Sunday, December 13, 2009

നീലകണ്ഠനെന്ന ഹീറോയും അഹമ്മദ് ഹാജിയെന്ന വില്ലനും

നോവലും സിനിമയും രണ്ടു വ്യത്യസ്ഥ മാധ്യമങ്ങളാണ്. രണ്ടിനും അതിന്റേതായ സാധ്യതകളും പരിമിതികളും ഉണ്ട്. അതുകൊണ്ട് രണ്ടിനേയും താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. പക്ഷേ, മുന്നൂറു പേജുള്ള നോവലിനെ രണ്ടരമണിക്കൂര്‍ സിനിമയാക്കുമ്പോള്‍ നോവലിലെ ഏതൊക്കെ ഭാഗങ്ങള്‍ സ്വീകരിക്കുന്നു ഏതൊക്കെ ഉപേക്ഷിക്കുന്നു എന്നതു പ്രധാനമാണ്. മഹാഭാരതം കഥ രണ്ടരമണിക്കൂര്‍ സിനിമയാക്കുമ്പോള്‍ ജരാസന്ധനെപ്പോലുള്ള കഥാപാത്രത്തെ ഒഴിവാക്കുന്നത് മനസ്സിലാക്കാം പക്ഷേ കര്‍ണ്ണനെ ഒഴിവാക്കിയാലോ? അതാണ് പാലേരി മാണിക്യം സിനിമയാക്കിയപ്പോള്‍ രഞ്ജിത്തിനു പറ്റിയത്.

ദൃശ്യസാധ്യതയുള്ള പല രംഗങ്ങളും കഥാപാത്രങ്ങളും രഞ്ജിത് ഒഴിവാക്കി. നോവലില്‍
ദുരൂഹമായി അവതരിപ്പിച്ചിരിക്കുന്ന മുതുവന അഹമ്മദ് സിനിമയില്‍ വരുന്നുണ്ട് പകരം പെരിനാട് മണിമാഷ്, മാണിക്യത്തിന്റെ കാമുകന്‍ കുഞ്ഞാറ് നായര്‍ എന്നിവരെക്കുറിച്ച് ഒരു പരാമര്‍ശം വരെ സിനിമയില്‍ ഇല്ല. ഇന്‍സ്പെകര്‍ ലക്ഷ്മണ്‍ കാര്‍ത്തികേയനെക്കാണിക്കുന്നത് ആകെ ഒരു ഷോട്ടിലാണ്. ഒറ്റ ഡയലോഗും. യഥാര്‍ത്ഥത്തില്‍ കേസന്വേഷണം ഒരു വഴിത്തിരിവിലെത്തിക്കുന്നത് കാര്‍ത്തികേയനാണ്. അദ്ദേഹത്തിന്റെ ചാരനാണ് പെരിനാട് മണിമാഷ്. ഹാജിയുടെ മറ്റു ഭാര്യമാര്‍, കേശവന്റേയും ഹംസയുടെയും സ്വവര്‍ഗ്ഗാനുരാഗം, ഹംസയുടെയും ഹാജ്യാരുടെ ഒന്നാംഭാര്യ പാത്തുമ്മയുടേയും ഡിങ്കോള്‍ഫികള്‍, ദൃക്‌സാക്ഷിയായ ബസ് ഡ്രൈവര്‍ ഇതൊക്കെ വിട്ടുകളഞ്ഞു. അതേ സമയം പോലീസ് നായയെക്കുറിച്ച് തന്റെ അറിവ് വിളമ്പുന്ന കഥാപാത്രം പോലെ യാതൊരു പ്രാധാന്യവുമില്ലാത്തവരെ കാണിച്ച് സമയംകളയുന്നുമുണ്ട്. നോവലിലെ രാഷ്ട്റീയ പരാമര്‍ശങ്ങളും കുറെയൊക്കെ വിഴുങ്ങി. സൂപ്പര്‍ ഹിറ്റുകള്‍ പൊളിറ്റിക്കലി കറക്റ്റ് ആവണമല്ലോ. എസ്.കെ. പള്ളിപ്പുറത്തിന് കാര്‍ത്തികേയന്റെ റിപ്പോര്‍ട്ടിന്റെ കോപ്പി എങ്ങനെ കിട്ടുന്നു എന്ന് നോവല്‍ വായിക്കാതെ സിനിമകാണുന്ന ഒരാള്‍ വണ്ടറടിക്കാന്‍ സാധ്യതയുണ്ട്. ഒരു സുഹൃത്ത് കൊടുക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും സുഹൃത്ത് എന്തിന് ഒരു രഹസ്യ റിപ്പോര്‍ട്ടിന്റെ കോപ്പി ഒരു നാടകകൃത്തിനു കൊടുക്കണം? എന്തുകൊണ്ട് ആ ഭാഗം വിട്ടുകളഞ്ഞെന്നും അതിലെ രാഷ്ട്രീയം എന്തെന്നുമൊക്കെ രഞ്ജിത്തിന്റെ മറ്റു സിനിമകള്‍ കണ്ടിട്ടുള്ളവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. മംഗലശ്ശേരി നീലകണ്ഠനെന്ന സ്ത്രീലമ്പട കഥാപാത്രത്തെ ഹീറോ ആക്കി കൈയ്യടിച്ചവര്‍ തന്നെയാണ് മുരിക്കും കുന്നത്ത് അഹമ്മദ് ഹാജിയെന്ന ജന്മി സ്ത്രീകളോട് കാണിക്കുന്ന ക്രൂരത കണ്ട് രോഷാകുലരാകുന്നതെന്നതും കൌതുകകരമാണ്.

