Saturday, November 24, 2007

വെരി ഹാപ്പി ബ്ലോഗിങ്ങ്!!നിങ്ങളില്‍ പലരും സ്വന്തമായി ഒന്നോ അതിലധികമോ ബ്ലോഗുകള്‍ ഉള്ളവരായിരിക്കാം. പുതുമുഖക്കാരാണെങ്കില്‍ എങ്ങനെ സ്വന്തമായി ഒരു ബ്ലോണ്ടാക്കാമെന്ന് വക്കാരിമിഷ്ടായും, ആദിത്യനും , സഹയാത്രികനും മറ്റും വിശദീകരിച്ചിട്ടുണ്ടെന്നതിനാല്‍ അതിലേക്ക് കടക്കുന്നില്ല. എനിക്കു പറയാനുള്ളത് എങ്ങനെ നിങ്ങളുടെ ബ്ലോഗുകള്‍ കൂടുതല്‍ ആകര്‍ഷകവും ഫലപ്രദവുമാക്കാം എന്നാണ്. പല കാര്യങ്ങളും നിങ്ങളില്‍ പലര്‍ക്കും ഇതിനകം തന്നെ അറിവുള്ളതായിരിക്കും. ഇക്കാര്യത്തില്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് ഏറ്റക്കുറച്ചിലുകള്‍ കണ്ടേക്കാം. ഇങ്ങനെയേ ആവാകൂ എന്നൊന്നുമില്ല. താല്പര്യമുള്ളവര്‍ തുടര്‍ന്ന് വായിക്കുക.

എന്താണ് നിങ്ങളുടെ ബ്ലോഗിന്റെ പ്രധാന ഉദ്ദേശ്യം? എന്താണ് നിങ്ങളുടെ ബ്ലോഗിലെത്തുന്നവര്‍ പ്രതീക്ഷിക്കുന്നത്? മറ്റു ബ്ലോഗുകളില്‍ നിന്നും വ്യത്യസ്തമായ എന്താണ് നിങ്ങളുടെ ബ്ലോഗില്‍ ഉള്ളത്? ദിവസേന കാണുന്ന നൂറുകണക്കിന് ബ്ലോഗുകളില്‍ നിന്നും നിങ്ങളുടെ ബ്ലോഗ് എങ്ങനെ ഒരാള്‍ ഓര്‍ത്തു വെയ്കും? ഓരോ ബ്ലോഗറും ഉത്തരം കണ്ടെത്തേണ്ട ചില ചോദ്യങ്ങളാണ് ഇവ. ഈ ചോദ്യങ്ങള്‍ക്ക് മനസ്സില്‍ വെച്ചുകൊണ്ട് രൂപപ്പെടുത്തുന്ന ബ്ലോഗുകള്‍ മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ വിജയകരമായിത്തീരാനാണ് സാധ്യത.

ഇനി ഓരോന്നായി വിശദമായി നോക്കാം. പ്രഥമ ചോദ്യം: എന്താണ് നിങ്ങളുടെ ബ്ലോഗിന്റെ പ്രധാന ഉദ്ദേശ്യം? എന്തിനാണ് നിങ്ങള്‍ ഒരു ബ്ലോഗു തുടങ്ങിയത്. നിങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍, അതു ലേഖനമായാലും,കഥയാലും,കവിതയായാലും, ഫോട്ടോ ആയാലും വെറുമൊരു അഭിപ്രായപ്രകടനം മാത്രമായാലും ശരി, രേഖപ്പെടുത്താന്‍ ഒരു സ്ഥലം. അതില്‍ തര്‍ക്കമില്ല. പക്ഷേ നിങ്ങള്‍ക്കു പറയാനുള്ളത് മറ്റുള്ളവരില്‍ എത്തേണ്ടെ? ഇല്ലെങ്കില്‍ എന്തു പ്രയോജനം? എങ്ങിനെ ഫലപ്രദമായി ഇതു സാധ്യമാക്കാം എന്നിടത്താണ് ഒരു നല്ല ബ്ലോഗ് ഡിസൈനിന്റെ പ്രസക്തി. വിജയകരമായ പല ബ്ലോഗുകള്‍ക്കും എന്തോന്ന് ഡിസൈന്‍? അവര്‍ക്ക് വായനക്കാരില്ലേ? എന്നു നിങ്ങള്‍ ചോദിച്ചേക്കാം ശരിയാണ്, തര്‍ക്കമില്ല, , നിരന്തരമായ ബ്ലോഗിങ്ങിലൂടെയും കാമ്പുള്ള പോസ്റ്റുകളിലൂടെയും ലഭിച്ച പ്രതികരണമാണത്. പക്ഷെ ഞാന്‍ പറഞ്ഞുവരുന്നത്, ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന എണ്ണമറ്റ ബ്ലോഗുകളുടെ മലവെള്ളപ്പാച്ചലില്‍ നിങ്ങളുടെ ബ്ലോഗ് അവഗണിക്കപ്പെട്ടു പോവാതിരിക്കാന്‍ ഉപയോഗപ്പെട്ടേക്കാവുന്ന ചില ടിപ്പുകള്‍ മാത്രമാണ്, പലപ്പോഴും നാം അവഗണിക്കുന്നതെങ്കിലും പ്രയോജനകരമായ ചില കാര്യങ്ങള്‍.

