Monday, February 09, 2009

യേസ്, യൂ കാന്‍ ഡ്രോ!

ഇല്ലസ്ട്രേഷന്‍: David Shringley

Question: What do you think of Eames? Answer: What are they?
...
രവിവര്‍മ്മ ചിത്രങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രതിഭയെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ വളരെക്കാലമായി നടന്നു വരുന്ന ഒന്നാണ്. ചിത്രകാരന്റെ പോസ്റ്റുമായി ബന്ധപ്പെട്ടു വന്ന മിക്ക ചര്‍ച്ചകളിലും പ്രതികരണങ്ങളിലും രവിവര്‍മ്മയാണ് മലയാളം കണ്ട ഏറ്റവും മികച്ച ചിത്രകാരന്‍ (പലരും തനിക്ക് ചിത്രകലയെക്കുറിച്ച് കൂടുതല്‍ ഒന്നുമറിയില്ല എന്ന മുന്‍കൂര്‍ ജാമ്യത്തോടുകൂടെ!) , ആധുനിക ചിത്രകല ശുദ്ധ അസംബന്ധമാണ് എന്ന രീതിയിലുള്ള പോസ്റ്റുകളും കമന്റുകളും കണ്ടപ്പോള്‍ ചിലതൊക്കെ പറയാതിരിക്കാനാവില്ല എന്നു തോന്നി.

മറ്റു കലാരൂപങ്ങളെ അപേക്ഷിച്ച് വിഷ്വല്‍ ആര്‍ട്ടുകളുടെ കാര്യത്തില്‍ മനുഷ്യന്റെ ലംബമായുള്ള ശരീരഘടനയും തിരശ്ചീനമായുള്ള കാഴ്ചയും ആസ്വാദനത്തെ സ്വാധീനിക്കുന്നു എന്നത് വളരെ പ്രധാനമാണ്. ആ കാഴ്ച അനുസരിച്ചാണ് നാം മുകള്‍ഭാഗം, താഴ് ഭാഗം, വശങ്ങള്‍ എന്നിവ സ്വയം കല്പിച്ചു നല്‍കുന്നതും. കാഴ്ചയുടെ തുലനം നിലനിര്‍ത്തുന്നതിനായി ലോകം എങ്ങിനെയിരിക്കണം എന്നതിന് ഇന്‍സ്റ്റിന്‍ക്റ്റീവായ ചില പ്രിഫറന്‍സുകളും നമുക്കുണ്ട്. ചുവരില്‍ തൂക്കിയിട്ടിരിക്കുന്ന ചിത്രം ചരിഞ്ഞു പോയെങ്കില്‍ അതു തിരികെ നേരെയാക്കി വെക്കാനുള്ള ത്വര (urge) നമ്മെ അസ്വസ്ഥരാക്കുന്നു. പരിചയമുള്ള ചിത്രം പോലും തലതിരിച്ചു വെച്ചാല്‍ മനസിലാക്കിയെടുക്കാന്‍ നാം ബുദ്ധിമുട്ടുന്നു. പിസായിലെ ഗോപുരത്തിന്റെ വാസ്തുശില്പപാടവത്തെക്കാറെ അതിന്റെ ചരിവ് ചര്‍ച്ചചെയ്യപ്പെടുന്നു. സമചതുരമെങ്കിലും 45 ഡിഗ്രി ചെരിച്ചുവെച്ചാല്‍ അതേ ചിത്രത്തെ റോംബസ് എന്നോ ഡയമണ്ട് എന്നോ പേരിട്ട് വിളിക്കുന്നു. ഇതൊക്കെ ചിത്രത്തിന്റെ കുഴപ്പമല്ല നമ്മുടെ കാഴ്ചയുടെയും ശീലങ്ങളുടേയും മാത്രം പ്രശ്നമാണ്. സൂര്യന്‍ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നതായി നാം ദിവസേന കാണുന്നു. അതുപോലെ തന്നെ ഭൂമി സൂര്യനു ചുറ്റും പടിഞ്ഞാറു നിന്നും കിഴക്കോട്ട് കറങ്ങുന്നെന്നും നമുക്കറിയാം. എന്നാല്‍ ഈ രണ്ടു പ്രസ്താവനകളും പരസ്പര വിരുദ്ധമാണെന്നതിലും തര്‍ക്കമില്ല. (വാക്കും കാഴ്ചയും തമ്മിലുള്ള ഈ വൈരുധ്ധ്യത്തെക്കുറിച്ച് സര്‍റിയലിസ്റ്റ് ചിത്രകാരനായ മഗ്റിത്തേയുടെ സ്വപ്നങ്ങളുടെ താക്കോല്‍ എന്ന സീരിസില്‍ കാണാം.)


പറഞ്ഞുവന്നത് നമ്മുടെ പരിമിതമായ അറിവും വിശ്വാസങ്ങളും മുന്‍ വിധികളും പലപ്പോഴും കാഴ്ചയെ സ്വാധീനിക്കുന്നതിനെക്കുറിച്ചാണ്. we only see what we look at. എന്തു നോക്കണം എന്നത് നോക്കുന്ന വ്യക്തി തീരുമാനിക്കുന്നതനുസരിച്ചും. ഒരു ചിത്രകാരനോ ഫോട്ടോഗ്രാഫറോ തിരഞ്ഞെടുക്കുന്ന സബ്ജകിറ്റ്ല്‍ അവരുടെ അഭിരുചികള്‍ സ്വാഭാവികമായും പ്രതിഫലിക്കുമെങ്കിലും ആ ചിത്രത്തെ എങ്ങിനെ വായിക്കാം എന്നത് ആസ്വാദകന്റെ സൗന്ദര്യബോധം, സാംസ്കാരികവും സാമൂഹികവുമായ ചുറ്റുപാടുകള്‍, ബുദ്ധി, അറിവ്, അഭിരുചി തുടങ്ങി ഒട്ടേറേ കാര്യങ്ങളെ ആശ്രയിച്ചിരിക്കും. റിയലിസവും കോട്ടയം ആര്‍ട്ടും ഒക്കെ മോശമാണെന്നല്ല. പക്ഷേ ലോകം കുറേ മുന്നോട്ടു പോയിക്കഴിഞ്ഞു. പോസ്റ്റ് മോര്‍ഡേണ്‍ കല ആസ്വദിക്കാന്‍ കഴിയാത്തത് അതിനെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കാത്തതു കൊണ്ടുമാത്രമാണെന്ന് ഞാന്‍ പറയും. മറ്റു കലാരൂപങ്ങളെ അപേക്ഷിച്ച് ചിത്രകലയുടെ കാര്യത്തില്‍ ആസ്വാദനം എന്നത് ഒരു അക്വയേര്‍ഡ് ടേസ്റ്റാണ്. വീഞ്ഞാസ്വദിക്കുന്നതു പോലെ ക്രമേണ വളര്‍ത്തിക്കൊണ്ടു വരേണ്ട ഒരഭിരുചി. അല്ലാത്തപക്ഷം സായിപ്പ് കഥകളി ആസ്വദിക്കുന്നതു പോലെയിരിക്കും കാര്യങ്ങള്‍. അല്ലാതെ അതു ചിത്രകലയുടെ കുഴപ്പമല്ല. റഗ് ബി ആസ്വദിക്കാന്‍ എനിക്കറിയില്ല, കാരണം ആ കളിയുടെ നിയമങ്ങള്‍ എനിക്കറിയില്ലഎന്നതു തന്നെ. അതുകൊണ്ട് കളി കാണുന്നവരെല്ലാം മണ്ടന്മാരെന്നോ ജാഡക്കു വേണ്ടി കളി ആസ്വദിക്കുന്നതായി നടിക്കുന്നതാണെന്നോ ഞാന്‍ വിശ്വസിക്കുന്നുമില്ല.


പല പ്രശസ്തമായ പെയിന്റിങ്ങുകളെക്കുറിച്ചും 'ഓ ഈ ചിത്രത്തില്‍ ഇത്ര പറയാനും മാത്രം എന്തിരിക്കുന്നു' എന്നു പലപ്പോഴും ചോദിച്ചു കേള്‍ക്കാറുണ്ട്. ഒരു ചിത്രത്തിന്റെ മൂല്യം എന്നത് കേവലം അതിന്റെ കേവലസൗന്ദര്യം മാത്രമല്ല. ആ ചിത്രത്തിന്റെ സാംസ്ക്കാരികവും കാലികവുമായ പ്രസക്തി, അതു വരയ്ക്കാനിടയായ സാഹചര്യം, അങ്ങനെ ഒട്ടനവധി ഘടകങ്ങള്‍ ഒരു ചിത്രത്തിന്റെ മൂല്യത്തെ സ്വാധീനിക്കുന്നു. വീറ്റ് ഫീല്‍ഡ് വിത് ക്രോസ് എന്ന വാന്‍ഗോഗ് ചിത്രം എന്നുപറയുമ്പോഴും വാന്‍ഗോഗ് ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് അവസാനമായി വരച്ച ചിത്രം എന്നു പറയുമ്പോഴും ചിത്രത്തിന്റെ ആസ്വാദനം ആദ്യത്തേതില്‍ നിന്നും വ്യത്യസ്ഥമായി തോന്നുന്നത് കൊണ്ടുതന്നെ വെറും ഏയ്സ്തെറ്റിക്സ് മാത്രമല്ല ഒരു ചിത്രത്തിന്റെ ആസ്വാദനത്തെ സ്വാധീനിക്കുന്നത് എന്നു വ്യക്തമല്ലേ? ഇതേ ലോജിക്കു വെച്ചു തന്നെ ഒറിജിനല്‍ രചനകളും പ്രിന്റുകളും തമ്മിലുള്ള വ്യത്യാസവും മനസ്സിലാക്കാവുന്നതാണ്. അതു മനസ്സിലാക്കാനായില്ലെങ്കില്‍ ലണ്ടനിലെ നാഷണല്‍ ഗ്യാലറിയില്‍ വെച്ചിരിക്കുന്ന ഡാവിഞ്ചിയുടെ വെര്‍ജിന്‍ ഓഫ് ദ റോക്സ് എന്ന ചിത്രത്തിന്റെ ഒറിജിനല്‍ കാണാനായി ആസ്വാദകര്‍ മണിക്കൂറുകളോളം ക്യൂ നില്‍കുന്നതെന്തിനെന്നു മനസ്സിലാക്കാനും ബുദ്ധിമുട്ടിയെന്നിരിക്കും. ഖസാക്കിന്റെ ഇതിഹാസം എന്തുകൊണ്ടാണ് ഇന്നും മികച്ച ഒരു കൃതിയായി കരുതിപ്പോരുന്നത്? മലയാള സാഹിത്യത്തില്‍ അതിനു മുമ്പുണ്ടായിരുന്ന ശൈലികളെയും മുന്‍ വിധികളെയും ആ നോവല്‍ മാറ്റിമറിച്ചു എന്നതാണ് ഏറ്റവും പ്രധാനം. ജാക്സണ്‍ പൊള്ളോക്ക് ചെയ്തപോലെ ബ്രഷും ഈസലും ഉപേക്ഷിച്ച് നിലത്തുവെച്ച ക്യാന്‍വാസില്‍ വടി വെച്ച് പെയിന്റ് കോരിക്കുടഞ്ഞ് ചിത്രങ്ങള്‍ വരയ്കുന്നത് ഇന്നൊരു പുതുമയല്ല. പക്ഷേ ആദ്യമായി, മൗലികമായി അത്തരം ഒരു സങ്കേതം ഉപയോഗിച്ചു എന്നിടത്താണ് അദ്ദേഹത്തിന്റെ പ്രസക്തി. അല്ലാതെ ഓ ഇത് ഒരു പക്ഷെ ഒരു സ്കൂള്‍ക്കുട്ടിക്കു പോലും സാധിച്ചേക്കും എന്നു പറയുന്നത് പരിഹാസ്യമാണ്.


ചിത്രകലാസ്വാദത്തിലെ മറ്റൊരു പ്രധാന പ്രശ്നം പലപ്പോഴും ക്രാഫ്റ്റും(കരവിരുത്) പ്രതിഭയും വേര്‍ തിരിച്ചു കാണാന്‍ പലര്‍ക്കും കഴിയുന്നില്ല എന്നതാണ്. Treating skill as product instead of process is only pushing pensil എന്നാരോ പറഞ്ഞിട്ടുണ്ട്. കരവിരുതിനോടൊപ്പം അല്ലെങ്കില്‍ അതിലേറെ പ്രാധാന്യം ഭാവനയ്കാണ്. (അതുകൊണ്ടാണല്ലോ ബാലരാമപുരം കൈത്തറി നെയ്തുകാരെ രവിവര്‍മ്മയേക്കാള്‍ മികച്ച കലാകാരന്മാരായി നാം കണക്കാക്കാത്തതും). അല്ലെങ്കില്‍ വേണ്ട, ചന്ത്രക്കാരന്റെ കരടി ഉപമ തന്നെയാവാം. ട്രെയിനിങ്ങ് കൊടുത്താല്‍ കരടി ബൈക്കോടിക്കും. ( എല്ലാ കരടിയേയും കൊണ്ട് ബൈക്കോടിപ്പിക്കാന്‍ പറ്റുമെന്ന് ഞാന്‍ പറയുന്നില്ല) അതിന്റെയര്‍ത്ഥം ചിലരെങ്കിലും തെറ്റിദ്ധരിക്കുന്നതു പോലെ കരടിക്ക് അസാമാന്യ പ്രതിഭയുണ്ടെന്നല്ല. അതൊരു കരവിരുത് മാത്രമാണ്. രവിവര്‍മ്മ ചിത്രങ്ങളില്‍ ഞാന്‍ കാണുന്ന പ്രധാന പ്രശ്നവും ഇതു തന്നെയാണ്. ഭാവന, വിഷയം അവതരണം എന്നിവയിലൊന്നും തന്നെ യാതൊരു പുതുമയും മൗലികതയും രവിവര്‍മ്മ ചിത്രങ്ങളില്ല എന്നതു തന്നെ. 'ഒരിക്കല്‍ ഒരിടത്തൊരു രാജാവുണ്ടായിരുന്നു' എന്ന രീതിയിലുള്ള കഥ പറച്ചിലുപോലെയാണ് ചിത്രരചനയിലെ റിയലിസം. എന്തു പറയുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് എങ്ങിനെ പറയുന്നു എന്നതും. സമകാലികരായ ദീഗാ, സെസാന്‍, മോണെ എന്നിവരൊക്കെ ഇംപ്രഷനിസ്റ്റ് ശൈലിയില്‍ ചിത്രരചനയില്‍ പരീക്ഷണങ്ങള്‍ നടത്തി ഏറെ മുന്നോട്ടുപോയെങ്കിലും റെനേസാ കാലത്തെ റിയലിസത്തിനപ്പുറം പോകാന്‍ രാജാരവിവര്‍മ്മയ്ക് ആയില്ല എന്നിരിക്കേ, ഇപ്പോഴും രവിവര്‍മ്മ ചിത്രങ്ങളുടെ പേരില്‍ ഊറ്റം കൊള്ളേണ്ട കാര്യമൊന്നുമില്ല. മലയാളിയുടെ ചിത്രകലയിലെ മിടുക്കിനെപ്പറ്റി ഊറ്റം കൊള്ളാനാണെങ്കില്‍, കെ.സി.എസ്., ടി.കെ.പത്മിനി, വിശ്വനാഥന്‍, അക്കിത്തം നാരായണന്‍, യൂസഫ് അറക്കല്‍, എം.വി. ദേവന്‍ തുടങ്ങി വേറെ എത്രയോ കലാകാരന്മാര്‍ നമുക്ക് ഉണ്ട്!