നോവലിന്റെ രസം മിത്തുകളും സത്യങ്ങളും ഒക്കെ കൂടിക്കുഴഞ്ഞുള്ള ഒരു കഥപറച്ചില്‍ ആണ്. ആ ഒരനുഭൂതി കൊണ്ടുവരാന്‍ രഞ്ജിത്തിന്റെ കഥപറച്ചിലിനു കഴിഞ്ഞില്ല.ഇത്രയും വലിയ ഒരു ക്യാന്‍വാസിലെഴുതിയ നോവല്‍ സിനിമയാക്കാന്‍ എളുപ്പമല്ലെന്നറിയാം. എന്നാലും ഹരിദാസ്, സരയു എന്നിവര്‍ക്ക് അമിത പ്രാധാന്യം നല്‍കിയതെന്തിനെന്നു മനസ്സിലാകുന്നില്ല. ഹരിദാസ് നായകനല്ല, കഥ പറച്ചിലുകാരനാണ്. (മമ്മൂട്ടിയുടെ ഇടപെടലാണോ ആവോ?) നായകനും നായികയും ഇല്ലാതെ സിനിമ വിജയിക്കില്ല എന്നു തന്നെയാണ് നമ്മുടെ സിനിമാക്കാര്‍ ധരിച്ചുവെച്ചിരിക്കുന്നത്. കേരളാകഫെയുടെ വിജയമെങ്കിലും അവരെ മാറ്റിചിന്തിപ്പിക്കാന്‍ പ്രേരിപ്പെച്ചെങ്കില്‍! ഭൂതകാലവും വര്‍ത്തമാനവും ഒക്കെ ഇടകലര്‍ത്തിയുള്ള കഥ പറച്ചിലിന്റെ സാധ്യതകള്‍ ആകെ ഒന്നോ രണ്ടോ ഷോട്ടുകളില്‍ മാത്രമേ സംവിധായകന്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളൂ. (ഉദാ: മാണിക്യത്തിന്റെ ജഡം കൊണ്ടുപോകുന്ന തോണിയും പൊക്കന്റെ കൂടെ കല്യാണം കഴിഞ്ഞ് വരുന്ന തോണിയും ഉള്ള ഷോട്ടിന്റെ നടുവില്‍ ഹരിദാസ് നിന്നു കഥപറയുന്ന ഷോട്ട്) സംവിധായകന്‍ ഹരിദാസിനെ ഹാജ്യാരുടെ ജാരസന്തതിയാക്കിയത് മനസ്സിലാക്കാം എന്നാല്‍ ക്ലൈമാക്സിനായ് ഖാലിദെന്ന കഥാപാത്രത്തില്‍ തന്റെ ഭാവനകള്‍ കുത്തിത്തിരുകി ഒരു ഹരിമുരളീരവം സ്റ്റൈല്‍ ഗസല്‍, നായകന്റെ ധാര്‍മ്മിക പ്രസംഗം ഇതൊക്കെ ചേര്‍ത്ത് ചുരുക്കത്തില്‍ മഹാബോറാക്കിയതെന്തിന്? നായക നായികാ സങ്കല്പം പോലെ എല്ലാ കഥകള്‍ക്കും നാടകീയമായ ഒരു ക്ലൈമാക്സ് വേണമെന്നായിരിക്കും. മാണിക്യത്തിന്റെ കൊലപാതകം, അതേക്കുറിച്ചുള്ള നാട്ടുകാരുടെ ഊഹാപോഹങ്ങള്‍, പലതരം ഭാഷ്യങ്ങള്‍ ഇവയൊക്കെ അവതരിപ്പിക്കുന്നതിനു പകരം യഥാര്‍ത്ഥത്തില്‍ സംഭവിച്ചിരിക്കാനിടയുള്ള കാര്യങ്ങള്‍ മാത്രം സ്വീകരിച്ച് മലയാളസിനിമാക്കാര്‍ക്ക് ആകെ അറിയവുന്ന ഒരു ലീനിയര്‍ സ്റ്റൈല്‍ കഥപറച്ചിലാക്കി മാറ്റി എന്നതാണ് ഞാന്‍ കണ്ട പ്രധാനദോഷം. ഓഫ് കോഴ്സ്, ഫ്ലാഷ് ബാക്ക് ടെക്നിക്കൊക്കെ രഞ്ജിതിനറിയാം കേട്ടോ.

