Tuesday, April 29, 2008

തെണ്ടി അഥവാ ചത്ത നായ്

വെള്ളെഴുത്തിന്റെ ഒരു ലേഖനമാണ് ഈ കുറിപ്പെഴുതാന്‍ കാരണം. മാധ്യമങ്ങളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് പലപ്പോഴും പലരും പല തെറ്റുകളും ചൂണ്ടിക്കാണിക്കുന്നതു കണ്ടിട്ടുണ്ട്. പത്രങ്ങള്‍ക്കു തെറ്റുന്നതും മന:പൂര്‍വ്വം തെറ്റിച്ചെഴുതുന്നതും നാം സ്ഥിരമായി കണ്ടു വരുന്നതാണ്. പക്ഷേ, ഞാനും നിങ്ങളുമടങ്ങുന്ന വായനക്കാരും ചില സന്ദര്‍ഭങ്ങളിലെങ്കിലും യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ തുനിയാതെ ഇതുപോലെ നിരുത്തരവാദപരമായി പ്രതികരിക്കുന്നില്ലേ എന്നു തോന്നിയിട്ടുണ്ട്. ഇങ്ങനെ ചിന്തിക്കാന്‍ കാരണം കഴിഞ്ഞ വര്‍ഷം ഒരു കോസ്റ്ററിക്കന്‍ ആര്‍ട്ടിസ്റ്റിന്റെ ഇന്‍സ്റ്റലേഷന്‍ ആര്‍ട്ട് എക്സിബിഷന്റെ ഭാഗമായി ഒരു പട്ടിയെ പട്ടിണിക്കിട്ടു കൊന്നെന്നും അദ്ദേഹമത് ആവര്‍ത്തിക്കാതിരിക്കാന്‍ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പു വെക്കണമെന്നും പറഞ്ഞ് എനിക്കു കിട്ടിയ ഒരു ചെയിന്‍ മെയില്‍ ആയിരുന്നു. നിങ്ങളില്‍ പലര്‍ക്കും ചിലപ്പോള്‍ കിട്ടിക്കാണണം ഈ മെയില്‍. വാര്‍ത്താമാധ്യമങ്ങളില്‍ ഇപ്പോഴും ഈ പ്രതിഷേധങ്ങളെക്കുറിച്ച് വാര്‍ത്തകള്‍ വരുന്നുണ്ട്. എണ്ണമറ്റ ബ്ലോഗുകളും ഇതിനെക്കുറിച്ച് പ്രതിഷേധവും ഒപ്പു ശേഖരണവും നടത്തുന്നുണ്ട്.

പക്ഷേ, ഇതില്‍ ഒപ്പിട്ട ഒന്നര ലക്ഷത്തോളം വരുന്ന ലോകത്തിന്റെ പല ഭാഗത്തുമുള്ള വായനക്കാരിലൊരാള്‍ പോലും ഇതിന്റെ യഥാര്‍ത്ഥ ഉറവിടത്തെക്കുറിച്ചന്വേഷിക്കാന്‍ ശ്രമിച്ചു കാണുമെന്നു തോന്നുന്നില്ല. ഇതിനെക്കുറിച്ച് കൂടുതലറിയാന്‍ വെറുതേ ഗൂഗിളില്‍ ഒന്നു തിരഞ്ഞപ്പോള്‍ കാണാനിടയായ ഒരു ലേഖനം ഇവിടെ
http://www.dabbler.ca/news/parliament-of-one-starving-dog-as-art-%E2%80%93-don%E2%80%99t-believe-everything-you-read-20080411/
എത്രപേര്‍ ഇതു കണ്ടുകാണും എന്നറിയില്ല. എന്നാലും പലരും മെയിലു വഴി വരുന്ന ഇത്തരം പരാതികളും കദനകഥകളും ഒന്നിരുത്തി വായിക്കുക പോലും ചെയ്യാതെ എത്ര ലാഘവത്തോടെയാണ് ഇവ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യുന്നത് !തെരുവുപട്ടികളുടെ ദൈന്യത ലോകത്തെ അറിയിക്കാന്‍ ഇത്തരമൊരു കസര്‍ത്തു കാണിച്ച ആര്‍ട്ടിസ്റ്റിന്റെ (?) പ്രവൃത്തിയെ ന്യായീകരിക്കുകയല്ല എന്റെ ഉദ്ദേശ്യം. ഇതിനെ കലയെന്ന് വിളിക്കാമോ എന്നുപോലും സംശയമുണ്ട്. എങ്കിലും നായ ചത്തോ ഇല്ലയോ എന്നുപോലും തിരക്കാനുള്ള സാവകാശം പലരും കാണിക്കാതെ പോയെന്നത് വളരെ പരിതാപകരമായി തോന്നി എന്നു മാത്രം പറയുന്നു.