ആദ്യമേ പറയട്ടെ, ഇവിടെ സൂചിപ്പിക്കുന്ന പല കാര്യങ്ങളുടെയും പ്രസക്തി, പലപ്പോഴും ആപേക്ഷികമായിരിക്കുമെന്ന്. ഉദാഹരണത്തിന്, ബ്ലോഗില്‍ പരസ്യങ്ങള്‍ കൊടുക്കുന്നതു വഴി സാമ്പത്തിക നേട്ടമുണ്ടാവുമെന്നത് ഒരു വസ്തുത, അതേ സമയം അത്തരം പരസ്യങ്ങള്‍ സുഗമമായ വായനയെ തടസ്സപ്പെടുത്തുന്നുവെന്നത് മറ്റൊരു പ്രശ്നമാണ്. എന്താണ് നിങ്ങളുടെ മുന്‍ഗണനയെന്നതിനെ ആശ്രയിച്ചിരിക്കും ബ്ലോഗിന്റെ രൂപഘടന തരപ്പെടുത്തേണ്ടത്. ഇതെന്റെ ബ്ലോഗാണ്, എനിക്കു തോന്നിയത് എഴുതാനുള്ള സ്ഥലം മിക്ക ബ്ലോഗര്‍മാരും വിശ്വസിക്കുന്നു. നിങ്ങള്‍ക്ക് പറയാനുള്ള കാര്യത്തില്‍ വളരെ ശരിയായ ചിന്ത. പക്ഷേ, എനിക്ക് ചെറിയ അക്ഷരങ്ങളില്‍ (fonts)എഴുതുന്നതാണിഷ്ടം, എന്റെ ബ്ലോഗാണ് സൌകര്യമുണ്ടെങ്കില്‍ വായിച്ചാല്‍ മതി എന്നു പറയുന്നതിലെ വിഡ്ഡിത്തം ഞാന്‍ വിശദീകരിക്കണോ? അതേ സമയം, നിങ്ങളുടെ സന്ദര്‍ശകന്‍ എന്തു ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അത് സാധ്യമാകുന്ന തരത്തില്‍ ബ്ലോഗ് ഡിസൈന്‍ രൂപപ്പെടുത്തേണ്ടത് നിങ്ങളുടെ കടമയാണ്. ഉദാഹരണത്തിന് നിങ്ങളുടെ പഴയ പോസ്റ്റുകള്‍ അവര്‍ വായിക്കണം എന്നു നിങ്ങള്‍ക്കാഗ്രഹമുണ്ടെങ്കില്‍, archive ലേക്കുള്ള ലിങ്കുകള്‍ തലക്കെട്ടോടു കൂടിയോ, ലേബലുകള്‍ കൊടുത്തോ എളുപ്പം കണ്ടെത്താവുന്ന തരത്തില്‍ ചേര്‍ക്കുന്നത് ഉപകാരപ്പെട്ടേക്കാം.

ഇനി രണ്ടാമത്തെ കാര്യം , നിങ്ങളുടെ ബ്ലോഗിലെത്തിയ സന്ദര്‍ശകന്‍ എന്താണ് പ്രതീക്ഷിക്കുന്നത്? നിങ്ങളുടെ പേജിലെത്തപ്പെട്ട വായനക്കാരന്‍ ആദ്യമായി തിരയുന്നത് ഈ ബ്ലോഗ് എന്താണെന്നും, എന്തിനെക്കുറിച്ചാണിവിടെ പറഞ്ഞിരിക്കുന്നതെന്നും ആയിരിക്കാനാണ് സാധ്യത.(ഫോട്ടോ പോസ്റ്റുകളും, കമന്റുഭരണിയും, കവിതയും ഒരേ ബ്ലോഗില്‍ കാണുകയാണെങ്കിലുള്ള കണ്‍ഫ്യൂഷന്‍ ആലോചിച്ചു നോക്കൂ)

ആകര്‍ഷകമായ തലക്കെട്ടുകള്‍ നല്‍കുന്നത് വായനക്കാരനെ ആകര്‍ഷിക്കും, എന്നാല്‍ ബ്ലോഗിലെത്തിച്ചേര്‍ന്ന വായനക്കാരന് പോസ്റ്റ് എന്തിനെക്കുറിച്ചാണെന്ന് ഒരു പിടിപാടുമില്ലെങ്കില്‍ അത് വിപരീതഗുണം ചെയ്യാനാണ് സാധ്യത. ലേബലുകള്‍ ഇതിനൊരു പരിഹാരമാകും. ലേബലുകളുടെ മഹത്വത്തെപറ്റി വിശദമായി ഇവിടെ. (ലിങ്കു ചൂണ്ടിക്കാണിച്ചതിന് ഇഞ്ചിപ്പെണ്ണിനോട് കടപ്പാട്.) പോസ്റ്റ് ചെയ്ത ആളുടെ പേരും (കമ്യൂണിറ്റി ബ്ലോഗുകളില്‍ പ്രത്യേകിച്ചും) ചെയ്ത ദിവസവും പോസ്റ്റിന്റെ പ്രസക്തി വ്യക്തമാക്കാന്‍ സഹായിക്കും. പോസ്റ്റുകള്‍ക്ക് തലക്കെട്ടുകള്‍ കൊടുക്കുക, കഴിവതും ശ്രദ്ധയില്‍ പെടുന്ന തരത്തില്‍. പോസ്റ്റുകള്‍ നന്നായി ഫോര്‍മാറ്റു ചെയ്ത് അടുക്കും ചിട്ടയോടും കൂടെ അവതരിപ്പിക്കുന്നത് വായനാ സുഖത്തിന് സഹായിക്കുന്നു. ഒരു ലോജിക്കല്‍ ഓര്‍ഡറില്‍ കൊടുക്കുക. തലക്കെട്ട്, പോസ്റ്റ്, കമന്റ് എന്നീ ക്രമമാണ് കൂടുതല്‍ ഫലപ്രദം. ഈ ബ്ലോഗ് നോക്കൂ, ബോബനും മോളിയെയും കൂറിച്ചുള്ള ഒരു പോസ്റ്റ് കണ്ട് പോയതാണ്. തിരിച്ചു പോകാന്‍ ഒരുങ്ങിയതാണ്, എന്തോ താഴെ നോക്കാന്‍ തോന്നി അല്ലെങ്കില്‍ നല്ല ഒരു പോസ്റ്റ് വായിക്കാതെ പോയേനെ. ഇനി, പ്രസ്തുത പോസ്റ്റില്‍ നിന്ന് നിങ്ങളുടെ മറ്റൊരു പോസ്റ്റ് തിരയുന്നതിന് എത്രമാത്രം എളുപ്പമാണെന്നതുകൂടി മറക്കരുത്. അവസാനമായി കമന്റ് ഓപ് ഷന്‍, എത്ര ലളിതവും കണ്ടുപിടിക്കാന്‍ എളുപ്പവും സൌകര്യപ്രദവും അത്രയും നന്ന്. (ഉദാ: വേര്‍ഡ് വെരിഫിക്കേഷന്‍ ചേര്‍ക്കുന്നതിന് പലര്‍ക്കും പല കാരണങ്ങളുണ്ടാവാം പക്ഷേ അതു കണ്ട് കമന്റാതെ പോകുന്നവര്‍ വളരെയേറേയെന്നതും ഓര്‍ക്കുക)