ചര്‍ച്ചകളില്‍ പ്രകടിപ്പിച്ചുകണ്ട മറ്റൊരഭിപ്രായം അബ്സ്ട്രാക്റ്റ് ചിത്രകാരന്മാര്‍ക്ക് ഫിഗറേറ്റീവ് വഴങ്ങില്ല എന്നാല്‍ ഫിഗറേറ്റീവ് ചിത്രങ്ങള്‍ വരക്കുന്നവര്‍ക്ക് അനായാസമായി അബ്സ്ട്റാക്റ്റ് വരക്കാനാകും എന്ന്. ഇവിടെയും പ്രശ്നം മുന്‍ധാരണകള്‍ തന്നെ. കോട്ടയം ആര്‍ട്ടിനെ ആധാരമാക്കി ഫിഗറേറ്റീവ് ചിത്രങ്ങളെ വിലയിരുത്തുന്നതിന്റെ കുഴപ്പം മാത്രമാണിത്. (കണ്ടു ശീലിച്ചതുമായി മാത്രമല്ലേ താരതമ്യം നടക്കൂ എന്നു ചോദിച്ചേക്കരുത്.) വീണ്ടും അലന്‍ ഫ്ലച്ചറുടെ ഒരു ഉദാഹരണം എടുത്തുകാണിക്കാന്‍ അനുവദിക്കുക. പത്രത്തില്‍ വന്ന ഒരു ആര്‍ട്ട് സ്കൂളിന്റെ പരസ്യം.


ഒരു മണിക്കൂര്‍ നേരത്തെ ട്രെയിങ്ങിനു മുന്‍പും ശേഷവും ഒരു സ്ത്രീ വരച്ച ചിത്രങ്ങള്‍ സഹിതം. ഫ്ലച്ചര്‍ പറയുന്നതു പോലെ ചിത്രങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോയി. തിരിച്ചായിരുന്നു വേണ്ടിയിരുന്നത്!!

ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റു ചില പോസ്റ്റുകള്‍:

30 comments:

കാണാക്കുയില്‍ said...

പ്രിയ ദസ്തകിര്‍ താങ്കള്‍ ബ്ലോഗേഴ്സിനെ ആധുനിക ചിത്രകലാ ആസ്വാദനം പഠിപ്പിച്ചേ അടങ്ങൂ എന്ന ശാഠ്യയ്ത്തിലാണന്നു തോന്നുന്നു. (ബ്രൈറ്റിന്റെ ബ്ലോഗ് തുടര്‍ച്ച) അതുനല്ലതുതന്നെ. രവിവര്‍മ്മ ചിത്രങ്ങള്‍ ദാലി, വാന്‍ ഗോഗ് തുടങ്ങിയവരുമായി താരതമ്യം ചെയ്യുവാന്‍ സാധിക്കില്ലായിരിക്കും പക്ഷെ കേരളീയ/ ഇന്ത്യന്‍ ചിത്രകലയില്‍ പ്രാദേശിക ചിത്ര സങ്കേതരീതികള്‍/ചുവര്‍ചിത്ര ശൈലിയില്‍ നിന്നു വ്യാപകമായ ഒരു മാറ്റം ഉണ്ടാക്കിയത് രവിവര്‍മ്മയാണന്നാണു എന്റെ വിശ്വാസം. രവിവര്‍മ്മയ്കു മുന്‍പേ ആ ശൈലിതുടരുന്നവര്‍ ഇന്ത്യയില്‍ ഉണ്ടാകാം.

ആസ്വാദനം തികച്ചും വ്യക്തിപരമാണു. അതു എങ്ങനെ വേണമെന്നു ശഠിക്കുന്നതു ചിത്രകാരനായിരിക്കരുതു. മുട്ടത്തു വര്‍ക്കിയേയും ഒ വി വിജയനേയും ആസ്വദിക്കുന്നതു തീര്‍ച്ചയായും സമൂഹത്തിലെ രണ്ടു പരിഛേദങ്ങള്‍തന്നെയാണു.

കരവിരുതിനേക്കാള്‍ ആശയത്തിനുതന്നെയാണു പ്രാധാന്ന്യം. ഇന്നു കേരളീയ ഹിന്ദുഭവനങ്ങളില്‍ക്കാണുന്ന അയ്യപ്പ്ന്റേയും സുബ്രമണ്യന്റേയും ചിത്രങ്ങള്‍ അധികവും വരച്ചതു പി ഡി നായര്‍ എന്നോരു ചിത്രകാരനാണു.അദ്ദേഹത്തെ ഉദാത്ത്ചിത്രകാരനെന്നു ആരും വിശേഷിപ്പിക്കില്ല.

പിന്നെ എ ആര്‍ റഹിമാനെപ്പോലെ, ശ്രീശാതിനെപ്പോലെ, അരുദ്ധതി റോയിയെപ്പോലെ മലയാളിയുടെ സ്വകാര്യ അഭിമാനമാണു രവിവര്‍മ്മ. ലോകം അറിയുന്ന മലയാളി. എന്നുവച്ച് മുകളില്‍ പ്പറയുന്നവര്‍ ബിഥോവനെക്കാള്‍, ബ്രാഡ് മാനേക്കാള്‍,കമുവിനേക്കാള്‍ പിന്നെ എനിക്ക് എനിക്ക് ഏറ്റവും ഇഷ്ട്മുള്ള ദാലിയേക്കാള്‍ മികച്ചവെരെന്നു അവകാശവാദം ഇല്ല.

ശ്രീഹരി::Sreehari said...

ചിത്രകാരന്റെ പോസ്റ്റില്‍ ഞാനും ഒരു കമന്റ് ഇട്ടിരുന്നു എന്നാണ് ഓര്‍മ. അതിനു തുടര്‍ച്ചയെന്നോണം ഇവിടെയാവാം.

രവിവര്‍മ്മയാണ് മലയാളം കണ്ട ഏറ്റവും മികച്ച ചിത്രകാരന്‍ എന്നതിലുപരി, രവിവര്‍മയും നല്ല ചിത്രകാരനാണ് എന്ന രീതിയിലുള്ള ചര്‍ച്ചയ്ക്കാണ് അവിടെ പ്രാമുഖ്യം നല്‍കാന്‍ ശ്രമിച്ചത്.

"ചര്‍ച്ചകളില്‍ പ്രകടിപ്പിച്ചുകണ്ട മറ്റൊരഭിപ്രായം അബ്സ്ട്രാക്റ്റ് ചിത്രകാരന്മാര്‍ക്ക് ഫിഗറേറ്റീവ് വഴങ്ങില്ല എന്നാല്‍ ഫിഗറേറ്റീവ് ചിത്രങ്ങള്‍ വരക്കുന്നവര്‍ക്ക് അനായാസമായി അബ്സ്ട്റാക്റ്റ് വരക്കാനാകും എന്ന്"

ഇവിടെ വിയോജിക്കുന്ന ഒരു കാര്യം ഉണ്ട്. ഒരു ഉദാഹരണം എന്ന നിലയ്ക്ക് തല്‍ക്കാലം ഒ.വി. വിജയന്റെ കാര്‍‌ട്ടൂണൂകള്‍ ഉദാഹരണയായി എടുക്കാം. ഒരിക്കലും നല്ല ഒരു ചിത്രകാരനായിരുന്നില്ല അദ്ദേഹം( അറ്റ് ലീസ്റ്റ് ഞാന്‍ കണ്ട കാര്‍ട്ടൂണുകളില്‍ എങ്കിലും). പക്ഷേ ഒരു ഫിഗറേറ്റീവ് സ്റ്റൈല്‍ രൂപങ്ങള്‍ ഉപയോഗിച്ച് അദ്ദേഹം ആശയം വളരെ നന്നായി കണ്‍‌വേ ചെയ്തു.

വെറുതേ ഒരാളുടെ പോര്‍ട്രേയ്റ്റ് നന്നായി വരക്കാന്‍ കഴിയുന്ന ഒരാള്‍ക്ക് ഒ.വി. വിജയന്റേതു പോലത്തെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന എന്തെങ്കിലും വരക്കാന്‍ കഴിയില്ലായിരിക്കും. പക്ഷേ ചിത്രം വരക്കാന്‍ ഒട്ടും അറിയില്ലാത്ത ഒരാള്‍ക്ക് എളുപ്പം ആരാധനയും ഇഷ്ടവും തോന്നുന്നത് പോര്‍ട്രേയ്റ്റ് ആയിരിക്കും. ചിത്രകല എന്നത് ജന്മസിദ്ധമായി തന്നെ കിട്ടുന്ന കഴിവാണ്. എത്രയൊക്കെ ട്രെയിന്‍ ചെയ്താലും നല്ല ഒരു പോര്‍ട്രേയ്റ്റ് വരയ്ക്കാന്‍ ചിത്രകലയില്‍ വാസന ഇല്ലാത്തയാള്‍ക്ക് കഴിയില്ല തന്നെ!

അബ്സ്ട്രാക്‌ഷന്‍ ഏതൊരു ആര്‍ടിനും അതിന്റെ സൗന്ദര്യം നല്‍കുന്നു. അതു ചിത്രകലയാവാം, സിനിമയാവാം സാഹിത്യമാവാം. പോസ്റ്റ് മോഡേണ്‍ കലാസങ്കല്പത്തില്‍ ബിംബങ്ങള്‍ക്കുള്ള സ്ഥാനം തള്ളിക്കളയാന്‍ ആവില്ല തന്നെ.

പക്ഷേ അതൊന്നും എഴുതാനോ ചിത്രം വരക്കാനോ ഉള്ള കഴിവുകളെ തള്ളിക്കളയുന്നതിന് അടിസ്ഥാനമാകാമോ?

ബിംബങ്ങള്‍ ഇല്ല എന്നു പറഞ്ഞ് ചങ്ങമ്പുഴയുടെ കവിതകള്‍ കൊള്ളില്ല എന്നു പറഞ്ഞാല്‍?

Anonymous said...

പിന്നെ.......................... .........................പ്പോലെ മലയാളിയുടെ സ്വകാര്യ അഭിമാനമാണു രവിവര്‍മ്മ.
ഹ. ഹ.. ഹ... നല്ല തമാശ. കാര്യങ്ങള്‍ ഇങ്ങനെ ജനറലൈസ് ചെയ്തുകളയല്ലേ കാണാക്കുയിലേ. സീരിയസായി കാര്യം പറയുമ്പോള്‍ ഇങ്ങനെ കോമഡി പറയല്ലേ!!!

Inji Pennu said...

ഉന്മേഷേ
പണ്ടെപ്പോഴോ ഡിസൈനെക്കുറിച്ചൊക്കെ പറഞ്ഞതിനു കിട്ടിയ അടിയൊന്നും പോരേ? :)

കാണാക്കിയിലേ, അങ്ങിനെ ഒരു നിര്‍ബന്ധം ഉന്മേഷിനു ഉണ്ടായിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഇതിപ്പൊ അതുപോലെ രണ്ട് കമന്റൂടെ വന്നാല്‍ ആശാന്‍ നമ്മളോട് പോയി പണി നോക്കാന്‍ പറയും, ഒരു ക്ഷമേമില്ല!

ആസ്വാദനം തികച്ചും വ്യക്തിപരമാണെന്ന് കരുതുന്നതുകൊണ്ട് ചിത്രകലയെക്കുറിച്ച് അറിവുള്ളവര്‍ പറയുമ്പോള്‍ അതെന്താണ് എന്ന് കേള്‍ക്കുന്നതും പഠിക്കുന്നതും നല്ലതല്ലേ? ഈ പോസ്റ്റ് മുഴുവന്‍ വായിച്ചുവോ? അല്ലെങ്കില്‍ രവി വര്‍മ്മയെക്കുറിച്ച് ‘എനിക്കിഷ്ടമാണ്’ എന്ന പൊതുവേ കാണുന്ന ലൈനിലുപരി ഒരു ആസ്വാദനം എഴുതുമെങ്കില്‍ എന്നെപ്പോലെയുള്ളവര്‍ക്ക് ഒന്ന് വായിച്ച് പഠിക്കാമായിരുന്നു.

