Friday, June 27, 2008

തലക്കെട്ടുകള്‍ , മുഖചിത്രങ്ങള്‍

ആര്‍ട്ട്, ഗ്രാഫിക്സ് എന്നിവയാണ് എന്റെ പ്രധാന താല്പര്യമേഖലകള്‍. തൊഴില്‍ ഡിസൈനിങ്ങുമായി ബന്ധപ്പെട്ടതെങ്കിലും കൂടുതല്‍ ആത്മസംതൃപ്തി ലഭിക്കുന്നത് ഗ്രാഫിക്സുമായി ബന്ധപ്പെട്ട എന്തെങ്കിലും ചെയ്യുമ്പോഴാണ്. അതുകൊണ്ട് തന്നെയാണ് തങ്ങളുടെ ബ്ലോഗുകള്‍ക്കായി ബാനറുകളും, പുസ്തകങ്ങള്‍ക്കായി കവര്‍ ഡിസൈനും മറ്റും വേണമെന്ന് പലരും ആവശ്യപ്പെട്ടപ്പോള്‍ സന്തോഷപൂര്‍വം ചെയ്തുകൊടുക്കാമെന്നേറ്റത്. സമയക്കുറവുകൊണ്ട് പലരേയും നിരാശപ്പെടുത്തേണ്ടി വന്നിട്ടുണ്ടെങ്കിലും ചിലര്‍ക്കെങ്കിലും ചെയ്തു കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചിതലും വൈറസും പിടിച്ച് നശിച്ചുപോകാതിരിക്കാന്‍ ചിലതൊക്കെ ഇവിടെ സൂക്ഷിക്കട്ടെ.

ഭൂതകാലക്കുളിര്‍:

ആദ്യം ചെയ്തത്. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷമായി കാണുന്ന ബ്ലോഗായതുകൊണ്ടും ഓരോ ചിത്രങ്ങളും മന:പാഠമായതുകൊണ്ടും അരമണിക്കൂറിനകം ചെയ്തു തീര്‍ത്തു.



Still alive:

അബ്സ്ട്രാക്റ്റ് ചിത്രങ്ങള്‍ക്കായി തുളസി തുടങ്ങിയ മറ്റൊരു ബ്ലോഗിനായി ചെയ്തത്. ഇത് ഇപ്പോള്‍ നിലവിലില്ല. ബ്ലോഗു പോലെ തന്നെ അമൂര്‍ത്തമായ ആശയമായിരുന്നതിനാല്‍ ഏഴെട്ടെണ്ണമെങ്കിലും ചെയ്തിട്ടാണ് തുളസിക്ക് ഒരെണ്ണം ഇഷ്ടമായത്.




ആണ്മ:

മനസ്സിലാവുന്ന ഒരു ബാനര്‍ ചെയ്തു തരാമോ എന്നു രാജ് ചോദിച്ചു. രാജിന്റെ പോസ്റ്റുകല്‍ അധികം വായിച്ചിട്ടില്ലെങ്കിലും എനിക്കു മനസ്സിലായതു പോലെ ഒരെണ്ണം ചെയ്തു.


നജൂസ്:

രാജിന്റെ ബ്ലോഗ് കണ്ട് തനിക്കുകൂടെ ഒരെണ്ണം വേണമെന്ന് നജൂസ് ആ‍വശ്യപ്പെട്ടിരുന്നു. ഏകവചനത്തിലൊഴുകുന്ന പുഴ എന്ന വാചകം വല്ലാതെ ഇഷ്ടമായി.


വിട്ടിലുകളുടെ വൃഷണം:

സനാതനന്റെ കവിതകള്‍ PDF ആക്കി മാറ്റുന്നതിനായി വേണ്ടി ചെയ്ത കവര്‍ ചിത്രം. പിന്നീട് പുസ്തകമാക്കി ഇറക്കുന്നെങ്കില്‍ ഉപയോഗിക്കാന്‍ പറ്റുന്ന വിധത്തില്‍ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കവിയുടെ മനസ്സിലുണ്ടായിരുന്ന പല മനോഹരങ്ങളായ ആശയങ്ങളും വേണ്ടപോലെ ദൃശ്യവത്കരിക്കാന്‍ എനിക്കു കഴിയാതെ പോയി.

റേച്ചല്‍ കാഴ്സന്‍:

ഡോ. രതി. കെ മേനോന്‍ എഴുതിയ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന റേച്ചല്‍ കാഴ്സന്റെ ജീവചരിത്രത്തിന്റെ കവര്‍. ആദ്യത്തേതാണ് ലേഖികക്ക് ഇഷ്ടമായത്.

Thursday, June 12, 2008

സംഗതി ഒറിജിനലോ ഡ്യൂപ്ലിക്കേറ്റോ?

