Thursday, December 27, 2007

സീബ്രയുടെ നിറമെന്താണ്?


സീബ്രയുടെ നിറമെന്താണ്? വളരെ ലളിതമായ ഒരു ചോദ്യമാണ്. കറുപ്പും വെളുപ്പും. ഏതു സ്കൂള്‍ കുട്ടി പോലും ഉത്തരം പറയും. ശരി. അടുത്ത ചോദ്യം. കറുപ്പില്‍ വെളുപ്പു വരകളോ അതോ വെളുപ്പില്‍ കറുത്ത വരകളോ? എന്താണ് നിങ്ങളുടെ ഉത്തരം?എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? യഥാര്‍ത്ഥത്തില്‍ ഈ വിഷയസംബന്ധമായി ഒത്തിരിയേറെ സംവാദങ്ങള്‍ നടന്നിട്ടുണ്ട്. Stephen Jay Gould എന്ന പരിണാമ ശാസ്ത്രഞ്ജന്‍ ഈ വിഷയത്തില്‍ പത്തു പേജ് വരുന്ന ഒരു ലേഖനം പോലും എഴുതിയിട്ടുണ്ട്. ഉടുവില്‍ കറുപ്പില്‍ വെളുത്തവരകളുള്ള ജീവിയാണ് സീബ്ര എന്ന നിഗമനത്തിലെത്തിച്ചേര്‍ന്നു അദ്ദേഹം. സീബ്രായുടെ രോമങ്ങള്‍ മുഴുവന്‍ വടിച്ചു കളഞ്ഞാല്‍ അതിന്റെ കറുത്ത തൊലി മാത്രം അവശേഷിക്കും.( സീബ്രയുടെ വര്‍ഗത്തില്‍ പെട്ട ക്വാഗ്ഗാ എന്നൊരു ജീവിയുണ്ടായിരുന്നു. അവസാനത്തെ ക്വാഗ്ഗാ 1870ല്‍ മരിച്ചതോടെ അവയ്ക്ക് വംശനാശം സംഭവിച്ചു). അത് വേറേ ടോപ്പിക്.

ഈയിടെ one swallowയുടെ ബ്ലോഗില്‍ ദ്വയാര്‍ത്ഥപ്രയോഗത്തെ ക്കുറിച്ച് ഒരു സംവാദം നടന്നല്ലോ? കാര്യങ്ങള്‍ എല്ലാം കാണപ്പെടുന്നതുപോലെയാവണമെന്നില്ല എന്നു പറഞ്ഞതുപോലെ ഏതാണ്ട് അതുമായൊക്കെ ബന്ധപ്പെട്ട വിഷയം തന്നെയാണ് ഞാനും പറയാന്‍ പോകുന്നത്. visual perception-നെ(ദൃശ്യപരമായ വീക്ഷണ കോണുകള്‍) സംബന്ധച്ച് ചില കുറിപ്പുകള്‍ക്ക് ആമുഖമായാണ് ഈ സീബ്രാ പ്രശ്നം ചൂണ്ടിക്കാണിച്ചതും. ഡിസൈന്‍ സംബന്ധമായി എഴുതിവന്ന ചില കുറിപ്പുകളുടെ തുടര്‍ച്ചയായാണ് ഇത്. ഇടക്ക് വഴിമാറി വേറെ ചില വിഷയത്തിലേക്ക് കടക്കേണ്ടി വന്നെന്ന് മാത്രം.

സീബ്രയുടെ കാര്യം പറഞ്ഞതു പോലെ ദൃശ്യപരമായ പല കാര്യങ്ങളിലും ഓരോരുത്തരുടെയും കാഴ്ചപ്പാടനുസരിച്ച് അനുമാനങ്ങള്‍ മാറിക്കൊണ്ടിരിക്കും. ഇത്തരം വിഷ്വല്‍ പെര്‍സെപ്ഷനെക്കുറിച്ച് മനശാസ്ത്രപരമായ ചില നിഗമനങ്ങളാണ് ഗസ്റ്റാള്‍ട് സൈക്കോളജി അഥവാ തിയറി. ചിത്ര-പ്രതല ബന്ധം അഥവാ Figure and Ground നെക്കുറിച്ച് ചില നിരീക്ഷണങ്ങള്‍ ഈ തിയറി നിരത്തുന്നു. ചിത്ര-പ്രതല ബന്ധം എന്നത് വളരെ ആപേക്ഷികമായ ഒന്നാണ്. ഒരു വ്യക്തി ഒരു പ്രത്യേക സാഹചര്യത്തെ വിലയിരുത്തുന്നത് ഓരോ വ്യത്യസ്ത ഘടകങ്ങളായിട്ടല്ല, മറിച്ച് മൊത്തത്തില്‍ ഒറ്റക്കെട്ടായാണ്. ഒരു കോമ്പോസിഷനില്‍ നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന കേന്ദ്രത്തെ Figure ആയും അഥവാ പോസിറ്റീവ് ഷേപ് ആയും ബാക്കി ഭാഗങ്ങളെ ഗ്രൌണ്ട് അഥവാ നെഗറ്റീവ് ഷേപ് ആയും കണക്കാക്കാം. ചില അവസരങ്ങളില്‍ ഇവ അനു നിമിഷം അന്യോന്യം മാറിക്കൊണ്ടിരിക്കും. ഗ്രൌണ്ടും ബാക്ഗ്രൌണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. ഫിഗറിന്റെ നിലനില്പിന്‍ ബാക്ഗ്രൌണ്ട് എപ്പോഴും വേണമെന്നില്ല. പലപ്പോഴും ഇതൊരു ആപേക്ഷികമായ ഇല്യൂഷന്‍ അഥവാ പ്രതീതി മാത്രമായിരിക്കും. (ഈ പേജില്‍ ഇടതുഭാഗത്ത് മാര്‍ജിന്‍ കൊടുത്തിട്ടില്ല എങ്കിലും നിങ്ങള്‍ ഈ അക്ഷരങ്ങള്‍ നിങ്ങള്‍ക്ക് ആ പ്രതീതി തരുന്നത് പോലെ)

Figure and Ground ബന്ധം വിശദീകരിക്കാന്‍ ഡാനിഷ് മനശാസ്ത്രഞ്ജനായ Edgar Rabin രൂപപ്പെടുത്തിയ ഈ പ്രശ്നചിത്രം കാണാത്തവരുണ്ടാവില്ല. ഗസ്റ്റാള്‍ട്ട് തിയറിയുടെ ലളിതമായ വിശദീകരണങ്ങള്‍ ചിത്രങ്ങള്‍ സഹിതം ഇവിടെ കാണുക. ഇവിടെയും.


ഈ ചിത്രവും നിങ്ങളില്‍ പലരും കണ്ടിരിക്കും. ഒരു വൃദ്ധയായോ അല്ലെങ്കില്‍ ഒരു യുവതിയായോ എങ്ങിനെ വേണമെങ്കിലും നിങ്ങള്‍ക്കിതിനെ കാണാം. പക്ഷെ ഇതൊക്കെ വെറും ഒരു നൈമിഷികമായ ഇല്യൂഷന്‍ മാത്രമാണോ? വൃദ്ധയെയാണൊ അതൊ യുവതിയെയണോ ഒരാള്‍ ആദ്യം കാണുന്നത് എന്നത് വ്യക്തിപരമായ ചില മുന്‍ ധാരണകള്‍, അനുഭവങ്ങള്‍,ആഗ്രഹങ്ങള്‍,വിശ്വാസങ്ങള്‍ എന്നിവയൊക്കെ ആശ്രയിച്ചിരിക്കും എന്നൊരു വിശദീകരണമുണ്ട്. ഏതായാലും അതിലേക്ക് കടക്കുന്നില്ല.