6 comments:

മൂര്‍ത്തി said...

hoaxbuster സൈറ്റ് ഇല്ലേ പേരക്കേ? ഞാന്‍ ചിലപ്പോള്‍ അതില്‍ കയറി നോക്കാറുണ്ട്...ഈയിടെ വന്ന ചില മെയിലുകള്‍ അങ്ങിനെ നോക്കിയപ്പോള്‍ ഹോക്സ് ആണെന്ന് കണ്ട് അയച്ച ആള്‍ക്ക് ലിങ്ക് അയച്ചുകൊടുത്തു.

ദസ്തക്കിര്‍ said...

മൂര്‍ത്തി, നന്ദി.ഇങ്ങനെയൊരണ്ണത്തെക്കുറിച്ച് അറിയില്ല്ലായിരുന്നു. ആ ലിങ്കു വഴി ഇതും കണ്ടു.
എന്നാലും അഞ്ചുമിനിട്ടിനകം അമ്പതു പേര്‍ക്ക് അയച്ചുകൊടുത്താല്‍ അത്ഭുതം സംഭവിക്കുമെന്നും മറ്റുമുള്ള മെയിലുകളുടെ പൊട്ടത്തരം മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി പോരെ?

മൂര്‍ത്തി said...

ലിങ്കിനു നന്ദി. എന്റെ അടുത്ത് വരുന്ന അത്ഭുതമെയിലുകളുടെ ചെയിന്‍ ഞാന്‍ പൊട്ടിക്കാറുണ്ട്..സയന്‍സ് ഒക്കെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മെയിലുകള്‍ക്ക് ഇത്തരം സൈറ്റുകള്‍ നല്ലതാണ്. മൊബൈല്‍ വെച്ച് മുട്ട വേവിക്കുന്ന മെയിലൊക്കെ അതില്‍ ബസ്റ്റ് ചെയ്തിരുന്നു.

അപ്പു said...

പേര് പേരയ്ക്ക എന്ന നാമധേയം ഉപേക്ഷീച്ച് ദസ്തക്കിര്‍ എന്ന ഒറിജിനല്‍ പേരില്‍ വന്നതിന് ആദ്യമേ അഭിനന്ദനങ്ങള്‍.

എനിക്കു തോന്നുന്നത് ഇത്തരം ഫോര്‍വേഡ് മെയിലുകളുടെ പ്രധാന ഉദ്ദേശം അതുവഴി കിട്ടുന്ന ലക്ഷക്കണക്കിന് ഇമെയില്‍ അഡ്രസുകള്‍ തന്നെയാണെന്നാണ്. ഇങ്ങനെ കിട്ടുന്ന അഡ്രസുകള്‍ മുഴുവന്‍ കളക്റ്റ് ചെയ്ത് ഏതോ സ്പാം പരസ്യക്കാര്‍ക്ക് കൈമാറുന്ന ആരോ ആയിരിക്കില്ല്ലേ ഇതിനു പിന്നില്‍?

അപ്പു said...

കഴിഞ്ഞവര്‍ഷ ഇതുപോലെ ഒരു മെയില്‍ ഫോട്ടൊകള്‍ ഉള്‍പ്പടെ കണ്ടിരുന്നു, മദ്രാസില്‍ ഉണ്ടാക്കാന്‍ പോകുന്ന പുതിയ എയര്‍പോര്‍ട്ടിന്റെ രൂപരേഖയണത്രെ. അത് ദുബായ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന്റെ ടെര്‍മിനല്‍ ത്രീയുടെയും നിലവീലുള്ള ഡ്യൂ‍ട്ടി ഫ്രീ ഷോപ്പുകളുടെയ്യൂം ചിത്രങ്ങളായിരുന്നു എന്ന് വളരെ വ്യക്തമായിട്ടും ദുബായിക്കാരുവരെ ആ മെയില്‍ ഫോര്‍വേഡുകളായി അയച്ചു.

വെള്ളെഴുത്ത് said...


ഇതാണു കാര്യം ‌