Tuesday, May 20, 2008

ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍!!

ന്യായാധിപന്മാരെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിന് എതിരായിരുന്നു നമ്മുടെ ബഹുമാന്യനായ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍. കാരണമെന്തായിരുന്നു എന്നറിയാന്‍ CNN IBN ചാനല്‍ പുറത്തു കൊണ്ടുവന്ന ചില ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ കണ്ടാല്‍ മതി. (വീഡിയോ ഇവിടെ) വിലപ്പെരുപ്പവും കര്‍ഷക ആത്മഹത്യകളും പെരുകിവരുമ്പോഴും കോണ്‍ഫറന്‍സുകളുടെ പേരില്‍ വിദേശരാജ്യങ്ങളില്‍ ഭാര്യമാരോടൊപ്പം ഉല്ലാസയാത്ര നടത്തി സാധരണക്കാരന്റെ നികുതിപ്പണം കട്ടുമുടിക്കുന്ന ജഡ്ജി ഏമാന്മാരുടെ ധൂര്‍ത്തിന്റെ കണക്ക് ബ്യൂറൊക്രസിയുടെ ചീഞ്ഞുനാറിയ വ്യവസ്ഥകള്‍ കണ്ടു മടുത്ത പൊതുജനത്തിന് ഒരു പക്ഷേ പുതിയ അറിവാവില്ല. പക്ഷേ, ഇതിനെക്കുറിച്ച് ചോദിക്കാന്‍ ചെന്ന ചാനല്‍ പ്രവര്‍ത്തകര്‍ക്ക് നിയമമന്ത്രാലയത്തില്‍ നിന്നും കിട്ടിയ മറുപടിക്കെതിരെ കൃത്യമായി നികുതി അടക്കുന്ന ഒരു ഇന്‍ഡ്യന്‍ പൌരന്‍ എന്ന നിലക്ക് എനിക്ക് പ്രതികരിക്കാതിരിക്കാന്‍ വയ്യ. ‘ജഡ്ജിമാര്‍ക്കും വേണ്ടെ കംഫര്‍ട്ട്? അവര്‍ക്കും വേണ്ടെ വിനോദയാത്രകള്‍? അവരെ മാത്രമായി എന്തിന് ഒഴിവാക്കണം’ ആരു പറഞ്ഞു വേണ്ടാ എന്ന്? ആയിക്കോളൂ. പക്ഷേ, ഞാന്‍ അധ്വാനിച്ചുണ്ടാക്കിയ പണത്തില്‍ നിന്നും പിടിച്ചു പറിക്കുന്ന നികുതിപ്പണം ഉപയോഗിച്ചു വേണ്ട ഈ ധൂര്‍ത്ത്? ചീഫ് ജസ്റ്റിസിന്റെ സൌത്ത് ആഫ്രിക്ക യാത്രയിലെ എന്റെര്‍ടെയിന്റ്മെന്റ് അലവന്‍സ് മാത്രം വരും എണ്‍പതിനായിരം രൂപ! സര്‍ക്കാര്‍ മാസാമാസം കൃത്യമായി ശമ്പളം തരുന്നില്ലേ? അതില്‍ നിന്നോ അച്ചിവീട്ടില്‍ നിന്നും സ്ത്രീധനമായി കിട്ടിയ സ്വത്തില്‍ നിന്നോ ഉള്ള പണം എങ്ങിനെ വേണമെങ്കിലും ചെലവാക്കിക്കോളൂ. പക്ഷേ, നികുതിപ്പണം ധൂര്‍ത്തടിച്ചിട്ട് ഇത്തരം അഴകൊഴമ്പര്‍ മറുപടി പറയുന്നത് ശുദ്ധ തെമ്മാടിത്തരവും നികുതിദായകനോടുള്ള പരസ്യമായ അവഹേളനവുമാണ്. കോര്‍പ്പറേറ്റ് എക്സിക്യുട്ടീവുകളുടെ ജീവിതരീതി ലളിതമാക്കണമെന്ന് ഈയിടെ ആവശ്യപ്പെട്ട പ്രധാനമന്ത്രി മന്‍ മോഹന്‍ സിങ്ങു തന്നെയാണ് ഈ ബില്ലുകളൊക്കെ ഒപ്പിട്ട് അംഗീകരിച്ചതെന്നത് മറ്റൊരു വിരോധാഭാസം!!

വാല്‍ക്കഷണം: ഇതേ ചാനലില്‍ കണ്ട മറ്റൊരു ന്യൂസ്: 18 വര്‍ഷത്തിനു ശേഷം ബോംബെ ഹൈക്കോര്‍ട്ടില്‍ നിന്നും അനുകൂല വിധികിട്ടിയ ശൈലജ മാത്രെയുടെ വാര്‍ത്ത. അവര്‍ മരിച്ചിട്ട് വര്‍ഷം ഏഴു കഴിഞ്ഞു. അവര്‍ അറിയുന്നില്ലല്ലോ ബഹുമാന്യ ജഡ്ജിമാര്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളുമായി കേപ് ടൌണിലും, അന്റ്ലാന്റയിലും മറ്റും തിരക്കിലായതുക്കൊണ്ടാണ് നിയമനടപടികള്‍ ഇത്രയും വൈകിയെന്നത്.

3 comments:

un said...

ഇനി, ഇത് കോടതി അലക്ഷ്യമായിക്കണ്ട് എനിക്കെതിരെ കേസെടുക്കുമോ?

lakshmy said...

ഈ വഴിക്കും നമ്മളറിയാതെ ചോരുന്നുണ്ടല്ലേ നമ്മുടെ പോക്കറ്റുകള്‍

സാക്ഷി said...

ഇവര്‍ തന്നെ ഇങ്ങനെ ആയാല്‍ ...കഷ്ട്ടം ..