ഡിസൈനിങ്ങില്‍ ഫിഗര്‍ ഗ്രൌണ്ട് ബന്ധം എങ്ങനെ ഉപയോഗിക്കാമെന്നതിന് ചില സൂചനകള്‍ താഴെ



ഇതു ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്ന ചില ലോഗോ ഡിസൈനുകള്‍ കാണൂ.

ഞാന്‍ ഇതിനുമുമ്പ് പലപ്പോഴും ഉദാഹരിച്ചിട്ടുള്ള ഒരു പേരാണ് M.C. Escher ചിത്ര-പ്രതല ബന്ധത്തെക്കുറിച്ച് പറയുമ്പോള്‍ ആ പേര് ഒരിക്കല്‍ക്കൂടി പരാമര്‍ശിക്കാതെ നിവൃത്തിയില്ല. പല നിരൂപകരും പരാമര്‍ശിക്കുന്നതു പോലെ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ വെറും ‘വിഷ്വല്‍ ട്രിക് ’ ആയിരുന്നില്ല. യാഥാര്‍ത്യങ്ങളെക്കുറിച്ച് നിലനിന്നു പോന്നിരുന്ന പല സങ്കല്പങ്ങളും അദ്ദേഹത്തിന്റെ മെറ്റാമോര്‍ഫസിസ്,എന്‍ കൌണ്ടര്‍,സ്റ്റെയര്‍കേസ് തുടങ്ങിയ രചനകള്‍ വെല്ലു വിളിച്ചു. കണ്ണുപൊട്ടന്മാര്‍ ആനയെ കാണുന്നതു പോലെ കാര്യങ്ങള്‍ ഒറ്റയായി കാണുന്നതു കൊണ്ടുള്ള പ്രശ്നനമാണിതൊക്കെ.

Tuesday, December 25, 2007

മാങ്ങാത്തൊലി, മരമാക്രി, മണ്ണാ‍ങ്കട്ട,...!


എന്റെ ചെറുപ്പത്തില്‍ അച്ഛന്‍ എന്നോടു പറഞ്ഞ ഒരു സംഭവമാണ്. ‘മ’ പ്രസിദ്ധീകരണങ്ങള്‍ക്ക് പ്രസിദ്ധി വര്‍ദ്ധിച്ചു വരുന്ന കാലം. ‘മ’യില്‍ തുടങ്ങുന്ന ഒരു പേരു വേണം തന്റെ വാരികക്കും എന്ന് ഒരു പ്രസാധകന് തോന്നി. ഒരു ബുദ്ധിജീവിയെക്കൊണ്ട് തന്നെ പേരിടീപ്പിക്കാമെന്ന് കരുതി പ്രശസ്ത സിനിമാ സംവിധായകനായിരുന്ന ജോണ്‍ എബ്രഹാമിനെ വിളിച്ചു വരുത്തി. അദ്ദേഹമാവട്ടെ അഞ്ചാറു ദിവസം പ്രസാധകന്റെ ചിലവില്‍ തിന്നും കുടിച്ചും ലോഡ്ജില്‍ കഴിഞ്ഞു. ഒടുക്കം വാരികയുടെ പേരിന്റെ കാര്യമെന്തായി എന്നു പ്രസാധകന്‍ ചോദിച്ചപ്പോള്‍, ജോണ്‍ ഒരു കടലാസു തുണ്ടില്‍ മാങ്ങാത്തൊലി,മരമാക്രി,മണ്ണാ‍ങ്കട്ട,മ...(തെറി) എന്നിങ്ങനെ എഴുതി വെച്ചിട്ടു പോന്നു.

നാമങ്ങളെക്കുറിച്ചും അപരനാമങ്ങളെക്കുറിച്ചും ഐഡന്റിറ്റിയെക്കുറിച്ചും മറ്റും ഒത്തിരിയേറെ പോസ്റ്റുകളും(ചിലതൊക്കെ താഴെത്തെ ലിസ്റ്റില്‍) കമന്റു ബഹളവും തമ്മില്‍ തല്ലും ഒക്കെ നടന്നു കഴിഞ്ഞു. ഇനിയും ഇങ്ങനെയൊരു പോസ്റ്റിന് പ്രസക്തിയുണ്ടോ എന്നറിയില്ല. ഒരു പേരില്‍ എന്തെങ്കിലും ഉണ്ടോ ഇല്ലയോ, പേര് വേണമോ വേണ്ടയോ,എന്നൊക്കെയുള്ളത് ഇനി ഓരോരുത്തരും സ്വയം തീരുമാനിക്കട്ടെ. പക്ഷേ, ഇതുമായി ബന്ധപ്പെട്ട് പറയാന്‍ വിട്ടുപോയ ചില കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കണമെന്നു തോന്നി. സഹിക്കുമല്ലോ?

എന്താണ് ഈ ഐഡന്റിറ്റി? ആ വ്യക്തിയുടെ ഭൌതിക സാന്നിധ്യമാവാന്‍ സാധ്യതയില്ല. കാ‍രണം മനുഷ്യ ശരീരത്തില്‍ കോശങ്ങള്‍ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു. അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന കോശങ്ങളല്ല ഇന്ന് ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഏറ്റവും കൌതുകകരമായി തോന്നിയത് HeLa Lines എന്ന ക്യാന്‍സര്‍ കോശത്തെക്കുറിച്ചുള്ള പഠനങ്ങളാണ്. 1951ല്‍ ക്യാന്‍സര്‍ വന്ന് മരണപ്പെട്ട Henrietta Lacks എന്ന ഒരു വനിതയുടെ കോശങ്ങളാണ് പോളിയോ നിര്‍മാര്‍ജനത്തിനടക്കമുള്ള പല ശാസ്ത്ര പരീക്ഷണങ്ങള്‍ക്കും അടിത്തറയായ് ഉപയോഗിച്ചത്. അവര്‍ മരണമടഞ്ഞിട്ട് വര്‍ഷങ്ങളേറെയായെങ്കിലും,ജീവിച്ചിരുന്നപ്പോള്‍ അവരുടെ ശരീരത്തില്‍ ഉണ്ടായിരുന്ന കോശങ്ങളുടെ പല മടങ്ങ് ഇന്ന് പലയിടങ്ങളിലായി ‘ജീവിക്കുന്നു’! ആര്‍ക്കറിയാം നമ്മളിലാരെങ്കിലുമൊക്കെ ആ കോശവാഹകരാണെന്ന്? പറഞ്ഞു പറഞ്ഞ് കാടു കേറി. ഐഡന്റിറ്റിയെക്കുറിച്ചാണ് പറഞ്ഞു വന്നത്. ഒരു വ്യക്തിയുടെ മുഖം എത്രതന്നെ അത്ര തന്നെ അയാള്‍ക്ക് സ്വന്തമാണോ അത്ര തന്നെ അയാളുടെ നിഴലുമെന്ന് ആരോ പറഞ്ഞിട്ടുണ്ട്. പക്ഷേ,സ്ഥലം, സമയം, വസ്ത്രം ഇവയൊക്കെ മാറുന്നതിനനുസരിച്ച് നിഴല്‍ മാറിക്കൊണ്ടിരിക്കുമെന്നു മാത്രം. ഐഡന്റിറ്റിയും(വ്യക്തിത്വം) ഇമേജും(രൂപം) നാം പലപ്പോഴും ഒരേ അര്‍ത്ഥത്തില്‍ ഉപയോഗിക്കാറുണ്ട്. കൊക്കൊകോള എന്നത് പതയുള്ള ഒരു കറുത്തദ്രവ്യം എന്നതിനേക്കാള്‍, ആമീര്‍ഖാനും ചില ക്രിക്കറ്റുകളിക്കാരും കുടിക്കുന്ന ഊര്‍ജത്തിന്റെയും ഉണര്‍വിന്റെയും പര്യായമായ ഒരു പാനീയമാകുന്നതിങ്ങനെയാണ്. ഈ ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കാനാണ് പെപ്സിയും, കൊക്കൊരോക്കോളയും മറ്റും കോടികള്‍ ഒഴുക്കുന്നതും. ഒരു വ്യക്തിയുടെ പേരും അയാളുടെ ഐഡന്റിറ്റുമായി ബന്ധമുണ്ടെന്ന് പലരും പറയുന്നു. പേരിലൂടെ ഒരു സമൂഹം ഒരു വ്യക്തിയെ അംഗീകരിക്കുകയാണെന്നും അതിലൂടെ ആ വ്യക്തിയും സമൂഹവുമായി ഒരു കോണ്‍ ട്രാക്റ്റിലെത്തിച്ചേരുന്നുവെന്നും വ്യക്തി തന്റെ ഒരു കോണ്‍ ട്രാക്റ്റ് തെറ്റിക്കുന്നതു കൊണ്ടാണ് പല സമൂഹങ്ങളിലും ജയില്‍ പുള്ളികള്‍ക്ക് സ്വന്തം പേരിനു പകരമായി നമ്പറുകള്‍ നല്‍കുന്നതെന്നും ചിലര്‍ സൂചിപ്പിക്കുന്നു. അതുകൊണ്ടായിരിക്കാം "a child is known to itself by his name" എന്ന് ആരോ പറഞ്ഞത്. വ്യക്തിയുടെ പേരിനേയും അയാളുടെ ഐഡന്റിറ്റിയേയും രണ്ടായി കാണാനാണ് എനിക്ക് താല്പര്യം.

