Tuesday, May 06, 2008

മന്‍മോഹന്‍ സിങ്ങിന്റെ ഫലിതം

ഇന്‍ഡ്യന്‍ മധ്യവര്‍ഗത്തിന്റെ ഭക്ഷ്യോപയോഗത്തെക്കുറിച്ചുള്ള ബുഷിന്റെ വിഡ്ഡി പ്രസ്ഥാവനയില്‍ രോഷാകുലരാവുന്നവരൊന്നും തന്നെ നമ്മുടെ പ്രധാന മന്ത്രി മന്‍മോഹന്‍സിങ്ങിന്റെ മണ്ടന്‍ പ്രസ്താവനയെക്കുറിച്ച് കാര്യമായൊന്നും പ്രതികരിച്ചുകണ്ടില്ല. ഇന്‍ഡ്യന്‍ കോര്‍പ്പറേറ്റ് എക്സിക്യുട്ടീവുകളുടെ ശമ്പളവും ജീവിതനിലവാരവും ഉയര്‍ന്നതാണു പോലും ഭാരതത്തിന്റെ ഇക്കണമിയുടെ വളര്‍ച്ചക്ക് തടസ്സം! ഇതാദ്യമായല്ല അദ്ദേഹം ഇങ്ങനെ പറയുന്നത്. മാന്യമായി അധ്വാനിച്ച് , നിയമപരമായി സമ്പാദിച്ച്, കൃത്യമായി നികുതിയും അടച്ച് ജീവിക്കുന്നവരോട് ദേശസേവനത്തിനായി ത്യാഗം ചെയ്യണമെന്ന അഭ്യര്‍ത്ഥന നടത്താന്‍ നാണമില്ലേ ഇങ്ങോര്‍ക്ക്. ദാരിദ്രരേഖയുടെ താഴെയുള്ളവരെ മുകളിലേക്കു കൊണ്ടുവരാന്‍ ആ രേഖ കുറേ താഴ്ത്തി വരച്ചാല്‍ പോരേന്ന് ആദ്യം ചോദിച്ചത് ബോബനും മോളിയിലെ പ്രസിഡന്റു ചേട്ടനാണെന്നു തോന്നുന്നു.

7 comments:

ദസ്തക്കിര്‍ said...

ഇന്‍ഡ്യന്‍ കോര്‍പ്പറേറ്റ് എക്സിക്യുട്ടീവുകളുടെ ശമ്പളവും ജീവിതനിലവാരവും ഉയര്‍ന്നതാണ് ഭാരതത്തിന്റെ ഇക്കണമിയുടെ വളര്‍ച്ചക്ക് തടസ്സമെന്നുള്ള പ്രധാനമന്ത്രി മന്മോഹന്‍ സിങ്ങിന്റെ പ്രസ്ഥാവനയും ബുഷിന്റെ പ്രസ്ഥാവനയും തമ്മിലെന്താണ് വ്യത്യാസം?

മൂര്‍ത്തി said...

എനിക്കതില്‍ ഒരു രോഷവും തോന്നുന്നില്ല.

എക്സിക്യൂട്ടീവിനോട് അഭ്യര്‍ത്ഥിക്കുകയാണ് അദ്ദേഹം ചെയ്തത്. മൊത്തം ഇന്ത്യന്‍ ജനസംഖ്യയുടെ എത്ര ശതമാനം വരും അവര്‍? ഈ എക്സിക്യൂട്ടീവ് ഉള്‍പ്പെടുന്ന വിഭാഗത്തിന് എല്ലാ സഹായവും ചെയ്ത് കൊടുത്തിട്ടാണ് ഈ അഭ്യര്‍ത്ഥന! അതേ സമയം ദാരിദ്ര്യരേഖക്ക് താഴെക്കിടക്കുന്നവര്‍ എത്ര ശതമാനം വരും? അവര്‍ക്ക് ഒരു സഹായവും ഇല്ല, അവന്റെ പള്ളക്കടിക്കുന്ന നയങ്ങള്‍ കൊണ്ടുവരുമ്പോള്‍ ചോദ്യവും ഇല്ല.

