Thursday, December 27, 2007

സീബ്രയുടെ നിറമെന്താണ്?


സീബ്രയുടെ നിറമെന്താണ്? വളരെ ലളിതമായ ഒരു ചോദ്യമാണ്. കറുപ്പും വെളുപ്പും. ഏതു സ്കൂള്‍ കുട്ടി പോലും ഉത്തരം പറയും. ശരി. അടുത്ത ചോദ്യം. കറുപ്പില്‍ വെളുപ്പു വരകളോ അതോ വെളുപ്പില്‍ കറുത്ത വരകളോ? എന്താണ് നിങ്ങളുടെ ഉത്തരം?എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? യഥാര്‍ത്ഥത്തില്‍ ഈ വിഷയസംബന്ധമായി ഒത്തിരിയേറെ സംവാദങ്ങള്‍ നടന്നിട്ടുണ്ട്. Stephen Jay Gould എന്ന പരിണാമ ശാസ്ത്രഞ്ജന്‍ ഈ വിഷയത്തില്‍ പത്തു പേജ് വരുന്ന ഒരു ലേഖനം പോലും എഴുതിയിട്ടുണ്ട്. ഉടുവില്‍ കറുപ്പില്‍ വെളുത്തവരകളുള്ള ജീവിയാണ് സീബ്ര എന്ന നിഗമനത്തിലെത്തിച്ചേര്‍ന്നു അദ്ദേഹം. സീബ്രായുടെ രോമങ്ങള്‍ മുഴുവന്‍ വടിച്ചു കളഞ്ഞാല്‍ അതിന്റെ കറുത്ത തൊലി മാത്രം അവശേഷിക്കും.( സീബ്രയുടെ വര്‍ഗത്തില്‍ പെട്ട ക്വാഗ്ഗാ എന്നൊരു ജീവിയുണ്ടായിരുന്നു. അവസാനത്തെ ക്വാഗ്ഗാ 1870ല്‍ മരിച്ചതോടെ അവയ്ക്ക് വംശനാശം സംഭവിച്ചു). അത് വേറേ ടോപ്പിക്.

ഈയിടെ one swallowയുടെ ബ്ലോഗില്‍ ദ്വയാര്‍ത്ഥപ്രയോഗത്തെ ക്കുറിച്ച് ഒരു സംവാദം നടന്നല്ലോ? കാര്യങ്ങള്‍ എല്ലാം കാണപ്പെടുന്നതുപോലെയാവണമെന്നില്ല എന്നു പറഞ്ഞതുപോലെ ഏതാണ്ട് അതുമായൊക്കെ ബന്ധപ്പെട്ട വിഷയം തന്നെയാണ് ഞാനും പറയാന്‍ പോകുന്നത്. visual perception-നെ(ദൃശ്യപരമായ വീക്ഷണ കോണുകള്‍) സംബന്ധച്ച് ചില കുറിപ്പുകള്‍ക്ക് ആമുഖമായാണ് ഈ സീബ്രാ പ്രശ്നം ചൂണ്ടിക്കാണിച്ചതും. ഡിസൈന്‍ സംബന്ധമായി എഴുതിവന്ന ചില കുറിപ്പുകളുടെ തുടര്‍ച്ചയായാണ് ഇത്. ഇടക്ക് വഴിമാറി വേറെ ചില വിഷയത്തിലേക്ക് കടക്കേണ്ടി വന്നെന്ന് മാത്രം.