വിയറ്റ്നാം യുദ്ധത്തില്‍ പങ്കെടുത്ത ഒരു വിമുക്ത ഭടന്‍ സ്വന്തം പേര് GOD എന്നാക്കിമാറ്റാനുള്ള അപേക്ഷ തള്ളപ്പെട്ടപ്പോള്‍ 'I AM WHO I AM' എന്നാക്കി മാറ്റിയത്രേ! സ്വന്തം മകന് ഒസാമാ ബിന്‍ ലാദേന്‍ എന്നു പേരിടാനൊരുങ്ങിയ ടര്‍ക്കിഷ് ദമ്പതികളെ ജര്‍മന്‍ ഭരണാധികാരികള്‍ തടഞ്ഞതായി ഈയിടെ ബിബിസി റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഒഫന്‍സീവായ പേരുകള്‍ പാടില്ല എന്നാണ് ജര്‍മന്‍ നിയമം. ജോര്‍ദാനിലാകട്ടെ ഒസാമാ മാത്രമല്ല മറ്റു പല പേരുകളും(ഉദാ:Golda Meir,Issac Rabin,Binyamin Netanyahu) കുട്ടികള്‍ക്കിടുന്നത് നിയമം മൂലം നിരോധിച്ചിരിക്കുന്നു. പേരിനെക്കുറിച്ച് വായിച്ച മറ്റൊരു രസകരമായ സംഭവം സാഹിത്യകാരനായ ഗ്രേയം ഗ്രീനിനെക്കുറിച്ചാണ്. ടെലിഫോണ്‍ ഡയരക്ടറിയില്‍ ഏതെങ്കിലും മിസ്റ്റര്‍.ഗ്രീന്‍ എന്ന പേര് കണ്ടുപിടിച്ച് അയാളെ ഗ്രേയം ഗ്രീനാണെന്ന് പറഞ്ഞ് അദ്ദേഹംചീത്ത വിളിക്കുമായിരുന്നു പോലും. വിളിച്ചയാള്‍ ചമ്മലോടെ ഞാന്‍ മി.ഗ്രീനാണ്, പക്ഷേ നിങ്ങള്‍ ഉദ്ദേശിക്കുന്ന ഗ്രീനല്ല എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുമായിരുന്നു വെന്നും. ഉല്പന്നങ്ങള്‍ക്ക് അനുയോജ്യമായ പേരുകള്‍ കണ്ടെത്താന്‍ മിക്കകമ്പനികളും ഒത്തിരിയേറെ സമയവും പണവും ചിലവാക്കുന്നു. ലണ്ടന്‍ റബ്ബര്‍ കമ്പനി എന്ന പേരിനേക്കാള്‍ വില്പന സാധ്യതകള്‍ ഡ്യൂറക്സ് എന്ന പേരിനാണ് എന്ന് അതിന്റെ നിര്‍മാതാക്കള്‍ക്ക് തോന്നിയത് യാദൃശ്ചികമാവാന്‍ വഴിയില്ല. ഒരേ പേരിന് പല ഭാഷയില്‍ പല അര്‍ത്ഥങ്ങളും ചിലപ്പോള്‍ വിപരീത അര്‍ത്ഥവും വരുന്നു. ഒരു ഉദാഹരണം മാത്രം പറയാം. 'Nescafe' എന്ന വാക്കിന് പോര്‍ചുഗീസ് ഭാഷയിലെ അര്‍ത്ഥം 'Not Coffee' എന്നാണ്! ഈ അര്‍ത്ഥവ്യത്യാസങ്ങളെക്കുറിച്ച് കൈപ്പള്ളിയുടെ പോസ്റ്റില്‍ വിശദമായ ചര്‍ച നടന്നിട്ടുണ്ട്.

നമ്മുടെ അനോണിമസിനെപ്പോലെ മറ്റൊരാളുണ്ട്. എപ്പോണിമസ് (eponymous) അനോണിക്ക് പേരില്ലാ എങ്കിലും ഇദ്ദേഹത്തിന്റെ നിലനില്പു തന്നെ പേരുമായി ബന്ധപ്പെട്ടാണ്. നമ്മള്‍ കേട്ടിട്ടില്ലേ, ഹാലി കണ്ടുപിടിച്ചത് ഹാലീസ് കോമറ്റ്, അമേരിക്ക കണ്ടുപിടിച്ച്തു കൊണ്ട് അമേരിഗോ വെസ്പുചി, അതുപോലെ പൈത്തഗോറസിന്റെ തിയറം, രാമന്‍ എഫക്റ്റ് എന്നിങ്ങനെ. ഇതുപോലെ ഒരു പേരുമായി ബന്ധപ്പെട്ട് രൂപപ്പെടുന്ന മറ്റൊരു പേരിനെയാണ് ഇങ്ങനെ ‘എപ്പോണിമസ്’ എന്നു വിളിക്കുന്നത്. Stigler's law of eponymy എന്നൊന്നുണ്ട്. "No scientific discovery is named after its original discoverer." (എന്തു പൊട്ടത്തരം കണ്ടുപിടിച്ചാലും ല്വാ ആക്കി പേരിട്ട് വിളിക്കാമെന്നു തോന്നുന്നു!)Reverse Eponymicsഎന്നു കേട്ടിട്ടുണ്ടോ? പേരുമായി മുഖസാദൃശ്യമുള്ളവരെ സൂചിപ്പിക്കാനാണീ വാക്കുപയോഗിക്കുന്നത്. ഉദാഹരണത്തിനായി ഒത്തിരി ചിന്തിച്ചു നോക്കി. ഒന്നും കിട്ടിയില്ല. കാര്‍ട്ടൂണിസ്റ്റുകളോട് ചോദിച്ചാല്‍ പെട്ടന്ന് ഉത്തരം കിട്ടിയേക്കും.