അടുത്തത്. കാക്കത്തൊള്ളായിരം ബ്ലോഗുകളില്‍ നിന്ന് നിങ്ങളുടെ ബ്ലോഗ് എങ്ങിനെ ഓര്‍ത്തിരിക്കും? അനോണി ആന്റണിയെ പ്പോലെ അപൂര്‍വവും തനിമയാര്‍ന്നതുമായ പോസ്റ്റുകള്‍ ഇറക്കുന്നവര്‍ക്ക് പേടിക്കേണ്ട. നിങ്ങളുടെ രചനകള്‍ തന്നെ ധാരാളം. ആ കടും പച്ചനിറത്തേക്കാള്‍ ഞാന്‍ ഓര്‍ത്തു വെക്കുന്നത് അദ്ദേഹത്തിന്റെ രചനകള്‍ തന്നെ. പക്ഷെ, അനോണി ആന്റണിമാര്‍ വിരളമായ സ്ഥിതിക്ക് ബ്ലോഗുകള്‍ ഓര്‍ത്തിരിക്കാന്‍ വെറും പോസ്റ്റുകള്‍‍ മാത്രം മതിയാവില്ല. വെളുത്ത നിറത്തിലുള്ള ബാക്ഗ്രൌണ്ടും, ഫോട്ടോഷോപ്പില്‍ മിനുക്കിയ തലക്കെട്ടും എല്ലാവര്‍ക്കുമുണ്ട്. അതു മാത്രം കൊണ്ട് കാര്യം സാധിക്കുമോ?

ബ്ലോഗിന്റെ മൊത്തം ലേ ഔട്ടുമായി ചേര്‍ന്നു നില്‍ക്കുന്ന ഒരു നല്ല ഒരു തലക്കെട്ടു ചിത്രം പലപ്പോഴും ബ്ലോഗുകള്‍ ഓര്‍മിച്ചു വെക്കാന്‍ സഹായിക്കുന്നു. സെബിന്റെ ഓപണ്‍ ഹൌസ് എന്ന ബ്ലോഗിലെ തലക്കെട്ടു ചിത്രം നല്ല ഉദാഹരണം. വെറുതെ നെയിം സ്ലിപ്പുകള്‍ ഒട്ടിക്കുന്ന ലാഘവത്തോടെ പടങ്ങള്‍ ചേര്‍ത്തതു കൊണ്ടായില്ല എന്നു സാരം.

പോസ്റ്റുകളോടൊപ്പം അനുയോജ്യകരമായ ചിത്രങ്ങള്‍ ചേര്‍ക്കുന്നതും വായനയെ പ്രേരിപ്പിക്കും. പക്ഷെ, അവ എവിടെ പ്ലേസു ചെയ്യുന്നു, നിങ്ങളുടെ മൊത്തത്തിലുള്ള ബ്ലോഗിനെ എങ്ങനെ ബാധിക്കുന്നു എന്നറിഞ്ഞു ചെയ്യുക. നല്ല ഉദാഹരണം ഇവിടെ.

നിറങ്ങളുടെ ഉപയോഗം. മക് ഡോണല്‍ സിനെ എതിര്‍ക്കുന്നവരും ഇഷ്ടപ്പെടുന്നവരും ഒരുപോലെ ഓര്‍ത്തിരിക്കുന്ന ഒരു കാര്യം അതിന്റെ നിറം തന്നെയായിരിക്കും. ഒരു നല്ല കളര്‍കോമ്പിനേഷന്‍ വളരെ നല്ല ഒരു ഡിസൈന്‍ ഘടകമായി പ്രവര്‍ത്തിക്കുന്നു.