'Immature poets imitate;mature poets steal.' -T.S. Eliot

എവിടെയും കോപ്പിറൈറ്റിനേയും മോഷണത്തേയും കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ കൊടുമ്പിരിക്കൊള്ളുകയാണല്ലോ? മറ്റുള്ളവരുടെ രചനകള്‍ മോഷ്ടിച്ച് ലാഭമുണ്ടാക്കുന്നതിനെ (plagiarism) ന്യായീകരിക്കാനാവില്ലെങ്കിലും വ്യക്തിപരമായി ഞാന്‍ കോപ്പിറൈറ്റ് എന്ന സങ്കല്പത്തിനെതിരാണ്. ഒറിജിനാലിറ്റി, മൌലികത ഇതൊക്കെ എത്രമാത്രം പ്രസക്തമായ പ്രയോഗങ്ങളാണ് എന്നതില്‍ ചില സംശയങ്ങള്‍ ഉണ്ടുതാനും. (പ്രത്യേകിച്ച് സൌജന്യസേവനങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള ബ്ലോഗിങ് പോലുള്ള മാധ്യമങ്ങളില്‍. അതെന്റെ വ്യക്തിപരമായ കാഴ്ചപ്പാട്.) ശൂന്യതയില്‍ നിന്നോ വെറും ഭാവനയില്‍ നിന്നുമോ ഒന്നും സൃഷ്ടിക്കപ്പെടുന്നില്ല. പ്രചോദനം, അനുകരണം, മോഷണം എന്നിങ്ങനെ വ്യാഖ്യാന രീതികളുടെയും (interpretation) manipulationന്റെയും ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് വിവിധതലങ്ങളില്‍ രചനകളെ വേര്‍തിരിക്കാമെന്നു മാത്രമാണ് എനിക്കു തോന്നുന്നത്.

പ്രചോദനം(inspiration) തന്നെ ഇതില്‍ ഏറ്റവും ഉദാത്തമെന്നു തോന്നുന്നു. പ്രകൃതി തന്നെ മുഖ്യ സ്രോതസ്സ്. (പടച്ച തമ്പുരാന്‍ കേസ്സു കൊടുക്കില്ലല്ലോ?) ഉദാഹരണം ഇതാ.


ഡിസൈനര്‍: Yoske Nishiumi


Counterfeiting :
കറന്‍സികളുടെ ചിത്രങ്ങള്‍ വരക്കുന്ന ജെ.എസ്.ജി. ബോഗ്സ് എന്ന അമേരിക്കന്‍ ചിത്രകാരന്‍ നമ്മുടെ മൂല്യബോധത്തെക്കുറിച്ച് ചില അടിസ്ഥാനപരമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇദ്ദേഹത്തിന്റെ രചനകളെ നിയമവിരുദ്ധമായിക്കണ്ട് വിലക്കിയിരിക്കുന്നു. ഇതിനെതിരെയുള്ള ഒരു കേസ് വിസ്താരത്തിനിടെ ഒരു കെട്ട് പൌണ്ട് കറന്‍സികള്‍ കോടതിക്കുമുമ്പിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് അദ്ദേഹം പറഞ്ഞത്, ഈ കറന്‍സികള്‍ വെറും റീപ്രൊഡക്ഷനുകള്‍ മാത്രമാണ്, പക്ഷേ തന്റെ ഡ്രോയിങ്ങുകള്‍ ഒറിജിനലായ സൃഷ്ടികളാണെന്നാണ്. ആലോചിച്ചു നോക്കിയാല്‍ അതില്‍ കാര്യമില്ലാതില്ല. അതു കൊണ്ടാണല്ലോ, കോടതി അദ്ദേഹത്തിന്റെ ഡ്രോയിങ്ങുകളെ വ്യാജമെന്നു വിലക്കിയിട്ടും അതു വാങ്ങാന്‍ ആളുണ്ടാകുന്നത്. മാത്രമല്ല, മിക്ക രാജ്യങ്ങളിലേയും 5,10,20,എന്നീ കറന്‍സികള്‍ അച്ചടിച്ചിലവ് /ചാര്‍ജ് ഏകദേശം തുല്യമാണ്. ബോഗ്സ് തന്റെ ഡ്രോയിങ്ങുകള്‍ വില്‍ക്കുന്നത് ആ നോട്ടുകളുടെ യഥാര്‍ത്ഥ മൂല്യത്തെക്കാളും ഉയര്‍ന്ന വിലയില്‍ ആണെന്ന ഐറണിയുമുണ്ട്. മൂല്യമെന്നത് അപ്പോള്‍ തികച്ചും ആപേക്ഷികമല്ലേ?