ഈ വിഷയത്തെക്കുറിച്ച് പറഞ്ഞാല്‍ തീരില്ല. Etymology (പേരുകളുടെ ഉത്ഭവം ചരിത്രം എന്നിവയെക്കുച്ചുള്ള പഠനം), Taxonamy (വിവിധ സ്പീഷീസുകളെ തിരിച്ചറിയുകയും നാമകരണരീതി) ഫ്രോയിന്റെ മനശാസ്ത്ര വിശദീകരണങ്ങള്‍ എന്നിവയെക്കുറിച്ചൊക്കെ ഈ രംഗത്ത് അറിവും വിവരവുമുള്ളവര്‍ എഴുതട്ടേ. എല്ലാം കൂടി വായിച്ച് എനിക്ക് വട്ടു പിടിക്കുമെന്ന അവസ്ഥവന്നതു കൊണ്ട് നിര്‍ത്തുന്നു.
ചിത്രങ്ങള്‍ കടപ്പാട്: Alan Fletcher

Monday, December 24, 2007

ബൂലോക ചര്‍ച: ഗുണപാഠ കഥ

ഒരിക്കല്‍ ഒരു ഗ്രാമത്തിലൂടെ ഒരന്യദേശക്കാരന്‍ നടന്നുപോയി. അയാള്‍ ഒരു തൊപ്പി വച്ചിരുന്നു. മുന്‍ഭാഗത്ത് പച്ച നിറവും പിറകില്‍ നീലയും വലതുഭാഗത്ത് ചുവപ്പും ഇടത്ത് മഞ്ഞയും നിറങ്ങളോടു കൂടിയ ഒരു തൊപ്പി. വൈകിട്ട് ഗ്രാമീണര്‍ അയാളെക്കുറിച്ച് ചര്‍ച ചെയ്തപ്പോള്‍ ഒരുവന്‍ പറഞ്ഞു. അയാള്‍ പച്ചത്തൊപ്പി യായിരുന്നു ധരിച്ചിരുന്നതെന്ന്. രണ്ടാമതൊരാള്‍ പറഞ്ഞു അല്ല, അയാള്‍ക്ക് നീലത്തൊപ്പി യായിരുന്നു വെന്ന്. അതിനിടെ വേറൊരാള്‍ വന്ന് ആദ്യത്തെ രണ്ടു പേരും പറഞ്ഞത് നുണയാണെന്നും ചുവന്ന തൊപ്പി താന്‍ ശരിക്ക് കണ്ടതാണെന്നും പറഞ്ഞു. മഞ്ഞത്തൊപ്പി കണ്ടവരും വിട്ടു കൊടുത്തില്ല. അവസാനം എല്ലാവരും തമ്മില്‍ തല്ലും ബഹളവുമായി.

എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍!


ചിത്രം: കടപ്പാട്: M.C. Escher

Monday, December 17, 2007

ഞാനാരെന്ന് അറിയണോ?

കുട്ടികള്‍ എന്നെ അങ്കിളേ എന്നും പ്രായത്തില്‍ മൂത്തവര്‍ അനിയാ എന്നും വിളിക്കും. കാഞ്ഞിരക്കുരുവിലും ഒതളങ്ങയിലും ഔഷധഗുണമുണ്ടെന്ന് കണ്ടു പിടിച്ചതും നീല തിമിംഗലത്തെ വര്‍ഗ ഭീഷണിയില്‍ നിന്നും രക്ഷിച്ചതും ഞാനാണ്. എന്റെ കവിതകളും ചിത്രങ്ങളും പല രാജ്യങ്ങളേയും പ്രകോപിക്കുകയും അവ ആ രാജ്യങ്ങളില്‍ നിരോധിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളിലെ ഗോത്ര വര്‍ഗങ്ങള്‍ എന്നെ ഒരു ദൈവമായ് കരുതി ആരാധിക്കുന്നു. വളര്‍ത്തു മൃഗങ്ങള്‍ എന്നെ ഭയക്കുകയും വന്യ മൃഗങ്ങള്‍ എന്നെ ബഹുമാനിക്കുകയും ചെയ്യുന്നു. എന്റെ നൃത്തത്തിന്റെ ചടുല താളങ്ങളാണ് ബെര്‍ളിന്‍ മതിലിന്റെ പതനത്തിന് ഹേതു. അറ്റോര്‍ണി ജനറലിന്റെ ജോലിക്കായുള്ള ഓഫര്‍ ഞാന്‍ രണ്ടു തവണ നിരസിച്ചു. കട്ടന്‍ ചായയില്‍ ഒരിക്കല്‍പ്പോലും ഞാന്‍ മധുരം ചേര്‍ത്ത് കുടിച്ചിട്ടില്ല. എന്റെ ചെവികള്‍ പലപ്പോഴൂം ഒരു സീസ്മോഗ്രാഫു പോലെ പ്രവര്‍ത്തിക്കുന്നു. കഷണ്ടിക്കാരെയും മയോപ്പിയ ബാധിച്ചവരെയും എനിക്കു ഭയമാണ്. പാപ്പൌ ന്യൂ ഗ്യിനിയയില്‍ എനിക്ക് ഡിപ്ലോമാറ്റിക് സ്റ്റാറ്റസുണ്ട്. ഒരിക്കല്‍ പ്പോലും നിയമം കയ്യിലെടുക്കാത്ത ഞാന്‍ കൃത്യമായ് നികുതി അടക്കുന്നു. അബ്ബാസ് കിയരൊസ്തമിയുടെ സിനിമകള്‍ ഇഷ്ടമല്ലാത്തതിനാല്‍ ഇറാനിയന്‍ ഭക്ഷണം ഞാന്‍ കഴിക്കാറില്ല. നമ്പൂതിരി ചൂര്‍ണം പല്ലു തേക്കാനും രാധാസ് സോപ്പ് കുളിക്കാനും ഞാന്‍ ഉപയോഗിക്കുന്നു. പാടത്തിക്കര പഞ്ചായത്തില്‍ ഉപ്പുവെള്ളത്തില്‍ നീന്താനറിയുന്നതും ഇതുവരെ പോളിയൊ കുത്തിവെപ്പ് നടത്താത്തതുമായ ഒരേ ഒരാള്‍ ഞാന്‍ മാത്രമാണ്. ആദാമിന്റെ വാരിയെല്ല് ഹീബ്രു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തതും ഞാനാണ്.
ഇനിയും വല്ലതും അറിയാനുണ്ടോ?

എന്റെ പോസ്റ്റുകളുടെ ആധികാരികക്കായാണ് ഈ കാര്യങ്ങള്‍ ഇവിടെ വെളിപ്പെടുത്തുന്നത്. ഇനി ഇതിനെയും ചോദ്യം ചെയ്യാന്‍ വന്നേക്കരുത്!!