കാസ്റ്റിങ്, ഹാജ്യാരായുള്ള മമ്മൂട്ടിയുടെ അഭിനയം, (ഡോണ്ട് വറി മൂന്നാമത്തെ റോള്‍ അതിനും മാത്രം ബോറാക്കിയിട്ടുണ്ട്) പല റോളുകളിലും നാടക നടന്മാരെ ഉപയോഗിക്കാനുള്ള തീരുമാനം, പൊക്കന്‍, നൊസ്സു മുസലിയാര്‍, കെ.പി. ഹംസ എന്നിവരുടെ അഭിനയം, ചീരുവിനെപ്പോലെ ചുരുക്കം ചില കഥാപാത്രങ്ങള്‍ ഒഴികെ മമ്മൂട്ടിയുടെ ഹാജി അടക്കമുള്ള മിക്കവരും ഉപയോഗിച്ചിരിക്കുന്ന വടകര ഭാഷ, ഇവയൊക്കെ നന്നായി. വസ്ത്രാലങ്കാരത്തില്‍ വന്ന പാളിച്ചകള്‍ ഒഴിച്ചാല്‍ അമ്പതുകളുടെ രംഗ സജ്ജീകരണവും നന്നായിട്ടുണ്ട്. 1950കളില്‍ പാലേരി പോലൊരു ഗ്രാമത്തില്‍ ഷര്‍ട്ടിട്ടു നടക്കുന്ന എത്ര പുരുഷന്മാര്‍ ഉണ്ടായിട്ടുണ്ടാവും ആവോ? ടി.പി. രാജീവന്‍ നോവല്‍ എഴുതാന്‍ ഏഴെട്ടു വര്‍ഷമെങ്കിലും റിസര്‍ച്ച് ചെയ്തിരുന്നു എന്നു കേട്ടു. വസ്ത്രാലങ്കാരം മേക്കപ്പ് എന്നിവയിലൊക്കെ ഏഴെട്ടു ദിവസത്തെ ഗവേഷണം എങ്കിലും രഞ്ജിത്തിനും കൂട്ടര്‍ക്കും നടത്താമായിരുന്നു.

ഹരിയുടെ ചിത്രവിശേഷത്തില്‍ ഒരു കമന്റായി എഴുതിയതാണ്. എഴുതി വന്നപ്പോള്‍ നീണ്ടുപോയതുകൊണ്ട് പോസ്റ്റാക്കുന്നു.