മലയാളിയുടെ ‘സ്വകാര്യ അഭിമാനമാണ്’ അരുന്ധതി റായ് എന്നൊന്നും പ്ലീസ് പറയല്ലേ. അവരു അസ്സാമീസ് അല്ലേ? :)

ദസ്തക്കിര്‍ said...

കാണാക്കുയില്‍,
ആരെയും ഒന്നും പഠിപ്പിക്കണമെന്നൊന്നും ഒരാഗ്രഹവുമില്ല, അതിനുമാത്രമുള്ള വിവരവുമില്ല. ചിത്രകലയില്‍ ചെറുപ്പം മുതല്‍ക്കുള്ള താല്പര്യം ഒന്നുകൊണ്ടുമാത്രം ഈ വിഷയത്തില്‍ പ്രതികരിച്ചതാണ്. എന്നേക്കാളേറെ രവിവര്‍മ്മ ചിത്രങ്ങളെക്കുറിച്ച് അറിയാവുന്ന പരാജിതന്‍ ആ വിഷയം ബ്രൈറ്റിന്റെ പോസ്റ്റില്‍ ഭംഗിയായിപ്പറയുകയും ചെയ്തിട്ടുണ്ട്. ആസ്വാദനം വ്യക്തിപരമാണെങ്കിലും സ്വന്തം ആസ്വാദനത്തിന്റെ പരിധിയും പരിമിതികളും മനസ്സിലാക്കാതെ നിരുത്തരവാദത്തോടെ ആധികാരികമെന്ന രീതിയില്‍ പ്രതികരിക്കുന്നതിനെക്കുറിച്ചാണ് ഞാന്‍ സൂചിപ്പിക്കാനുദ്ദേശിച്ചത്. ഭാരതീയ ചുവര്‍ചിത്രങ്ങളില്‍ നില നിന്നിരുന്ന ശൈലി രവിവര്‍മ്മയുടെ ശൈലിയേക്കാള്‍ എത്രയോ മൗലികമായിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എ. രാമചന്ദ്രന്‍, സി.എന്‍.കരുണാകരന്‍ തുടങ്ങിയവര്‍ ഇപ്പോഴും ആ ശൈലിയിലെ ചില ഘടകങ്ങള്‍ തങ്ങളുടെ ചിത്രങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. അപ്പോള്‍ പിന്നെ ചുവര്‍ചിത്ര ശൈലയില്‍ നിന്നും കാര്യമായ മാറ്റം ഉണ്ടാക്കി എന്നൊക്കെപ്പറയുന്നത് നേട്ടമാണോ കോട്ടമാണോ എന്നാലോചിച്ചു നോക്കണം. മറിച്ച് പ്രാദേശിക ചിത്ര സങ്കേത രീതിയെ പരിപോഷിപ്പിക്കുന്ന തരത്തില്‍, കേരളത്തിന്റെ തനതു ശൈലിയില്‍ എന്തെങ്കിലും പുതുമ ആവിഷ്കരിക്കുകയായിരുന്നെങ്കില്‍ പോലും അദ്ദേഹം ഇത്രയും വിമര്‍ശനങ്ങള്‍ നേരിടുമായിരുന്നില്ല. രവിവര്‍മ്മ ചിത്രങ്ങള്‍ ഇത്രയധികം കൊട്ടിഘോഷിക്കപ്പെടുന്നത് അദ്ദേഹം മലയാളിയുടെ സ്വകാര്യ അഭിമാനമായതു കൊണ്ടു തന്നെയാണ് എന്നതാണ് യഥാര്‍ത്ഥ്യം.

ശ്രീഹരി,
രവിവര്‍മ്മയുടെ ചിത്രം വരയ്കാനുള്ള കഴിവിനെ ആരും ചോദ്യം ചെയ്യുന്നില്ല. അദ്ദേഹം വരച്ച ചിത്രങ്ങളുടെ പ്രസക്തിമാത്രമാണ് വിഷയം. വീണ്ടും പറയട്ടെ, ആപ്പിളിന്റെ ചിത്രം വരക്കാനുള്ള കഴിവല്ല മറിച്ച് ഒരു ചിത്രകാരന്‍ ആപ്പിളിനെ എങ്ങിനെ വീക്ഷിക്കുന്നു , അത് എങ്ങിനെ മറ്റുള്ളവര്‍ക്കായി അവതരിപ്പിക്കുന്നു എന്നതാണ് ചിത്രകലയില്‍ പ്രധാനം. ആധുനിക കലയില്‍ ബിംബങ്ങള്‍ കൂടിയേ തീരു എന്നാരു പറഞ്ഞു? Ron Mueck ന്റെ ശില്പങ്ങള്‍ റിയലിസ്റ്റിക് ആണ്. ഫോട്ടോ റിയലിസ്റ്റിക് എന്നു തന്നെ പറയാം. പക്ഷേ, മനുഷ്യരൂപങ്ങളുടെ സ്വാഭാവികമായ വലിപ്പത്തെ വീര്‍പ്പിച്ചു കാട്ടുകവഴി അദ്ദേഹം അതിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. അതാണ് കല ആത്യന്തികമായി നിര്‍വഹിക്കേണ്ടതും.

ഇഞ്ചീ,
വേണോ വേണ്ടയോ എന്നു പലവട്ടം ആലോചിച്ചിരുന്നു. അടി കൊള്ളുന്നെങ്കില്‍ കൊള്ളട്ടെ. പറയേണ്ട കാര്യങ്ങള്‍ പറഞ്ഞല്ലേ തീരു.
ഓഫ്:അരുന്ധതീ റോയ് ജനിച്ചത് മേഘാലയയില്‍. അച്ഛന്‍ ബംഗാളി, അമ്മ മലയാളി. അക്കണക്കിന് പകുതി അഭിമാനിക്കാന്‍ വകുപ്പുണ്ട്. റഹ്മാന് മലയാളം സംസാരിക്കാന്‍ പോലും അറിയാമോന്ന് അറിയില്ല. എങ്കിലും അച്ഛന്‍ മലയാളിയായതോണ്ട് വിട്ടു കൊടുക്കേണ്ട. അജയ് ജഡേജ, റോബിന്‍ ഊത്തപ്പ ഇവര്‍ക്കും മലയാളി കണക്ഷനുകള്‍ ഇല്ലേ? ഹോ, ഈ മലയാളികള്‍ ഇത്രക്കും പ്രശസ്തരോ :)

The Common Man | പ്രാരാബ്ധം said...

"സമചതുരമെങ്കിലും 45 ഡിഗ്രി ചെരിച്ചുവെച്ചാല്‍ അതേ ചിത്രത്തെ റോംബസ് എന്നോ ഡയമണ്ട് എന്നോ പേരിട്ട് വിളിക്കുന്നു."..


ഇതു ശരിയല്ല. സമീപ വശങ്ങള്‍ പരസ്പരലംബങ്ങള്‍ ആകുന്ന റോംബസുകള്‍ സമചതുരങ്ങളാണ്‌. അപ്പോ, എല്ലാ സമചതുരവും റോംബസാണ്‌, എന്നാല്‍ തിരിച്ചങ്ങനെയല്ല.

പ്രധാനവിഷയത്തെപറ്റി പറയാന്‍ മടിയുണ്ടായിട്ടല്ല, വിവരമില്ല.

വെളിച്ചപ്പാട് said...

:)

ചിത്രകാരന്‍chithrakaran said...

ബ്ലോഗില്‍ ചിത്രകലയെക്കുറിച്ച് ആധികാരികമായി തന്നെ പറയാന്‍ കഴിവുള്ള ധാരാളം ചിത്രകാരന്മാര്‍തന്നെയുണ്ടെന്നാണ് അറിവ്.

അവര്‍ സംസാരിച്ചു തുടങ്ങിയിരിക്കുന്നു എന്നതും സന്തോഷകരമാണ്.

പക്ഷേ,
മലയാളി നില്‍ക്കുന്നതും,നടക്കുന്നതും,ഉണ്ണുന്നതും ഉറങ്ങുന്നതും തന്റെ ശീലങ്ങളുടേയും,പാരംബര്യങ്ങളുടേയും,
ദുരഭിമാനത്തിന്റെ പൊങ്ങച്ച ഭാണ്ഡവുമായാണ്.

ചിത്രകലയെക്കുറിച്ച് പഠിച്ച ദസ്തിക്കറോ,ഇയ്യിടെ
ഒരു പോസ്റ്റിട്ടമധുസൂദനനോ , ദൃശ്യകലകളേയും മനശ്ശാസ്ത്രത്തേയും കൂട്ടിച്ചേര്‍ത്ത് ലോക ജനതയെ അവരറിയാതെ നിയന്ത്രിക്കുകപോലും ചെയ്യുന്ന പരസ്യകലയുടെ ബ്ലോഗിലെ പ്രാതിനിധ്യമായ, പരസ്യകലാ വിദഗ്ദനായ കുമാറിനെപ്പോലുള്ള ചിത്രകാരന്മാരയ ബ്ലോഗര്‍മാര്‍ എഴുതുന്ന പോസ്റ്റുകളെ ശരിക്കൊന്നു വായിച്ചു നോക്കാനുള്ള സന്മനസ്സുപോലും കാണിക്കാതെ’
ചിത്രകലയില്‍ തങ്ങള്‍ക്കുള്ള അഭിപ്രായമായി “വോട്ട്” രേഖപ്പെടുത്താന്‍ ധൃതിപ്പെടുന്ന ബ്ലോഗര്‍മാരെ എന്താണു പറയേണ്ടത് ?

കവിത എഴുതുംപോലെ ആര്‍ക്കും ചിത്രം വരക്കാമെന്നത് ശരിയാണ്. പക്ഷേ, ചിത്ര-ശില്‍പ്പകലയുടെ ചരിത്രവും,സൌന്ദര്യ ശാസ്ത്രവും,
അതിന്റെ സാമൂഹ്യ-വാണിജ്യ ഉപയുക്തതയും,മനശ്ശാസ്ത്രവും,പഠിച്ചവരോട്
കേരളത്തിന്റെ കേവലമായ ഒരു ദുരഭിമാനം മാത്രമായ രവിവര്‍മ്മയെ ഭൂരിപക്ഷ അഭിപ്രായപ്രകാരം അഭിമാനമായി
തുടര്‍ന്നും കൊണ്ടാടണം എന്ന് പറയുന്നത്
ദുര്‍വാശിയാണ് :)

“ഷോലെ“യോ “വടക്കന്‍ വീരഗാഥയോ“ തകര്‍ത്തോടി എന്നുപറഞ്ഞ് ലോക സിനിമയിലേക്കുള്ള ഇന്ത്യന്‍ സംഭാവനയാണ്
അവ എന്നു പറയാമോ ? നമ്മുടെ വിവരക്കേടിന്റെ സൂചകങ്ങളല്ലേ ആ തകര്‍ത്തോടല്‍. സത്യജിത്ത് റേയും,ഘട്ടക്കും,പത്മരാജനും,
അടൂരും...മൊക്കെ ഉണ്ടായിരുന്നതുകൊണ്ട് അത്ര തറയായിരുന്നില്ല
എന്ന് നമുക്ക് അഭിമാനിക്കാം.

അതുപോലാണ് രവിവര്‍മ്മ.
രവിവര്‍മ്മയെക്കൊണ്ട് നമുക്ക് ഇന്ത്യക്കു
പുറത്തിറങ്ങിക്കൂട. നാണക്കേടാകും !

ശ്രീഹരി::Sreehari said...

മറുപടിയ്ക്ക് നന്ദി ദസ്തക്കിര്‍,

ചിത്രകലയെക്കുറിച്ച് ഇത്തിരി പഠിക്കാന്‍ തന്നെ തീരുമാനിച്ചു ഞാന്‍.
പ്രചോദനത്തിന് നന്ദി

Madhusudanan Perati said...

നല്ല പോസ്റ്റ്. സബ്ജക്റ്റ് നോളേജ് എവിഡന്റാൺ. കൂടുതൽ എഴുതുക. ഈ മേഖലയിലെ തൊഴിലാളിയായ എന്നെപ്പോലൊരാൾക്ക് കൂടുതൽ പഠിക്കാൻ താങ്കളൊക്കെ എഴുതിയാലേ സാധിക്കൂ.

ജ്യോമെട്രിക് അടക്കം എന്തു ദൃശ്യവും കാഴചയായി വരുമ്പോൾ അറ്ത്ഥങ്ങൾ മാറുന്നു, അപ്പോൾ അലൈന്മെന്റുപോലെയുള്ള ആട്രിബ്യൂട്സ്കൊണ്ട് മാത്രം പുതിയ അറ്ത്ഥങ്ങൾ ഉണ്ടാകുന്നു(ഫോട്ടോയിലെ പടികളുടെ വരകൾ ഹൊരിസോണ്ടലിൽ നിന്ന് ചെരിയ്ക്കാൻ തുടങ്ങിയാൽ പുതിയ വിഷ്വൽ മീനിങ് ഉണ്ടാവുന്നതുപോലെ) എന്നു താങ്കൾ പറഞ്ഞത് കൊഗ്നിഷ്യൻ എന്ന രസകരമായ മേഖലയിലേയ്ക്ക് വിരൽ ചൂണ്ടുന്നു.ഈയടുത്തുകണ്ട ഒരു ഹിലാരിയസ് പരസ്യവും ഓറ്മ്മ വരുന്നു:)

ആ റോൺ മ്യൂക് തകറ്ത്തു. ഫോട്ടോറിയലിസം മിക്കവാറും ഇംഗ്ലീഷ് സോപ്പ് നോവലുകളുടെ കവറ് വരയ്ക്കാനുള്ളത് മാത്രമാണെന്ന ധാരണ മാറി. അതിലും ശുദ്ധകലാപരമായ വറ്ക്കുകൾ വരുന്നുണ്ടല്ലേ.