Friday, December 14, 2007

സ്യൂഡോ നെയിമുകളെക്കുറിച്ച്


ചാള്‍സ് ഡോഗ് സണ്‍ എന്ന എഴുത്തുകാരന്റെ കൃതികള്‍ വായിച്ചിട്ടുണ്ടോ നിങ്ങെളിലാരെങ്കിലും? ഇല്ല എന്നാണ് ഉത്തരം എങ്കില്‍ ചോദ്യം ഒന്നു മാറ്റി ചോദിക്കാം. ലൂയിസ് കരോള്‍ എഴുതിയ ആലീസ് ഇന്‍ വണ്ടര്‍ലാന്റ് വായിച്ചിട്ടുണ്ടോ? മിക്കവരും വായിച്ചിട്ടുണ്ടാകും. ആലീസിന്റെ അത്ഭുത കഥ നാം ഓര്‍ത്തുവെക്കുന്നിടത്തോളം കാലം ചാള്‍സ് ഡോഗ്സണ്‍ എഴുതിയതാണൊ ലൂയിസ് കരോള്‍ എഴുതിയതാണൊ എന്നതിന് വലിയ പ്രസക്തിയൊന്നുമില്ല. ഇങ്ങനെ തൂലികാ നാമത്തില്‍ അഥവാ അപരനാമത്തില്‍ (pseudonym) എഴുത്തു നടത്തിയ മാര്‍ക് റ്റൌന്‍ പോലെ പല പ്രഗത്ഭരേയും നമുക്കറിയാം, നമ്മുടെ ഉറൂബ് അടക്കം. എഴുത്തുകാര്‍ മാത്രമല്ല, പ്രേം നസീര്‍,ഹിന്ദീ സിനിമാനടന്‍ സഞ്ജീവ് കുമാര്‍ അങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍. ഇനി ഈ കൊച്ചു ബൂലോകത്തിന്റെ കാര്യമെടുത്താലോ, യഥാര്‍ത്ഥ പേര് വെച്ച് പോസ്റ്റു ചെയ്യുന്നവരേക്കാളെറെ അപരനാമക്കാരാണ് കൂടുതല്, ഞാ‍നടക്കം. ഇത്തരം ഒരു false identity എന്തിന് ഒരു വ്യക്തി സ്വീകരിച്ചു എന്നതിനെക്കുറിച്ച് ഇതിനു മുമ്പും ചര്‍ചകള്‍ നടന്നുകാണണം. ഏതായാലും അക്ഷരജാലകക്കാരന്‍ എം.കെ ഹരികുമാര്‍ തന്റെ ഒരു പോസ്റ്റില്‍ അപരനാമത്തില്‍ ബ്ലോഗു ചെയ്യുന്നവരെ ഒന്നടക്കം കുറ്റം പറഞ്ഞിരിക്കുന്നത് കാണൂ.

"..പേരു മറച്ച്‌ വച്ച്‌ ആണോ പെണ്ണോ എന്ന് നിശ്ച്ചയമില്ലാതെ എഴുതുന്നവര്‍ക്ക് എന്തോ കുഴപ്പമുണ്ട്. പേരു വെച്ച് എഴുതുന്നതാണ് ധീരത. സ്വന്തം പേരു പോലും വെളിപ്പെടുത്താതെ മറ്റുള്ളവരെ നിങ്ങള്‍ എങ്ങനെ പഴിക്കുന്നു? അത്തരം ബ്ലോഗര്‍മാര്‍ ഐഡി വയ്ക്കുന്നവരെ വിമര്‍ശിക്കാന്‍ വരരുത്‌. അത്‌ തിന്മയാണ്‌.ഐഡി ഉള്ളവര്‍ക്ക്‌ കുറച്ചുകൂടി റിസ്ക്‌ ഉണ്ട്‌. അത്‌ നേരിടുന്നതാണ്‌ ധീരത.."

ഒരു വ്യക്തി അപരനാമത്തില്‍ ബ്ലോഗു ചെയ്യാനുള്ള കാരണം പലതായിരിക്കാം. അനില്‍,സുനില്‍,ടോമി,ടീന്റു,പിന്റു,ഡിങ്കു എന്നിങ്ങനെയുള്ള ചിരപരിചിതമായ പേരുകള്‍ക്കാളേറെ marketabilityയും Recall valueഉം അനാഗതശ്മശ്രു, വിശാലമനസ്കന്‍, കണ്ണൂരാന്‍ തുടങ്ങിയ പേരുകള്‍ക്കാണെന്നതാവാം ഒരു കാരണം.

വിഷയവുമായി ബന്ധപ്പെട്ട ഒരു artistic identity ഉണ്ടാക്കാനും ചിലര്‍ അപരനാമങ്ങള്‍ ഉപയോഗിച്ചേക്കാം. കലയുമായി ബന്ധപ്പെട്ട ഒരു ബ്ലോഗര്‍ മുരളി എന്ന പേരിനു പകരം ചിത്രകാരന്‍ എന്ന പേരും, ഇനി മറ്റൊരാള്‍ സാഹിത്യവിമര്‍ശനത്തിന് സുയോധനന്‍ എന്ന പേരും സ്വീകരിക്കുന്നതിനു കാരണമിതായിരിക്കാം. (വേറെയുമാകാം)

പലരും മുഴുവന്‍ സമയ ബ്ലോഗര്‍മാരല്ല. മുഴുവന്‍ സമയ ജോലിയില്‍ നിന്നു വ്യത്യസ്തമായ വിഷയങ്ങളാണ് മിക്കവരും എഴുത്തിന് വിഷയമാക്കുന്നത് എന്നതിനാല്‍ തന്നെ, അതിന് മറ്റൊരു identity ആവശ്യമായി വരുന്നതിനാലാവാം ഇത്തരക്കാര്‍ അപരനാമങ്ങള്‍ സ്വീകരിക്കുന്നത്.

ഇനിയും വേറെ പല കാരണങ്ങളും കാണുമായിരിക്കും. പക്ഷെ, പേടി മൂലമോ, ആണും പെണ്ണും കെട്ടവരായതിനാലോ അപരനാമങ്ങള്‍ സ്വീകരിക്കുന്നവര്‍ ആരെങ്കിലും കാണുമോ എന്ന് എനിക്ക് നിശ്ചയമില്ല. അഞ്ചല്‍ക്കാരനും, ഇഞ്ചിപ്പെണ്ണും, വാത്മീകിയും, ഉറുമ്പും, ഉമ്പാച്ചിയും ഒക്കെ, ഒളിഞ്ഞിരുന്ന് കേമന്മാരാകാനാണ് ഇത്തരം പേരുകള്‍ സ്വീകരിച്ചതെന്ന് സമ്മതിക്കാനുമാവില്ല. താന്‍ പേരുവെച്ചെഴുതുന്നു എന്നതും ചിലര്‍ പേരുവെക്കാതെ എഴുതുന്നു എന്നതും തമ്മില്‍ എന്താണിത്ര വ്യത്യാസം. എം.കെ. ഹരികുമാര്‍ എന്നതും വഴിപോക്കന്‍ എന്നതും എനിക്ക് വെറും രണ്ടു ബ്ലോഗ് ഐഡന്റിറ്റികള്‍ മാത്രമാണ്.

ഹരികുമാര്‍ പറഞ്ഞതു പോലെ ബ്ലോഗ് പോലെയുള്ള ഇന്റെര്‍ ആക്റ്റീവ് മീഡിയയില്‍ ഫുള്‍ ഐഡന്റിറ്റി വേണം എന്ന വാദം അനോണികളുടെ കാര്യത്തില്‍ ഒരു പരിധിവരെ ശരിയായിരിക്കാം. അനോണിയായി ഇരുന്ന് എഴുതുന്നതും അപരനാമത്തില്‍ ബ്ലൊഗുന്നതും രണ്ടും ഒന്നായി കാണുന്നതെങ്ങനെ? എനിക്കു തോന്നിയിട്ടുള്ളത് ഇന്റെര്‍ ആക്റ്റീവ് മീഡിയയുടെ ഏറ്റവും ആകര്‍ഷകമായ ഘടകം, നമ്മെ മറ്റുള്ളവര്‍ എങ്ങിനെ കാണാന്‍ നാം ആഗ്രഹിക്കുന്നുവോ അത് സാധ്യമാവുന്നു എന്നതാണ്. ക്രിയേറ്റിവിറ്റിയുടെ പ്രഥമ സ്വഭാവം തന്നെ മറ്റൊരു വ്യക്തിത്വത്തിലെത്തിച്ചേരാനുള്ള ആഗ്രഹം അല്ലേ? പച്ചക്കറിക്കാരനോടെ ഓട്ടോ ഡ്രൈവറോടോ സംസാരിക്കുന്ന അതേ സ്വരത്തിലും ഭാവത്തിലുമാണോ ഒരു കവി ആസ്വാദകനുമായി സംവദിക്കുന്നത്?