പ്രോഫൈല്‍ ചിത്രം. പല ബ്ലോഗുകളും ഞാന്‍ ഓര്‍ത്തു വെക്കുന്നത് പ്രോഫൈല്‍ ചിത്രങ്ങള്‍ ഓര്‍മിച്ചാണ്. മിക്കതും കാര്‍ട്ടൂണീസ്റ്റ് വരച്ചുകൊടുത്ത കാര്‍ട്ടൂണ്‍ പ്രൊഫൈല്‍ ഇമേജുകളിലൂടെയും. ഇതൊന്നുമല്ലാതെ നിങ്ങളെഴുതുന്ന വിഡ്ഡിത്തമാണ് ഒരാള്‍ കൂടുതല്‍ ഓര്‍ത്തു വെക്കാന്‍ സാധ്യതയെങ്കില്‍ ഡിസൈന്‍ കൊണ്ടൊന്നും ഒരു കാര്യവുമില്ല എന്നതും മറക്കേണ്ട. :) അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് റിട്ടേണ്‍ വിസിറ്റുകള്‍ കിട്ടാന്‍ നിങ്ങളുടെ ഡിസൈന്‍ സഹായിക്കുമെന്നത് നിസ്സംശയം.

ബ്ലോഗ് ഡിസൈനുകളെക്കുറിച്ച് കുറച്ചുകൂടെ പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. നിങ്ങളുടെ ബ്ലോഗ് സന്ദര്‍ശിക്കുന്ന ഒരാള്‍ നിങ്ങളെഴുതിയതെല്ലാം കാണണമെന്നും വായിക്കണമെന്നുമില്ല. അതിനാല്‍ പ്രാധാന്യമുള്ള കാര്യങ്ങള്‍ക്ക് മുന്‍ ഗണനാ ക്രമത്തില്‍ ഊന്നല്‍ നല്‍കുക. എന്നാല്‍ വളരെ ശ്രദ്ധിച്ചു ചെയ്യേണ്ട ഒന്നാണിത്. ഓര്‍ക്കുക ഒന്നിന് മുന്‍ ഗണന നല്‍കുമ്പോള്‍ മറ്റൊന്നിന് കുറക്കേണ്ടി വരുമെന്നത് മറക്കരുത്. എല്ലാത്തിനും തുല്യപ്രാധാന്യം നല്‍കാന്‍ ശ്രമിക്കുമ്പോള്‍ പേജ് മുഴുവന്‍ നിറയപ്പെടുകയും നമ്മുടെ ശ്രദ്ധ ഒന്നിലും നില്‍കാതെ പോവുകയും ചെയ്യുന്നു. മഴത്തുള്ളിക്കിലുക്കം എന്ന ബ്ലോഗ് ശ്രദ്ധിക്കുക. ഞാന്‍ പറഞ്ഞു വരുന്നതെന്തെന്ന് മനസ്സിലാകും. ഒന്നോ രണ്ടോ പ്രധാന ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സന്ദര്‍ശകന്റെ ശ്രദ്ധപിടിച്ചുപറ്റാന്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ മതി.

ഏറ്റവും പ്രധാനം Positioning.നമ്മുടെ ശ്രദ്ധ ആദ്യം പതിയുന്നത് സ്ക്രീനിന്റെ മുകള്‍ ഭാഗത്തെ പകുതിയിലാണ്. ഏറ്റവും പ്രധാന ഘടകം അവിടെ പ്രതിഷ്ടിച്ചാല്‍ ഒരിക്കലും ശ്രദ്ധിക്കപ്പെടാതെ പോവുകയില്ല.

രണ്ടാമതായി നിറം. ബാക് ഗ്രൌണ്ടുമായി contrast ചെയ്യുന്ന ഏതു കളറും എടുത്തു നില്‍കുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു.

Inconsistency അഥവാ വായനക്കാരന്‍ പ്രതീക്ഷിച്ചിരിക്കാതെ പൊടുന്നനെ താളത്തിലും ചിട്ടയിലും മാറ്റം വരുത്തിയും കാര്യങ്ങളെ എടുത്തു കാണിക്കാം. (നാം നോട്ടുബുക്കുകളില്‍ ഹൈലറ്റര്‍ ഉപയോഗിക്കുന്നതു പോലെ).

whitespace ന്റെ ഉപയോഗം. വളരെയേറെ പ്രാധാന്യമുള്ള ഒരു പോയിന്റാണിത്. whitespace എന്നാല്‍ കാലി സ്ഥലം എന്നര്‍ത്ഥം. കുത്തി നിറച്ച് , ശ്വാസം മുട്ട് തോന്നിക്കും തരത്തില്‍ എഴുതാതെ, സുഖകരമായ വായനക്കുതകും വിധം ആവശ്യത്തിന് സ്ഥലം ഒഴിച്ചിട്ട് കൊണ്ട് എഴുതുന്നതിന്റെ പ്രാധാന്യം ഞാന്‍ പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാം. ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ടെമ്പ്ലേറ്റും ഇത്തരത്തിലുള്ളതാവാനും കാരണം മറ്റൊന്നുമല്ല. മന:പൂര്‍വം സൃഷ്ടിക്കുന്ന whitespace ലൂടെ ഒരു പ്രത്യേക ഘടകത്തിന് ഊന്നല്‍ നല്‍കാനാവും എന്നുകൂടെ പറഞ്ഞു കൊള്ളട്ടേ.

ഒരു നല്ല ബ്ലോഗ് എന്നാല്‍ കാണാന്‍ നല്ലതായാല്‍ മാത്രം പോരാ, മുകളില്‍ സൂചിപ്പിച്ചതു പോലെ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കൈവരിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. നിങ്ങളുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനമാകണം നിങ്ങളുടെ പോസ്റ്റുകള്‍ പോലെ ബ്ലോഗിന്റെ രുപഭംഗിയും.ഇനി ഇതൊന്നുമില്ലാതെ തന്നെ നിങ്ങള്‍ക്ക് വായനക്കാര്‍ ഉണ്ടെങ്കില്‍ എനിക്കു സന്തോഷം. ഇല്ലെങ്കില്‍ ഇവ പരീക്ഷിച്ചു നോക്കൂ. വെരി ഹാപ്പി ബ്ലോഗിങ്ങ്!!


