിയല്ല ഇവരുടേത്. മറിച്ച് ഒരു ചിന്തയോ ആശയമോ ഒരൊറ്റ ഫോട്ടോയില്‍ തന്നെ പ്രകടിപ്പിക്കുന്നതിനു പകരം സമാന സ്വഭാവമുള്ള ചിത്രങ്ങള്‍ ഒരു സീരീസ് ആയി അവതരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഒറ്റക്കായുള്ള ചിത്രങ്ങളില്‍ പോലും ഒരു പൊതുസ്വഭാവം പിന്തുടരുന്നതായും കാണാന്‍ കഴിയും ( ഉദാ: മാറ്റ് സ്റ്റുവര്‍ട്ടിന്റെ ചിത്രങ്ങള്‍). കാഴ്ചയില്‍ നിന്നും ഒരു സവിശേഷ നിമിഷം ഫ്രീസ് ചെയ്യുക എന്ന ഫോട്ടോഗ്രാഫിയുടെ പൊതുധാരണക്കപ്പുറത്തുള്ള മാനങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നു എന്നതു തന്നെയാണ് ഇത്തരം സീരീസുകളുടെ സവിശേഷതയും. അന്‍സല്‍ ആദംസിന്റെ തന്നെ മറ്റൊരു വരി കടമെടുത്ത് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.


A photograph is usually looked at - seldom looked into‘


*തലക്കെട്ട് കടപ്പാട്: സുനില്‍.പി.ഇളയിടം


22 comments:

Kiranz..!! said...

ഫേസ് ബുക്കിലേപ്പോലെ ഒരു ഐലൈക്കിറ്റ് ബട്ടൺ ഉണ്ടായിരുന്നെങ്കിൽ കാണിച്ചു തരാമായിരുന്നു..!

സി.കുഞ്ഞിക്കണ്ണന്‍ said...

കൊള്ളാം. വളപട്ടണത്തെ റെഡ്സ്റ്റാര്‍ സ്റ്റുഡിയോയിലും ഇതേപോലെ നല്ല കുറേ ഫോട്ടോകള്‍ കണ്ടിട്ടുണ്ട്.

ശ്രീലാല്‍ said...

Thanks man !!

കുഞ്ഞിക്കണ്ണേട്ടാ വളപട്ടണത്ത് എവിടെയാണത് ?

പാഞ്ചാലി :: Panchali said...

പരിചയപ്പെടുത്തലിനു നന്ദി!
:)

Pramod.KM said...

ലേഖനത്തിന് നന്ദി.

സനാതനൻ | sanathanan said...

നല്ല ലേഖനം..അല്പം കാപ്സ്യൂൾ പരുവത്തിലായിപ്പോയോ എന്ന് സംശയം.

ദിലീപ് വിശ്വനാഥ് said...
This comment has been removed by the author.
ദിലീപ് വിശ്വനാഥ് said...

പുതുമയുള്ള ഒരു കാഴ്ചപ്പാട്. എനിക്കിഷ്ടപ്പെട്ടു.

പകല്‍കിനാവന്‍ | daYdreaMer said...

Coool....!!!!

sUniL said...

വായിച്ചു, നന്ദി!

വെള്ളെഴുത്ത് said...

കണ്‍‌വഴികളെക്കുറിച്ചറിഞ്ഞു, കാഴ്ചവട്ടങ്ങള്‍ ......സിദ്ധാന്തങ്ങള്‍ പൊളിയണമെങ്കില്‍ ഇങ്ങനെ കുറേ ഉദാഹരണങ്ങള്‍ വച്ചു സംസാരിക്കണം. ക്യാമറ ഒരു തോക്കാണെന്ന് പറഞ്ഞ കക്ഷിയില്ലേ? ക്ലിക്ക് ഒരു നിറയൊഴിക്കലാണെന്ന്.. സൌന്ദര്യശാസ്ത്രപരമായി അതെന്താണെന്ന് തിരിച്ചറിയാന്‍ ഇവിടെ എടുത്തെഴുതിയ കക്ഷികളിലൂടെ കടന്നു പോകണം.. ഞാനാ മൊഹമ്മദ്രേസ മിര്‍സായ് -യെ വല്ലാതെ ഇഷ്ടപ്പെടുന്നു, കൂട്ടത്തില്‍ . പണ്ടേ തുടങ്ങിയ ഇഷ്ടമാണ് . ദൂരക്കാഴ്ചകള്‍ ഒന്നുകില്‍ നമ്മുടെ കാഴ്ചവട്ടങ്ങളുടെ പരിമിതിയെ ബോധ്യപ്പെടുത്തുന്നു എന്നുള്ളതു കൊണ്ടയിരിക്കാം അല്ലെങ്കില്‍ നമ്മുടെ പരിമിതിയെ അതിലംഘിക്കാനുള്ള ഒരു സാധ്യത അവയില്‍ കുടികൊള്ളുന്നതു കൊണ്ട്.. എന്തുകൊണ്ടോ ..

റോബി said...

നല്ല റൈറ്റപ്പ് ഉന്മേഷ്..