ഞാന്‍ പേര്.. പേരക്ക എന്നെഴുതുന്നത് പേര് പറയാനുള്ള താല്പര്യക്കുറവു കൊണ്ടു തന്നെ. കോദണ്ഡരാമന്‍ എന്ന പേരിലോ,ഇടിക്കുള വാസു എന്ന പേരില്‍ എഴുതിയാലും ഇതൊക്കെ തന്നെയേ ഞാന്‍ പറയൂ. എന്തു പറയുന്നു എന്നു നോക്കിയാല്‍ പോരെ, ആരു പറയുന്നു എന്നതിന് എന്തിനിത്ര പ്രാധാന്യം നാം കൊടുക്കുന്നു. താജ് മഹലിന്റെ ഭംഗി ആസ്വദിച്ചാല്‍ പോരെ, അതുണ്ടാക്കിയവന്റെ പാസ്പോര്‍ട്ട് ഡീറ്റൈത്സും, വിദ്യാഭ്യാസ യോഗ്യതയും തറവാട്ടു മഹിമയും കൂടി അറിഞ്ഞേ തീരൂ എന്നു ശഠിക്കുന്നതെന്തിന്?

ഈയിടെ മീനാക്ഷി മാധവനെക്കുറിച്ച് ഒരു വിവാദം നടന്നല്ലോ? അവര്‍ എന്തെഴുതുന്നു എന്നതിനെക്കാളേറെ ചര്‍ച ചെയ്യപ്പെട്ടത് അവര്‍ ആരെന്നും എന്തെന്നും ഉള്ള വിശകലനങ്ങളാണ്. ബെര്‍ളിയുടെ ഈ വിഷയത്തെക്കുറിച്ചുള്ള ഒരു പോസ്റ്റില്‍ ഒരു പോസ്റ്റില്‍ വക്കാരി എഴുതിയ കമന്റ് തന്നെ ഇതിനൊക്കെ ഉത്തരം.

“കുടുംബചരിത്രം അന്വേഷിച്ച് നിര്‍വൃതിയടയുക എന്നത് മലയാളിയുടെ ബ്ലോഗ് സ്വഭാവമല്ല, ബ്ലോഗിന്റെ മലയാളി സ്വഭാവമാണെന്നാണ് എന്റെ പക്ഷം. എന്തെന്നതിനെക്കാള്‍ ആരെന്നതിന് പ്രാധാന്യം കൊടുക്കുന്ന ആ ഒരു രീതി.”

Sunday, December 09, 2007

സോഫ കം വാഷിങ് മഷീന്‍

ചെറിയ വീടുകളിലും അപ്പാര്‍ട്ടുമെന്റുകളിലും താമസിക്കുന്നവര്‍ക്ക് ഒരു വലിയ തലവേദനയാണ് ഒത്തിരി സ്ഥലം കളയുന്ന വാഷിങ് മഷീന്‍. എന്നാപ്പിന്നെ ഇതിനെ വല്ല മേശയോ കസേരയോ സോഫായോ ആയി ഉപയോഗിച്ചു കൂടെ? ഇനി നമ്മളില്‍ പലരും ഒരിക്കലെങ്കിലും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാവണം. ഇന്ന് മാര്‍ക്കറ്റിലുള്ള പല ഉത്പന്നങ്ങളും നിര്‍മാതാക്കളുടെയോ ഡിസൈനറുടെയോ മാത്രം ഇഷ്ടാനുസരണം ഉണ്ടാക്കപ്പെട്ടിട്ടുള്ളവയാണ്. നമുക്കെല്ലാവര്‍ക്കും ഇതുപോലെ പല ആശയങ്ങളും പലപ്പോഴും തോന്നാറുണ്ട്. പക്ഷെ, ആ ആശയങ്ങളെ വികസിപ്പിച്ച് പ്രായോഗിക അടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ സാധിച്ചെന്നു വരില്ല. വിഷമിക്കേണ്ട, ഇനി അതും സാധ്യമാണ്. ഈ ചിത്രം നോക്കൂ, എന്താണെന്ന് ഊഹിക്കാമോ?



ഞാന്‍ സൂചിപ്പിച്ച വാഷിങ്ങ് മഷീന്‍ പ്രശ്നത്തിന്റെ പരിഹാരമാണിത്. ഇരിക്കാന്‍ ഉപയോഗിക്കാമെങ്കിലും പക്ഷേ പ്രധാന ഉപയോഗം തുണിയലക്കല്‍ തന്നെ, ഗ്ലോയിങ് വാഷിന്‍ മഷീന്‍ കം സോഫ കം മസ്സാജര്‍! വാ! വാഹ്!

ഉപഭോക്താവിന്റെ ആവശ്യാനുസരണം ഉത് പന്നങ്ങള്‍ നിര്‍മ്മിക്കുക എന്ന ആശയവുമായി എലെഫന്റ് ഡിസൈന്‍ എന്ന സ്ഥാപനത്തിന്റെ CEO ആയ ജാപ്പനീസ് പ്രൊഡക്റ്റ് ഡിസൈനര്‍ കൊഹെരി നിഷിയാമ ഒരു വെബ് സൈറ്റ് തുടങ്ങിയിരിക്കുകയാണ്. (ജാപ്പനീസിലായതിനാല്‍ പേജ് ട്രാന്‍സലേറ്റ് ചെയ്ത് കാണുക). കസ്റ്റമേര്‍സിന്റെ ആശയങ്ങള്‍ ഓണ്‍ലൈനായി സ്വീകരിച്ച് കൂടുതല്‍ പോപ്പുലറായവ നിര്‍മിച്ച് വിപണയിലിറക്കുന്നു. ഇതിനകം തിരഞ്ഞെടുക്കപ്പെട്ട 120 പ്രൊപ്പോസലുകളില്‍ നിന്നും 20 ഓളം ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ചു കഴിഞ്ഞു. ആശയം ന‍ല്‍കിയ വ്യക്തിക്ക് റോയല്‍ റ്റിയും ലഭിക്കുന്നു. ഏകദേശം 7000 വിവിധ ആശയങ്ങള്‍ ഈ വെബ് സൈറ്റില്‍ വോട്ടിങ്ങിനായി ഇട്ടിരിക്കുന്നു.

ഇതാ മറ്റൊരുദാഹരണം. വീട്ടിലെ സോഫ ഇരിക്കാന്‍ മാത്രമല്ല, വേണമെങ്കില്‍ കുട്ടികളുടെ കളിപ്പാട്ടവുമാക്കി മാറ്റാമെന്ന് ഞാന്‍ പറഞ്ഞാല്‍ നെറ്റിചുളിക്കേണ്ട. ഈ ചിത്രം കാണൂ. ഇതാണ് TETRIS SOFA. വലിയവര്‍ക്ക് ഇരിക്കാനും കുട്ടികള്‍ക്ക് കളിക്കാനും.

ഐഡിയകള്‍ക്കും ഐഡിയാ സ്റ്റാറുകള്‍ക്കും ഒരു പഞ്ഞമില്ലെങ്കിലും നമ്മുടെ നാട്ടില്‍ ഇതൊക്കെ പരീക്ഷിക്കാനാവുമോ എന്നറിയില്ല, ആര്‍ക്കറിയാം, ചിലപ്പോള്‍ വിജയിച്ചേക്കും!

...

വാല്‍ക്കഷണം: ജപ്പാനികളുടെ ഡിസൈന്‍ സെന്‍സിബിലിറ്റിയേയും,ഉട്ടോപ്യയിലെ ഉമ്പര്‍ക്കയും മറ്റും കൂടുതതലായി ഉദാഹരിക്കേണ്ടി വരുന്നുണ്ടെങ്കില്‍ ക്ഷമിക്കുക. താല്പര്യമുള്ളവര്‍ മാത്രം കിഴക്കും പടിഞ്ഞാറും നോക്കിയാല്‍ മതി. അല്ലാത്തവര്‍ക്ക് തലകുനിച്ചിരിക്കാം!