ആധുനികകലയിൽ ഇന്ത്യയും പുറം(പാശ്ചാത്യ)ലോകവുമായുള്ള കാലവ്യത്യാസത്തിൻ കൊളോണിയലിസത്തിന്റെ ഇരുന്നൂറ് വർഷങ്ങൾ കാരണമായിരിയ്ക്കാം? (കൊളോണിയലിസം ഇല്ലെങ്കിൽ സംസ്കാരം ഏതു വഴിയ്ക്ക് പോയേനെ എന്നറിയില്ല) പാശ്ചാത്യസാഹിത്യത്തിലെ ആധുനികതയുടെ ബെഞ്ച്മാറ്ക് എന്ന് ചിലറ് വിശേഷിപ്പിക്കുന്ന മെറ്റമോറ്ഫോസിസിനും മലയാളസാഹിത്യത്തിലെ അതേ വിശേഷണമുള്ള ഖസാക്കിനുമിടയിലും ഇതുണ്ട്. യൂറോപ്പിൽ സറ്രിയലിസ്റ്റ് മൂവ്മെന്റ് നടക്കുന്ന സമയത്ത് ഇന്ത്യൻ ഫ്രീഡം മൂവ്മെന്റ് മലബാറ് ലഹളയിലെത്തുന്നതേയുള്ളു.

ആറ്ടിസ്റ്റിന്റെ ഐഡൻഡിറ്റിയും ആറ്ട്ടുമായുള്ള ബന്ധത്തെക്കുറിച്ച് താങ്കൾ പറഞ്ഞത് രസകരമാൺ. വാൻ ഗോഗിന്റെ ചിത്രങ്ങൾ ഒന്നുകിൽ അദ്ധേഹത്തിന്റെ വിഷാദത്തെ അല്ലെങ്കിൽ അതിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളെ രെപ്രെസന്റ് ചെയ്തില്ലേ എന്നൊരു നിരീക്ഷണമുണ്ട്. സൂക്ചിച്ച് നോക്കിയാൽ അദ്ധേഹത്തിനുണ്ടായിരുന്നു എന്നു വിശ്വസിക്കപ്പെട്ട ബൈപോളാറ് ഡിസോറ്ഡറ് ചിത്രങ്ങളിൽ കാണാമത്രേ.

മലയാളം ബ്ലോഗിൽ ചിത്രകലയെക്കുറിച്ച് ഒരു വിവാദമുണ്ടായെങ്കിൽ നന്നായേനെ എന്നാൺ ഞാൻ ചിന്തിക്കുന്നത്. കൂടുതല് വിവാദങ്ങളും കൺസ്റ്റ്രക്റ്റീവല്ലാതെ അവസാനിക്കുന്ന സാഹചര്യത്തിൽ.(രവിവറ്മ്മയ്ക്കു നന്ദി,അദ്ധേഹമാണല്ലോ വെടിമരുന്ന്)

കാണാക്കുയില്‍ said...

ഇന്ത്യന്‍ ചിത്രകാരന്‍ ഇന്നും കൊളോണിയല്‍ അവ്ഷിപ്തവും പേറിനടക്കുന്ന ആംഗ്ലോ-ഇന്ത്യക്കാരെപ്പോലെയാണു. അസ്തിത്വം എങ്ങും ഉറപ്പിക്കുവാന്‍ സാധിക്കുന്നില്ല. യൂറോപ്യന്‍ ശൈലിയിലുള്ള ചിത്രകലാപാഠ്യപദ്ധതി പഠിച്ച് പുറത്തുവരുന്ന നവചിത്രകാരന്‍ മതപരിവര്‍ത്തനത്തിനു ശേഷം തന്റെ പഴയമതത്തെ തള്ളിപ്പറയുവാന്‍ കാണിക്കുന്ന വര്‍ദ്ധിതവീര്യം പോലെ തന്റെ സമൂഹത്തെ തള്ളിപ്പറയുന്നു, അല്ലങ്കില്‍ താന്‍ പുരോഗമനക്കാരനല്ലന്നു ആരങ്കിലും വിശ്വസിച്ചു പോയാലോ?.എന്റെ സ്രഷടി ഇങ്ങനെ ആയിരിക്കും അതനുസ്സരിച്ച് നിങ്ങളുടെ (ഇന്ത്യന്‍) സൗന്ദര്യ/ആസ്വാദനബോധം മാറ്റണമെന്നു പറയുന്നതു ബാലിശവും ശുദ്ധവിവരക്കേടുമല്ലേ. കുറുസോവയുടേയും ബര്‍ഗ്മാന്റേയും പോലുള്ള ലോകസിനിമയെക്കാള്‍ ഇന്ത്യന്‍സിനിമാ ആസ്വാദകസമൂഹത്തിനു പ്രിയം ഷോലയും വീരഗാഥയുമാണന്ന് തെളിഞ്ഞിട്ടും അസഹിഷ്ണുതയുമായി ജീവിക്കുന്നവരെക്കുറിച്ച് എന്തുപറയാന്‍. അവര്‍ മുണ്ടിട്ട് തലമറച്ച് നടക്കുന്നതാണുനല്ലതു. എന്നും വിദേശത്തുജീവിക്കുന്നവര്‍ക്ക് അവിടുത്തെ തദ്ദേശിയരോട് പറയാം നിങ്ങള്‍ പഠിപ്പിക്കുന്നതിനു മുന്‍പ് ഈ സാധനം ഞങ്ങള്‍ അരയില്‍ ചുറ്റിയിരിക്കുകയായിരുന്നു, ഇപ്പോഴാണുമനസ്സിലായത് ഇതിന്റെസ്ഥാനം തലയിലാണന്നു. കഷ്ടം

ഗുപ്തന്‍ said...

ചിത്രകലയെക്കുറിച്ച് കാര്യമായ പിടിയില്ലാത്തതുകൊണ്ട് ചിത്രകാരന്‍ പറഞ്ഞതുപോലെ വെറുതെ വോട്ട് ചെയ്യണ്ട എന്ന് വിചാരിച്ചിരുന്നതാണ്.. പക്ഷെ ഈ കാണാക്കുയിലിന്റെ കമന്റ് എനിക്കും മനസ്സിലാവുന്ന കാര്യം ആയതുകൊണ്ട് അതിനാണ് മറുപടി.

രവിവര്‍മയുടെ ചിത്രങ്ങള്‍ വിമര്‍ശിക്കപ്പെടുന്നതും താങ്കള്‍ പറയുന്ന പാശ്ചാത്യരീതികളോടുള്ള വിധേയത്തവും തമ്മില്‍ എന്താണ് ബന്ധമെന്ന് ഒന്നു പറഞ്ഞുതന്നാല്‍ കൊള്ളാം സാര്‍..

കലയുടെയും ആസ്വാദനത്തിന്റെയും പൊതുതത്വങ്ങളെന്ന് പറയാവുന്ന ചില കാര്യങ്ങളെക്കുറിച്ചേ പാശ്ചാത്യ എഴുത്തുകാരെ ഉദ്ധരിച്ച് ദഷ്തക്കീര്‍ എഴുതിയിട്ടുള്ളൂ.

രവിവര്‍മ ഭാരതീയ ചിത്രകലക്ക് നല്‍കിയ തനതായ സംഭാവന എന്താണ് താങ്കളുടെഅഭിപ്രായത്തില്‍ ? സായിപ്പന്മാര്‍ കൊട്ടാരം അലങ്കരിക്കാന്‍ ഉപയോഗിച്ചിരുന്ന റിയലിസ്റ്റിക് ചിത്രങ്ങളുടെ ശൈലി അനുകരിച്ച് പോര്‍ട്രൈറ്റുകളും മിത്തിക്കല്‍ വിഷയങ്ങള്‍ ഉള്ള ചിത്രങ്ങളും സൃഷ്ടിച്ചതോ? പരമ്പരാഗത ഇന്ത്യന്‍ ചിത്രരചനാ രീതികളില്‍ നിന്ന് ഇത്ര ദൂരം മാറി യാത്രചെയ്ത അധികം ആരും ഉണ്ടാവില്ല. പാശ്ചാത്യരെ അനുകരിച്ചതുകൊണ്ട് പ്രയോജനം ഒന്നും ഉണ്ടായതും ഇല്ല.

ഇന്ത്യയുടെ തനതു ശൈലിയെ ഭാവനാപരമായി ചിത്രകലയില്‍ തിരികെ കൊണ്ടുവന്ന എത്രയോ പ്രഗത്ഭചിത്രകാരന്മാരുണ്ട്.. സതീഷ് ഗുജ്രാളും മന്‍‌ജിത്ത് ബാവയും ഉള്‍പടെ. അവര്‍ക്കാര്‍ക്കും ഇല്ലാത്ത ഒരു മേന്മയും കാലത്തിന്റെ ആനുകൂല്യം അനുവദിച്ചുകൊടുത്താല്‍ പോലും നല്‍കാനാവില്ല ‘ചിത്രമെഴൂത്ത് തമ്പുരാന്‘.

രവിവര്‍മയുടെ വലിപ്പം പറയാന്‍ മറ്റെന്ത് ന്യായമുണ്ടെങ്കിലും പറയൂ. ഭാരതീയത, ഇന്ത്യന്‍ സങ്കേതം എന്നൊന്നും പറഞ്ഞ് ചിരിപ്പിക്കരുത്

വെള്ളെഴുത്ത് said...

ഹാ നല്ല പോസ്റ്റ് ഉന്മേഷേ, കണ്‍‌വഴികളെക്കുറിച്ചും കാഴ്ചവട്ടങ്ങളെക്കുറിച്ചും (അതൊരു പുസ്തകത്തിന്റെ പേരുകൂടിയാണ് സുനില്‍ ഇളയിടത്തിന്റെ, ശ്രീകുമാരമേനോന്റെ ചിത്രകലാപഠനങ്ങള്‍ വേറേ.) കൃത്യമായി സംസാരിച്ചു. വിവേകാനന്ദനോടൊപ്പം പ്രശസ്തിയുണ്ടായിരുന്ന വ്യക്തിയാണ് രവിവര്‍മ്മ. അബനീന്ദ്രന്റെ നേതൃത്വത്തിലുള്ള ബംഗാളി സ്കൂള്‍ ഒന്നടങ്കം രവിവര്‍മ്മയ്ക്കെതിരെ തിരിഞ്ഞതാണ് അദ്ദേഹം അഗണ്യകോടിയില്‍പ്പെടാന്‍ കാരണം. ചിത്രകാരന്‍ എന്ന നില്‍ക്കു മാത്രമല്ല നിരവധി പരീക്ഷണങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു, ബംഗാളിസ്കൂളിന്റെ എതിര്‍പ്പ് അതെല്ലാം തമസ്കരിച്ചുകലഞ്ഞതായിട്ടാണ് അറിവ്.. ഗവേഷണങ്ങള്‍ പിന്നീട് എങ്ങുമെത്താതെ പോവുകയും ചെയ്തു. ഇപ്പോള്‍ വിനോദ് മങ്കരയുടെ ഉള്‍പ്പടെ ധാരാളം ചലച്ചിത്രങ്ങള്‍ രവിവര്‍മ്മയെ വീണ്ടെടുക്കുന്നുണ്ട്. ഇന്ത്യയുടെ ആദ്യസിനിമ ഹരിച്ചന്ദ്രയിലെ (ആലം ആരയിലെ?) കലാസംവിധാനത്തിലും വേഷവിധാനത്തിലുമൊക്കെ അന്ന് മറാത്തയിലായിരുന്ന രവിവര്‍മ്മയ്ക്ക് പങ്കുണ്ടായിരുന്നു. അതൊന്നും ചെറിയ കാര്യങ്ങളല്ല. രവിവര്‍മ്മ ചിത്രങ്ങളിലെ കഥാപാത്രശരീരങ്ങളിലെ അവയവപ്പൊരുത്തമില്ലായ്മയാണ് വ്യാപകമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഒരു കുഴപ്പം. പക്ഷേ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഫോട്ടോഗ്രാഫിക് റിയലിസത്തിനെതിരെയുള്ള ഒരു പൊളിച്ചെഴുത്തായി അതു വായിച്ചു കൂടായ്കയില്ല. പറഞ്ഞു വന്നത് രവിവര്‍മ്മയെ പ്രശംസിക്കുമ്പോഴോ എതിര്‍ക്കുമ്പോഴോ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുക്കാതെ പോകരുതെന്നാണ്. രവിവര്‍മ്മയുടെ വീണ്ടെടുപ്പ് ഇപ്പോള്‍ വ്യാപകമായി തന്നെ നടക്കുന്നുണ്ട്.. പലതലങ്ങളില്‍..പുനര്‍മൂല്യ നിര്‍ണ്ണയം ഒരു പാപമല്ല. :) നാം വിട്ടു പോകുന്ന ഒരു മലയാളിയെക്കൂടി സൂചിപ്പിക്കട്ടേ കൊടുങ്ങല്ലൂര്‍ കാരനായ മാധവമേനോന്‍..

കാണാക്കുയില്‍ said...