പണ്ടൊക്കെ ഫോട്ടോഗ്രഫി താത്പര്യമായിരുന്നു. ഇന്ന്, ഒരു DSLR ഒക്കെ കൈയിൽ വന്നപ്പോൾ മോഷൻ ഫോട്ടോഗ്രഫിയായി താത്പര്യം...:)

ശരദ് ഹസ്കറുടെ പരസ്യപ്പലകയിലാണ് എന്റ്റെ ചിന്തയുടക്കിയത്. ആയിരം വാക്കുകളേക്കാൾ ശക്തം.

കക്ഷിയുടെ ബിൽബോർഡുകളുടെ ഫോട്ടോ വേറെയുണ്ടോ?

vimal said...

nice post '<3'
@Robi see Sharad hskarz deviant art gallery http://sharadhaksar.deviantart.com/
brand irony series il undu ellam

നൊമാദ് | ans said...

brilliant article.

സാല്‍ജോҐsaljo said...

ഫോട്ടോഗ്രഫിയിൽ റൂളുകൾ അനുവർത്തിക്കേണ്ടതുണ്ടോ എന്നത്, കവിതയിൽ വൃത്തം ആവശ്യമുണ്ടോ എന്ന രീതിയിൽ പരക്കെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാൺ. ചില റൂളുകളെങ്കിലും ഫോട്ടോഗ്രഫിയെ സഹായിക്കാമെങ്കിലും, കാഴ്ചകാരൻ അതിനെ എങ്ങനെ കാണുന്നു എന്നതിലാൺ കാര്യം. മുൻ‌കാലങ്ങളിൽ നെഗറ്റീവ് സ്പെയ്സ് ആയി ആകാശം/വെള്ള പോലും കരുതിയിരുന്നു. ആകാശത്തെ/വെള്ളയെ മൂന്നിൽ രണ്ടായിക്കാണിക്കുന്ന രീതി അത്രകണ്ട് അംഗീകരിച്ചിരുന്നില്ല ആരും. പക്ഷേ നൂതനമായ ക‌ൻ‌ടെമ്പർ‌റി ആർട്ട്ഫോമുകൾ നിലവിൽ വന്നപ്പോൾ അതൊക്കെ തനിയെ മാറി. ഫോട്ടോഗ്രഫിക്ക് അങ്ങനെ ഒരു മാനം കെഇവന്നതിനെ പ്രധാനകാരണം അതിനൊരു സ്പെസിഫിക് മീഡിയം ഇല്ലാത്തതുകൊണ്ടു തന്നെയാൺ. ഒരു സ്ട്രീറ്റ് ഫോട്ടോ സീരീസ്/തീം ഫോട്ടോഗ്രഫി ഒന്നും പൊതുവെ പത്രങ്ങൾ അക്കമഡേറ്റ് ചെയ്യാൻ താല്പര്യപ്പെടുന്നില്ല. പ്രിന്റ് മീഡിയയിൽ ബ്രോഷറുകൾ, ഫ്ലെഇയറുകൾ തുടങ്ങിയവയാണു പിന്നെ ഇവ പ്രസിദ്ധീകരിക്കാൻ പറ്റിയ ഇടം. അതിലൊക്കെ പ്രോഡക്ട്/ഇൻഡസ്റ്റ്രിയൽ/കോർപ്പറേറ്റ്/ഫാഷൻ ഫോട്ടോഗ്രഫിയെ അധികരിച്ചുള്ളതായതുകൊണ്ട്, തീം/സീരീസ് ഫോട്ടോഗ്രഫി ആളുകളിലേയ്ക്കെത്താനുള്ള ഒരു വേദി ഗ്യാലറികൾ മാത്രമായി ഒതുങ്ങി. ഇങ്ങനെ ആസ്വാദകരുടെ കുറവുനിമിത്തമാൺ ഫോട്ടോഗ്രഫി ഒരു കലാരൂപമായി ഏറെ ശ്രദ്ധയാകർഷിക്കാത്തത്. (നമ്മുടെയിടയിൽ)

ഫോട്ടോഷോപ്പ് എന്നത് ഒരു ആപ്ലിക്കേഷൻ മാത്രമാണെന്ന് പലരും ഇന്നും കരുതുന്നില്ല.

ഒരു ഫോട്ടോയ്‌ഗ്രാഫർ ബോസിൽ നിന്നും കേട്ടത്.:

