Wednesday, January 30, 2008

ഒരു മൊബൈല്‍ ഐഡിയ!



ഈയിടെ മൊബൈല്‍ ബ്ലോഗിങ്ങിനായ് റിലയന്‍സ് കമ്പനി ഒരു പരസ്യചിത്രം ഇറക്കി. നാള്‍ക്കുനാള്‍ ജനപ്രീതിയാര്‍ജ്ജിച്ചു വരുന്ന ബ്ലോഗിങ്ങിനെ മൊബൈലുകളുടെ എണ്ണിയാലൊടുങ്ങാത്ത ഫീച്ചറുകളില്‍ ഒന്നുകൂ‍ടെ ആയി ചേര്‍ത്ത് ടോക് ടൈം വര്‍ധിപ്പിക്കാനുള്ള ഒരു മാര്‍ക്കറ്റിങ് ഗിമ്മിക്ക് മാത്രമായി തോന്നാനിടയുള്ള ഒരു പരസ്യം. അത്രയേ എനിക്കും ആദ്യം തോന്നിയുള്ളൂ. അതു കഴിഞ്ഞ് ജപ്പാനില്‍ ‘സെല്‍ഫോണ്‍ നോവല്‍’ എന്ന ഒരു പുതിയ സാഹിത്യശാഖക്ക് പ്രചാരമേറുന്നതിനെക്കുറിച്ച് ഒരു വാര്‍ത്ത കണ്ടപ്പോഴാണ് റിലയന്‍സ് മൊബൈല്‍ ബ്ലോഗിങ് പ്രൊമോട്ടു ചെയ്യുന്നതിന്റെ കാരണം എനിക്കു കത്തിയത്. ജപ്പാനില്‍ മൊബൈല്‍ എഴുത്തിന് പ്രചാരമേറുന്നു എന്നു ചുമ്മാതങ്ങ് പറഞ്ഞാല്‍പ്പോരാ, കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ ഏറ്റവും അധികം വിറ്റഴിക്കപെട്ട പത്തു നോവലുകളില്‍ അഞ്ചെണ്ണവും മൊബൈല്‍ നോവലുകള്‍ ആണെന്നു കൂടെ പറയുമ്പോഴെ മൊബൈല്‍ എഴുത്തിന്റെ പോപ്പുലാരിറ്റിയും പോസിബിലിറ്റിയും എത്ര ഭീമമെന്ന് മനസ്സിലാവൂ. ബ്ലോഗുകള്‍ പുസ്തകമാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവര്‍ ഈ കണക്കുകള്‍ ഒന്നു കണ്ടിരിക്കേണ്ടതാണ്. ദൈവമേ, കതക്കും സാഗിത്യത്തിനും ഇത്രക്കു സ്കോപ്പോ?

ടെക്സ്റ്റ് മെസ്സേജ് ചെയ്ത് വിരലില്‍ പ്ലാസ്റ്ററിടേണ്ടി വന്ന ഒരു സഹപ്രവര്‍ത്തകയുണ്ടായിരുന്നു എന്റെ ഓഫീസില്‍. എന്നാല്‍ ഒരു നോവല്‍ മുഴുവന്‍ മൊബൈല്‍ ഫോണില്‍ ടൈപ്പ് ചെയ്യാന്‍ ക്ഷമയുള്ള ജാപ്പാനിസ് പെണ്‍കുട്ടികള്‍ക്കു മുന്നില്‍ ഇതൊന്നും ഒന്നുമല്ല. 21 വയസ്സുകാരി വിദ്യാര്‍ത്ഥിനി റിന്‍(ചിത്രം മുകളില്‍)തന്റെ യാത്രകള്‍ക്കിടെ മൊബൈലില്‍ എഴുതിത്തീര്‍ത്ത “If You” എന്ന നോവല്‍ 142 പേജ് വരുന്ന ഒരു പുസ്തകമാക്കി ഇറക്കിയപ്പോള്‍ ചിലവായത് 4 ലക്ഷം കോപ്പികള്‍! ജപ്പാനില്‍ ജനപ്രിയമേറി വരുന്ന ഈ മൊബൈല്‍ നോവലുകള്‍ ഉദാത്ത സാഹിത്യമൊന്നുമല്ല കൈകാര്യം ചെയ്യുന്നത്, വെറും ടീനേജു പ്രണയവും, വിരഹവും, ആത്മഹത്യയും മറ്റും മാത്രമാണ്. എഴുത്തിന്റെ ഭാഷയാകട്ടെ, സ്മൈലികളും മറ്റു ചിഹ്നങ്ങളും ചേര്‍ത്ത് സാധാരണ ടെക്സ്റ്റ് മെസ്സേജുകളില്‍ ഉപയോഗിക്കുന്ന ചുരുക്കക്ഷരങ്ങളും. മിക്കവരും ഇരുപതിനടുത്ത് പ്രായമുള്ള, ഫിക്ഷന്‍ എഴുതി യാതൊരു പരിചയവുമില്ലാത്ത തുടക്കക്കാരായ എഴുത്തുകാര്‍.