ഞാന്‍ ചിത്രകലാസങ്കേതങ്ങളെക്കുറിച്ച് ഒന്നും തന്നെ ദസ്ത്കിറിന്റേയൊ ബ്രൈറ്റിന്റേയോ പോസ്റ്റകളില്‍ എഴുതിയിട്ടില്ല. അതിനുള്ള ആത്മവിശ്വാസവും അറിവും ഇല്ല. പിന്നെ യൂറോപ്പില്‍ ജനിക്കാതെപോയതില്‍ ഖേദിക്കുന്ന പടിഞ്ഞാറ് നോക്കികളുണ്ട്, അവര്‍ക്കാണങ്കില്‍ പടിഞ്ഞാറന്‍ ധാരയെ ഭാരതീയതയുമായി സംയോജിപ്പിച്ച് ജനകീയവല്‍ക്കരിച്ച രവിവര്‍മ്മയെ പുഛവുമാണു. പാശ്ചാത്യസ്വാധീനമധികവും കലാരംഗത്താണു.അതു അപകടമാണന്നൊന്നും ഞാന്‍ ചിന്തിക്കുന്നില്ല.കലയ്ക് സ്ഥല-കാല ഭേദം ഉള്ളതുപോലെ തന്നെ ആസ്വാദകര്‍ക്കും ഭേദം ഉണ്ട്, അത് സംസ്ക്രിതിയുമായി ബന്‍ദ്ധ്പ്പെട്ടാണുരിക്കുന്നതു (ആഗോളീകരണകാലത്ത് ഇല്ലാതാകുമായിരിക്കാം) . ചിത്രകലയൊഴിച്ച് ഇതരകലകളുടെ പ്രധാനവിപണി ഇന്ത്യന്‍ സാമാന്യ ജനതയായതുകോണ്ട് ആ കലാകാരന്മാര്‍ക്ക് പരിഭവമില്ല. ഞാന്‍ ഇവിടെ മധുബനിഎന്നും പാട്ടചിത്ര എന്നും പറഞ്ഞാല്‍ ഇവിടെ ധാരാളം പുരികങ്ങള്‍ ചുളിയും. അതൊക്കെ പാര്‍ശ്വവല്‍ക്കരിച്ച് മോഡേണ്‍, പോസ്റ്റ് മോഡേണ്‍ ഒക്കെമാത്രമാണു ഉദാത്തം, രവിവര്‍മ്മ വെറും കലണ്ടര്‍ ചിത്രകാരന്‍ മാത്രം എന്നോക്കെപ്പറയുന്നതിനോടാണു വിയൊജിപ്പു.

sreeNu Guy said...

ആസ്വാദനം എന്നത് തിയറി പഠിച്ചിട്ടു നടത്തെണ്ട ഒരു കാര്യമാണെന്ന് പറയുന്നത് മണ്ടത്തര മാണ്. തിയറി അറിയണമെങ്കില്‍ത്തന്നെ അത് ചിത്രകാരന്റെ (ബ്ലോഗെര്‍ ചിത്രകാരനെക്കുറിച്ചല്ല.) മാത്രം കാര്യമാണ്. കല ബുദ്ധികൊണ്ടല്ല മനസുകൊണ്ടാണ് ആസ്വതിക്കേണ്ടത്. അതുകൊണ്ട് കലയെക്കുറിച്ചുള്ള എല്ലാ തിയറികലും, ഇസങ്ങളും ആന മണ്ടത്തരങ്ങള്‍ ആണ്. ഒരു കലാകാരന്‍ എന്ത് ആശയാമാണോ വിനിമയം ചെയ്യുന്നത്, അതിനെ അതായിട്ട് മാത്രം കാണാതെ അത് ആ ഇസമാണ്, ഈ ഇസമാണ് എന്ന് പറയുന്നവര്‍ക്ക് ബുദ്ധി ഭ്രാന്താണ്. കലാകാരനും അനുവാചകനും തമ്മിലുള്ള സം‌വേദനം മാത്രമാണ് കല." അത് " എന്താണോ എന്നതിനെ അതായിട്ട് കണ്ടാല്‍ കുഴപ്പമില്ല. കമ്പയെര്‍ ചെയ്യുന്നിടത്താണ് കുഴപ്പം ആരംഭിക്കുന്നത്. കഴിയുമെങ്കില്‍ ഒരു കൊച്ചു കഞ്ഞിനെപ്പോലെ എല്ലാത്തിലും അത്ഭുതങ്ങള്‍ കാണൂ. മനസെങ്കിലും സന്തോഷമായിരിക്കും.

ഈ പറഞ്ഞതൊക്കെ എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ചര്‍ച്ച വായിച്ചപ്പോള്‍ എഴുതണമെന്ന് തോന്നി.

ദസ്തക്കിര്‍ said...

വെള്ളെഴുത്തേ,
രവിവര്‍മ്മയെക്കുറിച്ചുള്ള ചില പുതിയ അറിവുകള്‍ക്കു നന്ദി. കഥാപാത്രശരീരങ്ങളിലെ അവയവപ്പൊരുത്തമില്ലായ്മയെക്കുറിച്ച് മാത്രം പറയാം. ചിത്രങ്ങളില്‍ മന:പൂര്‍വ്വം വരുത്തുന്ന സ്റ്റൈലൈസേഷനും കരവിരുതില്‍ വരുന്ന അപാതകളും മനസ്സിലാക്കാന്‍ ഫൈന്‍ ആര്‍ട്ട്സ് കോളേജിലൊന്നും പഠിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. പുനര്‍മൂല്യ നിര്‍ണ്ണയം ഒരു പാപമല്ല. ഒരിക്കലുമല്ല. ഫോട്ടോഗ്രാഫിക് റിയലിസത്തിനെതിരെയുള്ള ഒരു പൊളിച്ചെഴുത്തായി അതു വായിച്ചു കൂടേ എന്നൊക്കെ പറയുന്നത് കുറച്ചു കൂടിപ്പോയില്ലേന്നു സംശയം :)

കാണാക്കുയിലേ,
പാട്ട ചിത്രയല്ല പട്ടചിത്ര. തുണിയില്‍ വരക്കുന്ന ചിത്രം എന്നര്‍ത്ഥം. അതുപോകട്ടെ. മധുബനിയും പട്ടചിത്രയും ഫുല്‍ക്കാരിയും കലംകാരിയും ഒക്കെ ക്രാഫ്റ്റ് എന്ന വിഭാഗത്തില്‍പ്പെടുന്നതാണ്. ക്രാഫ്റ്റും ആര്‍ട്ടും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പറഞ്ഞു മടുത്തു.
'പടിഞ്ഞാറന്‍ ധാരയെ ഭാരതീയതയുമായി സംയോജിപ്പിച്ച് ' ഒന്നു വിശദീകരിക്കാമോ? മഹാഭാരതത്തിന്റെയും രാമായണത്തിന്റേയും ഇംഗ്ീഷ് റീമേക്കു പോലെ വല്ലതുമാണോ ഉദ്ദേശിച്ചത്?

ശ്രീനു,
വ്യക്തിപരമായ അഭിപ്രായങ്ങളെ മാനിച്ചുകൊണ്ട് തന്നെ പറയട്ടെ. ഇസങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത് ചിത്രകാരന്മാരല്ല. ചിത്രകലയിലെ പ്രസക്തമായ ചില പരീക്ഷണങ്ങളേയും മൂവ് മെന്റുകളേയും വിശേഷിപ്പിക്കാന്‍ അത്തരം പദങ്ങള്‍ പിന്നീട് ഉപയോഗിക്കപ്പെടുന്നു എന്നേ ഉള്ളൂ. ആക്ഷന്‍, കോമഡി,ത്രില്ലര്‍, ഹൊറര്‍, ഡ്രാമ,റൊമാന്റിക് എന്നൊക്കെ സിനിമകളെ വേര്‍തിരിക്കാറില്ലേ, അതുപോലെ ഒരു വേര്‍തിക്കല്‍ മാത്രം.) മുദ്രകള്‍ ഉണ്ടാക്കിയിരിക്കുന്നത് കഥകളിക്കു വേണ്ടിയാണ്. എന്നാല്‍ മുദ്രകള്‍ക്കു വേണ്ടിയല്ല കഥകളി അവതരിപ്പിക്കപ്പെടുന്നതും. (എന്നാ പ്പിന്നെ ഇത്ര ബുദ്ധുമുട്ടുന്നതെന്തിന് വാ തുറന്നങ്ങു പറഞ്ഞാപ്പോരേന്നു ചോദിച്ചാല്‍ എനിക്കുത്തരമില്ല! ) രാഗങ്ങളെക്കുറിച്ച് അറിവുള്ളവന്‍ ജാസി ഗിഫ്റ്റിന്റെ സംഗീതത്തെക്കാള്‍ ഹരിപ്രസാദ് ചൗരാസ്യയുടെ കച്ചേരി ആസ്വദിക്കുന്നത് ജാസി ഗിഫ്റ്റിന്റെ സംഗീതം മോശമായതു കൊണ്ടല്ല, ചൗരാസ്യയുടെ സംഗീതം അതിനേക്കാള്‍ മികച്ചതായതു കൊണ്ടാണ്. രാഗങ്ങളെക്കുറിച്ചുള്ള ബുദ്ധിപരമായ അറിവ് തന്നെയാണ് അവന്റെ ആസ്വാദനത്തെയും സ്വാധീനിക്കുന്നത്. കൊച്ചുകുട്ടികള്‍ക്ക് ഗുലാം അലി കേള്‍ക്കുമമ്പോള്‍ തോന്നാത്ത അത്ഭുതം ട്വിങ്കിള്‍ ട്വിങ്കിള്‍ കേള്‍ക്കുമ്പോള്‍ തോന്നുന്നതും ഇതേ കാരണം കൊണ്ടല്ലേ?

കുറുമാന്‍ said...

നല്ലൊരു പോസ്റ്റ്. ആധികാരികമായി നാ‍ലു വാക്കുകള്‍ ചേര്‍ത്തൊരു കമന്റിടാനുള്ള അറിവുപോലും ഇല്ല്യാണ്ടായി എന്നുള്ള ഒരു ജാള്യത മറച്ചുവക്കുന്നില്ല.

നന്ദി ഉന്മേഷ്.

കുറുമാന്‍ said...

നല്ലൊരു പോസ്റ്റ്. ആധികാരികമായി നാ‍ലു വാക്കുകള്‍ ചേര്‍ത്തൊരു കമന്റിടാനുള്ള അറിവുപോലും ഇല്ല്യാണ്ടായി എന്നുള്ള ഒരു ജാള്യത മറച്ചുവക്കുന്നില്ല.

നന്ദി ഉന്മേഷ്.

പാര്‍ത്ഥന്‍ said...

രവിവർമ്മ കലണ്ടർ ചിത്രകാരനാണെന്നും, യേശുദാസ് സംഗീതജ്ഞരുടെ മുന്നിലെ ശ്രേണിയിൽ എത്തിയിട്ടില്ലെന്നും (അതായത് പരിപ്പുവടാ‍ാ പപ്പടവടാ‍ാ പാടാനേ അറിയൂ എന്ന് ചില സവർണ്ണ യാഥസ്തിതികർ പറഞ്ഞിരുന്നു)പണ്ട് കേട്ടിട്ടുള്ളതാണ്. അത് പറയുന്നത് എന്തിനും ഒരു എതിർ ചേരിയുള്ളതുകൊണ്ടാണ്.

ദസ്തക്കിർ ഒരു സംശയം തീർത്തു തരുമൊ. രവിവർമ്മയ്ക്കു മുമ്പ് ഏതെങ്കിലും ചിത്രകാരന്മാർ പാശ്ചാത്യ രീതിയിലുള്ള ചിത്രങ്ങൾ (പിക്കാസോ, വാൻ‌ഗോഗ്) വരച്ചിരുന്നോ? അത് തുടരാതെ രവിവർമ്മ സായിപ്പിന്റെ റിയലിസ്റ്റിക് മാതൃക കടമെടുത്തതാണോ?
ഭാരതീയ പാരമ്പര്യ ചിത്രകലാസംസ്കാരം എന്നു പറയുമ്പോൾ, ചുമർ ചിത്രങ്ങളും, മ്യൂറൽ പെയ്ന്റിംഗ് എന്നു പറയുന്ന മൂലമന്ത്രങ്ങളുടെ വിഷ്വലൈസേഷനും ആണെന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. അങ്ങനെ നോക്കുമ്പോഴും രവിവർമ്മ ഒരു പാരമ്പര്യ ചിത്രകാരനല്ല എന്നു പറയേണ്ടി വരും.

ദൈവീക സ്ങ്കല്പങ്ങളിലെ ചിത്രങ്ങൾക്ക് ചില താന്ത്രിക വശങ്ങൾ കൂടിയുണ്ട്. അതിന്റെ ഭാവം പൂർണ്ണതയിലെത്തിക്കുക എന്നതാണ് ആ ചിത്രകാരന്മാരുടെ ഉദ്ദേശം. അത് സാധാരണക്കാരന്റെ ആസ്വാദനപരിധിക്കും അപ്പുറത്താണ്. ഒരു ഉദാഹരണം പറയാം. ഗുരുവായൂരിൽ ചതുർബാഹുവായ ഗുരുവായൂരപ്പന്റെ ഒരു ചിത്രം ഉണ്ട്, തുണിയിൽ വരച്ചത്. അത് ‘ഗാനം’ സിനിമയിൽ ലക്ഷ്മി ‘കരുണാചെയ്‌വാനെന്തു താമസം’ എന്ന കീർത്തനം പാടുന്ന സമയത്ത് പിന്നിൽ കാണാം. അത് ചില്ലിട്ട് ഫ്രൈം ചെയ്താൽ ചില്ല് പൊട്ടിപ്പോകും. പലപ്പോഴും അങ്ങനെ സംഭവിക്കുന്നതുകൊണ്ട് ഇപ്പോൾ ചില്ലിടാതെയാണ് അവിടെ വെച്ചിട്ടുള്ളത്. അത് പൂർണ്ണതയിലെത്തിയ ഒരു ചിത്രമാണെന്നു വിശ്വസിക്കുന്നു.

Madhusudanan Perati said...