Friday, November 13, 2009

കണ്‍വഴികളും കാഴ്ചവട്ടങ്ങളും*

There are no rules for good photographs, there are only good photographs. ~Ansel Adams

ഇന്നും ഫോട്ടോഗ്രാഫിയെ ഒരു കലാരൂപമായി അംഗീകരിക്കാത്തവരുണ്ട്. മറ്റു കലാരൂപങ്ങളെ അപേക്ഷിച്ച് ഫോട്ടോഗ്രാഫി വ്യത്യസ്ഥമാകുവാന്‍ പ്രധാന കാരണം സാങ്കേതികതക്ക് ഫോട്ടോഗ്രാഫിയില്‍ നാം കല്പിക്കുന്ന അമിതപ്രാധാന്യം തന്നെ. ഇനി ഫോട്ടോഗ്രാഫിയെ ഒരു കലാരൂപമായി അംഗീകരിച്ചു എന്നുതന്നെ ഇരിക്കട്ടെ, എന്നാലും ഫോട്ടോഗ്രാഫിയെക്കുറിച്ചുള്ള നമ്മുടെ കാ‍ല്പനിക സങ്കല്പങ്ങള്‍ ഇന്നും മാറിയിട്ടില്ല എന്നു വേണം പറയാന്‍. ഒരു പക്ഷേ, ചിത്രകലയില്‍ നിലനിന്നിരുന്ന പോര്‍ട്രയറ്റ്/ലാന്‍ഡ്സ്കേപ് എന്ന റിയലിസ്റ്റിക് സങ്ക്ല്പത്തിനു ബദലായി വന്ന ഒരു സങ്കേതമായതു കൊണ്ടാവാം ഈ ഒരു സമീപനം. ഒരു ഫോട്ടോ എങ്ങിനെയൊയിരിക്കണം എന്നു ചില പൊതു ധാരണകളുണ്ട്. അങ്ങനെ പാലിക്കേണ്ടതായ ചിട്ടവട്ടങ്ങള്‍ക്കകത്ത് നിന്ന് (അഥവാ ചിട്ടവട്ടങ്ങള്‍ എന്ന് സ്വയം ധരിച്ചുവെച്ചിരിക്കുന്ന ചില രീതികള്‍) ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നു എന്നതാണ് പല ഫോട്ടോഗ്രാഫര്‍മാരുടെയും പ്രധാന പരിമിതി. ഒരു ആശയം, അല്ലെങ്കില്‍ ഒരു കാഴ്ച അതെങ്ങിനെ പകര്‍ത്തണമെന്നും താന്‍ ആഗ്രഹിച്ച രീതിയില്‍ അതിനെ എങ്ങിനെ അവതരിപ്പിക്കണം എന്നു മാത്രമേ ഫോട്ടോഗ്രാഫര്‍ ചിന്തിക്കേണ്ടതുള്ളൂ. നോവലിസ്റ്റിന്റെ പേനയുടെ ക്വാളിറ്റി നോക്കിയല്ലല്ലോ നോവലിന്റെ നിലവാരമളക്കേണ്ടത്. അത്രയും പ്രാധാന്യമേ ഫോട്ടോഗ്രാഫിയില്‍ ക്യാമറയ്കും ടെക്നോളജിക്കും ഉള്ളൂ. മറ്റൊന്ന് ഫോട്ടോഷോപ്പിന്റെ ഉപയോഗത്തെക്കുറിച്ച് പൊതുവേ പറഞ്ഞു കേള്‍ക്കാറുള്ള പരാതികള്‍ ആണ്. സോ വാട്ട്? ഒന്നുകില്‍ അതിനൂതനമായ സാങ്കേതികവിദ്യകള്‍ ഉള്ള ഒരു ക്യാമറ ഉപയോഗിച്ച് ചിത്രങ്ങളെ മാനിപ്പുലേറ്റ് ചെയ്യാം അല്ലെങ്കില്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ചെയ്യാം. അത്രയേ ഉള്ളൂ. ഫോട്ടോഗ്രാഫി എന്നതു തന്നെ കാഴ്ചയെ മാനിപ്പുലേറ്റ് ചെയ്യലാണല്ലോ. ഫോട്ടോയിലെ ഫോക്കസിങ്, വൈറ്റ് ബാലന്‍സ്, റൂള്‍ ഓഫ് തേര്‍ഡ് , ഇവയൊന്നും തന്നെ ആസ്വാദകനെന്ന നിലക്ക് എന്നെ അലോസരപ്പെടുത്തുന്ന പ്രശ്നങ്ങളല്ല. ചിത്രം എന്നിലെ കാഴ്ചക്കാരനുമായി സംവദിക്കുന്നുവോ എന്നതുമാത്രമാണ് പ്രധാനം. (ആസ്വാദനത്തിലെ ഏറ്റക്കുറച്ചിലുകള്‍ വേറെ വിഷയം. അതില്‍ ഇതിനകം തന്നെ ആവശ്യത്തിലധികം ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞിട്ടുണ്ട്).