ചിത്രം കടപ്പാട്: Todd Marrone

ഉപകാരപ്രദമായ മറ്റൊരു ലേഖനം ഇവിടെ

28 comments:

പേര്.. പേരക്ക!! said...

എങ്ങനെ നിങ്ങളുടെ ബ്ലോഗുകള്‍ കൂടുതല്‍ ആകര്‍ഷകവും ഫലപ്രദവുമാക്കാം എന്നതിനെക്കുറിച്ച് ചില കുറിപ്പുകള്‍

ക്രിസ്‌വിന്‍ said...

നന്ദി

കുഞ്ഞന്‍ said...

പേരക്ക മാഷെ..

ഹെഡ്ഡിങ്ങ് പോലെ ഞാനും ഇതു വായിക്കുന്ന ഏതൊരു ബൂലോക വാസിയും വെരി വെരി ഹാപ്പിയാകുമെന്നതില്‍ നിശ്ശേഷം തര്‍ക്കമില്ലാത്തക്കര്യമാണ്...അഭിനന്ദനങ്ങള്‍..!

ഈ പോസ്റ്റും സഹയാത്രികന്റെ ഹാപ്പി ബ്ലോഗും കൂടി വായിച്ചാല്‍ ബ്ലോഗിങ്ങിനെ പറ്റിയുള്ള അവബോധം ഒന്നുകൂടി സൃഷ്ടിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുന്നു.. നന്ദി..!

സഹയാത്രികന്‍ said...

പേരക്കേ നല്ല ലേഖനം. ആശംസകള്‍.
:)
ഈ പോസ്റ്റിന്റെ ലിങ്ക് ഞാന്‍ എന്റെ പോസ്റ്റിലേയ്ക്ക് എടുക്കുന്നു.
:)

പ്രയാസി said...

അപ്പ യെന്തെങ്കിലും കഴിവൊണ്ടെങ്കിലെ രക്ഷയുള്ളൂന്ന് അര്‍ത്ഥം..:(

പേരക്കെ.. എന്തായാലും നന്നായി..ഇനിയും നന്നാവണം.. നന്നാവും..:)
"വെരി ഹാപ്പി ബ്ലോഗിങ്ങ്!!"

മൂര്‍ത്തി said...

നന്ദി...

Sebin Abraham Jacob said...

പേരക്കായ്ക്ക്,

എന്റെ ബ്ലോഗിലെ മാസ്റ്റ്ഹെഡ് ചിത്രം ഞാന്‍ തന്നെ എടുത്തതാണ്. ഇത് ബ്ലോഗിന്റെ പേരിന് യോജിക്കുന്നതല്ലെന്നും കോണ്‍ട്രാസ്റ്റിംഗ് ഇമേജറി പാടില്ലെന്നും ചിത്രം മാറ്റണമെന്നും ചില കൂട്ടുകാര്‍ അഭിപ്രായപ്പെട്ടിരുന്നു.


എന്നാല്‍ 'ഓപ്പണ്‍ഹൗസ് || ഇളംതിണ്ണ' എന്ന പേരുകൊണ്ട് ഞാന്‍ convey ചെയ്യാന്‍ ശ്രമിക്കുന്നത് കേവലം വാഗ്വാര്‍ത്ഥമല്ലെന്നും മറ്റൊന്നാണെന്നും അതിന് വിശാലമായ കടലിടുക്കില്‍ വെളുപ്പാന്‍കാലത്ത് മണല്‍വാരുന്ന തൊഴിലാളികളുടെ ചിത്രം നല്ലതാണെന്നും ഞാന്‍ കരുതി. തന്നെയുമല്ല, ബ്ലോഗ് ടെംപ്ലേറ്റിന്റെ കളര്‍ പാറ്റേണുമായി ഇത് ചേര്‍ന്നുനില്‍ക്കുന്നതായും എനിക്ക് ബോധ്യമുണ്ടായിരുന്നു.


പക്ഷെ എന്റെ ഈ ചിത്രംമൂലം മറ്റൊരു പ്രശ്നം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഡയല്‍ അപ്പ് കണക്ഷന്‍ മാത്രമുള്ളിടങ്ങളില്‍ പേജ് ലോഡാകാന്‍ സമയമെടുക്കും. ചിലപ്പോള്‍ ലോഡ് ആയില്ലെന്നും വരും. ചിത്രത്തിന്റെ ഫയല്‍ സൈസ് പരമാവധി കുറച്ചുതന്നെയാണ് ഞാന്‍ ചേര്‍ത്തിരിക്കുന്നത്. എങ്കിലും ഈ പ്രശ്നം നിലനില്‍ക്കുന്നു.

പിന്നെ നല്ല റീഡര്‍ഷിപ്പും സ്ഥിരമായി പോസ്റ്റുകളുമുള്ള ഒരു ബ്ലോഗിനെ സംബന്ധിച്ചിടത്തോളം ഏറ്റവും സിമ്പിളായ ഡിസൈനാകും നന്ന്. ജോസഫ് ആന്‍റണിയുടെ സയന്‍സ് ബ്ലോഗ് കുറിഞ്ഞി ഓണ്‍ലൈന്‍ ഉദാഹരണം. ഇവിടെ വെള്ള പ്രതലത്തില്‍ കറുത്ത അക്ഷരങ്ങളിലാണ് എഴുത്ത്. ഓരോ പോസ്റ്റിനുമൊപ്പം ചിത്രങ്ങളും നല്‍കുന്നു. മാസ്റ്റ്ഹെഡിലാവട്ടെ, യാതൊരു കനവുമില്ലാത്ത സാധാരണ ഫോണ്ടിലെഴുതിയ തലക്കെട്ട് മാത്രവും.