സിബു സി.ജെ.യുടെ കമന്റ് എന്റെ ബ്ലോഗിൽ വന്നത്, അദ്ധേഹം ചില രസകരമായ ആകാംക്ഷകളും കാഴ്ചപ്പാടുകളും ഉന്നയിയ്ക്കുന്നു:

എന്തോ ദിവ്യദൃഷ്ടിയുള്ളവരാണെന്നുള്ള ആധുനികരുടെ എലീറ്റിസത്തോട് മാത്രമേ വിയോജിപ്പുള്ളൂ. ഒരു രീതിയിൽ കാണാനുള്ള കഴിവ് കളഞ്ഞിട്ടാണ്‌ അവർ മറ്റൊരു രീതിയെ വരിക്കുന്നത്‌. അതായത്‌, മംഗളം വായിച്ചാസ്വദിക്കാനുള്ള കഴിവ് കളഞ്ഞിട്ടാണ്‌ ഓവി വിജയന്റെ കൃതികൾ ആസ്വദിക്കാനെത്തുന്നത്‌.

മോണറ്റിന്റേയും പിക്കാസയുടേയും ഒക്കെ കാര്യം വിടൂ. അത്തരം ജീനിയസല്ലാത്ത ലക്ഷക്കണക്കിനു ആർട്ടിസ്റ്റുകളില്ലേ. അവരും ചെറിയ ചെറിയ കണ്ടുപിടുത്തങ്ങൾ നടത്തി ഏതെങ്കിലും ഒരു ഇസത്തിൽ പെയ്ന്റടിക്കുന്നു. അതുപോലെ ഒക്കെ തന്നെ പോപുലർ ആർട്ടിലും. അവരും ചെറിയ ചെറിയ കണ്ടുപിടത്തങ്ങളിലൂടെ തന്നെ ജീവിക്കുന്നത്‌. ഉദാഹരണത്തിനു അമേരിക്കയിലെ ഏതെങ്കിലും ലൈബ്രറിയിൽ പോയി കുട്ടികളുടെ പുസ്തങ്ങളിലെ ഇല്ലുസ്ട്രേഷൻസ് നോക്കുക. ഇസം മാത്രമേ വ്യത്യാസമുള്ളൂ. അതിനെ ഇത്ര കൊച്ചാക്കി കാണാനുമില്ല.

പിന്നെ, അബ്സ്ട്രാക്ട് ആർട്ട് സാധാരണക്കാരൻ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. അറിയുന്നില്ലെന്നു മാത്രം. ഉദാഹരണത്തിനു ഒരു നല്ല സാരി ഏതാണെന്നു ഒരു വഴിപോക്കനോടു ചോദിക്കൂ. ആളുകളുടേയോ പ്രകൃതി ദൃശ്യങ്ങളുടേയോ പടം വരച്ചതാണൊ അങ്ങനെയോ എന്തെങ്കിലും അബ്സ്ട്രാക്ട് ഉള്ളതാവുമോ ഇഷ്ടപ്പെടുക? അബ്സ്ട്രാക്ട് തന്നെ എന്നെനിക്കുറപ്പുണ്ട്.

ചിത്രം കാൻവാസിൽ കാണുമ്പോൾ അതിനുപിന്നിലെ ഐഡിയ മാത്രമല്ല, സാധനയ്ക്കും അവൻ മാർക്കിടുന്നു എന്നതുകൊണ്ടാണിത്. (സാരിയിൽ പ്രിന്റാണെന്ന്‌ അവനറിയാം.) സ്കില്ലും സാധനയും എഫർട്ടും അത്രമോശം കാര്യമൊന്നുമല്ല താനും. ഇക്കാലത്ത്‌ സ്കില്ലിനേയും എഫർട്ടിനേയും തള്ളിപ്പറയുന്ന ഒരു ട്രെന്റ് ഉണ്ട്. ഇതൊരു പാസിംഗ് ഫേസ് ആയിട്ട് തന്നെയാണ്‌ എനിക്ക് തോന്നുന്നത്‌. ഇവ മനുഷ്യചരിത്രത്തിൽ എക്കാലവും വിലമതിക്കപ്പെട്ടിരുന്നു. ഇനിയും അങ്ങനെ തന്നെയാവും - പ്രത്യേകിച്ചും ജീനിയസല്ലാത്ത ചിത്രകാരന്റെ ചെറിയ ചെറിയ കാഴ്ചാകണ്ടുപിടുത്തങ്ങൾ മാത്രമാണ്‌ എന്ന്‌ വരികിൽ പിന്നെ, സ്കില്ലിനു തന്നെയാണ്‌ മാർക്കിടേണ്ടത്‌.

MAAZ said...

There is a site that has examples of aura camera systems at www.auracamera.com that prints aura photos. Has anyone experienced this system?

ചിത്രകാരന്‍chithrakaran said...

രാജാരവിവര്‍മ്മ
മഹാനായ ചിത്രകാരനായത്
തന്റെ പേരിന്റെ മുന്നിലും പിന്നിലും
അധികാരത്തിന്റെ നാമമായ രാജയും,
ജാതിവ്യവസ്ഥിതിയുടെ
മോഹന നാമമായ വര്‍മ്മയും
കൂട്ടിയിണക്കിയതുകൊണ്ടായിരുന്നു.

അര്‍ഹിക്കാത്ത ആധരവും,മഹത്വവും
ലഭിക്കാന്‍ ഇന്നും ജാതിക്കോമരങ്ങള്‍
ഉപയോഗിച്ചുവരുന്ന പൊടിക്കൈകള്‍
തന്നെയാണ് ഈ മഹാനും ചെയ്തിരിക്കുന്നത്.

പേരിലിരിക്കുന്ന രാജാവും,വര്‍മ്മയും കൂടി
ഈ പേട് ചിത്രകാരനെ ലോകത്തിന്റെ
നെറുകയില്‍ കയറ്റിവച്ചെന്നുമാത്രം.
ഇതാണു സത്യം.
ജാതീയതയും,പഴയ ഫ്യൂഡല്‍ ആനത്തഴംബും
ആസനത്തിലുള്ളിടത്തോളം കാലം
രവിവര്‍മ്മ ലോക ചിത്രകലയിലെ,കുറഞ്ഞപക്ഷം ഇന്ത്യന്‍ ചിത്രകലയിലെ,അതുമില്ലെങ്കില്‍
കേരള ചിത്രകലയിലെ
ലോകപ്രശസ്തന്‍ തന്നെ.

കോണകം മാത്രമുടുത്തു നടന്നവര്‍ക്ക്
കോട്ടും തൊപ്പിയും വരച്ച് പരിഷ്കാരികളാക്കിയ പൊന്നു തംബ്രാനല്ലേ...
നടക്കട്ടെ... !!!

ചിത്രകാരന്‍chithrakaran said...

പോര്‍ച്ച്ഗീസുകാരന്‍ ഒരു സായിപ്പ്
പണ്ട് കൊച്ചി രാജാവിനേയും നായര്‍
പടയാളികളേയും യുദ്ധ രംഗത്തുനിന്നു
വരച്ചതുപ്പോലെ ഒരു ഡ്രോയിങ്ങുണ്ട്.
അതില്‍ രാജാവടക്കം എല്ലാവരുടെ വേഷവും
ആദിവാസികളെപ്പോലെ പരമാവധി ഒരു കോണകം മാത്രമാണ്.
രാജാവിന്റെ കയ്യില്‍ മൊറം പോലെ
ഒരു പരിചയുമുണ്ട്.അക്കാലത്തുനിന്നും കുറേ
മുന്നോട്ടു പോയാണ് ഈ രവി എന്നുപറയുന്ന
കലണ്ടര്‍ രചയിതാവ് ചിത്രം വരക്കുന്നതെങ്കിലും
കപടതയുടെ തറ ചിത്രമായി മാത്രമേ
അതിനെ വിലയിരുത്താനാകു.

വെള്ളെഴുത്ത് said...

1873-ല്‍ വിയന്ന ആര്‍ട്ട് ഫെസ്റ്റിവലില്‍ ഒന്നാം സ്ഥാനമുണ്ടായിരുന്നു രവിവര്‍മ്മയ്ക്ക്. വെസ്റ്റേണ്‍ റിയലിസവും പരമ്പരാഗതശൈലികളും കൂട്ടിയിണക്കിയതായിരുന്നു രവിവര്‍മ്മയുടെ ആഖ്യാനതന്ത്രത്തിന്റെ പുതുമ എന്ന് അന്നത്തെ വിദേശജൂറി. പ്രശസ്തനായ ജര്‍മ്മന്‍ പ്രിന്റര്‍ ഫ്രിറ്റ്സ് ഷ്ലീഷെറിനുമായി ചേര്‍ന്നാണ് ഇന്ത്യയിലെ പരമ്പരാഗത ചിത്രകലാരംഗത്തെ രവിവര്‍മ്മ മാറ്റിമറിച്ചത്. 2008-ല്‍
കേതന്‍ മേത്ത, രവിവര്‍മ്മയുടെ മറാത്തജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രത്തിന്റെ പേര് ‘രംഗ് രസിയ’ (കളര്‍ ഓഫ് പാഷന്‍) അത് ഐ എഫ് എഫ് കെ-2008ല്‍ ഉണ്ടായിരുന്നു. മറാത്തിയില്‍ തന്നെ ഒരു നോവലും ഉണ്ടായിട്ടുണ്ട്. ഒരു പക്ഷേ ഒരു മലയാളിയെപ്പറ്റി അന്യഭാഷക്കാരന്‍ എഴുതുന്ന ആദ്യ നോവലായിരിക്കണം അത്.

ചിത്രകാരന്‍chithrakaran said...

രാജാരവിവര്‍മ്മയെ ലോക ചിത്രകല ആചാര്യനാക്കുമോ?
വിയന്നയില്‍ രവിവര്‍മ്മയോട് ഏറ്റുമുട്ടി പരാജയപ്പെട്ട മാസ്റ്റേഴ്സിന്റെ ലിസ്റ്റുകൂടി കിട്ടുമോ ?

തോറ്റുപോയ ചിത്രകാരന്മാരുടെ രചനകളും
കാണാന്‍ ആഗ്രഹമുണ്ട്.
വിദേശ ജൂറി എന്നു പറയുംബോള്‍
സായിപ്പ് -വെളുത്ത തൊലിക്കാരന്‍- എന്നതിലുപരി
എന്തൊക്കെ യോഗ്യതയുള്ളവനാണെന്നും
നോക്കേണ്ടതുണ്ട്. സായിപ്പിന്റെ നാട്ടിലെ
പോര്‍ട്ടറും,ഭിക്ഷക്കാരനും,കളളനുംവരെ
വെളുത്തവരാണല്ലോ. നന്നായി ഇംഗ്ലീഷും ഫ്രഞ്ചുമൊക്കെ സംസാരിക്കുന്നവരുമാകാം!

പ്രശസ്തനായ പ്രിന്റര്‍ക്ക് അന്നു
നല്ലൊരു കയറ്റുമതി ഓര്‍ഡറാണു
തടഞ്ഞിരിക്കുക.
ഒരു പുസ്തകമോ,സിനിമയോ ഉണ്ടായെന്നുവിചാരിച്ച്
രവിവര്‍മ്മ പുണ്യാളനാകുമോ ?
അതെല്ലാം ഒരു പ്രത്യേക സ്ഥാപിതതാല്‍പ്പര്യക്കാരുടെ ദുരഭിമാന നിര്‍മ്മാണത്തിന്റെ ശീലങ്ങള്‍ എന്നതിലുപരി
ചിത്രകലയില്‍ രവിവര്‍മ്മയുണ്ടാക്കിയ
വിരലടയാളങ്ങളൊന്നുമല്ല :)

വെള്ളെഴുത്ത് said...