സീബ്രയുടെ കാര്യം പറഞ്ഞതു പോലെ ദൃശ്യപരമായ പല കാര്യങ്ങളിലും ഓരോരുത്തരുടെയും കാഴ്ചപ്പാടനുസരിച്ച് അനുമാനങ്ങള്‍ മാറിക്കൊണ്ടിരിക്കും. ഇത്തരം വിഷ്വല്‍ പെര്‍സെപ്ഷനെക്കുറിച്ച് മനശാസ്ത്രപരമായ ചില നിഗമനങ്ങളാണ് ഗസ്റ്റാള്‍ട് സൈക്കോളജി അഥവാ തിയറി. ചിത്ര-പ്രതല ബന്ധം അഥവാ Figure and Ground നെക്കുറിച്ച് ചില നിരീക്ഷണങ്ങള്‍ ഈ തിയറി നിരത്തുന്നു. ചിത്ര-പ്രതല ബന്ധം എന്നത് വളരെ ആപേക്ഷികമായ ഒന്നാണ്. ഒരു വ്യക്തി ഒരു പ്രത്യേക സാഹചര്യത്തെ വിലയിരുത്തുന്നത് ഓരോ വ്യത്യസ്ത ഘടകങ്ങളായിട്ടല്ല, മറിച്ച് മൊത്തത്തില്‍ ഒറ്റക്കെട്ടായാണ്. ഒരു കോമ്പോസിഷനില്‍ നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന കേന്ദ്രത്തെ Figure ആയും അഥവാ പോസിറ്റീവ് ഷേപ് ആയും ബാക്കി ഭാഗങ്ങളെ ഗ്രൌണ്ട് അഥവാ നെഗറ്റീവ് ഷേപ് ആയും കണക്കാക്കാം. ചില അവസരങ്ങളില്‍ ഇവ അനു നിമിഷം അന്യോന്യം മാറിക്കൊണ്ടിരിക്കും. ഗ്രൌണ്ടും ബാക്ഗ്രൌണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. ഫിഗറിന്റെ നിലനില്പിന്‍ ബാക്ഗ്രൌണ്ട് എപ്പോഴും വേണമെന്നില്ല. പലപ്പോഴും ഇതൊരു ആപേക്ഷികമായ ഇല്യൂഷന്‍ അഥവാ പ്രതീതി മാത്രമായിരിക്കും. (ഈ പേജില്‍ ഇടതുഭാഗത്ത് മാര്‍ജിന്‍ കൊടുത്തിട്ടില്ല എങ്കിലും നിങ്ങള്‍ ഈ അക്ഷരങ്ങള്‍ നിങ്ങള്‍ക്ക് ആ പ്രതീതി തരുന്നത് പോലെ)

Figure and Ground ബന്ധം വിശദീകരിക്കാന്‍ ഡാനിഷ് മനശാസ്ത്രഞ്ജനായ Edgar Rabin രൂപപ്പെടുത്തിയ ഈ പ്രശ്നചിത്രം കാണാത്തവരുണ്ടാവില്ല. ഗസ്റ്റാള്‍ട്ട് തിയറിയുടെ ലളിതമായ വിശദീകരണങ്ങള്‍ ചിത്രങ്ങള്‍ സഹിതം ഇവിടെ കാണുക. ഇവിടെയും.


ഈ ചിത്രവും നിങ്ങളില്‍ പലരും കണ്ടിരിക്കും. ഒരു വൃദ്ധയായോ അല്ലെങ്കില്‍ ഒരു യുവതിയായോ എങ്ങിനെ വേണമെങ്കിലും നിങ്ങള്‍ക്കിതിനെ കാണാം. പക്ഷെ ഇതൊക്കെ വെറും ഒരു നൈമിഷികമായ ഇല്യൂഷന്‍ മാത്രമാണോ? വൃദ്ധയെയാണൊ അതൊ യുവതിയെയണോ ഒരാള്‍ ആദ്യം കാണുന്നത് എന്നത് വ്യക്തിപരമായ ചില മുന്‍ ധാരണകള്‍, അനുഭവങ്ങള്‍,ആഗ്രഹങ്ങള്‍,വിശ്വാസങ്ങള്‍ എന്നിവയൊക്കെ ആശ്രയിച്ചിരിക്കും എന്നൊരു വിശദീകരണമുണ്ട്. ഏതായാലും അതിലേക്ക് കടക്കുന്നില്ല.

ഡിസൈനിങ്ങില്‍ ഫിഗര്‍ ഗ്രൌണ്ട് ബന്ധം എങ്ങനെ ഉപയോഗിക്കാമെന്നതിന് ചില സൂചനകള്‍ താഴെ



ഇതു ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്ന ചില ലോഗോ ഡിസൈനുകള്‍ കാണൂ.