ഒരു പ്രമുഖ കമ്പനിയുടെ ആനുവൽ റിപ്പോർട്ടിനുവേണ്ടി ഡയറക്‌ടർ ബോർഡിലുള്ള ചീഫുമാരുടെ ഒരുമിച്ചുള്ള ഒരു ഫോട്ടോഗ്രാഫ് വേണം, പലരാജ്യത്തുള്ള ഇവരെ ഫോട്ടോസെഷനായി ഒരുമിപ്പിക്കുക സാധ്യമല്ല. പക്ഷേ ബോർഡ് മീറ്റിങ്ങിനുവേണ്ടി എല്ലാവരും ഒരുമിച്ചുനിൽക്കുന്ന സമയം, (ആനുവൽ മീറ്റിംഗിനു മുൻപാണെന്ന് ഓർക്കുക) ഒരു അണൊഫിഷ്യൽ മീറ്റിംഗിനായി എയർപോർട്ടിൽ എത്തുമ്പോഴാൺ. ഇതിനുവേണ്ടി അവർ ഡയറക്ടേഴ്സിലെ ഓരോരുത്തരുടെയും പൊക്കവും വണ്ണവുമുള്ള ഡമ്മികളെ വച്ച് എയർപോർട്ട് അറെഇവലിൽ ലെഇറ്റപ്പ് ചെയ്തു. മൂന്നു ഫോട്ടോഗ്രാഫർമാർ, മൂന്നു ക്യാമറകൾ, മൂന്ന് ആംഗിളുകൾ, മൂന്നോ-നാലോ മിനിട്ട് സമയം. (ഡിജിറ്റൽ ടെക്നോളജികൾ ഇല്ലെന്നോർക്കണം). ഇത്രയും റിസ്ക് എടുത്ത് ചെയ്യുന്നത് ഒരു ഫോട്ടോയ്ക്കുവേണ്ടിയാൺ. ഇന്നൊരുപക്ഷേ, ഫോട്ടോഷോപ്പ് മാനിപ്പുലേഷൻ കൊണ്ട്, ഈ ചെലവുകൾ കുറയ്ക്കാം എന്നിരിക്കിലും, ആദ്യത്തെരീതിയിൽ ചെലവിട്ടു ചെയ്യുന്ന ഫോട്ടോകൾക്ക് ആസ്വാദ്യത കൂടും.

പ്രോഡക്ട്/ഇൻഡസ്ട്രിയൽ/ഫാഷൻ ഫോട്ടോഗ്രഫി ചെയ്യുമ്പോൾ ഒരുപാട് കലാപരമായി ഒന്നും ചെയ്യാൻ സാധ്യമല്ല. പ്രോഡക്ടിനെയും, മെഷിനറികളെയും, കോസ്റ്റ്യൂമുകളെയും എടുത്തുകാണിക്കേണ്ടതുണ്ട്. പക്ഷേ ഫോട്ടോഗ്രഫി അതിലുമൊക്കെ എത്രയോ വലുതാൺ. മേല്പറഞ്ഞ നെഇക്കി പരസ്യത്തിനു ചുവട്ടിൽ ചുള്ളൻ മൂത്രമൊഴിക്കുന്നതു നോക്കുക! ഒരു കഥ പറയാനുണ്ട് ഈ ചിത്രങ്ങൾക്ക്. അതാൺ ഫോട്ടോഗ്രഫിയുടെ പവർ. ഒരു പൂവോ, കായോ, പക്ഷിയെയോ, ആകാശമോ എടുക്കുന്നതിൽ മാത്രമൊതുങ്ങുന്നില്ല ഫോട്ടോഗ്രഫിയുടെ ലോകം.(അവയിൽ സൊഉന്ദ്യര്യം ഇല്ലെന്നല്ല) നിത്യേന കാണുന്നതും എന്നാൽ ഒരിക്കലും ശ്രദ്ധിക്കപ്പെടാത്തതുമായ കാഴ്ചകളെ വ്യൂഫെഇഡറിൽ കൂടി നോക്കിക്കാണുന്നതിനും മുൻപേ മനസിൽ കാണാൻ കഴിയണം.

ഇതത്രയും ആദ്യ പാരഗ്രാഫിനെപറ്റിയുള്ള അഭിപ്രായം. (നീണ്ടുപോയി!)

കുറേ നല്ല ഫോട്ടോഗ്രഫറ്മാരെ ഒരുമിച്ച് കുറുക്കി പരിചയപ്പെടുത്തിയതിനു നന്ദി. താങ്കളുടെ ഫോട്ടോഗ്രാഫുകൾ കാണിക്കുന്ന ഒരു വിഡ്ജറ്റ് ഫിറ്റ് ചെയ്യൂ. ഒരുമിച്ച് കാണാമല്ലോ.



=====
(using mac based mozhi, sorry for errors)

namath said...

ചിയേഴ്സ്. പോസ്റ്റ് തകര്‍ത്തു. വായിച്ചു തരിപ്പണമായി -))

ബിനോയ്//HariNav said...

നണ്ട്രി ഉന്മേഷ്‌ജീ :)

യൂസുഫ്പ said...

ഇത് വളരെ വ്യത്യസ്തമായൊരു പോസ്റ്റാണ്‌. നല്ല വീക്ഷണം .

Captain Haddock said...

നന്ദി !!!

സ്വപ്നാടകന്‍ said...

തകര്‍ത്തു..അണ്ണാ..കിടിലന്‍..

സ്വപ്നാടകന്‍ said...

തകര്‍ത്തു..അണ്ണാ..കിടിലന്‍..

മേഘമല്‍ഹാര്‍(സുധീര്‍) said...

കലക്കി