ചിത്രകലയുടെ ആസ്വാദനം സംബന്ധിച്ച ഒരു നല്ല ലേഖനത്തില്‍ വന്നു പെട്ട വൈരുദ്ധ്യത്തെക്കുറിച്ചായിരുന്നു ഞാന്‍ സംസാരിച്ചു തുടങ്ങിയത്. അതായത് കല ആസ്വദിക്കാന്‍ പരിശീലനം വേണം എന്നും കാഴ്ചവട്ടങ്ങളെക്കുറിച്ചുള്ള അറിവു വേണമെന്നും ആവശ്യപ്പെടുന്ന ലേഖനം രവിവര്‍മ്മയുടെ ചിത്രങ്ങളുടെ കാര്യത്തില്‍ ഇതൊക്കെ റദ്ദാക്കിക്കൊണ്ടു നടത്തിയ എടുത്തുച്ചാട്ടത്തെ ഒന്ന് അടിവരയിടണമെന്നാണ് ഉദ്ദേശിച്ചത്.
നിര്‍ഭാഗ്യവശാല്‍ കാലാബാഹ്യമായ കാര്യങ്ങള്‍ വച്ചാണ് കലകളെയും കലാകാരന്മാരെയും നാം വിലയിരുത്തുന്നത്. ഇതു പുതിയ പതിവല്ല. രവിവര്‍മ്മയുടെ കാര്യത്തില്‍ വളരെ പണ്ടേ ആരംഭിച്ചു കഴിഞ്ഞതാണ്. രാജകുടുംബത്തില്‍പെട്ട ആളായതുകൊണ്ടു ഉണ്ടായ നേട്ടങ്ങളെപ്പറ്റിയുള്ള ആരോപണങ്ങളാണ് അതില്‍ മുഖ്യം. അവയെക്കുറിച്ചുള്ള വിശദമായ ചര്‍ച്ച സുനില്‍ പി ഇളയിടത്തിന്റെ പുസ്തകത്തിന്റെ രണ്ടാം അദ്ധ്യായത്തിലുണ്ട്.(പേജ് 35) അവയ്ക്ക് പില്‍ക്കാലത്തുണ്ടായ മറുപടികളും പഠനവിവരങ്ങളും (ആവര്‍ത്തിക്കുന്നില്ല). അദ്ഭുതം തോന്നുന്ന കാര്യം എന്നിട്ടുപോലും പഴയ വിമരശങ്ങള്‍ അതേ പടി ആവര്‍ത്തിക്കുകയും അല്പം പോലും മുന്നോട്ടു പോകാതിരിക്കുകയും ചെയ്യുന്നത് ബുദ്ധിപരമായ ജാഢ്യത്തിന്റെ ലക്ഷണം കൂടിയാണ്. ഒരു സമൂഹം മൊത്തം പങ്കാളിയാണതില്‍.
ഉന്മേഷു പറഞ്ഞ ‘കടും‘ കൈയെപ്പറ്റി. അവയവപ്പൊരുത്തമില്ലായ്മ, രവിവര്‍മ്മയുടെ പോര്‍ട്രൈറ്റുകള്‍ക്കില്ല. അതെന്ത്? കാലത്തെ എങ്ങനെ ഉള്ളടക്കി എന്നത് ഏതു വലിയ കലാകാരന്റെയും വിലയിരുത്തലില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന ഘടകമാണ്.. പൊള്ളാക്ക് ബ്രഷ് ഉപയോഗിക്കാതിരുന്നതും വിന്‍സന്റ് വാന്‍ ഹോക്ക്, കത്തിയെ ബ്രെഷാക്കിയതുംപോലെ പ്രധാനമാണ് രവിവര്‍മ്മയുടെ ഓലിയോഗ്രാഫിയും എന്ന് തിരിച്ചറിയുന്ന കുറച്ചുപേരെങ്കിലും ഇന്നുണ്ട്. ദേശീയത കത്തി നിന്ന അവസരത്തില്‍ രവിവര്‍മ്മയോടുണ്ടായ എതിര്‍പ്പ് ‍ ഏറിയകൂറും ചിത്രരചനയ്ക്ക് രവിവര്‍മ്മ അവലംബിച്ചത് വിദേശരീതികളാണെന്നുള്ളതായിരുന്നു. അക്കാദമിക് റിയലിസത്തെ തന്റെ രചനകളില്‍ ബ്രിട്ടീഷ് സ്കൂളില്‍ പഠിച്ചുവന്ന രവിവര്‍മ്മ അവലംബിച്ചു എന്നതായിരുന്നു വിമര്‍ശനങ്ങളിലെ കാതലായ വശം. എന്നാല്‍ 1870-കളിലാണ് ഇത്തരം പരിശീലനം ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച ഇന്ത്യന്‍ ആര്‍ട്ട് സ്കൂളുകളില്‍ (മദ്രാസ്, കല്‍ക്കട്ട, തിരുവനന്തപുരം) ആരംഭിക്കുന്നത്, 1848-ല്‍ ജനിച്ച രവിവര്‍മ്മ ആക്കാലത്ത് സ്വന്തമായ ശൈലിയില്‍ എത്തിച്ചേര്‍ന്നിരുന്നു.
കല്‍ക്കട്ട സ്കൂള്‍ ഓഫ് ആര്‍ട്ട്സിന്റെ പ്രിന്‍സിപ്പാളായിരുന്ന ഹാവേല്‍, ‘ദേശീയത’യെ മുന്‍ നിര്‍ത്തി രവിവര്‍മ്മയ്ക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളാണ് പില്‍ക്കാലത്ത് പലരും മുന്‍ പിന്‍ നോക്കാതെ ഏറ്റുപിടിച്ചത്. (ശ്രദ്ധിക്കണം ഹാവേല്‍ വിദേശി, ദേശീയത എന്ന സങ്കല്പം വൈദേശികം) ഭാരതീയ കാവ്യസന്ദര്‍ഭങ്ങളുടെ ആവിഷ്കാരത്തില്‍ കാണിക്കുന്ന കലാശൂന്യതയാണ് അതില്‍ മുഖ്യം. ഇന്ത്യന്‍ ശില്പി തന്റെ ആത്മീയാനുഭൂതികളെയാണ് ബാഹ്യരൂപത്തെയല്ല മാതൃകയാക്കേണ്ടത് എന്നാണ് അദ്ദേഹം വാദിച്ചത്. ആനന്ദകുമരസാമിയും ബംഗാള്‍ സ്കൂളും ഏറ്റുപിടിച്ച് വികസിപ്പിച്ചത് ഈ വാദത്തെ യാണ്. ഇന്ത്യന്‍ ആത്മീയതയെക്കുറിച്ച് മാക്സ്മുള്ളര്‍ തുടങ്ങിയുള്ള വൈദേശിക പണ്ഡിതന്മാര്‍ എഴുതിവച്ച അഭിപ്രായത്തെ അവതരിപ്പിക്കുകയായിരുന്നു ഹാവേല്‍. (അത് മറ്റൊരു വൈചിത്ര്യം) അബനീന്ദ്രന്റെയും മറ്റും സ്വദേശി പരിഷ്കരണങ്ങള്‍ എത്ര അല്പായുസ്സായുരുന്നു എന്ന കാര്യം ഇവിടെ ഓര്‍ക്കുക. ആനന്ദകുമരസാമി പിന്നീട് നടത്തിയ ഒരു കുമ്പസാരത്തില്‍ ഒരു രവിവര്‍മ്മ ചിത്രങ്ങളുടെയും അസല്‍ താന്‍ കണ്ടിട്ടില്ലെന്നും പകര്‍പ്പുകളുടെ പകര്‍പ്പുകള്‍ വച്ചാണ് താന്‍ രവിവര്‍മ്മയ്ക്കെതിരെയുള്ള സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തിയതെന്നും പറഞ്ഞിട്ടുണ്ട്.
ചിത്രകാരന്‍ എന്ന നിലയ്ക്കുള്ള രവിവര്‍മ്മയുടെ പില്‍ക്കാല വിലയിരുത്തലുകളെ ഇങ്ങനെ ചുരുക്കാം. 1. മദ്രാസ് ഗവര്‍ണ്ണറായിരുന്ന നേപ്പിയറുടെ ആഹ്വാനമാണ് പാശ്ചാത്യ റിയലിസ്റ്റിക് രീതിയുടെ കരുത്ത് ഉപയോഗിച്ച് പുരാതനകൃതികളിലെ സാദ്ധ്യതകളെ ഉപയോഗിക്കുന്നത്. ഇതൊരു പുതിയ പരീക്ഷണമായിരുന്നു. 2. കരകൌശല വേല എന്ന നിലയില്‍ നിന്ന് കല എന്ന രൂപത്തിലേയ്ക്ക് ഭാരതീയ ചിത്രകല എത്തുന്നത് രവിവര്‍മ്മയുടെ രചനകളോടെയാണ്. 3. കൊളോണിയല്‍ ആധുനികതയുടെ ബലതന്ത്രങ്ങള്‍ക്ക് അകത്തു നിന്നുകൊണ്ട് പാരമ്പര്യത്തെയും ആധുനികതയെയും സമന്വയിപ്പിക്കാനുള്ള ശ്രമമാണ് രവിവര്‍മ്മയെ ശ്രദ്ധേയനാക്കുന്നത് എന്ന് കേസരി. (സാഹിത്യത്തിലും ഇതേ പ്രത്യേകതയാണ് അക്കാലത്ത് നടന്നത്..) 4. പെര്‍സെപ്ഷന്‍ (കാഴ്ചവട്ടം) ഇന്ത്യന്‍ ചിത്രകലയില്‍ ആദ്യമായി കടന്നു വരുന്നത് രവിവര്‍മ്മയുടെ ചിത്രങ്ങളിലാണ്. 5. ധ്യാനശ്ലോകങ്ങളിലെ അമൂര്‍ത്തമായ ദേവീ-ദേവരൂപങ്ങള്‍ക്കു പകരം സ്ഥലകാല ബദ്ധമായ മാനുഷികപരിസരവുമായി ഒത്തുപോകുന്നതാണ് രവിവര്‍മ്മയുടെ ദൈവിക ചിത്രങ്ങള്‍ (ഇത് ആധുനികമായ പരീക്ഷണമായിരുന്നു, രവിവര്‍മ്മയുടെ ഒരു മോഡല്‍, ദേവീരൂപനിര്‍മ്മിതികളില്‍ എങ്ങനെ സഹായിച്ചു എന്നതിന് ചിലതെളിവുകള്‍ ഇപ്പോഴുണ്ടെന്ന് പറയപ്പെടുന്നു. കേതന്‍ മെഹ്തയുടെ കളര്‍ ഓഫ് പാഷന്‍ അത് വ്യക്തമാക്കുന്നു)‌ 6. ദൈനം ദിന ജീവിതവുമായുള്ള അടുപ്പം (ദൈവത്തെ സാരിയുടുപ്പിച്ച ആള്‍) രാമാനന്ദ ചാറ്റര്‍ജി ആധുനിക ഇന്ത്യയിലെ മഹാനായ ചിത്രകാരന്‍ എന്ന പദവി രവിവര്‍മ്മയ്ക്കു നല്‍കുന്നത് ചരിത്രപരവും രാഷ്ട്രീയവും സാംസ്കാരികവുമായ മികവുകള്‍ മുന്‍ നിര്‍ത്തിയാണ് .

അപ്പോള്‍ ചരിത്രമറിയാത്ത നിരൂപണം കണ്ണുകെട്ടിയുള്ള വട്ടം ചുറ്റലാണ്. നിന്നയിടത്തു നിന്ന് ഒരിച്ച് അത് മുന്നോട്ട് പോകില്ല. കാലമെത്ര കഴിഞ്ഞാലും.

കലണ്ടര്‍ ചിത്രകാരനെന്ന് ഇകഴ്ത്തുമ്പോഴും അത് രൂപപ്പെടുത്തിയ അഖിലഭാരതീയമായ ഒരു ദൃശ്യബോധത്തെ തള്ളിക്കളയാനാവില്ല. അക്കാലത്തെ സാഹിത്യം വെറും പാശ്ചാത്യ അനുകരണം മാത്രമായിരിക്കുമ്പോള്‍ (ഇന്ദുലേഖ, മാര്‍ത്താണ്ഡവര്‍മ്മ, ദുര്‍ഗ്ഗേശനന്ദിനി) പാശ്ചാത്യാനുകരണാ‍രോപണം കണക്കിനു, ചരിത്രമറിയാത്തവരില്‍ നിന്ന് ഏറ്റു വാങ്ങിയ രവിവര്‍മ്മ ചിത്രങ്ങള്‍ വിദേശകലാനിരൂപകര്‍ക്കും പഥ്യമായിരുന്നു എന്നു കാണിക്കാനാണ് അവാര്‍ഡുകളെക്കുറിച്ചെഴുതിയത്. അല്ലാതെ വെള്ളക്കാരന്റെ നോട്ടം സര്‍വശ്രേഷ്ഠമാണെന്ന് ആരെയും ബോദ്ധ്യപ്പെടുത്താനല്ല. (എങ്കിലും നമ്മുടെ മികച്ച ഉദാഹരണങ്ങള്‍ വിദേശത്തു നിന്ന് വണ്ടി കയറി വരണം.. അത് മറ്റൊരു വൈചിത്ര്യം) ഏതു മത്സരത്തിന്റെയും മത്സരാര്‍ത്ഥികളുടെ പൂര്‍ണ്ണവിവരം അന്വേഷിച്ചാല്‍ കിട്ടും. കലാബാഹ്യവും ചരിത്ര നിരപേക്ഷവുമായ വിലയിരുത്തലിന് അത്തരം വിവരങ്ങള്‍ കൊണ്ട് എന്തുകാര്യമുണ്ടാവാനാണ്?

നീണ്ടുപോയി സോറി.

ദസ്തക്കിര്‍ said...

പ്രിന്റുകള്‍ ഒരിക്കലും ഒറിജിനല്‍ പെയിന്റിങ്ങുകള്‍ക്ക് പകരം വെക്കാനാവില്ലെങ്കില്‍ തന്നെയും ഓലിയോഗ്രാഫി ഉപയോഗിച്ച് തന്റെ ചിത്രങ്ങളുടെ കോപ്പികള്‍ ചെറിയ വിലയ്ക് വിറ്റ് ഭാരതീയ ചിത്രകല ജനകീയമാക്കുന്നതില്‍ രവിവര്‍മ്മയുടെ സംഭാവന അവഗണിക്കാന്‍ പറ്റില്ല എന്നതു ശരിയാണ്. (അതുകൊണ്ടാണ് അദ്ദേഹത്തെ പലരും കലണ്ടര്‍ ചിത്രകാരന്‍ എന്നു വിളിക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്) എന്നാല്‍ വാന്‍ ഗോഗ് പാലറ്റ് ക്നൈഫ് ഉപയോഗിച്ച് പടം വരച്ചതും രവിവര്‍മ്മ ചിത്രം വരച്ച് അതിന്റെ ലിത്തോഗ്രാഫ് പ്രിന്റ് എടുത്തതും വ്യത്യാസമില്ലേ വെള്ളെഴുത്തേ? രവിവര്‍മ്മ ചിത്രത്തിന് അതെന്തുതരത്തിലുള്ള ഗുണമേന്മ നല്‍കിയെന്നാണ്?

വിയന്നയുടെ കാര്യം അറിയില്ല എങ്കിലും ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ വരച്ചതു കൊണ്ടാണ് ചിക്കാഗോയില്‍ നടന്ന ലോക മത സമ്മേളനത്തില്‍ (സ്വാമി വിവേകാനന്ദന്‍ പ്രസംഗിച്ച അതേ വേദി) രവി വര്‍മ്മ ചിത്രങ്ങള്‍ പ്രദര്‍ശിക്കപ്പെട്ടതും മദ്രാസ് ഗവര്‍ണ്ണറുടെ ഛായാ ചിത്രം വരച്ചതിനു പ്രതിഫലമായി ' രാജാ' എന്ന പ്രിഫിക്സും കൈസര്‍-ഇ- ഹിന്ദ് അവാര്‍ഡും അദ്ദേഹത്തിനു ലഭിച്ചതും. എന്നു വെച്ച് ചിത്രകാരന്‍ പറയുന്നതു പോലെ അദ്ദേഹത്തിന് ചിത്രം വരയേ അറിയില്ല എന്നും പറയുന്നില്ല.