ഞാന്‍ ഇതിനുമുമ്പ് പലപ്പോഴും ഉദാഹരിച്ചിട്ടുള്ള ഒരു പേരാണ് M.C. Escher ചിത്ര-പ്രതല ബന്ധത്തെക്കുറിച്ച് പറയുമ്പോള്‍ ആ പേര് ഒരിക്കല്‍ക്കൂടി പരാമര്‍ശിക്കാതെ നിവൃത്തിയില്ല. പല നിരൂപകരും പരാമര്‍ശിക്കുന്നതു പോലെ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ വെറും ‘വിഷ്വല്‍ ട്രിക് ’ ആയിരുന്നില്ല. യാഥാര്‍ത്യങ്ങളെക്കുറിച്ച് നിലനിന്നു പോന്നിരുന്ന പല സങ്കല്പങ്ങളും അദ്ദേഹത്തിന്റെ മെറ്റാമോര്‍ഫസിസ്,എന്‍ കൌണ്ടര്‍,സ്റ്റെയര്‍കേസ് തുടങ്ങിയ രചനകള്‍ വെല്ലു വിളിച്ചു. കണ്ണുപൊട്ടന്മാര്‍ ആനയെ കാണുന്നതു പോലെ കാര്യങ്ങള്‍ ഒറ്റയായി കാണുന്നതു കൊണ്ടുള്ള പ്രശ്നനമാണിതൊക്കെ.

7 comments:

പേര്.. പേരക്ക!! said...

ഡിസൈനിങ്ങില്‍ Figure and Ground ന്റെ പ്രയോഗങ്ങളെക്കുറിച്ച് ചില കുറിപ്പുകള്‍

മിനീസ് said...

സമ്മാനം വല്ലതും ഉണ്ടാവുംന്ന് കരുതി "വെള്ളയില്‍ കറുപ്പ്" എന്നാര്‍ത്തു വിളിച്ചു കൊണ്ട് വന്നതാ... അപ്പോളതാ വിജ്ഞാനം. കുത്തിയിരുന്നു വായിച്ചു... കൊള്ളാം. കണ്ണൂം മനസ്സും ചേരുമ്പോഴത്രേ കാഴ്ച പൂര്‍ണ്ണമാകുന്നത്! :-)

അതുല്യ said...

Very Informative. Thanks for sharing.

Sebin Abraham Jacob said...

പെയിന്റിംഗില്‍ സാല്‍വദോര്‍ ദാലി ഉപയോഗിച്ചതും ഇതേ ടെക്നിക്കാണോ?

പേര്.. പേരക്ക!! said...

മിനീസ്,വിജ്ഞാനം കുത്തിയിരുന്ന് വായിച്ചതിന് നന്ദി:)
അതുല്യ,most welcome!
സെബിന്‍,
ഫിഗര്‍ ഗ്രൌണ്ട് പ്രധാനമായും ഗ്രാഫിക് ആര്‍ട്ടിസ്റ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
ദാലി കുറേക്കൂടെ ഇല്യൂഷനിസ്റ്റ് ആയ ചിത്രങ്ങള്‍ ആണ് രചിച്ചത്.ചില ഉദാഹരണങ്ങള്‍ ഇവിടെ Escher നെ കൂടാതെ Shigeo Fukuda യും ഫിഗര്‍ ഗ്രൌണ്ട് സങ്കല്പം നന്നായി ഉപയോഗിച്ച ഒരു ആര്‍ട്ടിസ്റ്റായിരുന്നു. വിഷ്വല്‍ ഡിസപ്ഷനെയും ഇല്യൂഷനെയും കുറിച്ച് വിശദമായി അടുത്ത പോസ്റ്റിലെഴുതാം.ചില പ്രമുഖ ഇല്യൂഷന്‍ വര്‍ക്കുകള്‍ ഇവിടെ

ഉഗാണ്ട രണ്ടാമന്‍ said...

ശരിയ്ക്കും ഇന്‍ഫൊര്‍മെറ്റിവ്...

ഫസല്‍ said...

Arivu pradhaanam cheytha post
congrats..