യഥാര്‍ത്ഥമായ കാഴ്ചകളുടെ ചിത്രീകരണത്തില്‍ മാത്രം ഒതുക്കി നിര്‍ത്താവുന്നതല്ല ഫോട്ടോഗ്രാഫിയുടെ സാധ്യതകള്‍. ഒരു ചിന്ത, ഒരു ആശയം, അത് മൂര്‍ത്തമോ അമൂത്തമോ ആവട്ടെ, അവ രൂപപ്പെടുത്തുകയും അതിനെ കൈവശമുള്ള ഉപകരണങ്ങളുടെ സഹായത്തോടെ പുനര്‍നിര്‍മ്മിക്കുകയും ചെയ്യുക എന്നതാണ് ഒരു ഫോട്ടോഗ്രാഫറുടെ ജോലി. സ്വാഭാവികമായും ഈ പ്രക്രിയയിലെ ആദ്യഘട്ടത്തിലെ നിരീക്ഷണത്തേയും ആശയരൂപീകരണത്തേക്കാളും താരതമ്യേന എളുപ്പമാണ് രണ്ടാം ഘട്ടത്തിലെ നിര്‍മ്മാണപ്രക്രിയ. നിര്‍ഭാഗ്യവശാല്‍ പലരും നിര്‍മ്മാണപ്രക്രിയയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്.

പലപ്പോഴും ഉദാത്തമായ കലാസൃഷ്ടികള്‍ രൂപം കൊള്ളുന്നത് പരമ്പരാഗത രീതികളില്‍ നിന്നും വഴിമാറി ചിന്തിക്കുമ്പോഴാണ്. അങ്ങിനെ വേറിട്ട കാഴ്ചകള്‍ എന്ന് എനിക്കു തോന്നിയ ചില ചിത്രങ്ങളേയും ഛായാഗ്രാഹകരേയും പരിചയപ്പെടുത്തുക എന്നതാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം. ( തെരെഞ്ഞെടുപ്പുകള്‍ തികച്ചും വൈയ്യക്തികം)

1.
പാരീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രാഫര്‍ ഡെനിസ് ദര്‍സാക്ക് അടുത്തകാലത്ത് ചെയ്ത ‘ഹൈപ്പര്‍’ എന്ന സീരീസ്. ‘സമൂഹത്തില്‍ വ്യക്തിയുടെ സ്ഥാനം’ എന്നതാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പൊതുവിഷയം. അതിയഥാര്‍ത്ഥമായി ചിത്രീകരിച്ചിരിക്കുന്ന ഈ ഫോട്ടോകള്‍ ഒറ്റനോട്ടത്തില്‍ ഫോട്ടോഷോപ്പില്‍ ചെയ്തതെന്ന് തോന്നുമെങ്കിലും ഇവ യാതൊരു വിധ ഡിജിറ്റല്‍ മാനിപ്പുലേഷനും ഈ ചിത്രങ്ങളില്ല. പകരം, ഒഴിഞ്ഞ സൂപ്പര്‍മാര്‍ക്കറ്റുകളെ പശ്ചാത്തലം ആക്കി യുവ നര്‍ത്തകരെയും കായികതാരങ്ങളെയും പോസ് ചെയ്യിപ്പിച്ചെടുത്ത ചിത്രങ്ങളാണിവ.
2.