Friday, December 07, 2007

സിമെട്രിയും സോലുടൊമാട്ടി മിട്ടാമൊട്ടുലോസും


നമ്മുടെ മലയാളവും(MALAYALAM) ഫിനിഷ് വാക്കായ SOLUTOMAATTIMITTAAMOTULOS തമ്മിലൊരു ബന്ധമുണ്ട്. word symmetry അഥവാ palindrom ന്റെ ഉദാഹരണങ്ങളാണ് ഇവ. (പാലിന്‍ഡ്രോം എന്നാല്‍ മുന്നോട്ടും പുറകോട്ടും ഒരുപോലെ വായിക്കാന്‍ പറ്റുന്ന വാക്കെന്ന് അര്‍ത്ഥം) ഏറ്റവും നീളം കൂടിയ palindrom ഏതാണെന്ന് ഇപ്പോഴും തര്‍ക്കം നടക്കുന്നു. 15,139 വാക്കുകളുള്ള ഒരു palindrom ഇതാ. മറ്റൊന്ന് ഇവിടെയും. 31358 വാക്കുകളും, 119180 അക്ഷരങ്ങളുമുള്ളത്. അതെന്തെങ്കിലുമാവട്ടെ, ഞാന്‍ പറയാന്‍ പോകുന്നത് symmetry (സന്തുലനത യെന്നാണ് മലയാള തര്‍ജമയെന്നു തോന്നുന്നു) യെക്കുറിച്ചാണ്. ലോകത്തിലെ ഏറ്റവും സാധാരണമായ പ്രതിഭാസങ്ങളാണ് Symmetry, Asymmetry,Dissymmetry എന്നിവയും. അതുകൊണ്ട് തന്നെ ശാസ്ത്രങ്ങളിലും (പ്രത്യേകിച്ച് ഗണിത, ഭൌതിക ശാസ്ത്രങ്ങളില്‍), വാസ്തുവിദ്യയിലും, കലയിലും, തത്വചിന്തയിലും എല്ലാം ഈ പ്രതിഭാസത്തിനെക്കുറിച്ച് പഠിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജ്യോമെട്രിയും സിമ്മെട്രിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഞാന്‍ പറയാതെതന്നെ എല്ലാവര്‍ക്കുമറിയാമല്ലോ.

symmetry യെക്കുറിച്ച് പറയും മുമ്പ് asymmetry,dissymmetry എന്നിവയെക്കുറിച്ച് പറയേണ്ടതുണ്ട്. symmetry യുടെ വിപരീതപദമാണ് asymmetry യെങ്കിലും dissymmetry എന്ന പദത്തിന് അര്‍ത്ഥം വ്യത്യാസമുണ്ട്. പെര്‍ഫക്റ്റ് symmetryയെയാണ് dissymmetry കൊണ്ട് ഉദ്ദേശിക്കുന്നത്. അതാകട്ടെ പ്രകൃതിയില്‍ പലപ്പോഴും അപൂര്‍വവും. symmetry ഇല്ലെങ്കിലും പലപ്പോഴും പല കാര്യങ്ങളും അങ്ങിനെ തോന്നാറുണ്ട്. മരം, മല എന്നിങ്ങനെ പലതും നാം അങ്ങനെ കാണുന്നു. പോള്‍ വില്യംസ് എന്ന ഭൌതിക ശാസ്ത്രഞ്ജന്‍ symmetry യെ ക്കുറിച്ച് പറഞ്ഞതിങ്ങനെ:

“Truth is what sounds right. Beauty is what looks right. Beware of symmetry.”

ആധുനിക കലകളില്‍ പെര്‍ഫക്റ്റ് symmetry വളരെ staticഉം വിരസമായ ഒരനുഭവമായും കണക്കാക്കപ്പെട്ടു വരുന്നു. symmetry യെക്കാളേറെ ബാലന്‍സ്, ഹാര്‍മണി എന്നിവക്ക് പ്രാധാന്യം കൊടുത്ത് സംതുലനത കൈവരിക്കുന്ന ഒരു രീതി. ആ ചര്‍ച പിന്നീടാവാം.

പല സംസ്കാരങ്ങള്‍ പല രീതിയിലാണ് symmetry യെ വിലയിരുത്തിയത്. ‘അല്ലാഹു ബാക്കി മിന്‍ കുല്ലെ ഫനി’ (അല്ലാഹു മാത്രം സ്ഥിരമായിരിക്കുകയും മറ്റെല്ലാം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു) എന്ന ഖുറാന്‍ വചനം symmetry അടിസ്ഥാനമാക്കിയുള്ള ഇസ്ലാമിക് കലയെ വിശദീകരിക്കുന്നു. സന്തുലനമായ ജ്യാമിതീയ പാറ്റേണുകളിലൂടെ അവര്‍ അല്ലാഹുവിന്റെ അനന്തതയെ പ്രതീകരിക്കുന്നു. ഏറ്റവും നല്ല്ല ഉദാഹരണം താജ് മഹല്‍. എന്നാല്‍ ചൈനീസ് ദാവോയിസ്റ്റ് അഥവാ താവോയിസ്റ്റ് സങ്കല്പം symmetry യെ നിരാകരിക്കുന്നു. സാമ്യത അഥവാ തുല്യത എന്ന സങ്കല്പത്തിന് എത്ര പ്രാധാന്യം കൊടുത്തോ അത്ര തന്നെ പ്രാധാന്യം വിഭിന്നതയ്കും നല്‍കികൊണ്ട് symmetry യെ സമീപിച്ചു. 5 = 5 അഥവാ 2 + 3 = 5 എന്നതിനെ രണ്ട് വ്യത്യസ്തമായ പ്രസ്താവനകളായി കാണുന്നതിനു പകരം, = എന്ന ചിഹ്നത്തിന് ഇരു വശവുമുള്ള അക്കങ്ങളായി മാത്രം അവര്‍ കണ്ടു. സൂര്യനും ചന്ദ്രനും പോലെ, പകലും രാത്രിയും പോലെ, ആണും പെണ്ണും പോലെ വിപരീതങ്ങളായ സങ്കല്പങ്ങള്‍ എല്ലാം സമാനവും തുലനാവസ്ഥയിലെന്നും അവര്‍ അനുമാനിച്ചു. യിങ് യാങ് ചിഹ്നം ഈ ചിന്തയുടെ ഗ്രാഫിക്ക് പ്രതീകമാണ്. കറുപ്പും വെളുപ്പുമായ ഇരുപകുതികളും ഒന്ന് മറ്റൊന്നിനെന്ന പോലെ അനുപൂരകമായി നിലകൊള്ളുന്നു. വിപരീത നിറങ്ങളിലുള്ള കുത്തുകള്‍ സൂചിപ്പിക്കുന്നത് ഓരോ പദാര്‍ത്ഥത്തിലും വിപരീത പദാര്‍ത്ഥത്തിന്റെ ഒരംശം അടങ്ങിയിരിക്കുന്നു എന്നാണ്. ലോകത്തിന്റെ ഒരു ഭാഗത്ത് വേലിയേറ്റമായിരിക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് വേലിയിറക്കമെന്നതു പോലെ.