ചിത്രങ്ങളുടെ കലാമൂല്യം മാത്രം വെച്ചു നോക്കുമ്പോള്‍ , അബനീന്ദ്രനാഥ ടാഗോറിന്റേയോ, അമൃതാ ഷെര്‍ഗിളിന്റേയോ ഒക്കെ ( വിദേശ ചിത്രകാരന്മാരുടെ പേര്‍ മന:പൂര്‍ വ്വം ഒഴിവാക്കിയതാണ്) ചിത്രങ്ങള്ക്കില്ലാത്ത ഒരു മേന്മയും കൊട്ടിഘോഷിക്കത്തക്ക ഒന്നുംതന്നെയോ രവിവര്‍മ്മ ചിത്രത്തിലില്ല എന്നു തന്നെ പറയുന്നു.

ഗോള്‍ഡന്‍ ഗ്ഗ്ലോബും ഓസ്കാര്‍ നോമിനേഷനും കിട്ടിയതു കൊണ്ട് സ്ലം ഡോഗ് മികച്ച ചിത്രമാകുമോ?

Madhusudanan Perati said...

അമൃതാ ഷേർഗിൾ ഒരു ഗ്രെയ്റ്റ് ആറ്ട്ടിസ്റ്റും രവിവറ്മ്മ ഒരു ആറ്ടിസ്റ്റ് ഹു അചീവ്ഡ് ഗ്രേറ്റ്നെസ്സ് ഫോറ് പറ്ടികുലറ്ലി സോഷ്യലോജികൽ ഫാക്റ്റേഴ്സ് ഉം ആയിരുന്നെന്ന് പറഞ്ഞാൽ ആശയക്കുഴപ്പം തീരേണ്ടതാൺ? ഇവറ് രണ്ടുപേരും വ്യക്തമായി രണ്ടു വ്യത്യസ്ഥശാഖകളെ ആൺ പ്രധിനിധീകരിയ്ക്കുന്നത്. ഒന്നാമത്തേത് അകാഡമിക് അറ്ത്ഥത്തിലെ ശുദ്ധചിത്രകലയും രണ്ടാമത്തേത് പോപുലറ് എന്നു വിളിക്കാവുന്ന രീതിയുമാൺ. ഒന്ന് പികാസ്സോയുടെ ബ്രാഞ്ചും മറ്റത് ഡിസ്നിയുടെ ബ്രാഞ്ചും.

രവിവറ്മ്മച്ചിത്രങ്ങളെ ശുദ്ധകലയിലെ വറ്ക്കുകളായി നിരീക്ഷിയ്ക്കാൻ ശ്രമിച്ചാൽ മാത്രമാൺ കൺഫ്യൂഷൻ ഉണ്ടാകുന്നത്. അങ്ങനെ നോക്കിയാൽ അദ്ധേഹത്തിന്റെ ചിത്രങ്ങൾ അപാകതകൾ നിറഞ്ഞതാൺ. ഞാൻ വേറൊരു കമന്റിൽ സൂചിപ്പിയ്ക്കാൻ ശ്രമിച്ച പോലെ കളറ് സ്കീംസ്, പ്രോപോഷൻസ്, പെറ്സെപ്ഷൻ തുടങ്ങി പല ടെക്നികൽ ആസ്പെക്റ്റ്സിലും പിഴവുകണ്ടെത്തുക ബുദ്ധിമുട്ടല്ല.

വെള്ളെഴുത്ത് അദ്ധേഹത്തിന്റെ ചിത്രങ്ങളിൽ അപാകതകളില്ല എന്നു സൂചിപ്പിച്ചതുകൊണ്ട് ഒരു പെട്ടെന്നുള്ള ഉദാഹരണം:
http://en.wikipedia.org/wiki/File:Ravi_Varma-Lakshmi.jpg

മുകളിലെ ചിത്രം ശ്രദ്ധിയ്ക്കുക. ചിത്രത്തിന്റെ പശ്ചാത്തലം ഐ ലെവലിൽ നിന്ന് ചുരുങ്ങിയത് 25-30 ഡിഗ്രിയിലാൺ കാൺപ്പെട്ടുന്നത്. ഇനി ഫോറ്ഗ്രൌണ്ടിലെ ലക്ഷ്മിയെ നോക്കുക.പ്രത്യേകിച്ച് താമരയുടെ ഭാഗം ശ്രദ്ധിയ്ക്കുക. കാഴ്ചയുടെ ചെരിവ് കഷ്ടിച്ച് ഒരു പത്തുഡിഗ്രിയേ വരൂ.

കോഗ്നിഷന്റെ നിയമം വെച്ച് രണ്ട് വ്യൂ പോയിന്റ്റുകൾ ഒരുമിച്ച് വരുന്നതുമൂലം തലച്ചോറിൻ ഇത് ഒറ്റച്ചിത്രമായി രെജിസ്റ്ററ് ചെയ്യാൻ വിഷമം തോന്നും എന്നാണല്ലോ. വളരെ ബെയ്സിക് ആയ ഒരു പിഴവാണത്. രവിവറ്മ്മ ഇങനെ ചെയ്തത് മിക്കവാറും ഗോഡസിനെ ഹൈ ആങ്കിൾ വ്യൂവിൽ നിന്ന് കാണിക്കുന്നതിന്റെ ഭാവപരമായ പിഴവ് ഒഴിവാക്കാനായിരിക്കണം.എന്നാൽ ലാൻഡ്സ്കേപ്പിന്റെ ഡീറ്റെയ്ല്സ് കാപ്ച്വറ് ചെയ്യാൻ ഉയറ്ന്ന വീക്ഷണകോൺ ആവശ്യ്യമാണുതാനും.

എന്നാൽ രവിവറ്മ്മ ചിത്രങ്ങളെ ഇങ്ങനെ പരിശോധിയ്ക്കേണ്ട ഒരു കാര്യവുമില്ല. തന്റെ ചിത്രങ്ങൾകൊണ്ട് അദ്ധേഹം ഉദ്ധേശിച്ചത് അകാഡമിക്കുകളുടെ ആക്സ്പ്റ്റൻസല്ലെന്നുവേണം വിശ്വസിയ്ക്കാൻ. ഞ്നാനികൾ വരച്ച് ഞ്നാനികൾ കയ്യടിയ്ക്കുന്ന വൃത്തങ്ങൾ രാജ്യത്ത് ഉണ്ടായിവരുന്ന കാലത്താൺ അദ്ധേഹം വരച്ചത്.

വിൻഡോസിനെ അപേക്ഷിച്ച് എത്രയോ അധികം പൂറ്ണ്ണതയുള്ള ഉൽ‌പ്പന്നമാൺ മാക്. സോ വാട്ട് എന്നതാൺ ചോദ്യം. മാക് മാകിന്റെ ആളുകൾ വാങ്ങുന്നു, വിൻഡോസ് വിൻഡോസിന്റെ ആളുകൾ വാങ്ങുന്നു.

വെള്ളെഴുത്ത് said...

വെള്ളെഴുത്ത് അദ്ധേഹത്തിന്റെ ചിത്രങ്ങളില്‍ അപാകതകളില്ല... എന്ന് ഞാന്‍ പറഞ്ഞില്ല. കുറ്റം കലാബാഹ്യമായി ആരോപിക്കുന്നതിനുമുന്‍പ് ഒന്നുകൂടി നമുക്ക് കൂട്ടായി ഒന്ന് ആലോചിച്ചു നോക്കാം എന്നേ പറഞ്ഞുള്ളൂ. ഇങ്ങനെ ഒരു കാഴ്ച തന്നത് നന്നായി. പക്ഷേ ഒലിയോഗ്രാഫിന്റെ പരിമിതിയായിക്കൂടേ ഈ ലക്ഷ്മി ചിത്രത്തിന്റെ പ്രശ്നം എന്നൊരു സംശയം. അതായത് യഥാര്‍ത്ഥ ചിത്രത്തിന്റെ വലിപ്പത്തെ ചുരുക്കി പകര്‍പ്പും പകര്‍പ്പിനുമേലെ പകര്‍പ്പും നിറത്തിനുമേല്‍ നിറമെന്നമട്ടിലുള്ള പ്രിന്റും ആകുമ്പോള്‍ അപവര്‍ത്തനം സംഭവിക്കാനുള്ള സാദ്ധ്യതയില്ലേ? ആനന്ദകുമരസാമിയുടെ ഏറ്റുപറച്ചിലും (പകര്‍പ്പുകളും പകര്‍പ്പുകളുടെ പകര്‍പ്പുമല്ലാതെ, താന്‍ യഥാര്‍ത്ഥത്തിലുള്ള ഒരു രവിവര്‍മ്മചിത്രവും കണ്ടിട്ടില്ലെന്ന്) മധുസൂദനന്‍ പറഞ്ഞതും തമ്മില്‍ കൂട്ടി വായിക്കുമ്പോള്‍ അങ്ങനെ തോന്നുന്നു. (അറിയില്ല.) എന്തായാലും അബനീന്ദ്രന്റെ ഭാരതമാതാവിനെപ്പറ്റിയും ‘ചുള്ളിക്കമ്പുപോലുള്ള കാലുകള്‍’ എന്ന് ആരോപണം ഉണ്ടായിട്ടുണ്ട്. കലാകാരന്‍ ആധുനികതയുമായി (മോഡേണിറ്റി) ബന്ധപ്പെടുന്ന വിധം, അതിനു ലഭിക്കുന്ന ജനകീയമായ സ്വീകരണം ഇതുരണ്ടും വച്ചാണ് പൊള്ളാക്കുമായി താരതമ്യപ്പെടുത്തിയത്. (തെറ്റിയെങ്കില്‍ തിരുത്താം) വരേണ്യമായ ഒരു കല എന്ന നിലവിട്ട് ജനങ്ങളിലേയ്ക്ക് എണ്ണ്ച്ചായാചിത്രം ഇറങ്ങി വരുന്നതിന് രവിവര്‍മ്മയുടെ സംഭാവന ഒട്ടും ഇല്ലേ?
കാലം നോക്കുക. കുമാരനാശാനെപ്പോലുള്ള കലാകാരന്മാര്‍ ഓട്ടുകമ്പനി തുടങ്ങിയിരുന്നു.
2. വിദേശിയുടെ സിനിമയാണ് സ്ലം ഡോഗ്. അതില്‍ ഇന്ത്യക്കാര്‍ പണിയെടുത്തു എന്നുമാത്രം. അതായത് സിനിമയുടെ വീക്ഷണക്കോണ്‍ വ്യത്യസ്തമാണെന്നര്‍ത്ഥം. അതുകൊണ്ട് ഒരു വിദേശി ആ സിനിമ കാണുന്നതുപോലെയല്ല ഒരിന്ത്യന്‍ അതു നോക്കിക്കാണുക. പെര്‍സെപ്ഷനിലാണ് പ്രശ്നം സിനിമയുടെ മികവിലല്ല. ഇവിടെ ആ താരതമ്യം വന്നതു നന്നായി. കാരണം കമ്പനി ചിത്രങ്ങളും രവിവര്‍മ്മ ചിത്രങ്ങളും കൃത്യമായി വീക്ഷണക്കോണുകള്‍ അടയാളപ്പെടുത്തുന്നുണ്ട്. രവിവര്‍മ്മ ദൈവങ്ങളെ മാത്രമല്ല ലാന്‍ഡ് സ്കെയിപ്പുകളും വരച്ചിട്ടുണ്ടെന്നോര്‍ക്കുക. ഈ ചിത്രങ്ങള്‍ താരതമ്യം ചെയ്താല്‍ മാത്രം മതി കാഴ്ചവട്ടങ്ങളുടെ അന്തരം അറിയാന്‍. മുഗള്‍, ചുവര്‍ ചിത്രങ്ങളില്‍ നിന്നു വ്യത്യ്സ്തമായി വീക്ഷണക്കോന്‍ എന്ന മൂലകത്തെ ആദ്യമായി ഇന്ത്യന്‍ ചിത്രകലയില്‍ അവതരിപ്പിച്ചത് രവിവര്‍മ്മയാണെന്ന് പറയപ്പെടുന്നു. അതുകൊണ്ടും കൂടി ഈ താരതമ്യം ഉചിതമായി.

ചിത്രകാരന്‍chithrakaran said...

കുമാരനാശാന്റെ ഓട്ടു കംബനിയില്‍ നിന്നും ഇറങ്ങിയ ഓടുകളെ കവിതയായി കണക്കാക്കാതിരുന്നാല്‍ മതി !

കലയും,ക്രാഫ്റ്റും,കോപ്പിയും എന്താണെന്നറിയാത്തതിന്റെ
പ്രശ്നങ്ങളാണ് ഇവിടെ അഭിപ്രായവ്യത്യാസങ്ങളുടെ
കാരണമാകുന്നത്.
രാജ രവിവര്‍മ്മ മമ്മിയായി നമ്മുടെ
ദുരഭിമാനത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
ജാതി,മതം,ദൈവം എന്നിവയില്‍ നിന്നൊക്കെ
സമൂഹം മുക്തമാകുന്നതുവരെ നമ്മള്‍ കൂട്ടത്തില്‍ രവിവര്‍മ്മയേയും വലംവച്ചുകൊണ്ടിരിക്കും.
കഥകളി ഇന്നത്തെ കലാരൂപമായി തെറ്റിദ്ധരിക്കുന്നതുപോലുള്ള ഒരു ജനപ്രിയ ദുശ്ശീലം മാത്രമാണത്.(അതും സായിപ്പു പഠിക്കുന്നുണ്ട്!!!)

ഈ രോഗം മാറുംബോള്‍ ഭേദമാകുമെന്ന് പറയാം:)