പീറ്റര്‍ ഫഞ്ച്

ഡാനിഷ് ഛായാഗ്രാഹകനായ പീറ്റര്‍ ഫഞ്ച് തന്റെ ’ബാബേല്‍ കഥകള്‍’ എന്ന ശ്രേണിയില്‍ വലിയ നഗരത്തിന്റെ സാധാരണതകളെ പകര്‍ത്തുന്നു. അദ്ദേഹം ന്യൂയോര്‍ക്കിലെ തെരുവുകളില്‍ തന്റെ കാമറ സ്ഥാപിക്കുകയും ആളുകള്‍ നടന്നുനീങ്ങുന്നതിനിടയില്‍ അവരുടെ ചിത്രങ്ങള്‍ എടുക്കുകയും ചെയ്യുന്നു. ഒരേ സവിശേഷതകളുള്ള - ചുവന്ന ഉടുപ്പിട്ടവര്‍, മുകളിലേക്കു നോക്കുന്നവര്‍, മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നവര്‍, എന്നിങ്ങനെ ഒരേ സ്വഭാവമുള്ള ജനങ്ങളുടെ കാഴ്ച്ചകള്‍ വിദഗ്ധമായി പകര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഒരു പടികൂടി മുന്നോട്ടുപോയി തന്റെ ഫോട്ടോഗ്രാഫുകളെ എഡിറ്റ് ചെയ്ത് സംയോജിപ്പിച്ച് മൊണ്ടാഷുകള്‍ ഉണ്ടാക്കി, അവയില്‍ ഈ ആളുകളെല്ലാം ഒരു ചിത്രത്തിലാണ്. ഇതിന്റെ ഫലം നമ്മുടെ വ്യത്യാസങ്ങള്‍ക്കിടയിലും നാമെല്ലാം വളരെയധികം സാമ്യമുള്ളവരാണ് എന്നു കാണിക്കുന്ന അതിയഥാര്‍ത്ഥമായ സൃഷ്ടികളുടെ ഒരു സീരീസ് ആയിരുന്നു. ഈ രണ്ടു സീരീസുകളുടെയും ഏറ്റവും രസകരമായ സാമ്യത (അതോ വ്യത്യാസമോ?) മുമ്പ് സൂചിപ്പച്ച ഫോട്ടോഷോപ്പ് ഉപയോഗത്തെക്കുറിച്ചുള്ള ഇരുവരുടെയും സമീപനമാണ്. ഡിജിറ്റല്‍ മാനിപ്പുലേഷന്‍ ഇല്ല എന്നതാണ് ഡെനീസ് ദര്‍സാക്കിന്റെ ചിത്രങ്ങളെ മഹത്തരമാക്കുന്നതെങ്കില്‍ ഡിജിറ്റല്‍ മാനിപ്പുലേഷന്റെ സാധ്യതകളാണ് പീറ്റര്‍ ഫഞ്ചിന്റെ ചിത്രങ്ങളുടെ സവിഷേഷത.

3.
പാസഞ്ചേര്‍സ്

ലൂയി മല്ലൊ

ക്യൂബന്‍ ഛായാഗ്രാഹകനായ ലൂയി മല്ലോയുടെ ശൈലി നൈരന്തര്യത്തെ ആഘോഷിക്കുക എന്നതാണ്. 15 വര്‍ഷം നീണ്ട തന്റെ കരിയറില്‍ അദ്ദേഹം ദൈനംദിന വസ്തുക്കളെ ഫോട്ടോഗ്രാഫ് ചെയ്യുകയും അവയെ ഒരു പുതിയ വെളിച്ചത്തില്‍ കാണിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പല സൃഷ്ടികളും ഒരു സീരീസ് ആയി ചെയ്തവയാണ്.

4.

ശരദ് ഹസ്കര്‍

തന്റെ ആക്ടിവിസ്റ്റ് പരസ്യപ്പലകകള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ പ്രശസ്തനാണ് ശരദ് ഹസ്കര്‍ . 2005-ല്‍ ഹസ്കര്‍ ചെന്നൈയിലെ ഏറ്റവും തിരക്കുപിടിച്ച തെരുവുകളില്‍ സ്വന്തം ‘സര്‍ഗ്ഗാത്മകതയുടെ പ്രകടനമായ സൃഷ്ടി’ വലിയ ഒരു പരസ്യപ്പലകയില്‍ സ്ഥാപിച്ചു.
5.
Remanence

തദ്സിയോ

പാരീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റൊരു ഫോട്ടോഗ്രാഫര്‍. നഗരജീവിതത്തിന്റെ സുരക്ഷിതത്വവും അതിന്റെ ഒറ്റപ്പെടലുകളില്‍ മാഞ്ഞുപോകുന്ന വ്യക്തിത്വങ്ങളും തമ്മിലുള്ള വൈരുദ്ധ്യം Remanence എന്ന സീരീസില്‍ കാണാം.