ബ്ലോഗുകളില്‍ പലരും നോവലുകള്‍ എഴുതുന്നു എന്ന് മനസ്സിലാക്കി,2000-ല്‍ ഉദയസൂര്യന്റെ നാട്ടിലെ Maho no i-rando എന്ന വെബ് ഹോം പേജ് നിര്‍മ്മാണക്കമ്പനിയുടെ തലയിലുദിച്ചതാണ് മൊബൈല്‍ നോവലുകള്‍ എന്ന ബുദ്ധി. കമന്റ് ഓപ്ഷനോടുകൂടെ നോവലുകള്‍ അപ് ലോഡ് ചെയ്യാനും അവ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കാനുമുള്ള സോഫ്റ്റ് വെയറുകള്‍ നിര്‍മ്മിച്ച് ഇവയെ ജനപ്രിയമാക്കി മാറ്റി. ഇപ്പോള്‍ ഏകദേശം ഒരു മില്യണ്‍ നോവലുകളോളം ലിസ്റ്റു ചെയ്യപ്പെടുന്നു. മിക എന്ന ചെറുപ്പക്കാരിയുടെ “Love Sky” എന്ന മൊബൈല്‍ നോവലിന് 20 മില്യണ്‍ വായനക്കാരാണ് ഫോണിലും ഇന്റെര്‍നെറ്റിലുമായി കിട്ടിയത്. പുസ്തകമാക്കി ഇറക്കിയതു കൂടാതെ ഈ നോവല്‍ സിനിമയാക്കിയും ഇറക്കുകയുണ്ടായി. കമ്പ്യൂട്ടറുകള്‍ക്ക് പകരം ഇനി മൊബൈലുകളായിരിക്കുമോ ഇനി എഴുത്തിന്റെ മാധ്യമം? ടെലിഫോണുകളില്‍ നിന്ന് മൊബൈലുകളിലേക്കുള്ള വിപ്ലവകരമായ മാറ്റത്തിനിടെ പേജറുകള്‍ പെട്ടന്ന് അപ്രത്യക്ഷമായതു പോലെ പബ്ലിഷിങ്ങില്‍ കടലാസില്‍ നിന്ന് മൊബൈലുകളിലേക്കുള്ള മാറ്റത്തിനിടെ കമ്പ്യൂട്ടറുകളുടെ പ്രസക്തി മറഞ്ഞുപോവില്ല എന്ന് പ്രത്യാശിക്കാം.

മൊബൈല്‍ എഴുത്തിനെക്കുറിച്ച് ഒരു ജാപ്പനീസ് ഭാഷാ പണ്ഡിത പറഞ്ഞതിങ്ങനെ.

“ഇവര്‍ക്ക് എഴുതാനുള്ള അഗാധമായ ആഗ്രഹമുണ്ടായിരിക്കുകയും സെല്ലുലാര്‍ ഫോണ്‍ പൊടുന്നനെ എഴുത്തിനുള്ള ഒരു ഉപാധിയായി തീരുകയും ചെയ്തതൊന്നുമല്ല, മറിച്ച് ഇന്റെര്‍നെറ്റില്‍ കൂടെയുള്ള ആശയവിനിമയങ്ങള്‍ക്കിടെ സെല്‍ഫോണ്‍ എന്ന ഉപകരണം എഴുതാനുള്ള ആഗ്രഹം ഇവരില്‍ അടിച്ചേല്‍പ്പിക്കയാണ് ചെയ്തത്”

ഇപ്പറഞ്ഞത് ബ്ലോഗെഴുത്തിനും ചേരുമെന്ന് എനിക്കു തോന്നുന്നു.