“ = ”എന്ന ചിഹ്നം നോക്കൂ. സമാന നീളമുള്ള ഒരേ സ്വഭാവങ്ങളുള്ള രണ്ട് വരകള്‍ ഒന്ന് മറ്റൊന്നിനു പൂരകം എന്ന രീതിയിലുള്ള അതിന്റെ ദൃശ്യരൂപം തന്നെ symmetryയുടെ ഏറ്റവും നല്ല നിര്‍വചനം. Reflectional,(പ്രതിഫലനം) Rotational,(ചാക്രികം)Translational (ഇതിന്റെ മലയാളം എന്തു കുണ്ടാമണ്ടിയാണോ ആവോ?) എന്നിങ്ങനെ പല തരത്തില്‍ Symmetry യെ വിശദീകരിക്കാം. ഒരു ചിത്രശലഭത്തില്‍ reflectional symmetryയും സൈക്കിള്‍ ടയര്‍, ചീട്ടിലെ ചിത്രങ്ങള്‍ എന്നിവയില്‍ rotational symmetry യും കാണാനാവും. വരിവരിയായി നടന്നുപോകുന്ന ഉറുമ്പുകളെ വേണമെങ്കില്‍ translational symmetryക്ക് ഉദാഹരണമായി പറയാം. സാങ്കേതിക പദങ്ങള്‍ ഉപയോഗിക്കാതെ മറ്റൊരു തരത്തില്‍ വിശദീകരിക്കാം. A H I M O T U V W X Y എന്നീ ഇംഗ്ലീഷ് അക്ഷരങ്ങള്‍ വലത്തു നിന്നും ഇടത്തേക്കും തിരിച്ചും വായിക്കാനാവും അതിനാല്‍ Reflectional. അതുപോലെ B C D E H I K O X എന്നീ അക്ഷരങ്ങള്‍ ഒന്നിന്റെ മുകളില്‍ ഒന്നെടുത്തു വച്ചാലും മാറ്റം വരുന്നില്ല. S X Z എന്നീ അക്ഷരങ്ങള്‍ക്ക് rotational symmetry യാണെന്നു പറയാം. തലതിരിച്ചിട്ടാലും മാറ്റമില്ല. ഇനി O X O ഇന്നീ അക്ഷരങ്ങള്‍ക്കാകട്ടെ രണ്ടു തരത്തിലുള്ള symmetryയുമുണ്ടെന്ന് പറയാം.ഏത് കോണില്‍ കറക്കിയാലും മാറ്റം വരില്ല. അതിനാല്‍ ഇത്തരം അക്ഷരങ്ങള്‍ ഉപയോഗിച്ചുള്ള ലോഗോകള്‍ ഏതു കോണില്‍ നിന്നു നോക്കിയാലും മാറ്റമില്ലാതെ കാണാനാകും. A A A A A , A B A B A B എന്ന ശ്രേണിയില്‍ കാണുന്നത് translational symmetry.



ഇതു നോക്കൂ symmetryയുള്ള അക്ഷരങ്ങള്‍ മുഴുവനായി കാണാതെ നമുക്കു വായിക്കാനാവും.




അക്ഷരങ്ങളുടെ ഈ സ്വഭാവങ്ങള്‍ ഉപയോഗിച്ചു വാക്കുകള്‍ നിര്‍മിക്കുന്ന ambigram എന്ന കലാ‍രൂപത്തെക്കുറിച്ച് കൂടുതല്‍ ഇവിടെ
താഴെക്കോടുത്തിരിക്കുന്ന ഉദാഹരണം നോക്കൂ, തലകീഴായി വായിച്ചാലും symmetry എന്നു തന്നെ വായിക്കാം.


symmetryയുടെ അനന്ത സാധ്യതകള്‍ ഗ്രാഫിക് ആര്‍ടില്‍ എങ്ങനെ ഉപയോഗിക്കാം എന്നറിയാന്‍ ഐഷര്‍ എന്ന ലോകപ്രശസ്ഥനായ കലാകാരന്റെ രചനകള്‍ കാണൂ. ഗ്രാഫിക് ഡിസൈനില്‍ താല്പര്യമുള്ള ഏതൊരു വ്യക്തിയും അവശ്യം കണ്ടിരിക്കേണ്ടതാണിവ. അദ്ദേഹത്തിന്റെ Tessellations, Impossible space എന്നിവയെക്കുറിച്ച് വിശദമായി മറ്റൊരു വേള പറയാം.

ഒന്നോ രണ്ടോ മാനങ്ങളിലുള്ള symmetryയെക്കുറിച്ചാണിതുവരെ പറഞ്ഞത്. ഒരു പന്തിന്റെ symmetry ഒന്നിലധികമാണ്. അതുപോലെ ഒരു ക്യൂബിന് 24 വ്യത്യസ്ഥമായ symmetryകളുണ്ട്. ഭൌതിക ശാസ്ത്രഞ്ജര്‍ ഇതിലും വളരെ ദൂരം പോയിക്കഴിഞ്ഞു. നമുക്ക് ചിന്തിക്കാന്‍ പോലും പറ്റാത്തത്ര 248 റൊട്ടേഷനും, 57 മാനങ്ങളും(dimensions) ഉള്ള E8 ന്റെ കണ്ടുപിടിത്തത്തെക്കുറിച്ച് കുറിഞ്ഞി ഓണ്‍ലൈനില്‍ വിശദമായി എഴുതിയിട്ടുണ്ട്. Fearful symmetry എന്ന പുസ്തകത്തില്‍ ഗണിത ശാസ്ത്രഞ്ജരായ ഇയാന്‍ സ്റ്റിവാര്‍ഡും സുഹൃത്തും വിചിത്രമായ പല symmetryകളെക്കുറിച്ചും വിശദീകരിക്കുന്നതായി വായിച്ചിട്ടുണ്ട്. ഒരു സ് ക്രൂവിന്റെ, സ് പ്ലാഷിന്റെ, തവളയിലെ ഗാസ്ട്രലേഷന്‍ എന്നിങ്ങനെ പല symmetryകളെക്കുറിച്ചും. (പൂസ്തകം വായിക്കാനുള്ള ശാസ്ത്രഞ്ജാനമില്ലാത്തതിനാല്‍ ഞാന്‍ വായിച്ചിട്ടില്ല!) മണ്ഡല കലയിലും ഒന്നിലധികം മാനങ്ങളിലുള്ള symmetryയുടെ ഉപയോഗം കാണാം.
symmetry യുമായി നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും രസകരമായ മറ്റൊരു കാര്യം കൂടെ സൂചിപ്പിച്ചിട്ട് നിര്‍ത്താം.hysteron proteron എന്നു കേട്ടിട്ടുണ്ടോ? കാര്യങ്ങളെ റിവേഴ്സ് ഓര്‍ഡറില്‍ കാണുന്ന ഒരു രീതി. hysteron proteron club എന്നൊരു ക്ലബ് പോലുമുണ്ട്. ഈ പ്രയോഗത്തിന്റെ അര്‍ത്ഥം ‘ആദ്യത്തേത് അവസാനം’ എന്നു പറഞ്ഞാല്‍ മനസ്സിലാകുമല്ലോ എന്താണ് പറഞ്ഞു വരുന്നതെന്ന്. സംശയിക്കേണ്ട. രാവിലെ അത്താഴം കഴിച്ച് ദിവസം ആരംഭിക്കുന്ന ഇവരുടെ കാര്യം വട്ടെന്നേ നാം പറയൂ, എന്നാല്‍ മിക്ക മികച്ച ആര്‍ട്ടിസ്റ്റുകളും അര വട്ടന്മാരായിരുന്നില്ലെങ്കില്‍ നാം ഇന്നു കാണുന്ന പല കലാ സൃഷ്ടികളും ഉണ്ടാവില്ലെന്നും മറക്കരുത്. ഡാവിഞ്ചി കണ്ണാടിയില്‍ നോക്കി പുസ്തകമെഴുതിയതും Matisse തന്റെ ആദ്യ ചിത്രത്തില്‍ തലതിരിച്ച് ഒപ്പിട്ടതും ഒക്കെ അതുകൊണ്ടായിരിക്കാം.!