6.
ഫ്രെഡ് ലെബൈന്‍

മടുപ്പിക്കുന്നതും ഭാവനാശൂന്യവുമായ ക്ലീഷേ കാഴ്ചകളിലാണ് ഫ്രെഡ് ലെബൈന്‍ എന്ന ഫോട്ടോഗ്രാഫര്‍ക്കു താല്പര്യം. പക്ഷേ അവയെ അവതരിപ്പിക്കുന്ന രീതിയാണ് അദ്ദേഹത്തിന്റെ സൃഷ്ടികളുടെ സവിശേഷത. ന്യുയോര്‍ക്ക് സിറ്റിയുടെ പലഭാഗങ്ങളില്‍ സഞ്ചരിച്ച് ഫോട്ടോ എടുക്കുകയും പിന്നീട് ആ ഫോട്ടോകളുടെ വലിയ പ്രിന്റ് ഔട്ടുകള്‍ എടുത്ത് രണ്ടാം സന്ദര്‍ശനത്തില്‍, തന്റെ ആദ്യ സന്ദര്‍ശനത്തെ ഡോക്യുമെന്റ് ചെയ്യാനെന്നവണ്ണം അവയെ അതേ സ്ഥലത്ത് സൂപ്പര്‍ ഇമ്പോസ് ചെയ്യുകയും ചെയ്യുക എന്നതാണ് ഈ സീരീസില്‍ ഉപയോഗിച്ചിരിക്കുന്ന രീതി.

കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ


7.
മാറ്റ് സ്റ്റുവാര്‍ട്ട്

സ്ട്രീറ്റ് ഫോട്ടോഗ്രാഫിയാണ് ലണ്ടന്‍കാരനായ മാറ്റ് സ്റ്റുവാര്‍ട്ടിന്റെ താല്പര്യ മേഖല. ചിത്രങ്ങളില്‍ പ്രത്യേകിച്ചും ബ്ലാക്ക് & വൈറ്റ് സീരീസില്‍ തിരഞ്ഞെടുത്തിരിക്കുന്ന വിഷയങ്ങളിലെ പൊതുസ്വഭാവവും അവ അവതരിപ്പിച്ചിരിക്കുന്ന രീതിയും ശ്രദ്ധേയമാണ്. സ്ട്രീറ്റ് ഫോട്ടോഗ്രാഫിയിലെ മികച്ച കുറേ ചിത്രങ്ങള്‍ ഇവിടെ കാണാം.

8.

ഹോര്‍ഹെ റൂസേ

തന്റെ ഫോട്ടോകളില്‍ ചിത്രകല പരീക്ഷിക്കുന്നയാള്‍ എന്ന നിലയില്‍ ഹോര്‍ഹെ റൂസേയെ ഒരു ഫോട്ടോഗ്രാഫര്‍ എന്നോ ചിത്രകാരന്‍ എന്നോ വിളിക്കാം. കെട്ടിടങ്ങള്‍ക്കിടയില്‍ ദ്വിമാന സ്വഭാവമുള്ളതെന്നു തോന്നിപ്പിക്കുന്ന പെയിന്റിങ്ങുകള്‍ വരച്ചു ചേര്‍ത്ത് ക്യാമയുടെ സിംഗിള്‍ പോയിന്റ് പെര്‍സ്പെക്റ്റീവില്‍ നിന്നും ഫോട്ടോയെടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ രീതി. ത്രീ ഡയമന്‍ഷണല്‍ പെയിന്റിങ്ങുകള്‍ തന്ത്രപൂര്‍വ്വം ചിത്രത്തില്‍ സംയോജിപ്പിച്ചാണ് ഇത്തരം ഒരു ഇല്യൂഷന്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹം സാധിച്ചെടുക്കുന്നത്.

9.

ഡേവിഡ് ബാച്ചിലര്‍.


നാലു വര്‍ഷത്തിനിടെ, ലണ്ടനിലെ തന്റെ പ്രഭാതസവാരിക്കും സൈക്കിള്‍ യാത്രയ്കും ഇടയ്ക് ശ്രദ്ധയില്‍ പെട്ട നൂറോളം വെളുത്ത ചതുരങ്ങളുടെ ചിത്രങ്ങള്‍ വരുന്ന ശേഖരമാണ് Monochromes Of London എന്ന സീരീസിലുള്ളത്. നഗരജീവിതത്തിന്റെ യാദൃശ്ചികമായ ഉപോല്‍പ്പന്നങ്ങളാണ് ഇത്തരം കാഴ്ചകള്‍. ഏതൊരു നഗരത്തിലും ദൃശ്യവൈവിധ്യങ്ങളുടെ ഇടയില്‍ ഒഴിഞ്ഞു നില്‍കുന്ന നിറപ്പൊലിപ്പില്ലാത്ത സമാനകാഴ്ചകള്‍ ഉണ്ടാവണം. വിയറ്റ്നാമിലെ Neubaugasse എന്ന തെരുവിലെ പരസ്യങ്ങളും, ലോഗോയും, ഒക്കെ മഞ്ഞത്തുണികൊണ്ട് മറച്ചുണ്ടാക്കിയ ‘‘ഡെലീറ്റ്‘ എന്ന ഇന്‍സ്റ്റലേഷനെക്കുറിച്ചും കൂട്ടത്തില്‍ സൂചിപ്പിക്കട്ടെ.