ചിത്രത്തിനും വാര്‍ത്തക്കും കടപ്പാട് : ന്യൂയോര്‍ക്ക് ടൈംസ്

12 comments:

പേര്.. പേരക്ക!! said...

ജപ്പാനില്‍ പ്രചുരപ്രചാരം നേടുന്ന മൊബൈല്‍ നോവലുകളെക്കുറിച്ച്

ഗുപ്തന്‍ said...

ശ്രദ്ധിചിരുന്നു ഇക്കാര്യം. കുറിപ്പ് നന്നായി.

ഓടോ. ആദ്യനോവല്‍ കാദംബരി അല്ലേ‌ ബാണഭട്ടന്റെ ?

പേര്.. പേരക്ക!! said...

ഗുപ്തന്‍ പറഞ്ഞപ്പോ സംശയമായി. ഗൂഗിളിയിട്ട് എല്ലായിടത്തും കാണിക്കുന്നത് പതിനൊന്നാം നൂറ്റാണ്ടിലെഴുതിയ Genji monogatari( The Tale of Genji) എന്നാണ് കാണിക്കുന്നത്. അതോ ഇനി കാദംബരിയെക്കുറിച്ച് നെറ്റില്‍ വിവരങ്ങളൊന്നുമില്ലാത്തതുകൊണ്ടാണോ?

sivakumar ശിവകുമാര്‍ said...

വളരെ കാലികപ്രസക്തിയുള്ള ലേഖനം...

വാല്‍മീകി said...

ഇപ്പോള്‍ പേരയ്ക്കയുടെ ലേഖനങ്ങള്‍ക്കായി കാത്തിരിക്കറുണ്ട്.
വളരെ Informative ആയി ഈ ലേഖനം.

ഭൂമിപുത്രി said...

ഈ കൌതുകവാര്‍ത്തയുടെ പൊട്ടുംപൊടിയും
അങ്ങിങ്ങായിവായിച്ചിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ ഒന്നുകൂടിരസകരമായി

നിഷ്ക്കളങ്കന്‍ said...

ന‌ല്ല ലേഖനം പേരയ്ക്കാ.
ചൈനീസ്സിന്റെ മെസ്സേജ് ടൈപ്പിംഗ് സ്പീഡ് കണ്ട് കണ്ണു ത‌ള്ളിയിട്ടുണ്ട് ഞാന്‍. ഹമ്മോ!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊള്ളാം, നല്ല ലേഖനം

~*GuptaN*~ said...

അതാണ് ഇന്ത്യക്കാന്റെ ഗുണം പേരക്കേ:)

ബാണഭട്ടനെക്കുറിച്ച് (banabhatta) സേര്ച്ചൂ. ഒരിടത്തും എഴുതിയിട്ടില്ല kadambari, the first novel എന്ന്. എല്ലായിടത്തും എഴുതിയിട്ടുണ്ട് "kadambari, one of the earliest novels, written in the seventh century" എന്ന്.

എഴുതേണ്ടത് എഴുതേണ്ടത് പോലെ എഴുതീല്ലെങ്കില്‍ പാവം ഗുഗിളമ്മച്ചി എന്തരു ചെയ്യാന്‍?

പേര്.. പേരക്ക!! said...

ഗുപ്തന്‍,
ശരിയാണ്. ബാണഭട്ടന്‍ എന്നു ഗൂഗിളിയപ്പോള്‍ കിട്ടിയിരുന്നു. പക്ഷെ,കാദംബരിയാണ് ആദ്യ നോവലെന്ന് എവിടെയും എഴുതിക്കാണിക്കാത്തത് കഷ്ടം തന്നെ.
തെറ്റു ചൂണ്ടിക്കാണിച്ചതിന് നന്ദി.

കണ്ണൂരാന്‍ - KANNURAN said...

മൊബൈല്‍ ബ്ലോഗിംഗില്‍ മലയാളം ഉണ്ടോ? ഇന്ത്യയിലെ മൊബൈല്‍ ബ്ലോഗിംഗിന്റെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ചു കൂടി എഴുതാമോ?

പേര്.. പേരക്ക!! said...

കണ്ണൂരാന്‍,
മൊബൈല്‍ ബ്ലോഗിങ്ങിനെക്കുറിച്ച് വിശദമായി പോസ്റ്റിടാം.