അനുകരണം (imitation/mimicry) :
ജന്മവാസനയായ അനുകരണത്തിലൂടെയാണ് കുട്ടികള്‍ ജീവിതപാഠങ്ങള്‍ പഠിച്ചു തുടങ്ങുന്നത്. ചെറുപ്പത്തില്‍ കോമിക്കുകളിലെ ചിത്രങ്ങള്‍ നോക്കി വരച്ചും, സിനിമാ ഗാനങ്ങള്‍ ഏറ്റുപാടിയും, വായനയിലൂടെയും തന്നെയായിരിക്കും മിക്കവരും തങ്ങളുടെ അറിവും ഭാവനാ ശേഷിയും വികസിപ്പിച്ചിട്ടുണ്ടാവുക. ഡാവിഞ്ചിയുടെ മോണോലിസ ചിത്രത്തിന്റെ കോപ്പികളും അനുകരണങ്ങളും ലോകത്തെല്ലായിടത്തും കിട്ടും. എന്നിരുന്നാലും പാരീസിലെ ലൂവ്( louvre) മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന യഥാര്‍ത്ഥ ഡാവിഞ്ചി ചിത്രം കാണമെങ്കില്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കണം. മോണലിസയുടെ കാര്യത്തില്‍ കാണുന്നത് ഒറിജിനല്‍ ചിത്രമാണെന്നുള്ള വിശ്വാസമെങ്കിലുമുണ്ട്. എന്നാല്‍ 7 മില്യണ്‍ ഡോളറിന് ഗെറ്റി മ്യൂസിയം വാങ്ങിയ പ്രശസ്ത ഫ്രഞ്ച് ശില്പിയായിരുന്ന റോഡിന്‍ -ന്റെ ഒരു ഗ്രീക്ക് ശില്പം ഒറിജനലോ അതോ വ്യാജമോ എന്ന് നിശ്ചയിക്കാനാവാത്ത അവസ്ഥയിലാണ് മ്യൂസിയം അധികാരികള്‍. റോഡിന്‍-ന്റെ അനുയായികള്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന അച്ചില്‍ വാര്‍ത്ത ഒരു ശില്പം മാത്രമായിരുന്നു അതെന്ന ഒരു കണ്ടെത്തലുണ്ടായതാണ് കാരണം.

കടമെടുക്കല്‍ (borrowing)
ചില അവസരങ്ങളില്‍ ഒരു രചനയോ, അതിലെ ഭാഗങ്ങളോ, ആശയങ്ങളോ കടമെടുത്ത് സ്വന്തമായ വ്യാഖ്യാനങ്ങള്‍ സൃഷ്ടിക്കുന്ന ചിലരുണ്ട്. എം.ടിയുടെ രണ്ടാമൂഴം,വിശാല്‍ ഭരദ്വാജിന്റെ മക്ബൂല്‍,ഓംകാര എന്നീ സിനിമകള്‍ ഉദാഹരണം. മൌലികമായ ആശയങ്ങളില്ലാതെയും പുതുമ വരുത്താനാവും എന്നു തന്നെയാണ് ഇത്തരം രചനകള്‍ കാണിച്ചുതരുന്നത്.

മോഷണം (plagiarism):
ചിലര്‍ വളരെ കൌശലത്തോടെ, മന:പൂര്‍വ്വമായി തന്നെ അന്യരുടെ രചനകളില്‍ അല്ലറ ചില്ലറ മാറ്റങ്ങള്‍ വരുത്തി തികച്ചും മൌലികമായ സൃഷ്ടി എന്ന നിലക്ക് അവതരിപ്പിക്കുന്നു. മിക്ക മുഖ്യധാരാ ബോളീവുഡ് സിനിമകളുടെ കഥകളും തന്നെ ഏറ്റവും നല്ല ഉദാഹരണം. കേരള്‍സിന്റെ ചെയ്തിയും മറ്റൊന്നല്ല. സംഗീതത്തിലും സാഹിത്യരചനകളിലും ഒക്കെ പലപ്പോഴും ഇത്തരം മോഷണാരോപണങ്ങള്‍ ഉണ്ടാവാറുണ്ട്. അപൂര്‍വം ചില അവസരങ്ങളില്‍ മന:പൂര്‍വ്വമല്ലാതെ, പണ്ടെന്നോ കണ്ടോ കേട്ടോ മറന്ന ദൃശ്യങ്ങള്‍,ഈണങ്ങള്‍, വായിച്ചുമറന്ന വരികള്‍ എന്നിവ കാലങ്ങള്‍ക്കു ശേഷം അറിയാതെ സ്വന്തം രചകളില്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട് എന്ന വസ്തുത അവഗണിക്കുന്നില്ല. പക്ഷെ, ഷോലെയിലെ മെഹബൂബാ എന്ന ഗാനത്തിന്റെ ഈണവും Demis Roussoss’sന്റെ Say You Love Me എന്ന ഗാനത്തിന്റെ ഈണവും തമ്മിലുള്ള സാമ്യം യാദൃശ്ചികമെന്ന് വിശ്വസിക്കാന്‍ പ്രയാസം. ഇന്‍ഡ്യന്‍ സിനിമയിലെ സംഗീത മോഷണങ്ങളെക്കുറിച്ച് കൂടുതല്‍ ഇവിടെ

ശബ്ദത്തിന് പ്രതിധ്വനി/എക്കോ വരുത്തുവാന്‍ സാധിക്കും എന്നാല്‍ പ്രതിധ്വനിയില്‍ നിന്നും ശബ്ദമുണ്ടാക്കാന്‍ കഴിയില്ല എന്നാരോ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടായിരിക്കണം അനുകരണങ്ങള്‍ക്കും പകര്‍പ്പുകള്‍ക്കും വിലയില്ലാതായിപ്പോകുന്നത്.

ഇതുകൂടെ വായിക്കാം
Reference: the art of looking side ways: Alan Fletcher

Monday, June 09, 2008

പ്രതിഷേധത്തിന് പിന്തുണ!!