10.

മൊഹമ്മദ്രേസ മിര്‍സായ്


ഈ ഇറാനിയന്‍ ഫോട്ടോഗ്രാഫറുടെ ‘മനുഷ്യര്‍‘ എന്ന ലോങ് ഷോട്ടുകളുടെ മനോഹരമായ സീരീസ്. വിശാലമായ വെളുത്ത ആകാശത്തിന്റെ പശ്ചാത്തലത്തില്‍ കാണുന്ന പലതരത്തിലുള്ള മനുഷ്യരുടെ തീരെച്ചെറിയ നിഴല്‍രൂപങ്ങളുടെ വിവിധ ഭാവങ്ങളുടെ ചിത്രങ്ങള്‍ അവതരണത്തിലെ ലാളിത്യം കൊണ്ടു തന്നെ ശ്രദ്ധേയമാകുന്നു. ചുരുക്കം ചില ചിത്രങ്ങളിലൂടെ മനുഷ്യബന്ധങ്ങള്‍, ഏകാന്തത തുടങ്ങി ജീവിതത്തെക്കുറിച്ചൊരു പുസ്തകം തന്നെ തീര്‍ത്തിരിക്കുകയാണ് മൊഹമ്മദ്രേസ.



ഒരു പൊതു ശൈലി അനുവര്‍ത്തിക്കുന്ന ചില ചിത്രങ്ങളാണ് ഈ കുറിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലൂയി മല്ലൊയുടെ ‘പാസഞ്ചേര്‍സ് ‘ പോലെ വളരെ സാധാരണമായ കാഴ്ചകള്‍ പോലും പുതുമയോടെ അവതരിപ്പിച്ചിരിക്കുന്ന രീതി അസൂയാവഹമാണ്. ‘ഒരിടത്തൊരു രാജാവുണ്ടായിരുന്നു’, ദെന്‍ ദെ ലിവ്ഡ് ഹാപ്പിലി എവര്‍ ആഫ്റ്റര്‍‘ തുടങ്ങി പതിവുശൈലിയിലുള്ള ആഖ്യാനരീതിയല്ല ഇവരുടേത്. മറിച്ച് ഒരു ചിന്തയോ ആശയമോ ഒരൊറ്റ ഫോട്ടോയില്‍ തന്നെ പ്രകടിപ്പിക്കുന്നതിനു പകരം സമാന സ്വഭാവമുള്ള ചിത്രങ്ങള്‍ ഒരു സീരീസ് ആയി അവതരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഒറ്റക്കായുള്ള ചിത്രങ്ങളില്‍ പോലും ഒരു പൊതുസ്വഭാവം പിന്തുടരുന്നതായും കാണാന്‍ കഴിയും ( ഉദാ: മാറ്റ് സ്റ്റുവര്‍ട്ടിന്റെ ചിത്രങ്ങള്‍). കാഴ്ചയില്‍ നിന്നും ഒരു സവിശേഷ നിമിഷം ഫ്രീസ് ചെയ്യുക എന്ന ഫോട്ടോഗ്രാഫിയുടെ പൊതുധാരണക്കപ്പുറത്തുള്ള മാനങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നു എന്നതു തന്നെയാണ് ഇത്തരം സീരീസുകളുടെ സവിശേഷതയും. അന്‍സല്‍ ആദംസിന്റെ തന്നെ മറ്റൊരു വരി കടമെടുത്ത് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.


A photograph is usually looked at - seldom looked into‘


*തലക്കെട്ട് കടപ്പാട്: സുനില്‍.പി.ഇളയിടം