മന്‍സുര്‍ said...

പേരക്കാ...

നല്ല ശ്രമം.....തുടരുക....

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

അങ്കിള്‍ said...

:)

പാച്ചു said...

ഇങ്ങനെയൊക്കെ ചെയ്യണമെന്നാഗ്രഹവും ഡിസൈനുമുണ്ട്, ബട്ടെ എങ്ങനെ പ്രാവര്‍ത്തികമാക്കണമെന്നറിയില്ല, ആ വിവരങ്ങള്‍ എവിടെ കിട്ടും, എനി ലിങ്ക് സ് ? :)

ബാജി ഓടംവേലി said...

നല്ല ശ്രമം
അഭിനന്ദനങ്ങള്‍

സിമി said...

എങ്ങനെ സ്വന്തമായിട്ട് ഒരു ടെമ്പ്ലേറ്റ് ഉണ്ടാക്കും എന്ന് ഇപ്പൊഴും ഒരു പിടിയുമില്ല :( എവിടെനിന്നെങ്കിലും ടെമ്പ്ലേറ്റുകള്‍ അടിച്ചുമാറ്റി ബ്ലോഗിലിടാനേ പറ്റുന്നുള്ളൂ.

സിമി said...

എങ്ങനെ സ്വന്തമായിട്ട് ഒരു ടെമ്പ്ലേറ്റ് ഉണ്ടാക്കും എന്ന് ഇപ്പൊഴും ഒരു പിടിയുമില്ല :( എവിടെനിന്നെങ്കിലും ടെമ്പ്ലേറ്റുകള്‍ അടിച്ചുമാറ്റി ബ്ലോഗിലിടാനേ പറ്റുന്നുള്ളൂ.

വാല്‍മീകി said...

വളരെ നല്ല ലേഖനം പേരയ്ക്കേ. പുതിയവര്‍ക്കു മാത്രമല്ല പഴയ ബ്ലോഗ്ഗര്‍മാ‌ര്‍ക്കും തികച്ചും പ്രയോജനപ്രഥം.

പേര്.. പേരക്ക!! said...

പാച്ചൂ,സിമി, സുജിത് ഭക്തന്‍ എന്ന ബ്ലോഗര്‍ ബ്ലോഗര്‍ ടെംപ്ലേറ്റുകള്‍
എന്നൊരു പോസ്റ്റിട്ടിട്ടുണ്ട്. ഇവിടെയും ചില ടിപ്പുകള്‍ കിട്ടും. ഇവിടെയും
ഇതുംവളരെ ഉപകാരപ്രദമായേക്കാം

സെബിന്‍,താങ്കളുടെ ബ്ലോഗ് ഓര്‍മയില്‍ നില്‍കാന്‍ കാരണം ആ ചിത്രം തന്നെ. വേറിട്ടുനില്‍ക്കുന്നു എന്നു മാത്രമല്ല താങ്കള്‍ പറഞ്ഞതു പോലെ കളര്‍ പാറ്റേണുമായി യോജിച്ചു പോകുന്നു എന്നതിനാല്‍ കൂടിയാണ് അത് ഞാന്‍ ഉദാഹരിച്ചത്. ചിത്രങ്ങള്‍ ഡൌണ്‍ലോഡു ചെയ്യാന്‍ സമയമെടുക്കുന്നു എന്നത് ഒരു പ്രശ്നം തന്നെയാണ്. ചിത്രങ്ങളില്ലാതെ മനോഹരമായി എങ്ങനെ പേജ് ചെയ്യാം എന്നതിന് ഈ പേജ് നോക്കൂ. ഇതിലും കേമമായ മറ്റൊരു പേജ് കൂടെയുണ്ട്. ലിങ്ക് ഓര്‍മയില്ല. വഴിയെ തപ്പിയെടുത്ത് തരാം.കുറിഞ്ഞി ഓണ്‍ലൈന്‍ പോലെ തന്നെ ക്ലാസിക് വൈറ്റ് ടെമ്പ്ലേറ്റ് മനോഹരമായി ഉപയോഗിച്ചിരിക്കുന്ന ഒരു ബ്ലോഗാണ് തുളസിയുടെത് .

ഭൂമിപുത്രി said...

പലറ്ക്കും വളരെ വളരെ ഉപകാരമാകും ഈ
വിവരങ്ങള്‍-എനിക്കും.
‘ലേബല്‍’‍ ഒക്കെ പലതിലും കണ്ടിട്ടുന്ണ്ടെങ്കിലും എങിനെയാണവ പതിക്കുക എന്നിപ്പോഴും അറിയില്ല.
ഒരോന്നായി നോക്കി പഠിക്കാം.

സുജിത്‌ ഭക്തന്‍ said...