ദസ്തക്കിര്‍ said...

മൂര്‍ത്തി മാഷേ,
പാവപ്പെട്ടവന്റെ പള്ളക്കടിക്കുന്ന നയങ്ങള്‍ കൊണ്ടുവരുന്നത് ഇദേഹത്തെപ്പോലുള്ള രാഷ്ടീയക്കാര്‍ തന്നെയല്ലേ? അതില്‍ കോര്‍പ്പറേറ്റുകള്‍ എന്തു പിഴച്ചു? പ്രധാനമന്ത്രിയടക്കമുള്ള രാഷ്ട്രീയക്കാര്‍ക്കും നികുതി കൃത്യമായടക്കാത്ത ബിസിനസ്സുകാര്‍ക്കുമില്ലാത്ത എന്തു സൌകര്യങ്ങളാണ് ഈ എക്സിക്യുട്ടിവുകള്‍ക്കുള്ളതെന്ന് അറിഞ്ഞാല്‍ കൊള്ളാം.ഈ എക്സിക്യുട്ടീവുകളുടെ നികുതിപ്പണത്തില്‍ zക്യാറ്റഗറി സെക്യൂരിറ്റിയുമായി കഴിയുന്ന പ്രധാനമന്ത്രിയെപ്പോലുള്ളവര്‍ സ്വന്തം ആഡംബരങ്ങള്‍ കുറച്ച് മാതൃക കാട്ടിയിട്ടായിരുന്നെങ്കില്‍ ഈ അഭ്യര്‍ത്ഥനക്ക് അല്പമെങ്കിലും വിലയുണ്ടായേനേ

അനോണി മാഷ് said...

അധ്വാനിച്ചുണ്ടാക്കിയതായാലും അല്ലെങ്കിലും പണമുണ്ടാക്കുന്നവരെല്ലാം പണക്കാരും, പണക്കാരെല്ലാം ബൂര്‍ഷ്വയും ആണ്.ബസ്സുവാങ്ങിയതു കൊണ്ട് മോഹന്‍ലാലിനെ ബൂര്‍ഷ്വയെന്നു വിളിക്കുന്ന ഒരു സിനിമയുണ്ടല്ലോ? എന്താ അതിന്റെ പേര്??

ദസ്തക്കിര്‍ said...

മന്ത്രിമാരുടെ ശമ്പളം,മറ്റാനുകൂല്യങ്ങള്‍ എന്നിവയെക്കുറിച്ച് ഏകദേശ ധാരണ കിട്ടാന്‍
ഇവിടെനോക്കാം.(കിമ്പളവും ‘മറ്റാനുകൂല്യങ്ങളും’ വേറേ) ശരാശരി എക്സിക്യുട്ടീവെന്തായാലും ഇത്രയൊന്നും വരില്ല.

മൂര്‍ത്തി said...

എക്സിക്യൂട്ടീവുകള്‍ ഉള്‍പ്പെടുന്ന വിഭാഗം എന്നാണ് ഞാന്‍ പറഞ്ഞത്. സമൂഹത്തിലെ ഉയര്‍ന്ന വിഭാഗം. അവരോടുള്ള സമീപനവും താഴെത്തട്ടിലുള്ളവരോടുള്ള സമീപനവും വ്യത്യസ്തമാണ്. ആ നിലക്ക് മുകളിലെ ചിന്ന ചിന്ന സൌന്ദര്യപ്പിണക്കങ്ങളില്‍ എനിക്ക് രോഷം ഇല്ല എന്നേ പറഞ്ഞുള്ളൂ.

റോബി said...

മധ്യവര്‍ഗക്കാരെ പറയുമ്പോള്‍ പ്രതികരിക്കുന്നത് മധ്യവര്‍ഗം തന്നെയാണ്.

എക്സിക്യൂട്ടീവുകളെ പറയുമ്പോള്‍ പ്രതികരിക്കാന്‍, അവര്‍ക്ക് വേറെ പണിയുണ്ട്..