താങ്കളെപോലെയുള്ള കുറച്ചു ബ്ലോഗേഴ്സിനെ സഹായിക്കണമെന്ന ഒരു വലിയ ഉദ്ധേശ്യത്തോടു കൂടി ഞാന്‍ ഒരു ചെറിയ ബ്ലോഗ് നടത്തുന്നുണ്ട്. അത് പലര്‍ക്കും സഹായകമാകുന്നുണ്ടെന്നാണ്‌ എനിക്കു തോന്നുന്നത്. എന്തായാലും ഇവിടെ കൂടെ ഒന്നു നോക്കുക. എന്തെങ്കിലുമൊക്കെ കിട്ടുമായിരിക്കും.
http://malayalamblogroll.wordpress.com

ആഗ്നേയ said...

നന്നായിരിക്കുന്നു..എന്നെപ്പോലത്തെ പുതുമുഖങ്ങള്‍ക്കു വളരെ ഉപയോകപ്രദം......
thanks a lot

കൊച്ചുത്രേസ്യ said...

പേരയ്ക്കേ നല്ല ഉദ്യമം..ഇതെല്ലാം ഒന്നു വായിച്ചു പഠിച്ചിട്ടു വേണം എന്റെ ബ്ലോഗ്‌ ഒരു പൂങ്കാവനമാക്കാന്‍..

പേര്.. പേരക്ക!! said...

സെബിന്‍, ഇതു നോക്കൂ, ഇമേജുകളൊ കളറോ ഒന്നും തന്നെ ഇല്ലാതെ നിര്‍മിച്ച മനോഹരമായ ഒരു പേജ്. ഇതിലും ലളിതവും ഫലപ്രദവുമായി ഒരു പേജ് ചെയ്യാമെന്ന് എനിക്കു തോന്നുന്നില്ല.

Sebin Abraham Jacob said...

പേരയ്ക്ക,

കളേഴ്സ് ഓഫ് സൈലന്‍സ് എന്നതിന്‍റെ ബ്രിട്ടീഷ് സ്പെല്ലിംഗില്‍ ബ്ലോഗ്സ്പോട്ടില്‍ ബ്ലോഗില്ലെന്നാണ് തോന്നുന്നത്. യു.എസ് സ്പെല്ലിംഗിലുള്ളതാകട്ടെ, റികോ എന്നയാളുടേതാണ്, തുളസിയുടേതല്ല.

അവസാനം തന്ന ലിങ്ക് കണ്ടു. പേരയ്ക്കയുടേത് പോലെ ഗോള്‍ഡന്‍ റേഷ്യോ {(a+b):a :: a:b} അനുസരിച്ച് വിഭജിച്ച പേജാണല്ലോ അതും. മനോഹരമായിരിക്കുന്നു. ഡിസൈന്‍ മാത്രമല്ല, ആ ബ്ലോഗും.

വാസ്തവത്തില്‍ ഈയൊരു ലേഔട്ടിന് ഇന്ററാക്ടിവിറ്റി കൂട്ടാനാവുമെന്ന് തോന്നുന്നു. കാരണം, വായനയ്ക്ക് കണ്ണുകളെ സ്ക്രീനിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റം വരെ ഓടിക്കേണ്ടിവരുന്നില്ലല്ലോ. കണ്ണ് ഒരിടത്തുറപ്പിച്ചുതന്നെ വായിക്കാനാവും. പത്രങ്ങളുടെ ൮ കോളം ലേഔട്ടും വീക്കിലികളുടെ ൩ കോളം ലേഔട്ടും പോലെ​ ഒരു ക്ലാസിക് ലേഔട്ട്.

പേര്.. പേരക്ക!! said...

ക്ഷമിക്കണം സെബിന്‍, തുളസിയുടെ ബ്ലോഗ് ഇവിടെ തിരുത്തിയതിന് നന്ദി. അഭിപ്രായമറിയിച്ചവര്‍ക്കും നന്ദി.

tk sujith said...

നല്ല ലേഖനം.ഉചിതം.ഉപകാരപ്രദം.നന്ദി പേര്‍ പേരക്ക....

Inji Pennu said...

പേരക്കേ (നല്ല പേര്) :)
വളരെ നല്ല ലേഖനങ്ങള്‍. ഡിസൈനിക്കുറിച്ചും മറ്റും.

ലേബലുകളെക്കുറിച്ചുള്ള ലേഖനം ഇതായിരുന്നുവോ വായിച്ചത്?

>>ഫോട്ടോ പോസ്റ്റുകളും, കമന്റുഭരണിയും, >>കവിതയും ഒരേ ബ്ലോഗില്‍ കാണുകയാണെങ്കിലുള്ള >>കണ്‍ഫ്യൂഷന്‍ ആലോചിച്ചു നോക്കൂ

ഒരു ബ്ലോഗില്‍ തന്നെ ലേബലുകള്‍ ഇടുന്നെങ്കില്‍ ഇങ്ങിനെ ഒരു മിക്സ് ബ്ലോഗ് ആയാല്‍ കുഴപ്പമില്ലായെന്ന വാദക്കാരിയാണ് ഞാന്‍. മിക്ക എഴുത്തുകാരും കഥയും കവിതയും ലേഖനങ്ങളും ചിത്രങ്ങളും എല്ലാം ചെയ്യാറുണ്ട്...അല്ലെങ്കില്‍ തുളസിയുടെ പോലെയോ വിഷ്ണുമാഷിന്റെ പോലെയോ ഫോട്ടോ/കവിത ഇങ്ങിനെ 95% ആ തരത്തിലുള്ള പോസ്റ്റുകള്‍ ആയിരിക്കണം. അല്ലെങ്കില്‍ ഒരുപാട് ബ്ലോഗ്ഗ് ഒരു പ്രൊഫൈലില്‍ ഉണ്ടാവുന്നത് കൂടുതല്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിവെക്കുന്നതുപോലെ തോന്നിയിട്ടുണ്ട്.

വായിക്കാന്‍ സുഖമുള്ളത് കമ്പ്യൂട്ടര്‍ സ്ക്രീനിലെ നിറങ്ങളെക്കുറിച്ചും ഫോണ്ട് സൈസുകളെക്കുറിച്ചും കൂടി പരാമര്‍ശിക്കാമായിരുന്നൂവെന്ന് തോന്നുന്നു. അങ്ങിനെയെങ്കില്‍ നന്നായേനെ.

പേര്.. പേരക്ക!! said...

ഇഞ്ചിപ്പെണ്ണ്, ലേബല്‍ ലിങ്കിനു നന്ദി.
മിക്സ് ബ്ലോഗിനെക്കുറിച്ച്,
കോളേജുകളില്‍ ശ്രദ്ധിച്ചിട്ടില്ലേ, ചിലര്‍ എല്ലാ വിഷയങ്ങള്‍ക്കും ഒരു ബുക്കു തന്നെ ഉപയോഗിക്കും, മറ്റു ചിലര്‍, ഓരോ വിഷയത്തിനും വെവ്വേറെ ബുക്കുകള്‍ ഉപയോഗിക്കുന്നു എന്നതുപോലെ തികച്ചും വ്യക്തിപരമായ ഒരു preference ആയി കണ്ടാല്‍ മതി. വെവ്വേറെ വിഷയങ്ങള്‍ക്ക് വെവ്വേറെ ബ്ലോഗുകള്‍ ഉപയോഗിക്കുന്നതു കൊണ്ട് ഓരോ വിഷയത്തിനും അനുയോജ്യമായ ഒരു സമീപനം (രചനാ രീതിയിലും, ലേ ഔട്ടിലും)സ്വീകരിക്കാന്‍ സഹായകമാവും എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. സിമി എന്ന ബ്ലോഗര്‍ രണ്ടു പേരുകളില്‍ രണ്ടു ബ്ലോഗുകള്‍ നടത്തുന്നു. കഥകള്‍ക്കും, മറ്റൊന്ന് നിരൂപണത്തിനും. മറ്റുചിലര്‍ ഒരു ബ്ലോഗില്‍ വളരെ ഗൌരവമായും മറ്റൊന്നില്‍ നര്‍മരൂപത്തിലും ബ്ലോഗുന്നു. ബ്ലോഗറെക്കാള്‍ പ്രാധാന്യം ബ്ലോഗുകള്‍ക്കും പോസ്റ്റുകള്‍ക്കുമാണെന്നു വിശ്വസിക്കുന്നതിനാലാണ് വിഷയാധിഷ്ടിധമായ ബ്ലോഗുകളുടെ പ്രസക്തി ഞാന്‍ എടുത്തു പറഞ്ഞത്.

ഈ വിഷയത്തിന്റെ ഒരു മുഖവുരമാത്രമേ ആകുന്നുള്ളൂ ഈ പോസ്റ്റ്. താങ്കള്‍ സൂചിപ്പിച്ചതടക്കം പല കാര്യങ്ങളെക്കുറിച്ചും വിശദമായി വഴിയെ എഴുതാം.

ആഷ | Asha said...

പേരക്കേ,
ലേഖനം നന്നായി.
പിന്നെ മറ്റൊരു കാര്യം ഓര്‍മ്മ വന്നത് ബോബനും മോളിയും ബ്ലോഗില്‍ പേരക്കയ്ക്കുണ്ടായ പോലെ അനുഭവം എനിക്ക് ഒന്നു രണ്ടു പ്രാവശ്യം പേരക്കയുടെ എട്ടും പൊട്ടും എന്ന ബ്ലോഗില്‍ ഉണ്ടായി പൂമുഖത്തെത്തി കഴിയുമ്പോ എങ്ങോട്ടു പോകണമെന്നൊരു ആശങ്ക. ഒന്നു രണ്ടു പ്രാവശ്യം കഴിഞ്ഞാണു മനസ്സിലായത് പോസ്റ്റുകള്‍ എന്നുള്ളതില്‍ ക്ലിക്കണമെന്ന്. ഒറ്റ നോട്ടത്തില്‍ അതു ലിങ്കാണെന്നു തോന്നുകയുമില്ല.

ഇതു എന്റെ മാത്രം അനുഭവമാണോയെന്നറിയില്ല. അതോ എന്റെ ബുദ്ധിയില്ലായ്മകൊണ്ടാണോയെന്നുമറിയില്ല.

പേര്.. പേരക്ക!! said...

ആശാജി, പറഞ്ഞത് ശരിയാരിക്കാം. ലിങ്കുകളില്‍ ക്ലിക്കുക എന്നെഴുതി വെച്ചിട്ടും ശരിയാകുന്നില്ലെങ്കില്‍ എന്തോ കുഴപ്പം കാണും. ശരിയാക്കാം. എനിക്കേറെയിഷ്ടമായ ഒരു ടെമ്പ്ലേറ്റായതിനാല്‍ മാറ്റാനും ചെറിയ മടി. അതിനാലാണ് തല്‍കാലം വികടത്തരങ്ങള്‍ ഇങ്ങോട്ട് മാറ്റിയത്. അഭിപ്രായത്തിന് നന്ദി.

usmaan dubai said...

നല്ലതിനെ നല്ലതെന്ന് പറയാനുള്ള മനസാണ് ആദ്യം വേണ്ടത് ! നന്ദി പേരക്കാ !
പേരക്കെ നെറ്റിലെ വവ്വാലുകളെ സൂഷിക്കുക !